ബുധനാഴ്‌ച, ജൂലൈ 25, 2012

കരി ‎

“ അവളുടെ അടുത്ത പുസ്തകം പബ്ലിഷ് ചെയ്യുന്നതോടെ അവളുടെ ആരാധകര്‍ എന്നെ കല്ലെറിഞ്ഞു കൊല്ലും, അത്രയ്ക്ക് വലിയ ഒരു തെറ്റാവും ഇന്ന് ഞാന്‍ ചെയ്തത്, പക്ഷെ ഞാന്‍ അവളോട്‌ നൂറു ശതമാനം നീതി പുലര്‍ത്തുക മാത്രം ആണ് ചെയ്യുന്നത് എന്ന് ആര്‍ക്കെല്ലാം മനസ്സിലാവും “ വല്ലാത്ത ഒരു കുറ്റബോധം ഉണ്ട് അയാളുടെ മനസ്സില്‍,
അയാള്‍ ഒരു ശവസംകാരം കഴിഞ്ഞു വരുന്ന വഴിയാണ്. അലിഫ്‌ ബുക്സിന്റെ ചീഫ്‌ എഡിറ്ററും , മുതലാളിയും എല്ലാം ഗഫൂര്‍ക്ക എന്ന ഈ മനുഷ്യന്‍ തന്നെ.
                                                                ************
അലിഫിന്റെ മുന്നിലെ നീളന്‍ ചാരു കസേരയില്‍ അയാള്‍ ഇരിക്കുന്നു. വളരെ കാലം ഒരു പാട് നല്ല പുസ്തകങ്ങള്‍ എല്ലാം പബ്ലിഷ് ചെയ്തിരുന്നു.പത്തോളം ജോലിക്കാര്‍ ഉണ്ടായിരുന്നു. പക്ഷെ കാലം മാറിയതിനു അനുസരിച്ച് അയാളും അലിഫും മാറിയില്ല.അത് കൊണ്ട് തന്നെ ഇപ്പോള്‍ വലിയ ബഹളമൊന്നും ഇല്ലാതെ ശാന്തമായി ഇരിക്കാന്‍ കഴിയുന്നു.എന്നാല്‍ ഇടയ്ക്കു വെച്ച് അലിഫിനു ഒരുപാട് മാറ്റം വന്നു.അതിനു കാരണം കരി എന്നാ തൂലിക നാമത്തില്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആണ്. ആരും തിരിഞ്ഞു നോക്കാതെ കഷ്ടപ്പാടുകളില്‍ നീരാടിയിരുന്ന സമയത്താണ് അവള്‍ വരുന്നത്.
പകുതിയില്‍ ഏറെയും കത്തിക്കരിഞ്ഞ മുഖവുമായി അവള്‍ വന്നു കയറിയത് അലിഫിനു നിറയെ ഐശ്വര്യവും കൊണ്ടായിരുന്നു.പേര് ചോതിച്ചപ്പോള്‍ കരി എന്ന തൂലികാ നാമത്തില്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞു. കരി ആരെന്നു ഒരു കുഞ്ഞു പോലും അറിയരുതെന്ന് നിര്‍ദേശവും തന്നു. “കല്ലെറിയപ്പെട്ടവള്‍” എന്ന ആദ്യത്തെ പുസ്തകം തന്നെ ഒരു തരംഗം ശ്രിഷ്ടിച്ച്ചു വായനക്കാരുടെ ഇടയില്‍. എന്തായിരുന്നു ആ കഥയുടെ ഇതിവൃത്തം?. മദ്യം വരുത്തി വെക്കുന്ന വിപത്തുകള്‍ . ഒരുപാട് ലേഖന പരമ്പരകള്‍ , കഥകള്‍ എല്ലാം ഇതേ വിഷയത്തില്‍ മുന്‍പ് എത്ര തവണ വന്നിരുന്നു. പക്ഷെ അവളുടെ ശൈലി വ്യത്യസ്ഥമായിരുന്നു . അതിനു ശേഷം ഒരുപാടു പേര്‍ അവളെ അന്നെഷിച്ച്ചു വന്നു.ഇതിനു ഒരു തുടര്‍ച്ചയുണ്ടോ , അതിലെ നായിക കഥാപാത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നെല്ലാം പലരും എന്നോട് എഴുതി ചോതിച്ചു.പക്ഷെ എനിക്കറിയില്ലായിരുന്നു., പലരും ഞാന്‍ തന്നെ ആണ് കരി എന്ന് വരെ പറഞ്ഞു. അവളുടെ മൂന്നാമത്തെ കഥക്ക് അവാര്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പോലും അവളെ ആരും കണ്ടില്ല,. സ്നേഹപൂര്‍വ്വം അത് നിരസിക്കുന്നു എന്ന് മാത്രം അവള്‍ എന്നോട് പറഞ്ഞു.പലരും പണം കൊടുത്ത് പോലും ആദരവുകളും , അവാര്‍ഡുകളും നേടിയെടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു കാര്യം.
ഒരിക്കല്‍ പോലും അവള്‍ അവളെ കുറിച്ച് എന്നോട് പറഞ്ഞില്ല, ആദ്യ കൂടിക്കാഴ്ചക്ക് ശേഷം അവളെ പിന്നെ നേരിട്ട് കാണുന്നത് ഇന്നലെ രാവിലെ ആണ്., കൊരിയര്‍ ആയും ,ഫാദര്‍ ജോണ്‍ മുഖേനയും അവളുടെ രചനകള്‍ മാത്രം എന്നെ തേടി വന്നു, പ്രതിഫലം ഞാന്‍ ഒരു വട്ടം പോലും അവള്‍ക്കു നേരിട്ട് കൊടുത്തിട്ടില്ല, അവള്‍ പറഞ്ഞ പ്രകാരം അഭയാര്‍ഥികള്‍ എന്ന അനാഥ മന്ദിരത്തിലും, പിന്നെ ശാന്തിതീരം എന്ന മാനസികാരോഗ്യ കേന്ദ്രത്തിലും.അത് ഇതുവരെയും അങ്ങിനെ തന്നെ ആയിരുന്നു.ഇന്നലെ അവള്‍ വന്നു ഒരു കേട്ട് പേപ്പറുകള്‍ നേരിട്ട് തന്നു,.ഇന്നലെ തീരെ വയ്യാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ .അത് കൊണ്ട് തന്നെ അതൊന്നും വായിച്ചില്ല,പക്ഷെ ഇന്ന് കാലത്ത് മറവന്‍കര കടല്‍ പാലത്തിനു താഴെ പാതി കരിഞ്ഞ ഒരു ശവ ശരീരം എന്ന വാര്‍ത്ത‍ ടീ വീയില്‍ കണ്ടപ്പോള്‍ അത് കരിയാണെന്ന് ഞാന്‍ മാത്രമാണോ തിരിച്ചറിഞ്ഞത്.എനിക്ക് ലോകത്തോട് ഉറക്കെ വിളിച്ചു പറയണം ആയിരുന്നു.പക്ഷെ അവള്‍ക്കു കൊടുത്ത വാക്ക്‌ , മരണ ശേഷവും എനിക്കത് പാലിക്കണം ആയിരുന്നു. അനാഥ ശവം എന്ന് പറഞ്ഞു അവളെ വേണ്ട വിധം സംസ്കരിക്കപെട്ടില്ലെങ്കില്‍ ഞാന്‍ പറയുമായിരുന്നു,ഇതാണ് കരി എന്ന്.പക്ഷെ അവസാന നിമിഷം ഫാദര്‍ ജോണ്‍ വന്നു അവളെ തിരിച്ചറിഞ്ഞു കൊണ്ട് പോവുകയായിരുന്നു. അതൊരു കണക്കിന് ആശ്വാസമായി.
ഓരോന്നും ആലോചിച്ചു അലിഫിന്റെ മുറ്റത്ത്‌ എത്തിയത് അറിഞ്ഞില്ല.ഇപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ.എത്രയും പെട്ടെന്ന് അവളുടെ അവസാന നോവല്‍ കൂടി പ്രസിദ്ധീകരിക്കുക. സമയം ഏറെ വൈകിയിരുന്നു.പോസ്റ്റുമോര്‍ട്ടം ചെയ്തു അവളുടെ ശരീരം വിട്ടു കിട്ടുമ്പോള്‍ തന്നെ മൂന്നു മണി കഴിഞ്ഞിരുന്നു.ഫാദര്‍ ജോണിന്‍റെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് തന്നെ എല്ലാം നടന്നത് . മറവന്‍കര പള്ളി സെമിത്തേരിയില്‍ അവളെ അടക്കുമ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ വന്നിരുന്നു.പക്ഷെ അവളുടെ എല്ലാ ചരിത്രങ്ങളും അറിയാവുന്ന ഫാദര്‍ ജോണും , മറ്റു കന്യാ സ്ത്രീകളും ഒരുപാട് സംസാരിക്കേണ്ടി വന്നു എന്നതൊഴിച്ചാല്‍ ആ എതിര്‍പ്പുകള്‍ കൊണ്ട് വേറെ ഒന്നും നടന്നില്ല. അയാള്‍ അവളുടെ എഴുത്തുകള്‍ അടങ്ങിയ പേപ്പര്‍ കെട്ടെടുത്ത് വായിക്കാന്‍ തുടങ്ങി.
ആദ്യം കയ്യില്‍ കിട്ടിയത് ഒരു ലെറ്റര്‍ കവര്‍ ആണ്.പ്രിയപ്പെട്ട ഗഫൂര്‍ക്കാക്ക് എന്ന് അതില്‍ എഴുതിയിരുന്നു.അയാള്‍ അത് പൊട്ടിച്ചു .
ഗഫൂര്‍ക്ക , ഇപ്പോള്‍ താങ്കളുടെ പക്കല്‍ ഉള്ളത് ഞാന്‍ എഴുതിയ പുതിയ കഥയല്ല,മറിച്ച് എന്‍റെ ഓര്‍മക്കുറിപ്പുകള്‍ ആണ്.ഞാന്‍ ആരെന്നും മുന്‍പ് ഞാന്‍ ആരായിരുന്നു എന്നും എല്ലാവരും അറിയട്ടെ.ഒരുപാടുണ്ട് വായിക്കാന്‍.ഈ കത്ത് ഒരു ലഘു വിവരണം മാത്രമാണ്.
ഗഫൂര്‍ക്ക ഓര്‍ക്കുന്നുണ്ടോ ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സ്ത്രീ അവളുടെ ഒന്നര വയസ്സ് മാത്രമുള്ള ഇളയ മകളെ ഒരു ബക്കറ്റ്‌ വെള്ളത്തില്‍ മുക്കി കൊന്നത് , ഏഴു വയസ്സ് പ്രായമുള്ള മൂത്ത മകളെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്.അയല്‍വാസിയായ ഒരു മനുഷ്യന്‍ കണ്ടത് കൊണ്ട് മാത്രം ആ ഏഴു വയസ്സുകാരി രക്ഷപ്പെട്ടത്, മാസങ്ങളോളം വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷിച്ച ആ സംഭവം. അതിനു ശേഷം ആ അമ്മയും മകളും എവിടെ പോയി എന്ന് ആരും തിരക്കിയില്ല.
ഒരു പക്ഷെ ഇക്കാക്ക്‌ എന്‍റെ കല്ലെറിയപ്പെട്ടവള്‍ എന്ന കഥ ഓര്‍മ വന്നു കാണും.അതിലെ ആനി എന്ന ആ നിര്‍ഭാഗ്യവതിയായ അമ്മ എന്‍റെ അമ്മ മേരി , റിനി എന്ന മകള്‍ ഞാനും.ലോകം വെറുപ്പോടെ മാത്രം നോക്കിക്കണ്ട ആ അമ്മ എങ്ങിനെ ഇത്രയും ക്രൂരത കാണിക്കാന്‍ മാത്രം ദുഷ്ടയായി എന്ന് ആരും അന്നേഷിച്ചില്ല. ആളുകള്‍ എന്‍റെ അമ്മയെ കല്ലെറിഞ്ഞു , കല്ലെറിയേണ്ടത് അമ്മയെ ആയിരുന്നില്ല, ഒരു മനുഷ്യന്‍ പകല് മുഴുവനും ചുമട് എടുത്തു കിട്ടുന്ന കാശുമായി വരുമ്പോള്‍ വീട്ടില്‍ ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെന്ന് ഓര്‍ക്കാതെ അവന്‍റെ കൂലി മുഴുവനും വാങ്ങി അവനു ചാരായം ഒഴിച്ച് കൊടുക്കുന്ന ചാരായക്കട നടത്തുന്നവനെ ആയിരുന്നു, കള്ളും കുടിച്ചു വന്നു ഭാര്യയെ തല്ലുന്ന അച്ഛനെ ആയിരുന്നു, പക്ഷെ ആരും അവരുടെ പിന്നാലെ പോയില്ല.
ഓര്‍മ വെച്ച നാള് തൊട്ടു ഞാന്‍ കണ്ടത് കുടിച്ചു ബോധമില്ലാതെ വന്നു എന്‍റെ അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെയാണ്.ഒരിക്കല്‍ പോലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല.മാനസികമായും ശാരീരികമായും ഒട്ടേറെ പീഡനം ഏറ്റു വാങ്ങി എന്‍റെ അമ്മ ഒരു മാനസിക രോഗിയാവുന്നത് എന്‍റെ അച്ഛന്‍ അറിഞ്ഞില്ല , അന്ന് എന്നെ പോലെ ഒരു കുട്ടിക്ക് അത് മനസ്സിലാകുമായിരുന്നില്ല.പിന്നെ അച്ഛന്‍ വീട്ടിലേക്ക്‌ വരാതായി.എനിക്കത് സന്തോഷമുള്ള കാര്യം ആയിരുന്നു.അമ്മയുടെ കണ്ണുനീര്‍ കാണേണ്ടല്ലോ.പക്ഷെ അപ്പോഴേക്കും അമ്മ കൈവിട്ടു പോയിരുന്നു.
ആ ദിവസം ഇന്നും മറക്കാന്‍ കഴിയുന്നില്ല, കണ്ണടച്ചാല്‍ അമ്മയുടെ രൗദ്ര ഭാവം.ശ്വാസം കിട്ടാതെ കാലിട്ടടിക്കുന്ന എന്‍റെ വാവ, ശരീരത്തില്‍ നിന്നും മാംസം പൊള്ളി അടര്‍ന്നു വീഴുന്നതിന്റെ വേദന .....എല്ലാം വര്‍ഷങ്ങളോളം എന്നെ വേട്ടയാടിയിരുന്നു.ഹോസ്പിറ്റലില്‍ നിന്നും എന്നെ ഫാദര്‍ ജോണ്‍ കൊണ്ട് വന്നു.വാവയുടെ കല്ലറയില്‍ പൂ വെച്ച് പ്രാര്‍ഥിച്ചു,പിന്നെ ഒരു മാധ്യമത്തിനും വിട്ടു കൊടുക്കാതെ അദ്ദേഹം എന്നെ വളര്‍ത്തി.ഒപ്പം ശാന്തി തീരത്ത്‌ എന്‍റെ അമ്മയും ഉണ്ടായിരുന്നു.ഈ ഭൂമിയില്‍ ഞാന്‍ ദൈവത്തെ കണ്ടത് ഫാദര്‍ ജോണിലൂടെയാണ്.ഇല്ലായ്മകളുടെ ആകെ തുകയായിരുന്നു “അഭയാര്‍ഥികള്‍” എന്ന അനാഥ മന്ദിരവും , ശാന്തിതീരവും.അവിടെ ഞാന്‍ കണ്ട ജീവിതങ്ങള്‍, എന്‍റെ തന്നെ അനുഭവങ്ങള്‍ എല്ലാം ഞാന്‍ കുത്തിക്കുറിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഷമദ്യ ദുരന്തത്തില്‍ ഒരുപാട് പേര്‍ മരിച്ചു വീണപ്പോള്‍, അതില്‍ ഏഴോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ , എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നി, അതിന്റെ ആദ്യ പടിയായിരുന്നു “കല്ലെറിയപ്പെട്ടവള്‍” എന്ന പുസ്തകം.താങ്കള്‍ അത് വളരെ ഭംഗിയായി നിര്‍വഹിച്ചു.ഈ ഭൂമിയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്ന മറ്റൊരു വ്യക്തി താങ്കള്‍ ആണ്.എനിക്കറിയാം “കരി” എന്ന ഈ എഴുത്തുകാരി താങ്കളുടെ മനസ്സില്‍ കിടന്നു വേവാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയിഎന്ന്.ഇനി താങ്കള്‍ക്കു തുറന്നു പറയാം.ആ പഴയ മേരിയുടെ മകള്‍ റോസ് ആയിരുന്നു കരി എന്ന്.
ഇന്നലെ എന്‍റെ അമ്മ പോയി.പരാതികളും പരിഭവങ്ങളും കണ്ണുനീരും ഇല്ലാത്ത , മദ്യത്തിന്റെ ഭയപ്പെടുത്തുന്ന രാവുകള്‍ ഇല്ലാത്ത , മരുന്നിന്റെയും ഷോക്കുകളുടെയും ശല്യം ഇല്ലാത്ത ലോകത്തേക്ക് ....ഇവിടെ എന്നെ പിടിച്ചു നിര്‍ത്തിയ ഒരു ഘടകം എന്റെ അമ്മയായിരുന്നു.അമ്മ പോയി ,അവസാന സമയത്ത് എന്നോട് അമ്മ പറഞ്ഞു വാവ കാത്തിരിക്കുകയാണ് എന്ന്,തനിച്ചു കഴിയാന്‍ അവള്‍ക്കു വയ്യാതായത്രേ,ഇനി ഇവിടെ ഞാന്‍ എങ്ങിനെ തനിച്ചു കഴിയും , ഞാനും യാത്ര പറയുകയാണ്‌.താങ്കളോട്,എന്‍റെ പ്രിയപ്പെട്ട വായനക്കാരോട്‌ , ഈ ലോകത്തോട് .ഒരു പക്ഷെ നാളെ ലോകം എന്നെ ഭീരുവായി കാണുമായിരിക്കും .....ആത്മഹത്യയില്‍ അഭയം പ്രാപിച്ചവള്‍ എന്ന് പരിഹസിക്കുമായിരിക്കും.പക്ഷെ ഇനി വയ്യ .....വര്‍ഷങ്ങളായി ഇരുട്ടറയില്‍ കഴിയുന്നതിന്‍റെ പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യാത്തതാണ്.....
ഞാന്‍ ഇത് വരെ എഴുതിയ പുസ്തകങ്ങള്‍ ഒന്നും അധികാരികളുടെയോ സമൂഹത്തിന്‍റെയോ കണ്ണ് തുറപ്പിച്ചിട്ടുണ്ടാവില്ല എന്നറിയാം, ഒരു പക്ഷെ എന്‍റെ ഈ ജീവിതം അവര്‍ക്ക് മുന്നില്‍ അക്ഷരങ്ങളായി പുനര്‍ജനിക്കുമ്പോള്‍ ഒരു മാറ്റം ഉണ്ടായേക്കാം.ഒരു നല്ല നാളെ പ്രതീക്ഷിച്ചു കൊണ്ട് കരി വിട വാങ്ങുന്നു.
അയാളുടെ കയ്യിലിരുന്നു ആ കടലാസ് വിറച്ചു.ഒരു പക്ഷെ ഇന്നലെ തന്നെ ഇത് ഞാന്‍ വായിച്ചിരുന്നെങ്കില്‍ എനിക്ക് അവളെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാമായിരുന്നു.മരവിച്ച മനസ്സോടെ അയാള്‍ ആ കടലാസ്സു കെട്ടുകളും എടുത്തു നടന്നു.കരിയുടെ അടുത്ത പുസ്തകത്തിന്റെ പണി തുടങ്ങാന്‍.
************
നൌഷു തെക്കിനിയത്ത്

5 അഭിപ്രായങ്ങൾ:

  1. പുസ്തക പ്രസിദ്ധീകരണം അത്ര ഈസിയായ കാര്യമാണോ? വായിച്ചിട്ട് ചില ചിന്തകള്‍ ബാക്കി നില്‍ക്കുന്നു.മനസ്സിനെ നോവിക്കുന്ന ചിന്തകള്‍.

    മറുപടിഇല്ലാതാക്കൂ
  2. കരിക്കഥ വലിയ കുഴപ്പമില്ല. ഒരുവിധം നന്നായി എഴുതിയിട്ടുണ്ട്.

    ആ നിര്‍ഭാഗ്യവതിയായ അമ്മ എന്‍റെ അമ്മ മേരി , റിനി എന്ന മകള്‍ ഞാനും..

    ആ പഴയ മേരിയുടെ മകള്‍ റോസ് ആയിരുന്നു കരി എന്ന്...

    റിനിയാണോ റോസ് ആണോ?

    മറുപടിഇല്ലാതാക്കൂ
  3. ഹി ഹി ഹി ഹൂ ഞാനും ആദ്യം ഒന്ന് സംശയിച്ചു.

    റിനി എന്നത് കഥയിലെ നായിക.കഥയില്‍ സ്വന്തം പേര് പറയണോ.
    യഥാര്‍ത്ഥ പേര് റോസ്.

    മറുപടിഇല്ലാതാക്കൂ