ഞായറാഴ്‌ച, നവംബർ 13, 2011

ഗുജറാത്തി ( 03 )

അവന്‍ നേരത്തെ ഇരുന്നിടത്ത് തന്നെ ഉണ്ടായിരുന്നു. ഈ ഗ്രാമത്തിലെ അവന്റെ ജീവിതത്തിനു വിലങ്ങുതടിയായി മുറിഞ്ഞു വീണ മരത്തിന്റെ തിരുശേഷിപ്പില്‍ തല ചായ്ച്ചു അവന്‍ കിടക്കുന്നു. കണ്ണടച്ച് കിടക്കുകയാണ്. ഉറങ്ങുകയായിരിക്കില്ല, ഓര്‍മകളില്‍ എവിടെയെങ്കിലും  ഇത്തിരി സന്തോഷത്തിന്റെ നിമിഷങ്ങള്‍ ഉണ്ടായിരുന്നോ  എന്ന് ചിന്തിക്കുന്നതാവാം.

" നീ വല്ലതും കഴിച്ചോ'? അവന്‍ ഞെട്ടിയത് പോലെ തോന്നി.

"ഇല്ല , ഇന്ന് മുതല്‍ ഈ ഗ്രാമത്തില്‍ എനിക്ക് ഭക്ഷണം ഇല്ല " 

" ആര് പറഞ്ഞു" ?

" ഇന്നലെ വന്നവര്‍ വാസുവേട്ടനോട് പറഞ്ഞിട്ട് പോയത്രേ എനിക്കൊന്നും തന്നെക്കരുത് എന്ന്,  "

" നീ വാ നമുക്ക് വല്ലതും കഴിക്കാം "
  
"‍  വിശപ്പില്ല, മേനോന്‍ ചേട്ടാ ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു, ഏതോ ഒരു പരിചയവും ഇല്ലാത്ത സ്ഥലം, അവിടെ കൊട്ടാരം പോലെ ഒരു വീട്, ആ വീട്ടില്‍ നിന്നും ഞാന്‍ ഇടയ്ക്കു  പടാരില്ലേ ഒരു പാട്ട് അത് കേള്‍ക്കുന്നുണ്ടായിരുന്നു, ഞാന്‍ വീടിന്നകത്ത്‌ കയറി നോക്കി, അവിടെ മനോഹരമായ ഹാളില്‍ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്‍ ,അദ്ദേഹം ചിത്രപ്പണികള്‍ ഉള്ള ഒരു കട്ടിലില്‍ ചെരിഞ്ഞു കിടന്നു ആ പാട്ട് കേള്‍ക്കുന്നു, അയാളുടെ ദേഹത്ത് കിടന്നു അയാളെ ശല്യപ്പെടുതിക്കൊണ്ടിരിക്കുന്നു ഒരു രണ്ടോ മൂന്നോ വയസ്സുള്ള കുട്ടി, അവ്യക്തമായ കുറെ അക്ഷരങ്ങള്‍ ചേര്‍ത്ത് അവനും കൂടെ പാടാന്‍ നോക്കുന്നു,   ഞാന്‍ ഹാളിലെ ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ കുറെ കുട്ടികള്‍ മുറ്റത്തെ പൂംതോട്ടത്തില്‍ കളിക്കുന്നു, അപ്പോള്‍ ഹാളിലേക്ക് മെലിഞ്ഞു സുന്ദരിയായ ഒരു സ്ത്രീ കടന്നു വന്നു, അയാളുടെ ഭാര്യയാണെന്നു തോന്നുന്നു, അവളും മനോഹരമായ ശബ്ധത്തില്‍ പാടുന്നുണ്ടായിരുന്നു, അവള്‍ ആ കുട്ടിയെ എടുത്തു, കയ്യില്‍ ഉണടായിരുന്ന ഭക്ഷണം കൊടുക്കാന്‍ ആവണം, അവനെയും കൊണ്ട് വീടിന്റെ പിന്‍ വശത്തേക്ക് പോയി, ഞാനും അവരെ പിന്തുടര്‍ന്നു,
അവിടെ ഒരു കടല്‍ തീരം ആണ്, വലിയ തിരമാലകള്‍ മുന്നില്‍ തടസ്സമായി നില്ല്കുന്ന പാറക്കല്ലുകള്‍ തകര്‍ത്തു
ആ വീട്ടിലേക്കു കയറാന്‍ ശ്രമിക്കുന്നത് പോലെ തോന്നി, ഇപ്പോള്‍ ആണ് ആ വീട് ശരിക്കും കാണുന്നത്, കടല്‍ തീരത്ത് മനോഹരമായ ഒരു കൊട്ടാരം, അവള്‍ മനോഹരമായി പാടുന്നുണ്ടായിരുന്നു, കൊച്ചരിപ്പല്ലുകള്‍ കാണിച്ചു
കുട്ടി ചിരിക്കുന്നുണ്ട്, കടല്‍ അവനും ഇഷ്ടമാണെന്ന് തോന്നും അവന്റെ പുഞ്ചിരി കണ്ടാല്‍ .പെട്ടെന്ന് അകലെ ഒരു കൂട്ട നിലവിളി‍ കേട്ടു. ആ വലിയ വീടിന്റെ മതില്കെട്ടിനപ്പുറത്തു നിന്നായിരുന്നു അത്. അവള്‍ കുട്ടിയേയും കൊണ്ട് അകത്തേക്ക് ഓടി, എന്താണെന്ന് മനസ്സിലായില്ല, ഞാനും അകത്തേക്ക് കടന്നു, അപ്പോള്‍ ആ മനോഹരമായ ഉദ്യാനത്തില്‍ ഒരു കൂട്ടം കലാപകാരികള്‍ ...അത് വരെ അര്തുല്ലസിച്ചു കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നു. ധീര ധീരം അവരുമായി പോരാടുന്നു കുറച്ചു നിമിഷങ്ങള്‍ക്ക് മുന്‍പ് വളരെ ശാന്തനായി പാട്ട് കേട്ടിരുന്ന ആ മനുഷ്യന്‍, അക്രമികളില്‍ ഒരാള്‍ അയാളെ പിന്നില്‍ നിന്നും വാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തി, ഞാന്‍ അവളെ നോക്കി അവള്‍ കുഞ്ഞിന്റെ കണ്ണുകള്‍ പൊത്തിപ്പിടിചിരിക്കുന്നു, ഒരാള്‍ കയ്യിലിരുന്ന ഒരു കുപ്പിതുറന്നു അയാളുടെ വായിലേക്ക് എന്തോ ഒഴിച്ചു, പിന്നെ കയ്യില്‍ ഉണ്ടായിരുന്ന തീപ്പന്തം അയാള്‍ക്കുനേരെ നീട്ടി, ഒരു നിമിഷം അയാളുടെ വായില്‍ നിന്നും തീ ജ്വാലകള്‍ ഉതിര്‍ന്നു, ഞാനും കണ്ണുകള്‍ അടച്ചു. എന്തൊരു ക്രൂരതയായിരുന്നു, അവര്‍ ചെയ്തത്, അവര്‍ നേരെ വീടിനുള്ളിലേക്ക് കടക്കാനുള്ള ശ്രമം ആണ്, അവള്‍ കുഞ്ഞിനേയും കൊണ്ട് കടല്‍ തീരത്തേക്ക് ഓടിപ്പോയി, പക്ഷെ അവര്‍ അവളെയും കുഞ്ഞിനേയും കണ്ടു, ആ പാരക്കെട്ടുകല്ക് മുകളില്‍ വെച്ച് അവര്‍ അവളെ പിടികൂടി, ഒരു നിമിഷം ..അവള്‍ ആ കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞു, അവള്‍ക്കു പക്ഷെ ചാടാന്‍ അക്രമികള്‍ സമ്മതിച്ചില്ല, പിന്നെ അവിടെ നടന്നത്  മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയായിരുന്നു, മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ തരാം താഴ്ന്നു പോയിരിക്കുന്നു, 
.എല്ലാം കണ്ടു ഞാന്‍ അവിടെ തളര്‍ന്നു വീണു, കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആ കടല്‍ തീരത്ത് കിടക്കുന്നു, എന്റെ അരികില്‍ അയാളും ആ സ്ത്രീയും, കുട്ടിയെ മാത്രം കണ്ടില്ല, 
അപ്പോള്‍ ആ സ്ത്രീ എന്നെ വിളിക്കുന്നു,

 " സഗീര്‍ എത്ര കാലമായി നീ തനിച്ചു?  വാ നമുക്ക് പോവാം,"  

ഞാന്‍ അയാളെ നോക്കി, " മകനെ ഇവള്‍ നിന്റെ ഉമ്മയാണ്, ഞാന്‍ നിന്റെ ഉപ്പയും, നമുക്ക് പോവാം മനുഷ്യന്‍ മനുഷ്യനായി ജീവിക്കുന്നിടത്തെക്ക് , പരുദീസയിലേക്ക് , "

ഞാന്‍ ഞെട്ടി എഴുന്നേറ്റു, നേരം  പുലര്‍ന്നിരുന്നു, എന്താ മേനോന്‍ ചേട്ടാ അതെന്റെ മാതാപിതാക്കള്‍ ആവുമോ", അവര്‍ എന്തിനാണ് എന്നെ വിളിച്ചത്, എന്റെ ഉമ്മ അവര്‍ അല്ലല്ലോ, എനിക്ക് സഗീര്‍ എന്നാ പേര് തന്നത്
എന്റെ ഉമ്മയല്ലേ , അതവര്‍ക്കെങ്ങനെ അറിയാം ?

എന്താണ് അവനോടു പറയേണ്ടത്?
" നീ വാ നമുക്ക് വല്ലതും കഴിക്കാം "

ഇല്ല മേനോന്‍ ചേട്ടന്‍ കഴിച്ചോ,
ഇവിടെ ഇങ്ങനെ കിടക്കാന്‍ നല്ല സുഖം , എന്നെ പിശാചിന്റെ സന്തതിയാക്കിയ ഈ 
മരച്ചോട്ടില്‍ ഇനി അധിക നേരം ഇല്ലല്ലോ,  ബസ്സ്‌ വരുന്നത് വരെ മാത്രം , ഞാന്‍ ഇങ്ങനെ കിടക്കട്ടെ. "

ഞാന്‍ ചായക്കടയില്‍ ചെന്നു വാസുവേട്ടനോട് കാര്യം തിരക്കി, എല്ലാവര്ക്കും ഒരേ അഭിപ്രായം ആയിരുന്നു. ഇനി മുതല്‍ എനിക്കും ഇവിടുന്നു ചായ വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു തിരിച്ചു നടക്കാന്‍ തുടങ്ങുകയായിരുന്നു. 
ആരോ ഉറക്കെ നിലവിളിച്ചു കൊണ്ട് വരുന്നത് കണ്ടു. ഓടിക്കിതച്ചു വന്ന അയാള്‍ പത്രക്കാരന്‍ കുഞ്ഞുമോന്റെ സൈക്കിള്‍ എടുക്കുന്നതിനിടയില്‍ കിതച്ചു കൊണ്ട് പറഞ്ഞു " പരമു വള്ളം മറിച്ചു, ആര്‍ക്കും ഇറങ്ങാന്‍ ധൈര്യം ഇല്ല , പുഴയില്‍ നല്ല അടിയോഴുക്കുണ്ട്., ഞാന്‍ ശ്രീധരന്റെ ബൂത്തില്‍ പോയി പോലീസിന് വിളിച്ചു പറയാം. "

" ദേവീ എന്റെ മോള്‍ " ...ഞാന്‍ പുഴക്കരയിലേക്ക് ഓടുന്നതിനിടയില്‍ സഗീറിനെ വിളിച്ചു . കാര്യം മനസ്സിലായിട്ടില്ല എങ്കിലും അവനും കൂടെ ഓടുകയായിരുന്നു. അപ്പോഴേക്കും ആളുകള്‍ കൂടിയിരുന്നു. പക്ഷെ ആരും 
പുഴയില്‍ ഇറങ്ങാന്‍ തയ്യാറായില്ല. കാര്യം അറിഞ്ഞതും ഒരു പരല്‍ മീന്‍ കണക്കെ സഗീര്‍ പുഴയിലേക്ക് കുതിച്ചു. എനിക്ക് തടയാന്‍ 
കഴിഞ്ഞില്ല , എന്നിലെ അച്ഛന്‍ അതിനു അനുവദിച്ചില്ല എന്നതായിരുന്നു സത്യം. നിലവിളികളും പൊട്ടിക്കരചിലുകലുമായി കുറെ സമയം.പെട്ടെന്ന് മഴയ്ക്ക് ശക്തി കൂടി , കൂടെ അകമ്പടിക്കെന്ന പോലെ കാറ്റും, ,കരിമലയിലെ വന്‍ മരങ്ങള്‍ കടപുഴകി വീണു, വലിയ പാരക്കഷ്ണങ്ങള്‍ പുഴയിലേക്ക് തെറിച്ചു ,. ഉരുള്‍ പൊട്ടലാണോ?ആരോ ഉറക്കെ ചോതിച്ചു, ഭൂമീ ദേവി രൌദ്ര ഭാവം ഉള്‍ക്കൊണ്ടിരിക്കുന്നു. ഇനി ആരെ വിളിക്കണം രക്ഷക്ക്, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുകയായിരുന്നു, കുരുന്നുകള്‍ക്കും പരമുവിനും ഒപ്പം ആ പാവത്തിനേയും ....
 ഒരു നിമിഷം എല്ലാ നിലവിളികളും നിന്ന് പോവുകയായിരുന്നു. വ്യക്തമല്ലെങ്കിലും മൂന്ന് കുട്ടികളുമായി സഗീര്‍ തിരിച്ചു വരുന്നത് കണ്ടു. " ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി ആയിരിക്കണേ " എന്നിലെ അച്ഛന്റെ സ്വാര്‍ഥത..
അതെ ഒന്ന് എന്റെ ലക്ഷ്മിക്കുട്ടി തന്നെയായിരുന്നു. സഗീര്‍ അവന്റെ പാന്റില്‍ കെട്ടിയിട്ടു അവരെ കരക്കെത്തിചിരിക്കുന്നു, " ആരെങ്കിലും കൂടെ വരണം എന്നാലേ  നമുക്ക്  എല്ലാവരെയും രക്ഷപ്പെടുത്താന്‍ പറ്റൂ.." 

 " ഇത്തിരിപ്പോന്ന ഒരു ചെക്കന്‍ ഇത്രയൊക്കെ ചെയ്തില്ലേ ..നിങ്ങള്‍ ആരും ആണുങ്ങള്‍ അല്ലെ "

വാസുവേട്ടന്റെ ചോദ്യത്തിനും ആരും മറുപടി പറഞ്ഞില്ല. അപ്പോളേക്കും പോലീസും ഫയര്‍ ഫോര്‍സും എത്തി, കൂടെ വന്ന ആമ്ബുലന്സിലേക്ക് കുട്ടികളെ കയറ്റി, പോലീസുകാരും സഗീറും ചേര്‍ന്ന് എല്ലാവരെയും കരക്കടുപ്പിച്ചു, മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. വെള്ളം പുഴയില്‍ നിന്നും തീരത്തേക്ക് കയറാന്‍ തുടങ്ങി, കുട്ടികളെയും കൊണ്ട് ആംബുലന്‍സ് പോയി, കൂടെ പോവാന്‍ തുനിഞ്ഞപ്പോള്‍ ,പോലീസ് തടഞ്ഞു,  സിറ്റിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചെന്നാല്‍ മതി എന്ന് പറഞ്ഞു. അപ്പോളാണ് ആരോ പരമുവിനെ അന്നെഷിച്ചത്, പരമുവിനെ മാത്രം കിട്ടിയില്ല , ഇനി തിരച്ചില്‍ നടത്തിയിട്ട് കാര്യമില്ല എന്ന് പോലീസ് പറഞ്ഞു. ആരും ഇനി പുഴയിലേക്ക് ഇറങ്ങരുത് എന്ന് മുന്നറിയിപ്പും നല്‍കി. സഗീരിനു പക്ഷെ അടങ്ങിയിരിക്കാന്‍ പറ്റുമായിരുന്നില്ല. അവന്‍ വീണ്ടും പുഴയിലേക്ക് കുതിച്ചു. അത് പക്ഷെ ഒരു തിരിച്ചു വരവിനുള്ള
പോകായിരുന്നില്ല. ഞങ്ങള്‍ എല്ലാവരും നോക്കിനില്‍ക്കെ അവന്‍ മരണത്തിലേക്ക് ഊളിയിട്ടു. മരണ മുഖത്ത്  നിന്നും അവനു
എപ്പോള്‍ വേണമെങ്കിലും തിരിച്ചു പോരാമായിരുന്നു. പക്ഷെ പരമു ഇല്ലാതെ തിരിച്ചു വരില്ല എന്ന നിശ്ചയിചിരുന്നിരിക്കാം അവന്‍.
അവനെ പറ്റി പോലീസ് ചോതിച്ചപ്പോള്‍ ആരും ഒന്നും പറഞ്ഞില്ല.ഇവിടെ പണി അന്നെഷിച്ചു വന്ന ഒരു പയ്യന്‍ എന്നല്ലാതെ ആര്‍ക്കും ഒന്നും അറിയില്ലല്ലോ. ഞാന്‍ അവരോടു എല്ലാം പറഞ്ഞു, എന്റെ നാടുകാരും
കേള്‍വിക്കാരായി. അവന്‍ ഗുജറാത്തില്‍ എവിടെയോ ജനിച്ചു കേരളത്തില്‍ വളര്‍ന്ന കഥ ഞാന്‍ അവര്‍ക്കുമുന്നില്‍ തുറന്നു. മനസ്സില്‍ സഗീരിനോട് മാപ് പറഞ്ഞു. ഇനി അവരുടെ ശവം ചവറ കടല്‍ തീരത്ത് നോക്കിയാല്‍ മതി എന്ന് പോലീസ് പറഞ്ഞു.എന്റെ നാടുകാര്‍ അവനെ തിരിച്ചറിയുകയായിരുന്നു അവന്‍ ഈ ഗ്രാമത്തില്‍ വന്നത് നാശം വിതക്കാന്‍ അല്ല മറിച്ചു ഈ കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാനായിരുന്നു എന്ന്. ഒരുപാട് വൈകിയ ഒരു തിരിച്ചറിവ്.

  പരമുവിന്റെ ശവശരീരം മൂന്നാം നാള്‍ ചവറയില്‍ തന്നെ അടിഞ്ഞു. സഗീറിനെ മാത്രം കടല്‍ തിരിച്ചു തന്നില്ല. ഒരു പക്ഷെ അങ്ങ് ദൂരെ അവന്റെ ഉമ്മയും ഉപ്പയും അവന്‍ കണ്ട സ്വപ്നത്തില്‍ എന്ന പോലെ  കാത്തിരിക്കുന്ന  ഗുജറാത്തിലെ ഏതെങ്കിലും തീരത്ത് അവനും അടിഞ്ഞിട്ടുണ്ടാവും.

***********

തൊടിയില്‍ നിന്നും വന്ന ഒരു ഇളം കാറ്റ് ഓര്‍മകളില്‍ നിന്നും തൊട്ടുണര്‍ത്തി,   പതുക്കെ എഴുന്നേറ്റു ലക്ഷ്മിക്കുട്ടിയുടെ റൂമില്‍ ചെന്നു. അവള്‍ ഇപ്പോള്‍‍ അന്ന് സഗീര്‍ എന്റെ കയ്യില്‍ തിരിചെല്പിച്ച പഴയ ലക്ഷ്മിക്കുട്ടി അല്ല. ഡോക്ടര്‍ ലക്ഷ്മി മേനോന്‍ ആണ്. കുറെ നാളു  കൂടി അവള്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നിരിക്കുകയാണ്. അവളുടെ അടുത്ത് ഞങ്ങളുടെ പഴയ ലക്ഷ്മിക്കുട്ടിയുടെ കാര്‍ബണ്‍ കോപ്പി പോലെ അവളുടെ മകള്‍ പാര്‍വതി എന്ന പാറുക്കുട്ടി.
ഞാന്‍ പതുക്കെ ചെന്നു അവളുടെ കാതില്‍ പറഞ്ഞു.

 "ഇന്നേക്ക് നീ നിന്റെ രണ്ടാം ജന്മത്തിലേക്കു വന്നിട്ട് ഇരുപത്തിഎഴു വര്ഷം ആയിരിക്കുന്നു, അതോടൊപ്പം നിനക്ക് ചെറുപ്പത്തില്‍ കുറെ മിട്ടായികള്‍  വാങ്ങിത്തന്നു അവസാനം മരണത്തില്‍ നിന്നുപോലും നിന്നെ കൈ പിടിച്ചു കയറ്റിയ ഒരു ഭ്രാന്തന്‍ ഗുജറാത്തിയുടെ ജീവന്‍ പൊലിഞ്ഞു പോയതും ഇന്ന് തന്നെ ആയിരുന്നു. "

തിരിഞ്ഞു നടന്ന എന്റെ കയ്യില്‍ അവള്‍ പിടിച്ചു. " എനിക്കെല്ലാം ഓര്‍മയുണ്ട് അച്ഛാ , അന്ന് തൊട്ടു ഈ
നിമിഷം വരെ അച്ഛന്‍ എന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഞാന്‍ ഉറക്കമാണെന്ന്  കരുതി അച്ഛന്‍ പറഞ്ഞിരുന്നതെല്ലാം ഞാന്‍ കേട്ടിരുന്നു, ഇനി നമ്മളുടെ ഒരുപാട് തലമുറകള്ക്കിപ്പുരവും ഈ കഥ ഓര്‍ത്തു വെക്കും, അച്ഛന്റെ " ഗുജറാത്തി" എന്ന നോവലിലൂടെ. "

ഞാന്‍ തിരിഞ്ഞു നടന്നു. ഇനി എനിക്കും സുഖമായുറങ്ങാം, അപ്പോള്‍ പുഴക്കരയില്‍ സഗീറിന്റെ ആ പഴയ പാട്ട് വീണ്ടും കേള്‍ക്കുന്നത് പോലെ തോന്നി.
ഇപ്പോള്‍ സ്വര്‍ഗത്തില്‍ അവന്റെ ആത്മാവ്  സന്തോഷിക്കുന്നുണ്ടാവും , അവന്റെ ഉമ്മക്കും ഉപ്പക്കും ഒപ്പം.

*********************************

 ‍

1 അഭിപ്രായം:

  1. നല്ല ഒഴുക്കുള്ള കഥ. ഉന്നതജീവിതമൂല്യങ്ങളുള്ള സഗീര്‍ എന്ന പാത്രസൃഷ്ടി പ്രശംസനീയമായിട്ടുണ്ട്. പശ്ചാത്തപിയ്ക്കാനും സഗീറിനോട് കൃതജ്ഞത പ്രകാശിപ്പിയ്ക്കാനും നാട്ടുകാര്‍ക്കവസരം നല്‍കാതെ പരമുവിനെക്കൂടി രക്ഷിയ്ക്കാനുള്ള വ്യഗ്രതയില്‍ സഗീര്‍ പോയ്‌ മറഞ്ഞത് അത്യന്തം ദുഃഖകരമായി. എല്ലാം കാണുന്ന മേനോന്‍ചേട്ടനും ഒന്നാന്തരം കഥാപാത്രമാണ്. നൌഷാദിന്നഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ