ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഒരു പ്രവാസിയുടെ അവധിക്കാലം

ഒരു പ്രവാസിയുടെ അവധിക്കാലം 

" മോനേ ഇന്നാണ് അമ്മക്ക് ചെക്കപ്പിനു പോവേണ്ട ദിവസം , നീ എവിടേക്കാ ഇപ്പോള്‍ പോവുന്നെ ?  " 

ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ട് എടുത്തതെയുള്ളൂ ശ്യാം . അപ്പോള്‍ ആണ് അമ്മയുടെ വാക്കുകള്‍. ഇന്ന് കൂട്ടുകാരുമൊന്നിച്ച് കാസനോവ സിനിമ കാണാന്‍ പ്ലാന്‍ ചെയ്തതാണ്. അതുകൊണ്ടാണ് പതിവിലും നേരത്തെ എഴുന്നേറ്റതും , റെഡി ആയതും . അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും ഒരു മാസത്തെ ലീവിന് നാട്ടില്‍ വരുന്ന  ഞാന്‍ ഇത്ര നേരത്തെ എഴുന്നെല്‍ക്കില്ലല്ലോ . നിഷാദ് ടിക്കറ്റ്‌ എല്ലാം ഓക്കേ ആണെന്ന് പറഞ്ഞതാണ്. അവര്‍ ഇപ്പോള്‍ എന്നെയും കാത്തു ഇരിക്കുന്നുണ്ടാവും. ഇനി ഇപ്പോള്‍ എന്താ ചെയ്യുക ? ഓരോന്നും ചിന്തിച്ചു നില്കവേ അമ്മയുടെ അടുത്ത വാക്കുകള്‍. 


" നീ നേരത്തെ കുളിച്ചോരുങ്ങുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ പോവാന്‍ ആണെന്ന ഞാന്‍ കരുതിയത്‌. "

" അമ്മേ നാളെ പോയാല്‍ മതിയോ ? " 

" നിനക്ക് വേറെ വല്ല പരിപാടിയും ഉണ്ടെങ്കില്‍ ഞാന്‍ അച്ഛനെയും കൂട്ടി പോവാം " 

അമ്മയുടെ മുഖം ചെറുതായി മങ്ങിയോ? അമ്മക്ക് അവനെ  ഒരുപാട് ഇഷ്ടമാണ് , അവന്റെ കൂടെ ബൈക്കില്‍ പോവാനും മറ്റും ഭയങ്കര താല്പര്യം ആണ്. വേറെ ആരെങ്കിലും , എന്തിനു അച്ഛന്‍ തന്നെ വിളിച്ചാലും അവര്‍ പോവില്ല. പേടിയാണെന്ന് പറയും. അതുപോലെ തന്നെയാണ് അവനും . അമ്മ എന്നാല്‍ ജീവനാണ്. പക്ഷെ ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വന്നത് കൊണ്ടാണ്  അമ്മയോട് ചോതിച്ചത്. അമ്മ അച്ഛനുമായി പോവാം എന്നും സമ്മതിച്ചു, അവന്‍ ബൈക്കും എടുത്തു പോയി. പക്ഷെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്തോ .ശ്യാം മൊബൈല്‍ എടുത്തു നിഷാദിന് വിളിച്ചു. 

" നിഷാദ് , എനിക്ക് ഇന്ന് അമ്മയുമായി ഹോസ്പിറ്റലില്‍ പോവണം. നീ ഒരു കാര്യം ചെയ്യ് നിങ്ങള്‍ മൂന്ന് പേരും , പിന്നെ വേറെ ഏതെങ്കിലും ഫ്രെണ്ടിനെയും കൂട്ടിക്കോ ..പോയി സിനിമ കണ്ടോ . നല്ല പടമാണോ എന്ന് നോക്ക്. എന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഒരു വട്ടം കൂടി കാണാം ഓക്കേ ? " 

 ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക്കു വിളിച്ചു.അമ്മയോട് തയ്യാറാവാന്‍ പറഞ്ഞു. 

********************************


നല്ല തിരക്കായിരുന്നു. എഴുപതാണ് നമ്പര്‍ കിട്ടിയത്. ഫോണ്‍ ബൂകിംഗ് ഇല്ലാത്തത് ബുദ്ദിമുട്ടായി. അവന്‍   അമ്മക്കടുത്തായി ഇരുന്നു.  അടുത്തു വേറെ ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇരിക്കുന്നു. അയാളുടെ   മകളാണെന്ന് തോന്നുന്നു കൂടെ ഉള്ളത്. 

" അച്ഛനെ ഒന്ന് നോക്കിക്കോണേ, ഞാന്‍ കാന്റീനില്‍ പോയി ഒരു ചായ വാങ്ങിയിട്ട് വരാം. കാലത്ത് വന്നതാ 
ഷുഗര്‍ നോക്കാന്‍ ഉള്ളത് കൊണ്ട് ഒന്നും കഴിച്ചിട്ടില്ല അച്ഛന്‍. " അതും പറഞ്ഞു ആ സ്ത്രീ പോയി.


ആ മനുഷ്യന്‍ പക്ഷെ അതൊന്നും അറിയുന്നില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവന്റെ ദേഹത്തേക്ക് ചാഞ്ഞു കൊണ്ടിരുന്നു,  വല്ലാതെ ദേഷ്യം വരുന്നുണ്ട്. ഒന്നാമത് സിനിമ കാണാന്‍ പറ്റാത്തതിന്റെ ഈര്ഷ. അതിലുപരി കുന്നംകുളത്ത് പഠിച്ചിരുന്ന സമയത്ത് ലാലെട്ടെന്റെ പടം റിലീസ് ദിവസം തന്നെ കണ്ടാലേ സമാധാനം ഉണ്ടായിരുന്നുള്ളൂ. ഗള്‍ഫില്‍ പോയതില്‍ പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു റിലീസ് കയ്യില്‍ കിട്ടിയത്. അതാണിപ്പോള്‍ മിസ്സായത്.  

ഞാന്‍  അവിടെ നിന്നും എണീറ്റ്‌ പുറത്തു ഗേറ്റില്‍ പോയി നിന്നു.അപ്പോള്‍ അങ്ങോട്ട്‌ ഒരു ലെക്ഷരി കാര്‍ വന്നു. 
Audi  S5 . കാര്‍ കണ്ടപ്പോള്‍ തന്നെ കണ്ണ് മഞ്ഞളിച്ചു പോയി. ഈ മലയാളികളുടെ ഒരു കാര്യം എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അതില്‍ വന്ന ആളെ ഒന്ന് കാണാന്‍ ആഗ്രഹം തോന്നി. ആളെ കണ്ടതും നല്ല പരിചയം .എവിടെയാണ് മുന്‍പ് കണ്ടിട്ടുള്ളത് എന്ന് മാത്രം ഓര്‍മയില്ല. അയാളുടെ കൂടെ അയാളുടെ അമ്മയാവണം
ഏറെ പ്രായം ചെന്ന അവരെ വളരെ ശ്രദ്ധയോടെ അയാള്‍ താങ്ങി കൊണ്ട് വരുന്നു. അയാളുടെ
ഷര്‍ട്ടില്‍ എല്ലാം ചുവന്ന പാടുണ്ട്. വെറ്റില  മുരുക്കലിന്റെ  കറയാണ്‌ എന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. 

ഒരു ഞൊടി അയാള്‍ അവനെ  നോക്കി " ഹാ ശ്യാം ...ഹൌ ആര്‍ യു ? എന്ന് നാട്ടില്‍ എത്തി?  " 
എന്ന് ചോതിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

" ശ്യാമിന് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു  ?ഞാന്‍ ഇതാ വരുന്നു അമ്മയെ ചെക്കപ്പിനു കൊണ്ട് വന്നതാണ്‌  "  എന്നും പറഞ്ഞു അയാള്‍ പോയി. പക്ഷെ അപ്പോഴും ആളെ പിടികിട്ടിയില്ല. 

പക്ഷെ അവിടെയുള്ള മറ്റു പലരും അപ്പോള്‍ തന്നെ നോക്കുന്നത് കണ്ട ശ്യാമിന് അല്പം ഗമ വന്നോ ? 

" ശ്യാം , ഞാന്‍ ജോര്‍ജ് മാത്യു ...ലാസ്റ്റ് ഇയര്‍ താനും തന്റെ ബോസ്സും വന്നു എന്റെ കയ്യില്‍ നിന്നും ഒരു കാര്‍ വാങ്ങിയത് ഓര്‍ക്കുന്നുണ്ടോ ? " 

" മിഡില്‍ ഈസ്റ്റ് മോട്ടോര്‍സ് ..? " 

" താങ്ക് ഗോഡ് ..." 

" എന്നെ എങ്ങിനെ.. ഇവിടെ കണ്ടപ്പോള്‍ ഓര്മ വന്നു.,?" 

" ഒരു കാര്‍ കമ്പനിയില്‍ ജീ എം ആയ ഞാന്‍ എന്റെ പാര്‍ട്ടികളെ എങ്ങിനെ മറക്കും ? അത് മാത്രമല്ല യാസിര്‍ അഹ്മദ് വളരെ വിലയേറിയ ഒരു പാര്‍ട്ടി  ആണ്. അയാളുമായി ബന്ധപ്പെട്ട ആരെയും ഞാന്‍ മറക്കില്ല.  " 

" ഞാന്‍ പിന്നെ ഒരിക്കല്‍ വന്നിരുന്നു , അന്ന് താങ്കള്‍ നാട്ടില്‍ ആണെന്ന് പറഞ്ഞു, " 


" എല്ലാ മാസവും അഞ്ചിനു ഞാന്‍ നാട്ടില്‍ എത്തും, അമ്മച്ചിക്ക് ചെക്കപ്പിനു വരണം എങ്കില്‍ കൂടെ ഞാന്‍ വേണം " 

" എല്ലാ മാസവും ഈ ഒരു കാര്യത്തിന് വേണ്ടി ഇവിടെ വരുമോ? "

" ഈ പ്രായത്തില്‍ അവര്‍ കൊച്ചു കുട്ടികളെ പോലെ ആണ്, നമ്മള്‍ക്ക് വേണ്ടി അവര്‍ എത്ര കഷ്ടപ്പെട്ടുവോ അതിനെല്ലാം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമുക്ക് കിട്ടുന്നത് ഈ സമയം മാത്രമാണ് , പിന്നീട് ഓര്‍ത്ത്‌ ദു: ഖിക്കാന്‍ ഇട വരരുത് . അതാണ്‌ എന്റെ പോളിസി. ഞാന്‍ അമ്മച്ചിയെ ആദ്യം നിര്‍ബന്ധിക്കുമായിരുന്നുഎന്റെ കൂടെ ദുബായില്‍ വന്നു നില്ക്കാന്‍. എല്ലാ സൌകര്യങ്ങളും ഉണ്ടല്ലോ അവിടെ. പക്ഷെ അപ്പന്‍ മരിച്ച ഈ വീട്ടില്‍ കിടന്നെ ഞാനും മരിക്കൂ എന്ന് മാത്രം മറുപടി പറയും. ഭാര്യയെയും കുട്ടികളെയും ഇവിടെ നാട്ടില്‍ നിര്‍ത്തേണ്ടി വരുന്നതില്‍ ആദ്യം എനിക്കും വിഷമം ഉണ്ടായിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഗള്‍ഫ്‌ ആണ് നല്ലതെന്ന് ഞാന്‍ വിശ്വസിച്ചു.
പക്ഷെ അതൊന്നും അല്ല ജീവിതം എന്ന് പിന്നെ എനിക്ക് മനസ്സിലായി. നമ്മുടെ മക്കള്‍ ബന്ധങ്ങളുടെ വില അറിയണം എങ്കില്‍ നമ്മുടെ മാതാപിതാകളുടെ കൂടെ കഴിയണം. അതില്ലാത്തതിന്റെ ഫലം അനുഭവിക്കുന്ന
ഒരുപാട് പേരെ എനിക്കറിയാം. നിനക്ക് ബോറടിക്കുന്നുണ്ടോ ശ്യാം ? , ഞാന്‍ അങ്ങിനെയാണ് എന്തെങ്കിലും ഒരു കാര്യം പറയാന്‍ തുടങ്ങിയാല്‍ അങ്ങിനെ പറഞ്ഞു പോവും ..നിര്‍ത്തില്ല "

" ഇല്ല സര്‍, ഞാന്‍ ചിന്തിക്കുകയായിരുന്നു...സര്‍ ആ കാറില്‍ വന്നിറങ്ങിയപ്പോള്‍ ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത്. "

" , സര്‍ വിളി വേണ്ട, ശരി അത് വിട്, ശ്യാം എന്താ ഇവിടെ ? ആരെ കൊണ്ട് വന്നതാ ? "

" ഞാനും അമ്മയെ കൊണ്ട് വന്നതാണ് ."

" അത് ശരി ..അപ്പോള്‍ നല്ല ഒരാള്‍ക്കാണ്  ഞാന്‍ വെറുതെ ക്ലാസ് എടുത്തത്. "

" വെറുതെ അല്ല, ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു. "

" ഓക്കേ ശ്യാം ..വീണ്ടും കാണാം, അമ്മച്ചി എന്നെ തിരക്കും "

അയാള്‍ പോവുന്നതും നോക്കി ശ്യാം അവിടെ തന്നെ നിന്നു. വളരെ ലളിതാമായ ഒരു ജീവിതം , ഈ ആഡംബര കാറും മറ്റും അല്ല ..അതിനുള്ളില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ട്., അതാണ്‌ അയാളിലെ മഹത്വം. പെട്ടെന്ന് അമ്മയെ ഓര്മ വന്നു. അമ്മയുടെ അടുത്തേക് നടന്നു. എന്തോ ഓര്‍ത്തിരിക്കുന്ന അമ്മയുടെ അടുത്തു ചെന്ന് പതുക്കെ അവരുടെ കൈകള്‍ എടുത്തു മടിയില്‍ വച്ചു. തൊലിയിലെല്ലാം ചുളിവു വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിരലുകളില്‍ പിടിച്ചാണ് ഞാന്‍ പിച്ച വച്ചത്. വീഴ്ചകളില്‍ തനിക്കു താങ്ങായി നിന്നിരുന്ന അമ്മയുടെ കൈകള്‍.  ഇപ്പോള്‍ അമ്മക്ക് താങ്ങായി എന്റെ കൈ വേണം . പക്ഷെ ഞാന്‍ എന്തെ അത് മറന്നു.

" എന്തെടാ മുഖം വല്ലാതിരിക്കുന്നത് ? "
" ഒന്നുമില്ല അമ്മെ ?  "
" ഞാന്‍ പറഞ്ഞതല്ലേ അച്ഛനെ കൂട്ടി വന്നോളം എന്ന്, "
" അതൊന്നും അല്ല അമ്മെ ..വെറുതെ ഓരോന്ന് ഓര്‍ത്ത്‌ പോയതാ "
" എന്താ അതിനുമാത്രം ഇപ്പോള്‍ ഓര്‍ക്കാന്‍ , ഇങ്ങു വന്നതല്ലെയുള്ളൂ, അപ്പോഴേക്കും തിരിച്ചു പോവാനുള്ള കാര്യം ആണോ ഓര്‍ക്കുന്നത് ? " അപ്പോള്‍ നേഴ്സ് അവരുടെ നമ്പര്‍ വിളിച്ചു.

********************
തിരിച്ചു പോരുമ്പോള്‍ അവന്റെ മനസ്സില്‍  ഒരു പ്രാര്‍ത്ഥന മാത്രം ആയിരുന്നു.

" അമ്മക്ക് ദീര്‍ഗായുസ്സു നല്‍കണേ, സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല എന്റെ അമ്മയെ "

********************  
 " മോനെ ശ്യാമേ നീ പെട്ടെന്നൊന്നു വരണം, ഇക്കാക്ക്‌ തീരെ വയ്യാതായിരിക്കുന്നു.  "
ശ്യാം ഞെട്ടി എഴുന്നേറ്റു. അപ്പോള്‍ ക്ലോക്കില്‍ സമയം നാല് അടിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ജബ്ബാര്‍ക്കയെ സ്വപ്നം കണ്ടിരിക്കുന്നു. എന്തൊരു പേക്കോലം . കഴിഞ്ഞ ലീവിന് വന്നപ്പോള്‍ പോയിക്കാണാന്‍ പറ്റിയില്ല. പക്ഷെ ഇപ്രാവശ്യം എന്തായാലും കാണാന്‍ തീരുമാനിച്ചതാണ്. അതിനു മുന്‍പത്തെ പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്റെ കല്യാണം ആയിരുന്നു. എന്തായാലും നേരം വെളുക്കട്ടെ. പോയി കാണണം. അവന്‍ വീണ്ടും കിടന്നു. കണ്ണടച്ചാല്‍ പക്ഷെ ജബ്ബാര്‍ക്കാടെ ക്ഷീണിച്ച മുഖം. ആകെ മുഷിഞ്ഞ വസ്ത്രങ്ങള്‍. എന്താ ഇങ്ങനെ കാണാന്‍. കോട്ടക്കല്‍ ചെന്ന് വോള്‍വോ ജബ്ബാറിനെ പറ്റി ചോതിച്ചാല്‍ അറിയാം അദ്ദേഹത്തിനു ആ നാട്ടില്‍ ഉള്ള  നിലയും വിലയും. ഇനി എന്തെങ്കിലും അസുഖം വന്നു കിടക്കുകയാവുമോ? ഇനി കിടന്നിട്ടു കാര്യമില്ല . അവന്‍ എഴുന്നേറ്റു പുറത്തു വന്നിരുന്നു.

 ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട് ജബ്ബാര്‍ക്കയെ പറ്റി. അച്ഛന്റെ അസുഖം കൂടുതലായപ്പോള്‍ വീട് പണയപ്പെടുത്തി. വരുമാനം ഇല്ലാതെ വന്നപ്പോള്‍ പഠനം മുടങ്ങി. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല." ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു വിസിറ്റ് വിസ ഒപ്പിച്ചു തരാം. അവിടെ ചെന്നിട്ടു കാശൊക്കെ ആവുമ്പോള്‍ എന്റെ കാശ് തിരിച്ചു തന്നാല്‍ മതി." എന്ന് ട്രാവെല്‍സ് മണിയേട്ടന്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ഷാര്‍ജയില്‍ കൂടെ പഠിച്ചിരുന്ന ഒന്ന് രണ്ടു കൂട്ടുകാര്‍ ഉണ്ട് . അവരുടെ വീടുകളില്‍ പോയി നമ്പര്‍ വാങ്ങിച്ചു. യാത്ര പറയാന്‍ പോയപ്പോള്‍ കുറെ സാധനങ്ങളും തന്നു വിട്ടു. ടിക്കെട്ടും വിസയും കൊണ്ട് മണിയേട്ടന്‍ വീട്ടില്‍ വന്നു. ആദ്യമായി ദിര്‍ഹംസ് തന്നത് മണിയേട്ടന്‍ തന്നെയാണ്, ആയിരം ദിര്‍ഹം ഉണ്ട് , എല്ലാം സൂക്ഷിച്ചു ചിലവാക്കണം തുടങ്ങി ഒരുപാട് ഉപദേശങ്ങള്‍ തന്നു. സ്വന്തം ഏട്ടന്‍ തന്നെയായിരുന്നു അദ്ദേഹം.

അങ്ങിനെ ഒരുപാട് മോഹങ്ങളുമായി ഷാര്‍ജയില്‍ എത്തി. ഒരു വെള്ളിയാഴ്ചയായിരുന്നു അത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ ഒരു സഹോദരന്റെ മൊബൈലില്‍ നിന്നും സജീഷിനെ വിളിച്ചു. ഏറ്റവും അടുത്ത സുഹൃത്ത് അവനാണല്ലോ. പക്ഷെ അവന്‍ ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞു പെട്ടെന്ന് ഫോണ്‍ വെച്ചു. ഇനിയുള്ളത് ശേജീര്‍ ആണ്, അവനു സ്വന്തം കാര്‍ എല്ലാം ഉണ്ട്, ഒരു കാള്‍ കൂടി വിളിക്കാന്‍ സമ്മതം ചോതിച്ചു. അവന്‍ ഫോണ്‍ എടുതുപോലുമില്ല.
ഞാന്‍ ഫോണ്‍ തിരിച്ചു കൊടുത്തു.

" ഇവിടെ ആദ്യമായിട്ടാണോ ? "
" അതെ "
" ആരാ വരാം എന്ന് പറഞ്ഞത് ? "
" ആരും വരില്ല, വിളിച്ചാല്‍ വരും എന്ന് കരുതിയ രണ്ടു പേര്‍ക്കാണ് വിളിച്ചത്, അവരും വരില്ല  "
" ശരി , എന്റെ ഫ്രണ്ട് വരും, ഞാന്‍ കൊണ്ട് വിടാം , എവിടെക്കാണ്‌ പോവേണ്ടത് ? "
" അതും അറിയില്ല, വിസിറ്റ് വിസയാണ്, ഒരു പണി അന്നെഷിക്കണം , അടുത്തുള്ള ഏതെങ്കിലും ..വാടകയ്ക്ക് റൂമൊക്കെ കിട്ടുന്ന ...അവിടെ വിട്ടാല്‍ മതി. " ധൈര്യം എല്ലാം ചോര്‍ന്നു പോയിക്കൊണ്ടിരുന്നു, വാകുകള്‍ക്ക് പുറത്തേക്ക് വരാന്‍ പോലും വിഷമം.
" പോന്നു ഭായ് ..ഇത് നാടല്ല, വാടകയ്ക്ക് റൂമൊക്കെ കിട്ടാന്‍, പിന്നെ കിട്ടും റൂം , ഹോറെലുകളില്‍, ഒരു ദിവസം റൂമിന് മാത്രം വാടക ആയിരം ദിര്‍ഹംസ് വരും , ഹാ ,,, ഇനി കയ്യില്‍ ദിര്‍ഹം വല്ലതും ഉണ്ടോ ?, നമ്മള് പോണു ഭായ്, ആവശ്യത്തിനു ടെന്‍ഷന്‍ ഇപ്പോള്‍ തന്നെയുണ്ട്, കല്യാണം കഴിഞ്ഞു പതിമൂന്നാം ദിവസം ആണ് ഇന്ന്, ഞാന്‍ ഇവിടെയും അവള്‍ അവിടെയും , ഭായ് ടെന്‍ഷന്‍ അടിക്കേണ്ട ഇവിടുന്നു ഭക്ഷണത്തിനു വകയുണ്ടാക്കാം എന്ന യോഗം ഉണ്ടേല്‍ താനേ രക്ഷപ്പെട്ടോളും" അതും പറഞ്ഞു അയാള്‍ പോയി. കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു. പിന്നെ നേരെ നടന്നു. ബസ്‌ കാണുന്നുണ്ട്, ടാക്സിയും കാണുന്നുണ്ട്, ടാക്സി പിടിച്ചു. പുറത്തേക്കുള്ള വഴിയില്‍ അയാള്‍ ചോതിച്ചു.
" എങ്ങോട്ടാ മാഷേ ?" അത് കേട്ടതും ഒരു മഴ പെയ്തു തീര്‍ന്ന സുഖം .
" മലയാളിയാ അല്ലെ ? "
" നമ്മള്‍ ഇല്ലാത്ത ലോകം ഉണ്ടോ മാഷേ " ശരിയാ മണിയേട്ടന്‍ പറഞ്ഞതോര്‍ക്കുന്നു. എവിടെ ചെന്നാലും നമ്മുടെ ആളുകള്‍ ഉണ്ടാവും. ബസ്‌ , ടാക്സി, ഹോട്ടല്‍, എന്ന് വേണ്ട ജയിലില്‍ പോയാലും നമ്മുടെ ആളുകള്‍ തന്നെ കൂടുതല്‍. അതുകൊണ്ട് നീ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.
 " അല്ല എവിടെക്കാനെന്നു പറഞ്ഞില്ല ?"
" സിറ്റിയിലേക്ക് വിട്ടോ "
" എവിടെ ..ന്യൂയോര്‍ക്ക് സിറ്റി ആണോ അതോ ..? "
" അത് പിന്നെ ...ഏത അടുത്തു ..അവിടേക്ക് വിട്ടോ "
" ഹി ഹി ഹി ആദ്യായിട്ടാണ്‌ അല്ലെ ? "
" അതെ  , ഒരു റൂം കിട്ടാന്‍ സഹായിക്കണം , ഇവിടെ എനിക്ക് ചേട്ടന്‍ അല്ലാതെ വേറെ പരിചയക്കാര്‍ ഒന്നും ഇല്ല "
" എന്നാല്‍ ചേട്ടന്റെ അടുത്തേക്ക്‌ പോവാം , ചേട്ടന്‍ എവിടെ ? "
" ഈ ചേട്ടനെയാണ് ഉദ്ദേശിച്ചത് " അയാളെ ചൂണ്ടി പറഞ്ഞു.
" അതിനു നമ്മള്‍ എന്നാ പരിചയക്കാര്‍ ആയതു ? "
" ഞാന്‍ ഷാര്‍ജയില്‍ വന്ന അന്ന് തന്നെ ചേട്ടനെ പരിചയപ്പെട്ടതല്ലേ "
" നീ ആള് കൊള്ളാം , നീ ഇവിടെ ജീവിച്ചു പോവും ഉറപ്പാ " അതുകേട്ടപ്പോള്‍ ഒരു ധൈര്യം വന്നു.
" ഇവിടെ രൂമിനെല്ലാം ഭയങ്കര  വാടകയാണ് , റൂം എന്ന് ആരും പറയില്ല, ബെഡ് സ്പൈസ് ആണ്. തല്‍കാലം ഞാന്‍ ഒരു റൂം ശരിയാക്കിത്തരാം, റൂം ഓക്കേ ആയാല്‍ പിന്നെ ജോലി വേണം എന്നും പറഞ്ഞു വരരുത്. പിന്നെ  വാടക അത് പണി ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായി തരണം, റൂം നമ്മുടെ തന്നെയാണേ "  

***************
കുറച്ചു കൂടി ദൂരം പിന്നിട്ടപ്പോള്‍ ഒരു പഴയ ബില്ടിങ്ങിനു മുന്നില്‍ കാര്‍ നിന്നു. ഡോര്‍ തുറക്കാന്‍ തുനിഞ്ഞതും അയാള്‍ പറഞ്ഞു നാല്പതു ദിര്‍ഹംസ്. ഞാന്‍ അത് കൊടുത്തു. റൂം കണ്ടു . ഡബിള്‍ കട്ടില്‍ നാലെണ്ണം. അപ്പോള്‍ മൊത്തം എട്ടു പേര് കാണും. അല്ല ഏഴുപേര്. ഞാനും കൂടി എട്ടുപേര്.

" ഇവിടെ എല്ലാവരും എഴുന്നൂറ് ദിര്‍ഹം വച്ചാണ് തരുന്നത്, നീ അഞ്ഞൂറ് തന്നാല്‍ മതി, അതിനു രണ്ടു കാരണം ഉണ്ട്, ഒന്ന് നിനക്ക് ജോലി ഇല്ല, രണ്ടാമത്തേത് നീ നിലത്താണ് കിടക്കുന്നത്. ഇപ്പോള്‍ ഇവിടെ എട്ടുപേര് ഉണ്ട്. "

ഞാന്‍ നിലത്തേക്കു നോക്കി, ഒന്ന് രണ്ടു കൂറകള്‍ ചുമ്മാ കറങ്ങിത്തിരിഞ്ഞു നടക്കുന്നു. ഇനിമുതല്‍ അവര്‍ എന്റെമേല്‍  കസര്‍ത്ത് നടത്തും. സാരമില്ല, എന്തായാലും തലചായ്ക്കാന്‍ ഒരിടം ആയല്ലോ.

" എന്താ ആലോചിച്ചു നില്‍ക്കുന്നത്, തല്‍കാലം ഈ ചാവി നീ വെച്ചോ, താഴെ ഒരു കാഫ്തീരിയ ഉണ്ട്, അവിടെ ചെന്ന് ഫുഡ്‌ കഴിച്ചോ, പൈസ ഉണ്ടല്ലോ അല്ലേ ? , വാടക മാറ്റി വെക്കണേ  "  അതും പറഞ്ഞു അയാള്‍ പോയി.

ഭക്ഷണം കഴിക്കാന്‍ താഴെ ചെന്നപ്പോള്‍ ആണ് വീട്ടിലേക്കു വിളിച്ചില്ലല്ലോ എന്നോര്‍ത്തത്. എങ്ങിനെ വിളിക്കും ഇനി നാട്ടിലെ പോലെ ഇവിടെ ബൂത്ത്‌ ഒന്നും ഇല്ലെങ്കിലോ ?  ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവരും മലയാളികള്‍ .കണ്ണൂരുള്ള ഒരു സൈതാലിക്കയാണ് മുതലാളി. പിന്നെ നസീര്‍, നൌഫല്‍. എല്ലാവരും കണ്ണൂര് തന്നെ. എല്ലാവരെയും പരിചയപ്പെട്ടു. അവിടുന്ന് തന്നെ ഫോണ്‍ കാര്‍ഡും വാങ്ങി. സൈതാലിക്ക കാണിച്ചു തന്നു എങ്ങിനെ വിളിക്കണം എന്ന്. വീട്ടില്‍ അന്ന് ഫോണ്‍ ഇല്ല. മണിയെട്ടന്റെ വീട്ടില്‍ വിളിച്ചു, അഞ്ചു മിനുറ്റ് കഴിഞ്ഞു വീണ്ടും വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. കടിച്ചു പിടിച്ചു സംസാരിച്ചു. ഞാന്‍ കരഞ്ഞാല്‍ അമ്മ കരയും. എനിക്കറിയാമായിരുന്നു ഇത് തന്നെ ചിന്തിച്ചു അമ്മയും കരയാതിരിക്കുന്നതാണ്. അച്ഛന് നടക്കാന്‍ ബുദ്ടിമുട്ടുണ്ടായിരുന്നതിനാല്‍ വന്നില്ല. അച്ഛനെ പ്രത്യേകം ശ്രദ്ദിക്കാന്‍ പറഞ്ഞു. ഇനി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. സൈതാലിക്കയോട് പറഞ്ഞു നേരെ റൂമില്‍ പോയി. കുറെ നേരം കരഞ്ഞു. പിന്നെ ഒന്ന് കുളിക്കാം എന്ന് വച്ചു. ആദ്യത്തെ കുളി. ഒരിക്കലും മറക്കില്ല ആ സുഖം.
ബാത്രൂമില്‍ ചെന്നപ്പോള്‍ കുറെ പെയിന്റ് ടിന്നുകള്‍ .എല്ലാറ്റിലും നിറയെ വെള്ളം .ചിലപ്പോള്‍ കര്നെറ്റ് പോവുമായിരിക്കും അത് കൊണ്ട് പിടിച്ചു വെച്ചതാവും എന്ന് കരുതി. ഷവര്‍  തുറന്നപ്പോള്‍ വെള്ളം വരുന്നുണ്ട്. കൈ വെച്ച് , തണുപ്പും ഇല്ല ചൂടും ഇല്ല. പിന്നെ ലുങ്കി മാറ്റി തോര്‍ത്തും ഉടുത്തു നേരെ ഷവറിനു താഴെ ചെന്ന് നിന്നു.
ദൈവത്തെ ഇത്രയും ഉറക്കെ ഞാന്‍ മുന്‍പ് വിളിച്ചിട്ടില്ല. ദൈവം പോലും ചിലപ്പോള്‍ ഞെട്ടിപ്പോയിരിക്കും. ശരീരത്തിലെ തോല് മൊത്തം അടര്‍ന്നു പോയിട്ടുണ്ടാവും എന്ന് കരുതി. എ മുതല്‍ ഇസഡ് വരെ പൊള്ളിപ്പോയി.
അന്ന് രാത്രിയില്‍ ആണ് ആദ്യമായി ജബ്ബാര്‍ക്കയെ കാണുന്നത്. ആദ്യ ദിവസം തന്നെ ആളെ ഒരുപാട് ഇഷ്ടപ്പെട്ടു. "സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും എല്ലാവരും റൂമില്‍ തന്നെ ഉണ്ടാവാറുണ്ട്. ഇന്നലെ  എല്ലാവരും പല വഴിക്ക് പോയി. കൂട്ടുകാരും കുടുംബക്കാരുമായി ഒരു ദിവസം" . അദ്ദേഹം പറഞ്ഞു.രാത്രിയില്‍ അദ്ദേഹത്തോടോപ്പംപോയി ഭക്ഷണം കഴിച്ചു. ആളും ഡ്രൈവര്‍ ആണ്. ഒരു സിറിയന്‍ കമ്പനിയില്‍ .എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പണിയുടെ കാര്യത്തില്‍. പക്ഷെ ആള് ധൈര്യം തന്നു. ജോലി ചെയ്യാന്‍ ഒരു മനസ്സുണ്ടെങ്കില്‍ ഇവിടെ ജോലിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചോതിച്ചു. നാളെ കാലത്ത് നേരത്തെ എഴുന്നെല്‍ക്കനം. ആറു മണിക്ക് മുന്‍പേ എല്ലാവരും പോവും. അതുകഴിഞ്ഞിട്ട് ബാത്രൂമില്‍ കയറിയാല്‍ മതി. എട്ടുമണിക്ക് ഞാന്‍ വരും. നമുക്കൊരു സ്ഥലം വരെ പോവണം എന്നൊക്കെ പറഞ്ഞു.ഒരു പുതിയ ജീവിത രീതി തുടങ്ങുന്നതിലെക്കുള്ള ഉപദേശങ്ങള്‍. പിറ്റേന്ന് ജബ്ബാര്‍ക്കയുടെ കൂടെ എമിരേറ്റ്സ് വോള്‍വോ എന്ന കമ്പനിയില്‍ ചെന്നു.ജബ്ബാര്‍ക്ക കൊണ്ട് വന്നതല്ലേ  ഇന്റെവ്യൂ ഒന്നും വേണ്ട എന്ന് പറഞ്ഞു. അപ്പോള്‍ ആണ് ജബ്ബര്‍ക്കയും അവിടെയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായത്‌. ഒരു സിറിയന്‍ കമ്പനി. ബോസ്സ് വളരെ നല്ല മനുഷ്യന്‍ ആണെന്ന് ജബ്ബാര്‍ക്ക പറഞ്ഞു. അങ്ങിനെ ഒരു ജോലി എന്ന കടമ്പ കടന്നു.

********************************
ഞാനും കൂടെ വന്നതോടെ കമ്പനി റൂം തന്നു . എനിക്കും ജബ്ബാര്‍ക്കക്കും. നീ ഭാഗ്യം ഉള്ളവനാട എന്ന് ജബ്ബാര്‍ക്ക പറഞ്ഞു. വളരെ രസകരമായിരുന്നു പിന്നീട് ജീവിതം. ജബ്ബാര്‍ക്കക്ക് രണ്ടു ആണ്‍കുട്ടികള്‍ ആണ്. അതും ഇരട്ടകള്‍. ഇരുപത്തിയഞ്ചു വയസ്സ് രണ്ടുപേര്‍ക്കും. പക്ഷെ ഒരാളുടെ ഒരുകാലിനു സ്വാധീനം ഇല്ല എന്ന് പറഞ്ഞു. ജനിച്ചപ്പോള്‍ തൊട്ടേ അങ്ങിനെ ആണ്. പൂര്‍ണമായും ചലന ശേഷി ഇല്ല. ആ ഒരു കാര്യത്തില്‍ മാത്രം അദ്ദേഹത്തിനു നല്ല വിഷമം ഉണ്ട്. പക്ഷെ രണ്ടു പേരും നല്ല സ്നേഹത്തിലാണ്. ഹസ്സന്‍ ആണ് ചേട്ടന്‍, ഹുസൈന്‍ അനിയന്‍. അവനാണ് വയ്യാത്തതും.അനിയന് ഒരു കല്യാണം ഒത്തു വന്നാലെ ഞാന്‍ കഴിക്കൂ എന്നാണു ചേട്ടന്റെ വാദം. ചേട്ടന്‍ പഠിക്കാനും മിടുക്കന്‍. വയ്യാത്തത് കൊണ്ട് അധികം അനിയനെ പഠിപ്പിച്ചില്ല. എന്നാലും ആള് വെറുതെ ഇരിക്കില്ല. പറമ്പിലെ എല്ലാ പണികളും അവന്‍ തന്നെ ചെയ്യും. ഇടതു കാലിന്റെ കുറവെല്ലാം  ചേര്‍ത്ത് വലത്തേ കാലിനു പടച്ചവന്‍ കരുത്തു നല്‍കിയിട്ടുണ്ട് എന്നാണു ജബ്ബാര്‍ക്ക പറയുന്നത്. രാത്രിയില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചും , ജബ്ബാര്‍ക്ക ഹിന്ദുവിനെ കുറിച്ചും ഒരുപാട് അറിഞ്ഞു. അഞ്ചു വര്ഷം മുന്‍പാണ് ജബ്ബാര്‍ക്ക ഗള്‍ഫ്‌ ഉപേക്ഷിച്ചു പോയത്. ഞാന്‍ ശരിക്കും ഒറ്റപ്പെട്ടത് പോലെ തോന്നി. എനിക്ക് കൂടുതല്‍ കൂട്ടുകാര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. രണ്ടു വര്ഷം മുന്‍പ് ഹസ്സന്റെ കല്യാണത്തിനു പോയപ്പോള്‍ ആണ് ജബ്ബാര്‍ക്കയെ കണ്ടത്. . ഹുസൈന് പക്ഷെ കല്യാണം ഒന്നും ഒത്തു വന്നില്ല. കഴിഞ്ഞ വര്ഷം നാട്ടില്‍ വന്നപ്പോളും ഒന്ന് പോയില്ല . എന്തായാലും ഇന്ന് പോവാന്‍ തന്നെ ഉറച്ചു .

***************************

വീട്ടിലേക്ക് എത്തുന്നതിനു മുന്‍പേ എന്തോ ഒരു സംശയം തോന്നി. ചന്ദനത്തിരിയുടെ മണം, മുറ്റം നിറയെ ആളുകള്‍ . മുറ്റത്തേക്കു കാലെടുത്തു വെക്കും മുന്‍പേ  ആരോ മരണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി.

" രാത്രി വിളിച്ചപ്പോള്‍ എടുത്തതാ, അപ്പോള്‍ തന്നെ പുറപ്പെടും എന്നും പറഞ്ഞിരുന്നു , ഇപ്പോള്‍ എത്ര നേരമായി  ഇവിടെ എത്തിയിട്ടും ഇല്ല, ഫോണ്‍ എടുക്കുന്നുമില്ല, എത്രയായാലും സ്വന്തം അല്ലെ " ആളെ മനസ്സിലായില്ല, അയല്‍ക്കാരന്‍ ആവും. ആരെ വിളിച്ച കാര്യമാണ്. ?അപ്പോള്‍ ആണ് ഹുസൈനെ കണ്ടത്.

" ഹുസൈനെ ....എന്താ പറ്റിയെ? "  അവന്‍ നോക്കുന്നത് കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ല എന്ന് തോന്നി.
" ഞാന്‍ ശ്യാം ആണ്, ജബ്ബര്‍ക്കാടെ കൂടെ ഷാര്‍ജയില്‍ ,,"

" ഉപ്പ പോയി ....എനിക്കറിയില്ല എന്താ വേണ്ടതെന്നു, ഉമ്മാടോന്നു ചോതിച്ചു നോക്കോ ? , എല്ലാരും ഇക്കാക്ക വരാന്‍ കാത്തിരിക്കാ, അവന്‍ വരില്ല , "

" ഇക്ക എവിടെ ? , ഉപ്പ മരിച്ച്ചതരിഞ്ഞാല്‍ എങ്ങിനെയ വരാതിരിക്ക ? "

" അവന്‍ വരില്ല ...ഉപ്പാടെ ബുള്ളെറ്റ്  അവിടെണ്ട്...അത് വിറ്റോന്നു  പറഞ്ഞതാ ഉപ്പ, ആര്‍ക്കും ഇപ്പോള്‍ അത് വേണ്ട ... പൈസ ഉണ്ടെങ്കില്‍ അത് വാങ്ങിച്ചൂടെ ? , ഉപ്പാടെ മയ്യിത്തിന്റെ ചെലവിനുള്ളത് തന്നാല്‍ മതി. "

എന്തൊക്കെയാണ് കേള്‍ക്കുന്നത്, ഞാന്‍ അവനെ താങ്ങി  എടുത്തു , അകത്തേക്ക് കൊണ്ട് പോയി, അവിടെ ജബ്ബാര്‍ക്ക കിടക്കുന്നു, ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിച്ചില്ല,

" നീ ഇവിടെ ഇരിക്ക്, വേണ്ട കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്യാം "

ഞാന്‍ പുറത്തേക്ക് വന്നു, ആളുകളുമായി സംസാരിച്ചു, ഹസ്സന്‍ വീടുമായി അകല്ച്ചയിലാണ് എന്നറിഞ്ഞു, കാരണം ആര്‍ക്കും അറിയില്ല, അത്രയും നല്ല ചെറുപ്പക്കാരന്‍ ആയിരുന്നു അവന്‍, എന്നിട്ടും ?, ഞാന്‍ പേഴ്സ് നോക്കി ഏകദേശം അയ്യായിരം രൂപയുണ്ട്. വേണ്ട കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് ചെയ്യാന്‍ പറഞ്ഞു. ഇന്നലെ രാത്രി മരിച്ചതല്ലേ . ജബ്ബാര്‍ക്ക പറഞ്ഞതോര്‍മ്മ വന്നു.
" ഒരു നല്ല മനുഷ്യന്‍ മരിച്ചാല്‍ അവന്റെ മയ്യിത്ത് ,  തന്നെ എത്രയും പെട്ടെന്ന് മറമാടാന്‍ ഉറക്കെ വിളിച്ചു പറയുമത്രേ , ആളുകള്‍ക്ക് പക്ഷെ അറിയാന്‍ പറ്റില്ല, പക്ഷി മൃഗാദികള്‍ എല്ലാം കേള്‍ക്കും "
ജബ്ബാര്‍ക്ക നല്ല മനുഷ്യനാണ്. അദ്ദേഹം അത് പറയുന്നുണ്ടാവും ഉറപ്പ്.

പൈസ എടുത്തു നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു, " പൈസ കാരണം അല്ല , മൂത്ത മോന്‍ വരാന്‍ വേണ്ടി ..." അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പൈസ വാങ്ങിയിരുന്നു. 
" ഞങ്ങള്‍ മഹല്ല് കമ്മറ്റിക്കാര്‍ ഒക്കെ  ഉണ്ടല്ലോ ഇവിടെ, " മറുപടിയൊന്നും പറഞ്ഞില്ല.

പിന്നെ എല്ലാം പെട്ടെന്ന് നടന്നു, പൈസ തന്നെയാണ് പ്രധാനം, ഉമ്മയും ഹുസൈനും ഹൃദയം തകര്‍ന്നു കരയുന്നുണ്ടായിരുന്നു,

" എന്നാല്‍ ഇനി മയ്യെത്തെടുക്കല്ലേ ?" ആരോ ചോതിച്ചു. മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ തന്നെ കട്ടില്‍ എടുക്കാനും പറഞ്ഞു.

" ഒരാളുടെ പൊറുക്കപ്പെടാത്ത തെറ്റുകളില്‍ ഒന്ന് അയാളുടെ കടം ആണ്, മരിക്കുന്നതിനു മുന്‍പേ അതെല്ലാം കൊടുത്ത് വീട്ടിയിരിക്കനം, അതല്ലെങ്കില്‍ മയ്യിത്ത് മറമാടുന്നതിനു മുന്‍പ് ആരെങ്കിലും ആ കടമെല്ലാം ഏല്‍ക്കാന്‍ തയ്യാറാവണം, മക്കളോ , വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ " ഇതും ജബ്ബര്‍ക്ക പഠിപ്പിച്ചതല്ലേ?,   എന്തിനാ ഇതെല്ലാം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത് .

" ഒരു നിമിഷം, സുഹൃത്തുക്കളെ , ജബ്ബാര്‍ക്ക ആര്കെങ്കിലും എന്തെങ്കിലും കടങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു, ഞാന്‍ ഇവിടുണ്ടാവും നിങ്ങള്ക്ക് ഇപ്പോഴോ ഇല്ലെങ്കില്‍ പിന്നീട് രഹസ്യമായോ  എന്നോട് വന്നു ചോതിക്കാം "  എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. മയ്യിത്തുമായി അവര്‍ നടന്നു നീങ്ങി,

" ഒരാളുടെ മരണ ശേഷം അയാള്‍ക്ക്‌ ഉപകാരപ്പെടുന്ന മൂന്നു കാര്യങ്ങള്‍ ആണ് ഉള്ളത്, ഒന്ന്  നിലനില്‍ക്കുന്ന ദാനം, പിന്നെ പകര്‍ന്നു കൊടുക്കപ്പെട്ട അറിവ്, മൂന്നാമത്തേത് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്തതി. " എന്തിനാ ജബ്ബാര്‍ക്ക ഇതെല്ലം എന്നെ പഠിപ്പിച്ചത്. ഈ ഒരു സമയത്തിനു വേണ്ടിയാണോ. ഞാന്‍ ഹുസൈനെ നോക്കി , പൊട്ടിക്കരയുന്ന  ഉമ്മയെ ചേര്‍ത്ത് പിടിച്ചു അവനും കരയുന്നു.

" ഹുസൈനെ നീ എന്താ ഇങ്ങനെ,  ഇവിടിരുന്നു കരയാണോ വേണ്ടത് ? , ഉപ്പാക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഏറ്റവും ഉത്തമന്‍ നീയാണ്, ഉപ്പ പഠിപ്പിച്ചിട്ടില്ലേ നിന്നെ ? വാ  എഴുന്നേല്‍ക്ക് .."

" ഇക്ക ആ ഓട്ടോ നിങ്ങളുടെ അല്ലെ , നിങ്ങള്‍ ഇവനെയും കൊണ്ട് പള്ളിയില്‍ പോവണം, മയ്യിത്തിനു വേണ്ടി നമസ്കാരം ഇവനല്ലേ നടത്തേണ്ടത് ? "

" അയിനെന്താ മോനെ , ഇജ്ജും കേറിക്കോ ..ഞമ്മക്ക് പതുക്കനെ പൂവ്വാം "

" വേണ്ട നിങ്ങള്‍ പോയിട്ട് വരൂ, എനിക്കിവിടെ ഇത്തിരി പണിയൊക്കെ ഉണ്ട്, "

അവര്‍ക്ക് പിറകെ ഞാന്‍ എന്റെ ബൈക്കും എടുത്തിറങ്ങി. നാലഞ്ചു കുല പഴം വാങ്ങി, പിന്നെ ഹോര്‍ലിക്സും, പഞ്ചസാരയും , ചായപ്പൊടിയും അങ്ങിനെ എന്തൊക്കെയോ ...അപ്പോള്‍ ആണ് പൈസ ഇല്ല എന്നാ കാര്യം ഓര്‍ത്തത്. തൊട്ടടുത്ത് തന്നെ ഒരു ATM  കണ്ടു. ഭാഗ്യം 47 ,000 .00  രൂപയുണ്ട്,  പതിനായിരം എടുത്തു. ഒരു ഓട്ടോയും  പിടിച്ചു തിരിച്ചു വന്നു. " പള്ളിയില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കൊടുക്കണം." എല്ലാം ഒരു സ്ത്രീയെ ഏല്പിച്ചു.
*************************
ഇപ്പോള്‍ എല്ലാം ശാന്തമാണ്. ഓരോരുത്തരായി പോയിക്കഴിഞ്ഞിരുന്നു. അകത്തെ മുറിയില്‍ നിന്നും ഉമ്മയുടെ തേങ്ങല്‍ മാത്രം, എന്തായിരുന്നു ജബ്ബാര്‍ക്കയുടെ വീട്ടില്‍ സംഭവിച്ചത്, ഹസ്സന്‍ ഒരിക്കലും ഇങ്ങനെ ആവാന്‍ പാടില്ലല്ലോ, ആരോട് ചോതിക്കും , വേണ്ട അതങ്ങിനെ അറിയാതെ തന്നെ കിടക്കട്ടെ, അതിലുപരി ജബ്ബാര്‍ക്കയെ പറ്റി അയല്‍ക്കാരനില്‍ നിന്നും അറിഞ്ഞത്. അയാളുടെ വീട്ടിലെ ഓട്ടോ ഓടിക്കല്‍ ആയിരുന്നു കുറെ കാലമായി ജബ്ബാര്‍ക്കയുടെ പണി , ഞാന്‍ എത്ര വട്ടം വിളിച്ചിരുന്നു , ഒന്നും പറഞ്ഞില്ല, കഴിഞ്ഞ വര്ഷം ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍ എന്റെ ജബ്ബാര്‍ക്ക ഇങ്ങനെ ഇറങ്ങിപ്പോവേണ്ടി വരില്ലായിരുന്നു. കുരുത്തമില്ലാത്തവന്‍ ഞാന്‍. ഇനി ചെയ്യാനുള്ളത് ഉമ്മയും ഹുസൈനെയും കൂടെ കൂട്ടുക എന്നതാണ്.  ഉമ്മ വരാന്‍ തയ്യാറായില്ല, ഈ വീട് വിട്ടു എവിടേക്കും ഇല്ല എന്ന് ഉമ്മ പറഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഹുസൈന്‍ ഒരു കീ തന്നു,

 " ഉപ്പാടെ ബൈക്കിന്റെയാണ്, ഇത് വിറ്റു..എന്റെ മയ്യിഇത്തിന്റെ ചെലവ് നടത്തണം എന്ന് ഉപ്പ പറഞ്ഞിരുന്നു,
അല്ലെങ്കിലും ഉപ്പ ഇല്ലാതെ ഇതിനി ഇവിടെ എന്തിനാ ? "

" ഞാന്‍ വരാം , എന്നിട്ട് കൊണ്ട് പോവാം, ഇപ്പോള്‍ ഇതിവിടെ തന്നെ ഇരിക്കട്ടെ, "
ഉമ്മാടെ കയ്യില്‍ പിടിച്ചു ഞാന്‍ അവര്‍ക്ക് വാക് കൊടുത്ത്,"  നിങ്ങള്‍ തനിച്ചല്ല, എന്നെ പോലെ ഒരുപാട് പേരുണ്ട് ഗള്‍ഫില്‍ , ജബ്ബാര്‍ക്ക എന്ന ആ വലിയ മനുഷ്യന്റെ തണലില്‍ വളര്‍ന്നവര്‍, ഞങ്ങള്‍ എല്ലാം ഉണ്ട് കൂടെ, ഞാന്‍ പോവുന്നു, ഇടയ്ക്കു വരാം, എന്റെ ഉമ്മയും സഹോദരനും ഇവിടുണ്ടല്ലോ "

തിരിച്ചു വരുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു, അദ്ദേഹത്തിന്‍റെ വേര്‍പാട് , അതിനെക്കാളേറെ അദ്ദേഹത്തിനു സംഭവിച്ച കാര്യങ്ങള്‍ ...പിന്നെ ഉത്തരം കിട്ടാത്ത ആ ഒരു ചോദ്യവും , എന്തിനു ഹസ്സന്‍ ....?


****************************

7 അഭിപ്രായങ്ങൾ:

 1. ശരിക്കും കണ്ണ് നിറയുന്ന കഥ,,,

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനസ്സില്‍ സ്നേഹം ഉണ്ടെങ്കില്‍ കണ്ണുനീരും ഉണ്ട് , നന്ദിയുണ്ട് താങ്കളുടെ വിലപ്പെട്ട ആദ്യത്തെ കമന്റിനു .

   ഇല്ലാതാക്കൂ
 2. ഒരുപാട് നല്ല ആളുകളുണ്ട് നൌഷാദിന്‍റെ 'ഒരു പ്രവാസിയുടെ അവധിക്കാല'ത്തില്‍. ഒരു പരിചയവുമില്ലാത്ത ശ്യാമിന് താമസസൌകര്യം നല്‍കിയ ഷാര്‍ജ എയര്‍പോര്‍ട്ടിലെ ഡ്രൈവര്‍, ശ്യാമിന് ജോലി തരപ്പെടുത്തിക്കൊടുത്ത ജബ്ബാറിക്ക, ഓഡിഎസ്5-ല്‍ വന്നിട്ടും ഒട്ടും മടി കൂടാതെ ശ്യാമിനെ തിരിച്ചറിഞ്ഞു സംസാരിച്ച, മാതൃഭക്തനായ ജോര്‍ജ്‌ മാത്യു: എല്ലാവരും വിശിഷ്ടകഥാപാത്രങ്ങള്‍. മഹത്വത്തിന്‍റെ കാര്യത്തില്‍ ശ്യാമും മുന്‍പന്തിയില്‍ത്തന്നെ. ജബ്ബാര്‍ക്കയുടെ സംസ്കാരച്ചടങ്ങുകള്‍ക്കു വേണ്ട തുക മുഴുവന്‍ കൊടുത്തതു കൂടാതെ ജബ്ബാര്‍ക്കയുടെ കടങ്ങളെല്ലാം ശ്യാം സ്വയം ഏറ്റെടുത്തതും രോമാഞ്ചം കൊള്ളിയ്ക്കുന്നതായി. നിമിഷനേരത്തേയ്ക്കെങ്കിലും അമ്മയുടെ ചെക്കപ്പു മാറ്റിവച്ച് കൂട്ടുകാരോടൊപ്പം സിനിമയ്ക്കു പോകാനുള്ള പരിപാടിയാസൂത്രണം ചെയ്തു പോയതിലുള്ള പശ്ചാത്താപം ശ്യാം അമ്മയോടു പ്രകടിപ്പിച്ച വിധവും ഹൃദയസ്പര്‍ശിയായി. ഹസ്സനും പശ്ചാത്തപിച്ചു തിരികെ വരും, വരാതിരിയ്ക്കില്ല. ജബ്ബാര്‍ക്കയുടെ മകനാണല്ലോ. സാമൂഹ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിയ്ക്കുന്നൊരു കഥയാണ് 'ഒരു പ്രവാസിയുടെ അവധിക്കാലം'. ഏറെ ആത്മസുഖം തരുന്ന കഥ. നൌഷാദിന്ന് അകമഴിഞ്ഞ അഭിനന്ദനങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
 3. തരക്കേടില്ല. ക്രാഫ്റ്റില്‍ കൂടുതല്‍ ശ്രദ്ടിക്കൂ.......സസ്നേഹം

  മറുപടിഇല്ലാതാക്കൂ
 4. വളരെ ഹൃദയസ്പർശിയായ ഒരു നല്ല കഥ. നാമെല്ലാവരും ഇതിലെ കഥാപാത്രങ്ങളെപ്പോലെ ആയിരു ന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നൂ.

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2/27/2012 5:24 PM

  sharikkum kannu niranju poyi.... thanks.....

  മറുപടിഇല്ലാതാക്കൂ
 6. യാത്രികന്‍ , സുനിലേട്ടന്‍, വനിതയന്‍ (?) , സജീര്‍ നന്ദിയുണ്ട് ഒരുപാട് ഈ അഭിപ്രായങ്ങള്‍ക്ക്.

  മറുപടിഇല്ലാതാക്കൂ