ശനിയാഴ്‌ച, ജൂലൈ 28, 2012

ഒരു പ്രവാസിയുടെ അവധിക്കാലം (03 )‎

ഈ കഥ എന്‍റെ ഒരു എളിയ ശ്രമം ആണ്.‎
ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രവാസി സമൂഹത്തെ ഒന്നടങ്കം ‎ദു:ഖത്തിലാഴ്ത്തിയ ഒരു കാര്യം ,പ്രവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായി ‎ഉണ്ടായ ആത്മഹത്യകള്‍ ആണ്.പലരും അളവറ്റു സ്നേഹിച്ചിരുന്ന, ‎പലരെയും അളവറ്റു സ്നേഹിച്ചിരുന്ന കുറച്ചു നല്ല മനുഷ്യര്‍ ‎മരണത്തിലേക്ക്‌ എളുപ്പ വഴി തേടി പോയി.ആരുടേയും പേരെടുത്ത് ‎പറഞ്ഞു ഞാന്‍ വീണ്ടും വേദനിപ്പിക്കുന്ന ആ ഓര്‍മ്മകള്‍ കൊണ്ട് ‎വരുന്നില്ല.‎

ഈ കഥ ആത്മഹത്യ ചെയ്തവര്‍ക്കുള്ള സമര്‍പ്പണം അല്ല.മറിച്ചു ‎ജീവിച്ചിരിക്കുന്നവരോടുള്ള എന്‍റെ അപേക്ഷയാണ്.ജീവിതം ‎അവസാനിപ്പിക്കാന്‍ മുതിരുമ്പോള്‍ ഒരു വട്ടം ചിന്തിക്കുക.നിങ്ങളെ ‎കാത്തു നാട്ടില്‍ ഒരു കുടുംബം ഉണ്ട്.മാതാപിതാക്കളും, ഭാര്യയും, ഈ ‎നെഞ്ചില്‍ കിടന്നു ഉറങ്ങാന്‍ കൊതിക്കുന്ന നിങ്ങളുടെ പിഞ്ചു മക്കളും ‎കാത്തിരിക്കുന്നു.അവരെ പറ്റി ചിന്തിക്കുക.നിങ്ങള്‍ പോയാലും അവര്‍ ‎ജീവിച്ചേ മതിയാവൂ.വെറി പിടിച്ചൊരു സമൂഹമാണ് ചുറ്റും.അവിടെ ‎അവരെ തനിച്ചാക്കി പോവണോ. ഒരു മാത്ര അവരെ കുറിച്ച് ഓര്‍ക്കുക ‎


ഒരു പ്രവാസിയുടെ അവധിക്കാലം (03 )

“മാഷേ ഒരാള് ഇറങ്ങണം “ ബസ്സില്‍ എന്തോ ഓര്‍ത്ത്‌ പുറത്തേക്ക് അലക്ഷ്യമായി നോക്കിയിരിക്കെ പെട്ടെന്നാണ് ശ്യാം അവളെ കണ്ടത്.അപ്പോള്‍ തന്നെ ചാടി എഴുന്നേറ്റ്‌ ബസ്‌ നിര്‍ത്താന്‍ പറഞ്ഞു.
“എന്തോന്ന് ? ഇനി അടുത്ത സ്റ്റോപ്പിലെ നിര്‍ത്തൂ “ കണ്ടക്ടര്‍ തീര്‍ത്ത്‌ പറഞ്ഞു.
“പൊന്നു മാഷേ പുറത്ത്‌ ഞാന്‍ അന്നേഷിക്കുന്ന ഒരാളെ കണ്ടു, പ്ലീസ്‌ ഒന്ന് നിര്‍ത്തൂ “അയാള്‍ മനസ്സില്ലാ മനസ്സോടെ ബെല്ലടിച്ചു.അപ്പോഴേക്കും ബസ്‌ കുറെ ഇങ്ങെത്തിയിരുന്നു.ഓടിക്കിതച്ചു ശ്യാം അവളുടെ അടുത്തെത്തി.
“ ഹസീന അല്ലെ ? എന്നെ അറിയുമോ ?” ആദ്യം ഒന്ന് പേടിച്ചെങ്കിലും പെട്ടെന്ന് ധൈര്യം വീണ്ടെടുത്ത പോലെ അവള്‍ പറഞ്ഞു.
“അറിയില്ല, “
“ ഹസീന, ഞാന്‍ ഷാര്‍ജയില്‍ നിന്നാണ്, ഹാഷിമിന്റെ ...”ബാക്കി എന്ത് പറയണം എന്നറിയാതെ ശ്യാം നിര്‍ത്തി.
“ഇക്കാടെ ..?”
“ അന്ന് ഹാഷിമിന്റെ ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ ആയിരുന്നു കൂടെ വന്നത്.” ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു ശ്യാം.അവളുടെ കണ്ണുകള്‍ ഈറനായി.
“ അന്ന് കോഴിക്കോട്‌ അടുത്തു പടനിലത്ത് ആയിരുന്നില്ലേ , ഇപ്പോള്‍ ഇവിടെ ?”
“ അന്നു ഇക്കാടെ വീട്ടില്‍ ആയിരുന്നു , എന്റെ വീട് ഇവിടെ കോട്ടക്കല്‍ ടൌണീന്നു കുറച്ചു ഉള്ളിലെക്കാ,മൂന്നുപീടിക എന്ന് പറയും...പിന്നെ എനിക്ക് ആളെ മനസ്സിലായില്ല,അന്ന് ആരെയും ....”
“അറിയാം , ഇപ്പോള്‍ ...അന്ന് പ്രെഗ്...”
“അതെ ഒരു മോന്‍ ..നാല് വയസ്സ്, പിന്നെ ഒന്നും കരുതരുത്‌, എനിക്ക് കൂടുതല്‍ നിങ്ങളുമായി സംസാരിക്കാന്‍ പറ്റില്ല, ആളുകള്‍ ശ്രദ്ദിക്കുന്നു,ആളുകള്‍ പഴി പറയുന്നത് കേട്ട് മടുത്തു , എന്നേ തീര്‍ക്കേണ്ട ജീവിതം ആണ്, പക്ഷെ ഞങ്ങളെ തനിച്ചാക്കി പോവാന്‍ ഇക്ക കാണിച്ച ധൈര്യം എന്റെ മോനെ തനിച്ചാക്കി പോവാന്‍ എനിക്ക് കിട്ടിയില്ല,അത് കൊണ്ടാ..“അവളുടെ ശബ്ദം ഇടയ്ക്കു വെച്ച് മുറിഞ്ഞു.അപ്പോഴേക്കും ഒരുത്തന്‍ ഒരു കമന്റുമായി വന്നു.കുറെ ഏറെ സിനിമകളില്‍ കേട്ട് തഴമ്പിച്ച ഡയലോഗ് .
“പെങ്ങളേ ഞങ്ങള്‍ എല്ലാരും ഇവിടെ തന്നെ ഉണ്ട്, പിന്നെ എന്തിനാ പുറമേന്നു  ഒരുത്തന്‍..”
കേട്ട് നില്‍ക്കാന്‍ അവനിലെ സദാചാരബോധം സമ്മതിച്ചില്ല.നേരെ ചെന്ന് അവന്‍റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു.അവന്‍ ചിന്തിച്ചു പോലുമുണ്ടാവില്ല ഈ അടി.പെട്ടെന്ന് ഒന്ന് രണ്ടു പേരുകൂടി അവനോടൊപ്പം ചേര്‍ന്നു.
“ ചെറുപ്പത്തില്‍ ഭര്‍ത്താവ് മരിച്ചു പോവുന്ന പെണ്ണുങ്ങള്‍ എല്ലാം പെഴച്ചു തന്നെ ജീവിക്കണം എന്ന നിങ്ങളുടെ ചിന്താഗതി മാറ്റിയെടുക്കാന്‍ പറ്റും എന്നൊന്നും എനിക്ക് തോന്നുന്നില്ല,ഒരു പാവം പെണ്ണ് അതു മാന്യമായി ജീവിച്ചു പൊയ്ക്കോട്ടേ ..”
“ നീ ആരാടാ നായിന്‍റെ മോനെ ഞങ്ങളുടെ നാട്ടില്‍ വന്നു ഞങ്ങളുടെ ചിന്ത മാറ്റാന്‍  ?”
“ പൊന്നു സഹോദരാ നിന്നെയൊന്നും നന്നാക്കാന്‍ എന്നെ കൊണ്ട് പറ്റില്ല,, നിന്‍റെയൊക്കെ തന്തമാര് കുറെ ശ്രമിച്ചു കാണും, എന്നിട്ടൊന്നും നിങ്ങള് നന്നായിട്ടില്ല, പിന്നെ ഒരു കാര്യം ഈ ആരോഗ്യവും ചോരത്തിളപ്പും കൊണ്ട് ഒരു പത്തടി പോലും മുന്നോട്ടു പോവാന്‍ പറ്റും എന്ന് നീയും ഞാനും ഉള്‍പെടെ ഉള്ളവര്‍ക്ക് ഒരു ഗ്യാരന്റിയും ഇല്ല,,  നിന്‍റെയെല്ലാം കുടുംബത്തും കാണുമല്ലോ ഭാര്യയും , പെങ്ങമ്മാരും, ആ സമയത്ത്‌ അവരുടെയും ഗതി ഇതൊക്കെ തന്നെ .ഇടക്കെല്ലാം അതൊന്നു ഓര്‍ക്കുന്നത് നല്ലതാ ,നമുക്കൊന്നും ഇനി അധിക കാലം ഇല്ല മാഷേ , ഒരു നെഞ്ചുവേദന , അല്ലെങ്കില്‍ ഒരു ടിപ്പര്‍ ലോറി അത്രേയുള്ളൂ നമ്മളും മരണവും തമ്മിലുള്ള ദൂരം, നന്നായി ജീവിക്കാന്‍ ശ്രമിക്കുകയെങ്കിലും ചെയ്യ്‌  മാഷേ “ അത്രയും പറഞ്ഞു കുറച്ചു നേരം അവിടെ തന്നെ നിന്നു ശ്യാം.ആരും പ്രതികരിക്കാതെ വന്നപ്പോള്‍ തിരിഞ്ഞു നടന്നു.അപ്പോഴേക്കും അവള്‍ പോയിരുന്നു.അപ്പോള്‍ ആണ് പിന്നില്‍ നിന്നും ഒരു വിളി.
“ശ്യാമേട്ടാ “ശ്യാം തിരിഞ്ഞു. ഹസന്‍ ആയിരുന്നു അത്.ജബ്ബാര്‍ക്കയുടെ മകന്‍.
“ഹാ ഹസ്സനോ, എന്താ ഇവിടെ?ഞാന്‍ നിന്‍റെ വീട്ടിലേക്കു വരുന്ന വഴിയാ .. “
“കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നതാ , അപ്പോളാ പരിചയമുള്ള സ്വരത്തില്‍ ഒരു തീപ്പൊരി ഡയലോഗ്.വന്നു നോക്കിയപ്പോള്‍ ശ്യമേട്ടനും “
“ഡയലോഗോ ? ..എല്ലാവരും കൈ പിടിച്ചു ആശീര്‍വദിച്ചു ഏല്‍പ്പിച്ച പ്രിയപ്പെട്ടവന്‍ ഒരു ഷോര്‍ട്ട് കട്ടിലൂടെ  എളുപ്പം മരണത്തിലേക്ക് കടന്നു പോയപ്പോള്‍ എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെട്ടു പോവുന്ന ഒരു പെണ്ണിന്‍റെ വേദന ...അതൊന്നും ആളുകള്‍ മനസ്സിലാക്കുന്നില്ലല്ലോ “
“ഹസീനയുടെ കാര്യം അല്ലെ, ഭയങ്കര കഷ്ടമാണ്, ഇപ്പോള്‍ ഒരു അങ്ങനവാടിയില്‍ പഠിപ്പിച്ചും, വൈകുന്നേരങ്ങളില്‍  കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ജീവിക്കുന്നു, പക്ഷെ ..നാക്കിനു എല്ലില്ലാത്ത , സംസ്കാരം എന്തെന്നറിയാത്ത കുറെ ആളുകള്‍ ..അവളെ പച്ചക്ക് തിന്നുന്നു.”
“ നിനക്കറിയാമോ അവളുടെ വീട് ?എനിക്കവിടെ വരെ ഒന്ന് പോവണം.”
“ അറിയാം , പക്ഷെ നമ്മള്‍ തനിച്ചു അവിടെ പോവേണ്ട, വീട്ടില്‍ ചെന്ന് ഉമ്മയെ കൂട്ടി പോവ്വാം,നമ്മള്‍ ആയിട്ട് അവളെ ബുദ്ദിമുട്ടിക്കേണ്ട, എന്‍റെ വീടിനടുത്ത്‌ തന്നെയാണ്, ഏകദേശം ഒരു കിലോമീറ്റര്‍ , ഇന്നെന്തേ ബൈക്ക് എടുത്തില്ലേ , ബൈക്കില്‍ ഊര് ചുറ്റുന്നതാണ് ഇഷ്ടം എന്നല്ലേ പറയാറ്.“

“ഇഷ്ടം ഒക്കെ തന്നെ, പക്ഷെ ലോറിക്കാരും ബസ്‌ ഡ്രൈവര്‍മാരും  എന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് കടന്നു പോവുന്നത്, പേടിയാണ് മാഷേ “

അവര്‍ ഹസന്‍ വാങ്ങിവെച്ച സാധനങ്ങളും കൊണ്ട് ഒരു ഓട്ടോ പിടിച്ചു.വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മാക്ക് വളരെ സന്തോഷം.അറിയിക്കാതെ ഉള്ള വരവായിരുന്നല്ലോ.ഉമ്മയോട് കാര്യം പറഞ്ഞു.ഉമ്മ വേഗം തയാറായി.ഈ യാത്രയില്‍ പെട്ടെന്ന് ഒരു നല്ല ആശയം തോന്നി ശ്യാമിന്.അവന്‍ അത് ഉമ്മയുമായി പങ്കുവെച്ചു.ഉമ്മ ഹസനോട് ചോദിച്ചു.അവനും സമ്മതമായിരുന്നു.അനീസ്‌ മോനൊരു ഉമ്മ.ഇനി അവളുടെ സമ്മതം കൂടി പ്രധാനമാണ്.

യാത്രയില്‍ ശ്യാം ഓര്‍മകളുമായി ഒരു നാല്  വര്‍ഷം പിറകോട്ടു പോയി.അന്ന് ഒരു ഡെലിവറിയുമായി അബുദാബിയില്‍ പോയി മടങ്ങി വരുമ്പോള്‍ ആണ്  വേണുവേട്ടന്‍ വിളിച്ചത്.ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാര്‍ത്ത‍ .ഹാഷിം ആത്മഹത്യ ചെയ്തു.എങ്ങിനെയാണ് ഡ്രൈവ്  ചെയ്തു റൂമില്‍ എത്തിയത്‌  എന്നറിയില്ല.പിന്നെ ഏഴു ദിവസങ്ങള്‍ കഴിഞ്ഞു ബോഡി നാട്ടിലെത്തിക്കുമ്പോള്‍ കൂടെ പോവാന്‍ വിധി എനിക്കായിരുന്നു.ആര്‍ക്കും ലീവ് കിട്ടിയില്ല.കാര്യം പറഞ്ഞപ്പോള്‍ എന്‍റെ ബോസ്സ് സമ്മതിച്ചു.ഒരാഴ്ച്ച ലീവും കിട്ടി.ഇത്തിരി മനുഷ്യപ്പറ്റ് ഉള്ള ആളാണല്ലോ അദ്ദേഹം.പോവുമ്പോള്‍ എന്നോട് ചോദിച്ചു .ജബ്ബാറിന്റെ വീട്ടില്‍ പോവുമോ എന്ന് .പോവും എന്ന് പറഞ്ഞപ്പോള്‍ അയ്യായിരം ദിര്‍ഹംസ് എടുത്തു തന്നു.ജബ്ബാര്‍ക്കയുടെ വീട്ടില്‍ ഏല്‍പ്പിക്കാന്‍,ജബ്ബാര്‍ക്കയുടെ മരണവും അന്നത്തെ ചുറ്റുപാടുകളും ഞാന്‍ പറഞ്ഞിരുന്നു.മാത്രമല്ല ബോസ്സ് വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ജബ്ബാര്‍ക്ക എന്ന ആ നല്ല മനുഷ്യനെ.
ഹസന്‍ വിളിച്ചപ്പോള്‍ ആണ് വീട് എത്തിയത് അറിയുന്നത്.അവിടെ ഹസീനയും , ഉമ്മയും ,മോനും ഉണ്ടായിരുന്നു.വീട്ടുകാരുടെ ദാരിദ്ര്യം വിളിച്ചോതുന്നതായിരുന്നു ആ വീടിന്റെ അവസ്ഥ.മകളുടെ വിഷമം പറഞ്ഞു ആ വൃദ്ധമാതാവ് കുറെ കരഞ്ഞു.അവളോടോന്നു തനിച്ചു സംസാരിക്കാന്‍ അവളുടെ ഉമ്മയില്‍ നിന്നും സമ്മതം വാങ്ങി.ആ സമയം രണ്ടു ഉമ്മമാരും ഇതേ വിഷയം തന്നെ സംസാരിച്ചു.എങ്ങിനെ തുടങ്ങണം എന്നറിയില്ലായിരുന്നു.
“ ഹസീന നീയാകെ മാറിപ്പോയി, ഹാഷിം കാണിച്ചു തന്നിട്ടുള്ള നിന്‍റെ ഫോട്ടോ ഇങ്ങനെ ഒരു പേക്കോലം അല്ലായിരുന്നു, “
“ ഞാന്‍ കണ്ണാടിയില്‍ നോക്കിയിട്ട് വര്‍ഷങ്ങള്‍ ആയി.ഈ പേക്കോലം കൊണ്ട് തന്നെ ഇവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് , അങ്ങാടിയിലെ കാര്യം കണ്ടില്ലേ ?”
“ നീ ഇങ്ങനെ ജീവിക്കാന്‍ മറന്നവളെ പോലെ ജീവിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്.മോന് വേണ്ടിയാണെങ്കില്‍ അവന്‍ ഒരു നിലയില്‍ എത്തുമ്പോഴേക്കും നീ ഒരു പക്ഷെ ....അതെല്ലാം പോട്ടെ നീ ഒരു ടീച്ചര്‍ ആണ് എന്നറിഞ്ഞു.ആ ഒരു നിലയിലെങ്കിലും നീ ചിന്തിക്കണം.കുട്ടികള്‍ക്ക് വിജയത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കേണ്ട ആള്‍ ,,ജീവിതത്തില്‍ തോറ്റു പോകരുത്.ഞാന്‍ പറഞ്ഞു വരുന്നത് ...ഒരു പുതിയ ജീവിതത്തെ കുറിച്ചാണ്,നിന്നെയും നിന്‍റെ മോനെയും വളരെ സ്നേഹത്തോടെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരാള്‍ ...അയാള്‍ക്കൊരു ഭാര്യയായി, അയാളുടെ മകനൊരു ഉമ്മയായി നീ വേണം....അത് പോലെ തന്നെ നിന്‍റെ മകനും ...നേരെ തിരിച്ചു അയാളും ഒരു നല്ല ഭര്‍ത്താവും, ഉപ്പയും ആവും നിങ്ങള്‍ക്കും.തീരുമാനം ഇപ്പോള്‍ നിന്‍റെ കയ്യിലാണ്,ഹസ്സന്‍ നല്ലവനാണ്,നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല. നീ ഇത് വരെ തെറ്റായ വഴിയിലേക്ക്‌ പോയിട്ടില്ല, ഇനിയൊട്ടു പോവുകയും ഇല്ല, പക്ഷെ നീ നേരത്തെ പറഞ്ഞ അങ്ങാടിയിലെ കാര്യം, അവര്‍ നിന്നെ എന്നും ആ കണ്ണ് കൊണ്ട് തന്നെ കാണും, ഇപ്പോള്‍ നിന്‍റെ മകന്‍ ചെറുപ്പമാണ്.അവന്‍ വളര്‍ന്നു വരും തോറും അവന്‍റെ മനസ്സില്‍ നിന്നെ കുറിച്ചു മോശമായ ഒരു ചിത്രം വരയ്ക്കാന്‍ ഈ വൃത്തികെട്ട സമൂഹത്തിനു കഴിയും. നിന്‍റെ മകന്‍ പോലും അവസാനം നിന്നെ തള്ളിപ്പറയുന്ന ഒരു കാലം ..നിനക്കതു ചിന്തിക്കാന്‍ കൂടി പറ്റുമോ ?....

“ ഒരു വട്ടം ..ഒരു വട്ടം മാത്രമെങ്കിലും ഇക്ക ഞങ്ങളെ പറ്റി ചിന്തിച്ചിരുന്നെങ്കില്‍ ...അത്ര വലിയ കടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ റബ്ബേ എന്‍റെ ഇക്കാക്ക്‌, ഇവിടെ ഈ കോലായില്‍ ഞങ്ങള്‍ക്ക്‌ തുണയായി ഉണ്ടായിരുന്നാല്‍ മതിയായിരുന്നു.ഒരുമിച്ച് തീര്‍ക്കാവുന്ന കടങ്ങളെ ഉണ്ടായിരുന്നുള്ളൂ, എന്നിട്ടും ഇക്കാ ...”

അവള്‍ കരയുകയായിരുന്നു.വിധി അവളോട്‌ ചെയ്തത് , ഇനിയും അവള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് ..എല്ലാം ഒന്നൊന്നായി മുന്നില്‍ തെളിയുമ്പോള്‍ അവള്‍ക്കു കരയാന്‍ മാത്രമേ കഴിയുമായിരിന്നുള്ളൂ  .ഈ കണ്ണുനീര്‍ ഒരു പ്രതീക്ഷയായി തോന്നി ശ്യാമിന്.കരയട്ടെ ,കുറെ കരഞ്ഞു മനസ്സിന്റെ ഭാരം ഒന്നിറക്കി വെക്കട്ടെ.

 ************

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ചുമരില്‍ തൂക്കിയിരുന്ന പൊടി പിടിച്ച ഒരു കണ്ണാടി എടുത്ത്‌ ഹസീനക്ക് കൊടുത്തു ശ്യാം.
“ഇനി നീ കണ്ണാടിയില്‍ നോക്കണം, നിറമുള്ള കുറെ സ്വപ്‌നങ്ങള്‍ കാണണം.ഇനി മുതല്‍ രണ്ടു ആണ്‍ കുട്ടികളുടെ ഉമ്മയാണ് നീ, “
“അതെ അവര്‍ക്ക് പെണ്ണ് അന്നേഷിച്ചു ആളു വരുമ്പോള്‍ അമ്മായി ഫോം ഇല്ലാന്നു പറയരുത് ആരും.” ബാക്കി പറഞ്ഞത് ഹസ്സന്റെ ഉമ്മയാണ്.വീണ്ടും ഹസീനക്ക് സന്തോഷത്തിന്‍റെ,  സ്നേഹത്തിന്റെ , കരുതലിന്റെ,സംരക്ഷണത്തിന്റെ പ്രതീക്ഷകള്‍ .നില നില്‍ക്കട്ടെ ഈ സന്തോഷം എന്നും .


നൌഷു തെക്കിനിയത്ത്.

ബുധനാഴ്‌ച, ജൂലൈ 25, 2012

കരി ‎

“ അവളുടെ അടുത്ത പുസ്തകം പബ്ലിഷ് ചെയ്യുന്നതോടെ അവളുടെ ആരാധകര്‍ എന്നെ കല്ലെറിഞ്ഞു കൊല്ലും, അത്രയ്ക്ക് വലിയ ഒരു തെറ്റാവും ഇന്ന് ഞാന്‍ ചെയ്തത്, പക്ഷെ ഞാന്‍ അവളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുക മാത്രം ആണ് ചെയ്യുന്നത് എന്ന് ആര്‍ക്കെല്ലാം മനസ്സിലാവും “ വല്ലാത്ത ഒരു കുറ്റബോധം ഉണ്ട് അയാളുടെ മനസ്സില്‍,
അയാള്‍ ഒരു ശവസംകാരം കഴിഞ്ഞു വരുന്ന വഴിയാണ്. അലിഫ്‌ ബുക്സിന്റെ ചീഫ്‌ എഡിറ്ററും , മുതലാളിയും എല്ലാം ഗഫൂര്‍ക്ക എന്ന ഈ മനുഷ്യന്‍ തന്നെ.
                                                                ************
അലിഫിന്റെ മുന്നിലെ നീളന്‍ ചാരു കസേരയില്‍ അയാള്‍ ഇരിക്കുന്നു. വളരെ കാലം ഒരു പാട് നല്ല പുസ്തകങ്ങള്‍ എല്ലാം പബ്ലിഷ് ചെയ്തിരുന്നു.പത്തോളം ജോലിക്കാര്‍ ഉണ്ടായിരുന്നു. പക്ഷെ കാലം മാറിയതിനു അനുസരിച്ച് അയാളും അലിഫും മാറിയില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ വലിയ ബഹളമൊന്നും ഇല്ലാതെ ശാന്തമായി ഇരിക്കാന്‍ കഴിയുന്നു.എന്നാല്‍ ഇടയ്ക്കു വെച്ച് അലിഫിനു ഒരുപാട് മാറ്റം വന്നു.അതിനു കാരണം കരി എന്നാ തൂലിക നാമത്തില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആണ്. ആരും തിരിഞ്ഞു നോക്കാതെ കഷ്ടപ്പാടുകളില്‍ നീരാടിയിരുന്ന സമയത്താണ് അവള്‍ വരുന്നത്.
പകുതിയില്‍ ഏറെയും കത്തിക്കരിഞ്ഞ മുഖവുമായി അവള്‍ വന്നു കയറിയത് അലിഫിനു നിറയെ ഐശ്വര്യവും കൊണ്ടായിരുന്നു.പേര് ചോതിച്ചപ്പോള്‍ കരി എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞു. കരി ആരെന്നു ഒരു കുഞ്ഞു പോലും അറിയരുതെന്ന് നിര്‍ദേശവും തന്നു. “കല്ലെറിയപ്പെട്ടവള്‍” എന്ന ആദ്യത്തെ പുസ്തകം തന്നെ ഒരു തരംഗം ശ്രിഷ്ടിച്ച്ചു വായനക്കാരുടെ ഇടയില്‍. എന്തായിരുന്നു ആ കഥയുടെ ഇതിവൃത്തം?. മദ്യം വരുത്തി വെക്കുന്ന വിപത്തുകള്‍ . ഒരുപാട് ലേഖന പരമ്പരകള്‍ , കഥകള്‍ എല്ലാം ഇതേ വിഷയത്തില്‍ മുന്‍പ് എത്ര തവണ വന്നിരുന്നു. പക്ഷെ അവളുടെ ശൈലി വ്യത്യസ്ഥമായിരുന്നു . അതിനു ശേഷം ഒരുപാടു പേര്‍ അവളെ അന്നെഷിച്ച്ചു വന്നു.ഇതിനു ഒരു തുടര്‍ച്ചയുണ്ടോ , അതിലെ നായിക കഥാപാത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നെല്ലാം പലരും എന്നോട് എഴുതി ചോതിച്ചു.പക്ഷെ എനിക്കറിയില്ലായിരുന്നു., പലരും ഞാന്‍ തന്നെ ആണ് കരി എന്ന് വരെ പറഞ്ഞു. അവളുടെ മൂന്നാമത്തെ കഥക്ക് അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പോലും അവളെ ആരും കണ്ടില്ല,. സ്നേഹപൂര്‍വ്വം അത് നിരസിക്കുന്നു എന്ന് മാത്രം അവള്‍ എന്നോട് പറഞ്ഞു.പലരും പണം കൊടുത്ത് പോലും ആദരവുകളും , അവാര്‍ഡുകളും നേടിയെടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു കാര്യം.
ഒരിക്കല്‍ പോലും അവള്‍ അവളെ കുറിച്ച് എന്നോട് പറഞ്ഞില്ല, ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അവളെ പിന്നെ നേരിട്ട് കാണുന്നത് ഇന്നലെ രാവിലെ ആണ്., കൊരിയര്‍ ആയും ,ഫാദര്‍ ജോണ്‍ മുഖേനയും അവളുടെ രചനകള്‍ മാത്രം എന്നെ തേടി വന്നു, പ്രതിഫലം ഞാന്‍ ഒരു വട്ടം പോലും അവള്‍ക്കു നേരിട്ട് കൊടുത്തിട്ടില്ല, അവള്‍ പറഞ്ഞ പ്രകാരം അഭയാര്‍ഥികള്‍ എന്ന അനാഥ മന്ദിരത്തിലും, പിന്നെ ശാന്തിതീരം എന്ന മാനസികാരോഗ്യ കേന്ദ്രത്തിലും.അത് ഇതുവരെയും അങ്ങിനെ തന്നെ ആയിരുന്നു.ഇന്നലെ അവള്‍ വന്നു ഒരു കേട്ട് പേപ്പറുകള്‍ നേരിട്ട് തന്നു,.ഇന്നലെ തീരെ വയ്യാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അത് കൊണ്ട് തന്നെ അതൊന്നും വായിച്ചില്ല,പക്ഷെ ഇന്ന് കാലത്ത് മറവന്‍കര കടല്‍ പാലത്തിനു താഴെ പാതി കരിഞ്ഞ ഒരു ശവ ശരീരം എന്ന വാര്‍ത്ത‍ ടീ വീയില്‍ കണ്ടപ്പോള്‍ അത് കരിയാണെന്ന് ഞാന്‍ മാത്രമാണോ തിരിച്ചറിഞ്ഞത്.എനിക്ക് ലോകത്തോട് ഉറക്കെ വിളിച്ചു പറയണം ആയിരുന്നു.പക്ഷെ അവള്‍ക്കു കൊടുത്ത വാക്ക്‌ , മരണ ശേഷവും എനിക്കത് പാലിക്കണം ആയിരുന്നു. അനാഥ ശവം എന്ന് പറഞ്ഞു അവളെ വേണ്ട വിധം സംസ്കരിക്കപെട്ടില്ലെങ്കില്‍ ഞാന്‍ പറയുമായിരുന്നു,ഇതാണ് കരി എന്ന്.പക്ഷെ അവസാന നിമിഷം ഫാദര്‍ ജോണ്‍ വന്നു അവളെ തിരിച്ചറിഞ്ഞു കൊണ്ട് പോവുകയായിരുന്നു. അതൊരു കണക്കിന് ആശ്വാസമായി.
ഓരോന്നും ആലോചിച്ചു അലിഫിന്റെ മുറ്റത്ത്‌ എത്തിയത് അറിഞ്ഞില്ല.ഇപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ.എത്രയും പെട്ടെന്ന് അവളുടെ അവസാന നോവല്‍ കൂടി പ്രസിദ്ധീകരിക്കുക. സമയം ഏറെ വൈകിയിരുന്നു.പോസ്റ്റുമോര്‍ട്ടം ചെയ്തു അവളുടെ ശരീരം വിട്ടു കിട്ടുമ്പോള്‍ തന്നെ മൂന്നു മണി കഴിഞ്ഞിരുന്നു.ഫാദര്‍ ജോണിന്‍റെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് തന്നെ എല്ലാം നടന്നത് . മറവന്‍കര പള്ളി സെമിത്തേരിയില്‍ അവളെ അടക്കുമ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ വന്നിരുന്നു.പക്ഷെ അവളുടെ എല്ലാ ചരിത്രങ്ങളും അറിയാവുന്ന ഫാദര്‍ ജോണും , മറ്റു കന്യാ സ്ത്രീകളും ഒരുപാട് സംസാരിക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ ആ എതിര്‍പ്പുകള്‍ കൊണ്ട് വേറെ ഒന്നും നടന്നില്ല. അയാള്‍ അവളുടെ എഴുത്തുകള്‍ അടങ്ങിയ പേപ്പര്‍ കെട്ടെടുത്ത് വായിക്കാന്‍ തുടങ്ങി.
ആദ്യം കയ്യില്‍ കിട്ടിയത് ഒരു ലെറ്റര്‍ കവര്‍ ആണ്.പ്രിയപ്പെട്ട ഗഫൂര്‍ക്കാക്ക് എന്ന് അതില്‍ എഴുതിയിരുന്നു.അയാള്‍ അത് പൊട്ടിച്ചു .
ഗഫൂര്‍ക്ക , ഇപ്പോള്‍ താങ്കളുടെ പക്കല്‍ ഉള്ളത് ഞാന്‍ എഴുതിയ പുതിയ കഥയല്ല,മറിച്ച് എന്‍റെ ഓര്‍മക്കുറിപ്പുകള്‍ ആണ്.ഞാന്‍ ആരെന്നും മുന്‍പ് ഞാന്‍ ആരായിരുന്നു എന്നും എല്ലാവരും അറിയട്ടെ.ഒരുപാടുണ്ട് വായിക്കാന്‍.ഈ കത്ത് ഒരു ലഘു വിവരണം മാത്രമാണ്.
ഗഫൂര്‍ക്ക ഓര്‍ക്കുന്നുണ്ടോ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീ അവളുടെ ഒന്നര വയസ്സ് മാത്രമുള്ള ഇളയ മകളെ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ മുക്കി കൊന്നത് , ഏഴു വയസ്സ് പ്രായമുള്ള മൂത്ത മകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്.അയല്‍വാസിയായ ഒരു മനുഷ്യന്‍ കണ്ടത് കൊണ്ട് മാത്രം ആ ഏഴു വയസ്സുകാരി രക്ഷപ്പെട്ടത്, മാസങ്ങളോളം വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷിച്ച ആ സംഭവം. അതിനു ശേഷം ആ അമ്മയും മകളും എവിടെ പോയി എന്ന് ആരും തിരക്കിയില്ല.
ഒരു പക്ഷെ ഇക്കാക്ക്‌ എന്‍റെ കല്ലെറിയപ്പെട്ടവള്‍ എന്ന കഥ ഓര്‍മ വന്നു കാണും.അതിലെ ആനി എന്ന ആ നിര്‍ഭാഗ്യവതിയായ അമ്മ എന്‍റെ അമ്മ മേരി , റിനി എന്ന മകള്‍ ഞാനും.ലോകം വെറുപ്പോടെ മാത്രം നോക്കിക്കണ്ട ആ അമ്മ എങ്ങിനെ ഇത്രയും ക്രൂരത കാണിക്കാന്‍ മാത്രം ദുഷ്ടയായി എന്ന് ആരും അന്നേഷിച്ചില്ല. ആളുകള്‍ എന്‍റെ അമ്മയെ കല്ലെറിഞ്ഞു , കല്ലെറിയേണ്ടത് അമ്മയെ ആയിരുന്നില്ല, ഒരു മനുഷ്യന്‍ പകല് മുഴുവനും ചുമട് എടുത്തു കിട്ടുന്ന കാശുമായി വരുമ്പോള്‍ വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെന്ന് ഓര്‍ക്കാതെ അവന്‍റെ കൂലി മുഴുവനും വാങ്ങി അവനു ചാരായം ഒഴിച്ച് കൊടുക്കുന്ന ചാരായക്കട നടത്തുന്നവനെ ആയിരുന്നു, കള്ളും കുടിച്ചു വന്നു ഭാര്യയെ തല്ലുന്ന അച്ഛനെ ആയിരുന്നു, പക്ഷെ ആരും അവരുടെ പിന്നാലെ പോയില്ല.
ഓര്‍മ വെച്ച നാള് തൊട്ടു ഞാന്‍ കണ്ടത് കുടിച്ചു ബോധമില്ലാതെ വന്നു എന്‍റെ അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെയാണ്.ഒരിക്കല്‍ പോലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല.മാനസികമായും ശാരീരികമായും ഒട്ടേറെ പീഡനം ഏറ്റു വാങ്ങി എന്‍റെ അമ്മ ഒരു മാനസിക രോഗിയാവുന്നത് എന്‍റെ അച്ഛന്‍ അറിഞ്ഞില്ല , അന്ന് എന്നെ പോലെ ഒരു കുട്ടിക്ക് അത് മനസ്സിലാകുമായിരുന്നില്ല.പിന്നെ അച്ഛന്‍ വീട്ടിലേക്ക്‌ വരാതായി.എനിക്കത് സന്തോഷമുള്ള കാര്യം ആയിരുന്നു.അമ്മയുടെ കണ്ണുനീര്‍ കാണേണ്ടല്ലോ.പക്ഷെ അപ്പോഴേക്കും അമ്മ കൈവിട്ടു പോയിരുന്നു.
ആ ദിവസം ഇന്നും മറക്കാന്‍ കഴിയുന്നില്ല, കണ്ണടച്ചാല്‍ അമ്മയുടെ രൗദ്ര ഭാവം.ശ്വാസം കിട്ടാതെ കാലിട്ടടിക്കുന്ന എന്‍റെ വാവ, ശരീരത്തില്‍ നിന്നും മാംസം പൊള്ളി അടര്‍ന്നു വീഴുന്നതിന്റെ വേദന .....എല്ലാം വര്‍ഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.ഹോസ്പിറ്റലില്‍ നിന്നും എന്നെ ഫാദര്‍ ജോണ്‍ കൊണ്ട് വന്നു.വാവയുടെ കല്ലറയില്‍ പൂ വെച്ച് പ്രാര്‍ഥിച്ചു,പിന്നെ ഒരു മാധ്യമത്തിനും വിട്ടു കൊടുക്കാതെ അദ്ദേഹം എന്നെ വളര്‍ത്തി.ഒപ്പം ശാന്തി തീരത്ത്‌ എന്‍റെ അമ്മയും ഉണ്ടായിരുന്നു.ഈ ഭൂമിയില്‍ ഞാന്‍ ദൈവത്തെ കണ്ടത് ഫാദര്‍ ജോണിലൂടെയാണ്.ഇല്ലായ്മകളുടെ ആകെ തുകയായിരുന്നു “അഭയാര്‍ഥികള്‍” എന്ന അനാഥ മന്ദിരവും , ശാന്തിതീരവും.അവിടെ ഞാന്‍ കണ്ട ജീവിതങ്ങള്‍, എന്‍റെ തന്നെ അനുഭവങ്ങള്‍ എല്ലാം ഞാന്‍ കുത്തിക്കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഷമദ്യ ദുരന്തത്തില്‍ ഒരുപാട് പേര്‍ മരിച്ചു വീണപ്പോള്‍, അതില്‍ ഏഴോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ , എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നി, അതിന്റെ ആദ്യ പടിയായിരുന്നു “കല്ലെറിയപ്പെട്ടവള്‍” എന്ന പുസ്തകം.താങ്കള്‍ അത് വളരെ ഭംഗിയായി നിര്‍വഹിച്ചു.ഈ ഭൂമിയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തി താങ്കള്‍ ആണ്.എനിക്കറിയാം “കരി” എന്ന ഈ എഴുത്തുകാരി താങ്കളുടെ മനസ്സില്‍ കിടന്നു വേവാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയിഎന്ന്.ഇനി താങ്കള്‍ക്കു തുറന്നു പറയാം.ആ പഴയ മേരിയുടെ മകള്‍ റോസ് ആയിരുന്നു കരി എന്ന്.
ഇന്നലെ എന്‍റെ അമ്മ പോയി.പരാതികളും പരിഭവങ്ങളും കണ്ണുനീരും ഇല്ലാത്ത , മദ്യത്തിന്റെ ഭയപ്പെടുത്തുന്ന രാവുകള്‍ ഇല്ലാത്ത , മരുന്നിന്റെയും ഷോക്കുകളുടെയും ശല്യം ഇല്ലാത്ത ലോകത്തേക്ക് ....ഇവിടെ എന്നെ പിടിച്ചു നിര്‍ത്തിയ ഒരു ഘടകം എന്റെ അമ്മയായിരുന്നു.അമ്മ പോയി ,അവസാന സമയത്ത് എന്നോട് അമ്മ പറഞ്ഞു വാവ കാത്തിരിക്കുകയാണ് എന്ന്,തനിച്ചു കഴിയാന്‍ അവള്‍ക്കു വയ്യാതായത്രേ,ഇനി ഇവിടെ ഞാന്‍ എങ്ങിനെ തനിച്ചു കഴിയും , ഞാനും യാത്ര പറയുകയാണ്‌.താങ്കളോട്,എന്‍റെ പ്രിയപ്പെട്ട വായനക്കാരോട്‌ , ഈ ലോകത്തോട് .ഒരു പക്ഷെ നാളെ ലോകം എന്നെ ഭീരുവായി കാണുമായിരിക്കും .....ആത്മഹത്യയില്‍ അഭയം പ്രാപിച്ചവള്‍ എന്ന് പരിഹസിക്കുമായിരിക്കും.പക്ഷെ ഇനി വയ്യ .....വര്‍ഷങ്ങളായി ഇരുട്ടറയില്‍ കഴിയുന്നതിന്‍റെ പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
ഞാന്‍ ഇത് വരെ എഴുതിയ പുസ്തകങ്ങള്‍ ഒന്നും അധികാരികളുടെയോ സമൂഹത്തിന്‍റെയോ കണ്ണ് തുറപ്പിച്ചിട്ടുണ്ടാവില്ല എന്നറിയാം, ഒരു പക്ഷെ എന്‍റെ ഈ ജീവിതം അവര്‍ക്ക് മുന്നില്‍ അക്ഷരങ്ങളായി പുനര്‍ജനിക്കുമ്പോള്‍ ഒരു മാറ്റം ഉണ്ടായേക്കാം.ഒരു നല്ല നാളെ പ്രതീക്ഷിച്ചു കൊണ്ട് കരി വിട വാങ്ങുന്നു.
അയാളുടെ കയ്യിലിരുന്നു ആ കടലാസ് വിറച്ചു.ഒരു പക്ഷെ ഇന്നലെ തന്നെ ഇത് ഞാന്‍ വായിച്ചിരുന്നെങ്കില്‍ എനിക്ക് അവളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാമായിരുന്നു.മരവിച്ച മനസ്സോടെ അയാള്‍ ആ കടലാസ്സു കെട്ടുകളും എടുത്തു നടന്നു.കരിയുടെ അടുത്ത പുസ്തകത്തിന്റെ പണി തുടങ്ങാന്‍.
************
നൌഷു തെക്കിനിയത്ത്

വ്യാഴാഴ്‌ച, ജൂലൈ 19, 2012

മൂട്ടകള്‍

ചോര വീണ ചുമരില്‍ നിന്നരിച്ചു വന്ന മൂട്ടകള്‍
രാത്രിയില്‍ പതുങ്ങി വന്നു ചോര മൊത്തം മോന്തവേ
പാതിരാവില്‍ കൂട്ടമായി മുറിയിലുല്ലോര്‍ പ്രാകുന്നു
മൂട്ടകള്‍ ഹ്മ് ഹ്മ് ഹ്മ് നാശങ്ങള്‍ ഹ്മ് ഹ്മ് ഹ്മ്

മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
നീളമുള്ള മസ്കിംഗ് ടേപ്പ് തന്നെയാണതോര്‍ക്കണം
മൂട്ടകള്‍ ചതഞ്ഞിടാതെ നോക്കണം ജയത്തിനായ്‌
രൂമിനുള്ളിലെ തിരക്ക് മാറ്റണം ഫലത്തിനായ്‌

നാട്ടിലെക്കയക്കുവാനായ്‌ കെട്ടി വെച്ച പെട്ടികള്‍
മൂട്ടകള്‍ക്ക് ലേബര്‍ റൂമായ് മാറിടാതെ നോക്കണം
ജീവിതം ബലി കൊടുക്കും നമളീ പ്രവാസികള്‍
മൂട്ടയോടു പോരടിച്ചു നേടിടുമോ മോചനം

സാന്ത്വനമായ് മാറിടെണ്ട ഉറ്റവരുടെ വാക്കുകള്‍
ക്രൂരമായി മാറിടെവേ നമ്മള്‍ കാലിടറിയോ
രക്തസാക്ഷികള്‍ക്ക്‌ ജന്മമേകിയ ഗള്‍ഫ്‌ നാടുകള്‍
കണ്ണുനീര് പെയ്തൊഴിയാ മരുഭൂമിയായി മാറിയോ

പോകുവാന്‍ നമുക്കുമേറെ ധൂരമുണ്ടീ ഭൂമിയില്‍
വഴി പിഴച്ചു പോയിടാതെ കണ്ണടച്ച് നീങ്ങുവിന്‍
നാട് തന്നെ വേണമെന്ന ഓര്‍മ വേണം നമ്മളില്‍
ആ ഓര്‍മ്മകള്‍ മരിച്ചിടാതെ കാക്കണം മനസ്സുകള്‍

നാളെയോന്നോന്നില്ല നമ്മളിന്നു തന്നെ തീര്‍ക്കണം
നാളെയാകില്‍ മൂട്ടകള്‍ ഒരായിരമായ്‌ മാറിടും
പിഫ്‌ പഫ് എന്നോരാശ്രയം കൈ വെടിയരുതീ പ്രവാസികള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍
നമുക്ക് മാത്രമുള്ള സ്വപ്നം മൂട്ടയില്ലാ രാവുകള്‍

ബുധനാഴ്‌ച, ജൂലൈ 18, 2012

എന്നാലും എന്‍റെ അച്ചായാ ...


എന്നും നാട്ടില്‍ നിന്നും ഭാര്യയുടെ പരാതി , മോന്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ല എന്ന്.പതിനഞ്ചു വയസ്സായി ചെക്കന് , ഇനി എന്നാ അല്പം ബോധം വെക്കുന്നത് എന്നാണു അവളുടെ ചോദ്യം.ഞാന്‍ ഇവിടെ ഇരുന്നു എന്ത് ചെയ്യാനാ? നാട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ എല്ലാം അവനെ പോലെ നല്ലൊരു മോന്‍ ആ നാട്ടില്‍ തന്നെ വേറെ ഇല്ല.വീട്ടില്‍ അവളും മോനും മാത്രമേയുള്ളൂ .വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും അവള്‍ തന്നെ പുറത്തു പോവണം.അവന്‍ ഇരുപത്തിനാല് മണിക്കൂറും കമ്പ്യൂട്ടര്‍ നു മുന്നില്‍ തന്നെ . കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത് അബദ്ധമായി.ഇവിടെ എന്റെ ദു:ഖം സഹമുറിയനായ അച്ചായനോട് പറഞ്ഞു.അച്ചായന്‍ ആണ് ഈ ബുദ്ധി ഉപദേശിച്ചത്.നോക്കട്ടെ ഇത് അവസാനത്തെ അടവാണ്.

ഓരോന്നും ചിന്തിചിരിക്കുമ്പോള്‍ ദാ അവളുടെ കാള്‍.

ദേ മനുഷ്യാ ഞാന്‍ സഹി കെട്ടു, പത്തു കിലോ പച്ചരി ഇവിടെ നനച്ചു വെച്ചിട്ട് കുറെ നേരമായി, അവന്‍ ഇത് പൊടിപ്പിച്ച് കൊണ്ട് വരും എന്ന് എനിക്ക് തോനുന്നില്ല , നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക്.

നീ ഒന്ന് സമാധാനപ്പെട് , അവന്‍ നല്ല കുട്ടിയായി ഇപ്പൊ നിന്റെ അടുത്തു വരും നോക്കിക്കോ , നീ ഇനി അവനോടു പൊടിപ്പിക്കാന്‍ പറയേണ്ട

ഹ്മം നടന്നത് തന്നെ , ഉപ്പയും നന്ന് മോനും നന്ന്

അയാള്‍ ഫോണ്‍ വെച്ച് നേരെ റൂമിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഫേസ് ബുക്കില്‍ പുതുതായി ഉണ്ടാക്കിയ ഐ ഡി  നെഹനാസ് മോള്‍  ലോഗിന്‍ ചെയ്തു.അപ്പോഴേക്കും വന്നു ഒരു ഹായ് .
അതെ അവന്‍ തന്നെ . പടച്ചോനെ ഇതെങ്കിലും വിജയിക്കണേ എന്ന് പ്രാര്‍ഥിച്ചു.

ഹായ് നെഹനക്കുട്ടി ഇന്നലെ ഒരു പോക്ക് പോയതാണല്ലോ , പിന്നെ ഈ വഴിക്ക് കണ്ടില്ല
സോറി മോനൂ, ഉമ്മയെ സഹായിക്കാന്‍ വേണ്ടി ..

നിനക്ക് വേറെ പണിയൊന്നും  ഇല്ലേ ?, ഇപ്പോള്‍ തന്നെ എന്റെ ഉമ്മ എന്നോട് അരി പൊടിപ്പിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായി  

അയ്യെടാ ഉമ്മാനെ ധിക്കരിക്കാന്‍ ഒന്നും ഞാന്‍ ഇല്ല , മാത്രമല്ല അങ്ങിനെ ഉള്ളവരുമായി ഞാന്‍ ഇനി കൂട്ടില്ല, ഞാന്‍ പോവ്വാ  

നെഹനക്കുട്ടി പിണങ്ങല്ലേ ഒരു പത്തു മിനുറ്റ് , ഇവിടെ അടുത്താ മില്ല് , ഞാന്‍ ഇപ്പോള്‍ തന്നെ പോയി വരാം

എന്നോട് നുണ പറയല്ലേ

ഇല്ല സത്യം

അവന്‍ പെട്ടെന്ന് സൈന്‍ ഔട്ട്‌ ആയി.ഒരു പുഞ്ചിരിയുമായി അയാള്‍ ഭാര്യയുടെ കാള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലും എന്‍റെ അച്ചായാ ഇത് മുന്‍പേ പറയണ്ടായിരുന്നോ ? എല്ലാത്തിനും ഫേസ് ബുക്കിന് നന്ദി ഒപ്പം അച്ചായനും .

തിങ്കളാഴ്‌ച, ജൂലൈ 16, 2012

( പ്രവാസിയുടെ അവധിക്കാലം 02 )

കാറ്റ് തിരിച്ചു വീശുമ്പോള്‍ ( പ്രവാസിയുടെ അവധിക്കാലം 02 )



" ഡാ പന്ന കഴുവേരീടെ മോനെ ....ഇനിയെങ്ങാനം ആ പെണ്ണിനേയും കുട്ടിയേയും ഉപദ്രവിച്ചാല്‍ ....പിന്നെ നീ നിന്റെ രണ്ടു കാലില്‍ നടക്കില്ല " ഹസ്സന്‍ അയാളെ ഒന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്തോന്നിനാട നീ ഇങ്ങനെ തുറിച്ചു നോക്കുന്നത് ?സാറിന്‍റെ തല്ല്‌ കുറെ കൊണ്ടിട്ടും നീ പഠിച്ചില്ലേ "
ഹസ്സന്‍ അയാളില്‍ നിന്നും നോട്ടം പിന്‍വലിച്ചു .നാളെമുതല്‍ ജയില്‍ വാസം ഇല്ല .അഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന തീ അണക്കാന്‍ സമയമായി .ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷം ഉള്ളില്‍ കിടന്നു. ഇനി ആ തെറ്റ് ചെയ്ത് കാണിക്കണം.എന്നിട്ട് സന്തോഷത്തോടെ ഇവിടേക്ക് തിരിച്ചു വരണം.
*************************
"ശ്യാമേട്ടാ ഇക്കാക്ക വരോ ?"
"പിന്നില്ലാതെ , ഹുസൈന് സംശയം ഉണ്ടോ ?"
" അല്ലാ ,,,,ഇത്രയും ഒക്കെ ആയ നിലക്ക് ..."
"അവന്‍ വരും ,,നീ നോക്കിക്കോ , വിഷമം ഉണ്ടാവും ഇങ്ങനെയെല്ലാം ആയതില്‍, ഞാന്‍ ഇറങ്ങാം ഇനി സമയം കളയുന്നില്ല ..."
*************************
" ഞാന്‍ ഇവിടെ ഇറങ്ങാം ,,,"
"ഇവിടെ ഇറങ്ങി എങ്ങോട്ടാ പോവുന്നത് ? "
"അങ്ങിനെ ഒരു ലക്‌ഷ്യം ഒന്നും ഇല്ല .."
"ഒരു ലക്‌ഷ്യം വേണ്ടേ ഹസ്സന്‍ ? "
"എന്റെ പേര് ..? "
"എന്താ ഹസ്സന്‍ എന്നല്ലേ? "
" അതെ , എങ്ങിനെ അറിയാം ? "
" നിനക്കെന്നെ ഓര്‍മയില്ല , പക്ഷെ നിന്നെ എനിക്ക് നന്നായി അറിയാം , നീ എന്താ കരുതിയത് ? ഞാന്‍ നിന്നെ കൊണ്ട് വരാന്‍ തന്നെയാണ് വന്നത് ,അവിടെ വെച്ചു ഞാന്‍ നുണ പറഞ്ഞതാണ്,, വീട്ടില്‍ നിന്റെ ഉമ്മയും അനിയനും കാത്തിരിക്കുന്നുണ്ട് "
"ഇല്ല ഞാന്‍ ഇല്ല ...നീ ആരാ ? "
" ഞാന്‍ ശ്യാം ,നിന്റെ ഉപ്പയുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു .."
" ഹാ അറിയാം ..കുന്നംകുളത്തുള്ള ,,,? "
"അതെ ...എന്താണ് നിനക്ക് പറ്റിയത് ? ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും ..ജബ്ബാര്‍ക്കയെ ഒന്ന് കാണാന്‍പോലും നീ വന്നില്ലല്ലോ ,എന്തൊക്കെ ആയാലും മരിച്ചത് നിന്റെ ഉപ്പയല്ലേ ? "
" തെറ്റ് ..എല്ലാം തെറ്റായിരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയിരുന്നു .എന്റെ ഉപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാന്‍ പോലും എനിക്ക് പറ്റിയില്ല , പോവാന്‍ ഒരുങ്ങിയതായിരുന്നു പക്ഷെ അവള്‍ ...എന്‍റെ ഭാര്യ ...അവള്‍ എന്‍റെ മനസ്സില്‍ വിഷം കുത്തി വെച്ചു . ഞാന്‍ എന്‍റെ ഉപ്പയെ അവസാനമായി ഒന്നു വന്നു കണ്ടില്ല ,
" നീ വീട് വിട്ടു വന്നതിന് ശേഷം ഒരു വട്ടം എങ്കിലും അവരെ പറ്റി ഓര്‍ത്തോ ?, എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് ? "
" തെറ്റ് ചെയ്തത് ഞാനല്ലേ ?....എന്റെ ഭാര്യയെ കണ്ണടച്ചു വിശ്വസിച്ചു ...അന്നൊരു രാത്രിയില്‍ സേലത്തേക്ക് ബിസ്നെസ്സ് ആവശ്യത്തിന് വേണ്ടി പുറപ്പെട്ട എന്നെ ഉപ്പ ഫോണില്‍ വിളിച്ചു.പെട്ടെന്ന് വരാന്‍ പറഞ്ഞു.വീട്ടില്‍ വന്ന ഞാന്‍ കണ്ടത് ഉമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന ഹുസൈനെയാണ് , അവന്‍റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു . അവള്‍ സോഫയില്‍ ഇരുന്നു കരയുന്നു.ഞാന്‍ അവളോടാണ് കാര്യം തിരക്കിയത്.അനിയന് ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക്‌,ഇല്ലെങ്കില്‍ എന്നെ എന്റെ വീട്ടില്‍
കൊണ്ട് വിടണം,ഇത്രയും അവള്‍ പറഞ്ഞപ്പോഴേക്കും ബാക്കി എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.ഉമ്മയുടെ മടിയില്‍ നിന്നും ഞാന്‍ അവനെ വലിച്ചിഴച്ചു
മുറ്റത്തെക്കിട്ടു ,ഉമ്മയും ഉപ്പയും എന്നെ തടയുന്നുണ്ടായിരുന്നു."ഇക്കാ...ഞാന്‍ അല്ല ,,സ്ടുടിയോയിലെ ഹാഷിം ആണ് " എന്ന് അവന്‍ ഉറക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു.ഞാന്‍ കേട്ടില്ല......"
....അന്ന് വീട് വിട്ടു ഇറങ്ങിയതാണ്."
"പിന്നെ എന്തുണ്ടായി നീ എങ്ങിനെ ജയിലില്‍ ? "
"എന്‍റെ ഉപ്പയുടെയും ഉമ്മയുടെയും ശാപം, എന്‍റെ അനിയന്‍റെ കണ്ണുനീര്‍ ,എല്ലാത്തിനും ചേര്‍ത്തു ദൈവം കരുതി വെച്ചത് ഈ ജയില്‍ വാസം"
" ഇപ്പോള്‍ നീ പറഞ്ഞത് നിന്‍റെ മനസ്സാക്ഷിയുടെ കുമ്പസാരം ..അതിലേക്കു നയിച്ച സാഹചര്യം ? "
"ബിസ്നെസ്സ് ആവശ്യങ്ങളുമായി ഞാന്‍ സേലത്ത് ഇടയ്ക്കിടയ്ക്ക് പോവാറുണ്ട് ,,,ഒരു യാത്രയില്‍ ഇടയ്ക്കു വെച്ച് ചില ഡോകുമെന്റ്സ്
എടുക്കാന്‍ ഞാന്‍ തിരിച്ചു വരുകയുണ്ടായി, രാത്രി പതിനൊന്നു മണി ആയിരുന്നു,വീട്ടില്‍ ലൈറ്റ് ഒന്നും കണ്ടില്ല , അവളും മോനും ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി കയ്യിലുണ്ടായിരുന്ന സ്പെയെര്‍ കീ എടുത്തു ഞാന്‍ വാതില്‍ തുറന്നു, ബെട്രൂമില്‍ നിന്നും സംസാരം കേട്ട് ഞാന്‍ വാതിലില്‍ മുട്ടി, അവള്‍ വാതില്‍ തുറന്നതും ശക്തിയായ ഒരു പ്രഹരം എന്‍റെ നെറ്റിയില്‍, ഒരു മിന്നായം പോലെ മുന്നിലൂടെ കടന്നു പോയ ആളെ കണ്ട ഞാന്‍ തകര്‍ന്നു പോയി,സ്റ്റുഡിയോ ഹാഷിം, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അനിയന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യമായി, എന്‍റെ സകല നിയന്ത്രണങ്ങളും കൈ വിട്ടു പോയി , കയ്യില്‍ കിട്ടിയതെല്ലാം എടുത്തു ഞാന്‍ അവളെ അടിച്ചു,അവളുടെ ഉറക്കെയുള്ള നിലവിളികളില്‍ ആളുകള്‍ ഓടിക്കൂടി, ആളുകളുടെ ഇടയില്‍ ഒരു സംശയ രോഗിയായ ഭര്‍ത്താവായി എന്നെ അവള്‍ നാറ്റിച്ചു , പണക്കാരനും നാറിയ രാഷ്ട്രീയക്കാരനും ആയ അവളുടെ ബാപ്പ കൊലപാതക ശ്രമത്തിനു എന്നെ അകത്താക്കാന്‍ എല്ലാ കളികളും കളിച്ചു , ഞാന്‍ ഏകനായിരുന്നു, എല്ലാം ഏറ്റു ,കാലം എനിക്കായി കാത്തു വെച്ച വിധി എന്ന് കരുതി.എന്‍റെ ഉപ്പയുടെ വിയര്‍പ്പിന്റെ മണമുള്ള
പൈസ കൊണ്ട് ഞാന്‍ പണിത വീട്ടില്‍ ഇപ്പോള്‍ അവളും അവനും,ഞാന്‍ അവരെ കൊല്ലും എന്നിട്ട് ജയിലിലേക്ക് തന്നെ തിരിച്ചു വരും , ഇപ്പോള്‍ അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം ..."
"അതോടെ നിന്‍റെ കാര്യങ്ങള്‍ എല്ലാം തീരും, പക്ഷെ നിന്‍റെ മോന്‍ അവന്‍ പിന്നെ എങ്ങിനെ ജീവിക്കണം ? "
" എന്‍റെ മോന്‍ അവനും അവളുടെ കൂടെയാണോ ? "
" ഏതു അവള്‍ ? ഞാന്‍ എല്ലാം അന്നെഷിച്ചു , നീ ജയിലില്‍ പോയി ഒരാഴ്ച കഴിയും മുന്‍പേ അവനെ ഒരു യത്തീംഖാനയില്‍ ഒഴിവാക്കി അവള്‍...ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അവന്‍
യതീമായി വളരുന്നത്‌ കാണാന്‍ വയ്യാത്ത രണ്ടു പേര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ഉണ്ട്,ഒരുപാട് വൈകിയാണ് ഞങ്ങള്‍ എല്ലാം അറിഞ്ഞത്.
ഒരുമാസം മുന്‍പ്, എന്റെയും നിന്‍റെ ഉപ്പയുടെയും കൂടെ ഷാര്‍ജയില്‍ ഉണ്ടായിരുന്ന ഒരു ലിജീഷ് , ആള് പോലീസില്‍ ആണ്,ലോങ്ങ്‌ ലീവ്
എടുത്തു ഷാര്‍ജയില്‍ കുറെ കാലം ഉണ്ടായിരുന്നു, വളരെ യാദ്രിശ്ചികം ആയി ആളെ മൂന്നു നാല് മാസം മുന്‍പ് ദുബായില്‍ വെച്ചു കണ്ടു,നിന്‍റെ കാര്യങ്ങള്‍ അവനാണ് എന്റടുത്ത് പറഞ്ഞത്‌ ,
നിന്‍റെ കാര്യങ്ങള്‍ എല്ലാം നടക്കുന്ന സമയത്ത് അവന്‍ കൊച്ചിയില്‍ ആയിരുന്നു....നിന്‍റെ ഉപ്പയുടെ മരണ ശേഷം ഞാന്‍ നിന്നെ ഒരുപാട് തിരക്കി ,
ഒരിക്കലും നീ കൊച്ചിയില്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ല.ലിജീഷ് എല്ലാം പറഞ്ഞപ്പോള്‍ പിന്നെ എനിക്ക് നാട്ടില്‍ വരാതെ പറ്റില്ല എന്നായി,
ഞാന്‍ ആദ്യം കൊച്ചിയില്‍ ചെന്ന് നിന്‍റെ ഭാര്യയെ കണ്ടു,നിന്നെ പറ്റി കേട്ടാല്‍ അറക്കുന്ന കുറെ കാര്യങ്ങള്‍ അവള്‍ പറഞ്ഞു,ഞാന്‍ മോനെ പറ്റി
ചോതിച്ചു , അവനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു എന്നവള്‍ പറഞ്ഞു,പിന്നെ ലിജീഷിന്റെ സഹായത്തോടെ കേസ് ഫയലുകളും മറ്റും സ്റെഷനില്‍ നിന്നും ഒപ്പിച്ചു യതീം ഖാനയില്‍ പോയി എല്ലാ കാര്യങ്ങളും ഓക്കേ ആക്കി.പിന്നെ ഉമ്മയെയും കൂട്ടി മോനെ വീട്ടിലേക്കു കൊണ്ട് പോയി.
ഇപ്പോള്‍ ഇനി നിന്‍റെ മുന്നില്‍ രണ്ടു വഴികള്‍ ഉണ്ട് , ഒന്ന് പ്രതികാരത്തിന്റെ അര്‍ത്ഥമില്ലാത്ത വഴി.മറ്റൊന്ന് പശ്ചാത്താപത്തിന്റെ സുഖമുള്ള ഒരു നേര്‍ വഴി.അവിടെ സ്നേഹമുണ്ട് , സാന്ത്വനമുണ്ട് , സന്തോഷമുണ്ട്.ഉപ്പയെ കാത്തിരിക്കുന്ന ഒരു മോനുണ്ട്, മകനെ കാത്തിരിക്കുന്ന ഉമ്മയുണ്ട് , തന്‍റെ നിരപരാതിത്വം മനസ്സിലാക്കി തന്നെ തേടി വരുന്ന ഇക്കയെ കാത്തു ഒരു അനിയന്‍ ഉണ്ട് .....തീരുമാനം നിന്റെയാണ് .അവിടെ റോഡ്‌
രണ്ടായി പിരിയുന്നു,നേരെ പോവുകയാണ് എങ്കില്‍ ഞാന്‍ പറഞ്ഞ ആ സുഖമുള്ള വഴിയാണ്,അങ്ങോട്ടാണ് എങ്കില്‍ നമുക്കൊരുമിച്ചു പോവാം,ഈ
പാവം പ്രവാസിയുടെ അവധിക്കാലത്തിനു എന്നും ഓര്‍ത്തുവെക്കാന്‍ ഒരു നല്ല നിമിഷം ....അതല്ല പ്രതികാരമാണ് മനസ്സില്‍ എങ്കില്‍ കാര്‍ ഞാന്‍ അവിടെ നിര്‍ത്തും.നിനക്ക് പഴയ പോലെ നിന്‍റെ വഴിക്ക് പോവാം.വീട്ടിലുള്ളവരെ
ഞാന്‍ പറഞ്ഞു മനസ്സിലാക്കാം ."
" നേരെ പോവാം ....എന്‍റെ വീട്ടിലേക്കല്ല പുളിക്കല്‍ മസ്ജിദിലെ ഖബര്‍സ്ഥാനിലേക്ക് , എന്‍റെ ഉപ്പയുടെ കാല്‍ക്കല്‍ വീണു എനിക്ക് മാപ്പ് പറയണം "
ആ കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരുന്നു ....ഒരുപാട് പ്രതീക്ഷകളുമായി അതില്‍ ഹസ്സനും ശ്യാമും.അറിയില്ല കാലം ഇനിയും അവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന്.എങ്കിലും സന്തോഷം മാത്രമാവട്ടെ എന്ന് ഒരു പ്രാര്‍ത്ഥന
അവര്‍ക്ക് വേണ്ടി ...നമുക്ക് അതിനല്ലേ പറ്റൂ.
*******************