ബുധനാഴ്‌ച, ജൂലൈ 18, 2012

എന്നാലും എന്‍റെ അച്ചായാ ...


എന്നും നാട്ടില്‍ നിന്നും ഭാര്യയുടെ പരാതി , മോന്‍ പറയുന്നതൊന്നും അനുസരിക്കുന്നില്ല എന്ന്.പതിനഞ്ചു വയസ്സായി ചെക്കന് , ഇനി എന്നാ അല്പം ബോധം വെക്കുന്നത് എന്നാണു അവളുടെ ചോദ്യം.ഞാന്‍ ഇവിടെ ഇരുന്നു എന്ത് ചെയ്യാനാ? നാട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ എല്ലാം അവനെ പോലെ നല്ലൊരു മോന്‍ ആ നാട്ടില്‍ തന്നെ വേറെ ഇല്ല.വീട്ടില്‍ അവളും മോനും മാത്രമേയുള്ളൂ .വീട്ടു സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും അവള്‍ തന്നെ പുറത്തു പോവണം.അവന്‍ ഇരുപത്തിനാല് മണിക്കൂറും കമ്പ്യൂട്ടര്‍ നു മുന്നില്‍ തന്നെ . കമ്പ്യൂട്ടര്‍ വാങ്ങി കൊടുത്തത് അബദ്ധമായി.ഇവിടെ എന്റെ ദു:ഖം സഹമുറിയനായ അച്ചായനോട് പറഞ്ഞു.അച്ചായന്‍ ആണ് ഈ ബുദ്ധി ഉപദേശിച്ചത്.നോക്കട്ടെ ഇത് അവസാനത്തെ അടവാണ്.

ഓരോന്നും ചിന്തിചിരിക്കുമ്പോള്‍ ദാ അവളുടെ കാള്‍.

ദേ മനുഷ്യാ ഞാന്‍ സഹി കെട്ടു, പത്തു കിലോ പച്ചരി ഇവിടെ നനച്ചു വെച്ചിട്ട് കുറെ നേരമായി, അവന്‍ ഇത് പൊടിപ്പിച്ച് കൊണ്ട് വരും എന്ന് എനിക്ക് തോനുന്നില്ല , നിങ്ങള്‍ ഒന്ന് പറഞ്ഞു നോക്ക്.

നീ ഒന്ന് സമാധാനപ്പെട് , അവന്‍ നല്ല കുട്ടിയായി ഇപ്പൊ നിന്റെ അടുത്തു വരും നോക്കിക്കോ , നീ ഇനി അവനോടു പൊടിപ്പിക്കാന്‍ പറയേണ്ട

ഹ്മം നടന്നത് തന്നെ , ഉപ്പയും നന്ന് മോനും നന്ന്

അയാള്‍ ഫോണ്‍ വെച്ച് നേരെ റൂമിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.ഫേസ് ബുക്കില്‍ പുതുതായി ഉണ്ടാക്കിയ ഐ ഡി  നെഹനാസ് മോള്‍  ലോഗിന്‍ ചെയ്തു.അപ്പോഴേക്കും വന്നു ഒരു ഹായ് .
അതെ അവന്‍ തന്നെ . പടച്ചോനെ ഇതെങ്കിലും വിജയിക്കണേ എന്ന് പ്രാര്‍ഥിച്ചു.

ഹായ് നെഹനക്കുട്ടി ഇന്നലെ ഒരു പോക്ക് പോയതാണല്ലോ , പിന്നെ ഈ വഴിക്ക് കണ്ടില്ല
സോറി മോനൂ, ഉമ്മയെ സഹായിക്കാന്‍ വേണ്ടി ..

നിനക്ക് വേറെ പണിയൊന്നും  ഇല്ലേ ?, ഇപ്പോള്‍ തന്നെ എന്റെ ഉമ്മ എന്നോട് അരി പൊടിപ്പിക്കാന്‍ പറഞ്ഞിട്ട് എത്ര നേരമായി  

അയ്യെടാ ഉമ്മാനെ ധിക്കരിക്കാന്‍ ഒന്നും ഞാന്‍ ഇല്ല , മാത്രമല്ല അങ്ങിനെ ഉള്ളവരുമായി ഞാന്‍ ഇനി കൂട്ടില്ല, ഞാന്‍ പോവ്വാ  

നെഹനക്കുട്ടി പിണങ്ങല്ലേ ഒരു പത്തു മിനുറ്റ് , ഇവിടെ അടുത്താ മില്ല് , ഞാന്‍ ഇപ്പോള്‍ തന്നെ പോയി വരാം

എന്നോട് നുണ പറയല്ലേ

ഇല്ല സത്യം

അവന്‍ പെട്ടെന്ന് സൈന്‍ ഔട്ട്‌ ആയി.ഒരു പുഞ്ചിരിയുമായി അയാള്‍ ഭാര്യയുടെ കാള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാലും എന്‍റെ അച്ചായാ ഇത് മുന്‍പേ പറയണ്ടായിരുന്നോ ? എല്ലാത്തിനും ഫേസ് ബുക്കിന് നന്ദി ഒപ്പം അച്ചായനും .

തിങ്കളാഴ്‌ച, ജൂലൈ 16, 2012

( പ്രവാസിയുടെ അവധിക്കാലം 02 )

കാറ്റ് തിരിച്ചു വീശുമ്പോള്‍ ( പ്രവാസിയുടെ അവധിക്കാലം 02 )



" ഡാ പന്ന കഴുവേരീടെ മോനെ ....ഇനിയെങ്ങാനം ആ പെണ്ണിനേയും കുട്ടിയേയും ഉപദ്രവിച്ചാല്‍ ....പിന്നെ നീ നിന്റെ രണ്ടു കാലില്‍ നടക്കില്ല " ഹസ്സന്‍ അയാളെ ഒന്ന് നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.
"എന്തോന്നിനാട നീ ഇങ്ങനെ തുറിച്ചു നോക്കുന്നത് ?സാറിന്‍റെ തല്ല്‌ കുറെ കൊണ്ടിട്ടും നീ പഠിച്ചില്ലേ "
ഹസ്സന്‍ അയാളില്‍ നിന്നും നോട്ടം പിന്‍വലിച്ചു .നാളെമുതല്‍ ജയില്‍ വാസം ഇല്ല .അഞ്ചു വര്‍ഷമായി മനസ്സില്‍ കൊണ്ട് നടക്കുന്ന തീ അണക്കാന്‍ സമയമായി .ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷം ഉള്ളില്‍ കിടന്നു. ഇനി ആ തെറ്റ് ചെയ്ത് കാണിക്കണം.എന്നിട്ട് സന്തോഷത്തോടെ ഇവിടേക്ക് തിരിച്ചു വരണം.
*************************
"ശ്യാമേട്ടാ ഇക്കാക്ക വരോ ?"
"പിന്നില്ലാതെ , ഹുസൈന് സംശയം ഉണ്ടോ ?"
" അല്ലാ ,,,,ഇത്രയും ഒക്കെ ആയ നിലക്ക് ..."
"അവന്‍ വരും ,,നീ നോക്കിക്കോ , വിഷമം ഉണ്ടാവും ഇങ്ങനെയെല്ലാം ആയതില്‍, ഞാന്‍ ഇറങ്ങാം ഇനി സമയം കളയുന്നില്ല ..."
*************************
" ഞാന്‍ ഇവിടെ ഇറങ്ങാം ,,,"
"ഇവിടെ ഇറങ്ങി എങ്ങോട്ടാ പോവുന്നത് ? "
"അങ്ങിനെ ഒരു ലക്‌ഷ്യം ഒന്നും ഇല്ല .."
"ഒരു ലക്‌ഷ്യം വേണ്ടേ ഹസ്സന്‍ ? "
"എന്റെ പേര് ..? "
"എന്താ ഹസ്സന്‍ എന്നല്ലേ? "
" അതെ , എങ്ങിനെ അറിയാം ? "
" നിനക്കെന്നെ ഓര്‍മയില്ല , പക്ഷെ നിന്നെ എനിക്ക് നന്നായി അറിയാം , നീ എന്താ കരുതിയത് ? ഞാന്‍ നിന്നെ കൊണ്ട് വരാന്‍ തന്നെയാണ് വന്നത് ,അവിടെ വെച്ചു ഞാന്‍ നുണ പറഞ്ഞതാണ്,, വീട്ടില്‍ നിന്റെ ഉമ്മയും അനിയനും കാത്തിരിക്കുന്നുണ്ട് "
"ഇല്ല ഞാന്‍ ഇല്ല ...നീ ആരാ ? "
" ഞാന്‍ ശ്യാം ,നിന്റെ ഉപ്പയുടെ കൂടെ ഗള്‍ഫില്‍ ഉണ്ടായിരുന്നു .."
" ഹാ അറിയാം ..കുന്നംകുളത്തുള്ള ,,,? "
"അതെ ...എന്താണ് നിനക്ക് പറ്റിയത് ? ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല എന്നാലും ..ജബ്ബാര്‍ക്കയെ ഒന്ന് കാണാന്‍പോലും നീ വന്നില്ലല്ലോ ,എന്തൊക്കെ ആയാലും മരിച്ചത് നിന്റെ ഉപ്പയല്ലേ ? "
" തെറ്റ് ..എല്ലാം തെറ്റായിരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് വൈകിപ്പോയിരുന്നു .എന്റെ ഉപ്പയുടെ മുഖം അവസാനമായി ഒന്ന് കാണാന്‍ പോലും എനിക്ക് പറ്റിയില്ല , പോവാന്‍ ഒരുങ്ങിയതായിരുന്നു പക്ഷെ അവള്‍ ...എന്‍റെ ഭാര്യ ...അവള്‍ എന്‍റെ മനസ്സില്‍ വിഷം കുത്തി വെച്ചു . ഞാന്‍ എന്‍റെ ഉപ്പയെ അവസാനമായി ഒന്നു വന്നു കണ്ടില്ല ,
" നീ വീട് വിട്ടു വന്നതിന് ശേഷം ഒരു വട്ടം എങ്കിലും അവരെ പറ്റി ഓര്‍ത്തോ ?, എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ് ? "
" തെറ്റ് ചെയ്തത് ഞാനല്ലേ ?....എന്റെ ഭാര്യയെ കണ്ണടച്ചു വിശ്വസിച്ചു ...അന്നൊരു രാത്രിയില്‍ സേലത്തേക്ക് ബിസ്നെസ്സ് ആവശ്യത്തിന് വേണ്ടി പുറപ്പെട്ട എന്നെ ഉപ്പ ഫോണില്‍ വിളിച്ചു.പെട്ടെന്ന് വരാന്‍ പറഞ്ഞു.വീട്ടില്‍ വന്ന ഞാന്‍ കണ്ടത് ഉമ്മയുടെ മടിയില്‍ തല വെച്ചു കിടക്കുന്ന ഹുസൈനെയാണ് , അവന്‍റെ നെറ്റി പൊട്ടി ചോരയൊലിക്കുന്നു . അവള്‍ സോഫയില്‍ ഇരുന്നു കരയുന്നു.ഞാന്‍ അവളോടാണ് കാര്യം തിരക്കിയത്.അനിയന് ഒരു കല്യാണം കഴിപ്പിച്ചു കൊടുക്ക്‌,ഇല്ലെങ്കില്‍ എന്നെ എന്റെ വീട്ടില്‍
കൊണ്ട് വിടണം,ഇത്രയും അവള്‍ പറഞ്ഞപ്പോഴേക്കും ബാക്കി എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു.ഉമ്മയുടെ മടിയില്‍ നിന്നും ഞാന്‍ അവനെ വലിച്ചിഴച്ചു
മുറ്റത്തെക്കിട്ടു ,ഉമ്മയും ഉപ്പയും എന്നെ തടയുന്നുണ്ടായിരുന്നു."ഇക്കാ...ഞാന്‍ അല്ല ,,സ്ടുടിയോയിലെ ഹാഷിം ആണ് " എന്ന് അവന്‍ ഉറക്കെ കരഞ്ഞു പറയുന്നുണ്ടായിരുന്നു.ഞാന്‍ കേട്ടില്ല......"
....അന്ന് വീട് വിട്ടു ഇറങ്ങിയതാണ്."
"പിന്നെ എന്തുണ്ടായി നീ എങ്ങിനെ ജയിലില്‍ ? "
"എന്‍റെ ഉപ്പയുടെയും ഉമ്മയുടെയും ശാപം, എന്‍റെ അനിയന്‍റെ കണ്ണുനീര്‍ ,എല്ലാത്തിനും ചേര്‍ത്തു ദൈവം കരുതി വെച്ചത് ഈ ജയില്‍ വാസം"
" ഇപ്പോള്‍ നീ പറഞ്ഞത് നിന്‍റെ മനസ്സാക്ഷിയുടെ കുമ്പസാരം ..അതിലേക്കു നയിച്ച സാഹചര്യം ? "
"ബിസ്നെസ്സ് ആവശ്യങ്ങളുമായി ഞാന്‍ സേലത്ത് ഇടയ്ക്കിടയ്ക്ക് പോവാറുണ്ട് ,,,ഒരു യാത്രയില്‍ ഇടയ്ക്കു വെച്ച് ചില ഡോകുമെന്റ്സ്
എടുക്കാന്‍ ഞാന്‍ തിരിച്ചു വരുകയുണ്ടായി, രാത്രി പതിനൊന്നു മണി ആയിരുന്നു,വീട്ടില്‍ ലൈറ്റ് ഒന്നും കണ്ടില്ല , അവളും മോനും ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതി കയ്യിലുണ്ടായിരുന്ന സ്പെയെര്‍ കീ എടുത്തു ഞാന്‍ വാതില്‍ തുറന്നു, ബെട്രൂമില്‍ നിന്നും സംസാരം കേട്ട് ഞാന്‍ വാതിലില്‍ മുട്ടി, അവള്‍ വാതില്‍ തുറന്നതും ശക്തിയായ ഒരു പ്രഹരം എന്‍റെ നെറ്റിയില്‍, ഒരു മിന്നായം പോലെ മുന്നിലൂടെ കടന്നു പോയ ആളെ കണ്ട ഞാന്‍ തകര്‍ന്നു പോയി,സ്റ്റുഡിയോ ഹാഷിം, രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ അനിയന്‍ പറഞ്ഞ കാര്യം സത്യമാണെന്ന് എനിക്ക് ബോധ്യമായി, എന്‍റെ സകല നിയന്ത്രണങ്ങളും കൈ വിട്ടു പോയി , കയ്യില്‍ കിട്ടിയതെല്ലാം എടുത്തു ഞാന്‍ അവളെ അടിച്ചു,അവളുടെ ഉറക്കെയുള്ള നിലവിളികളില്‍ ആളുകള്‍ ഓടിക്കൂടി, ആളുകളുടെ ഇടയില്‍ ഒരു സംശയ രോഗിയായ ഭര്‍ത്താവായി എന്നെ അവള്‍ നാറ്റിച്ചു , പണക്കാരനും നാറിയ രാഷ്ട്രീയക്കാരനും ആയ അവളുടെ ബാപ്പ കൊലപാതക ശ്രമത്തിനു എന്നെ അകത്താക്കാന്‍ എല്ലാ കളികളും കളിച്ചു , ഞാന്‍ ഏകനായിരുന്നു, എല്ലാം ഏറ്റു ,കാലം എനിക്കായി കാത്തു വെച്ച വിധി എന്ന് കരുതി.എന്‍റെ ഉപ്പയുടെ വിയര്‍പ്പിന്റെ മണമുള്ള
പൈസ കൊണ്ട് ഞാന്‍ പണിത വീട്ടില്‍ ഇപ്പോള്‍ അവളും അവനും,ഞാന്‍ അവരെ കൊല്ലും എന്നിട്ട് ജയിലിലേക്ക് തന്നെ തിരിച്ചു വരും , ഇപ്പോള്‍ അത് മാത്രമാണ് എന്‍റെ ലക്‌ഷ്യം ..."
"അതോടെ നിന്‍റെ കാര്യങ്ങള്‍ എല്ലാം തീരും, പക്ഷെ നിന്‍റെ മോന്‍ അവന്‍ പിന്നെ എങ്ങിനെ ജീവിക്കണം ? "
" എന്‍റെ മോന്‍ അവനും അവളുടെ കൂടെയാണോ ? "
" ഏതു അവള്‍ ? ഞാന്‍ എല്ലാം അന്നെഷിച്ചു , നീ ജയിലില്‍ പോയി ഒരാഴ്ച കഴിയും മുന്‍പേ അവനെ ഒരു യത്തീംഖാനയില്‍ ഒഴിവാക്കി അവള്‍...ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അവന്‍
യതീമായി വളരുന്നത്‌ കാണാന്‍ വയ്യാത്ത രണ്ടു പേര്‍ ഇപ്പോഴും ഈ ഭൂമിയില്‍ ഉണ്ട്,ഒരുപാട് വൈകിയാണ് ഞങ്ങള്‍ എല്ലാം അറിഞ്ഞത്.
ഒരുമാസം മുന്‍പ്, എന്റെയും നിന്‍റെ ഉപ്പയുടെയും കൂടെ ഷാര്‍ജയില്‍ ഉണ്ടായിരുന്ന ഒരു ലിജീഷ് , ആള് പോലീസില്‍ ആണ്,ലോങ്ങ്‌ ലീവ്
എടുത്തു ഷാര്‍ജയില്‍ കുറെ കാലം ഉണ്ടായിരുന്നു, വളരെ യാദ്രിശ്ചികം ആയി ആളെ മൂന്നു നാല് മാസം മുന്‍പ് ദുബായില്‍ വെച്ചു കണ്ടു,നിന്‍റെ കാര്യങ്ങള്‍ അവനാണ് എന്റടുത്ത് പറഞ്ഞത്‌ ,
നിന്‍റെ കാര്യങ്ങള്‍ എല്ലാം നടക്കുന്ന സമയത്ത് അവന്‍ കൊച്ചിയില്‍ ആയിരുന്നു....നിന്‍റെ ഉപ്പയുടെ മരണ ശേഷം ഞാന്‍ നിന്നെ ഒരുപാട് തിരക്കി ,
ഒരിക്കലും നീ കൊച്ചിയില്‍ ഉള്ള കാര്യം ഞാന്‍ അറിഞ്ഞില്ല.ലിജീഷ് എല്ലാം പറഞ്ഞപ്പോള്‍ പിന്നെ എനിക്ക് നാട്ടില്‍ വരാതെ പറ്റില്ല എന്നായി,
ഞാന്‍ ആദ്യം കൊച്ചിയില്‍ ചെന്ന് നിന്‍റെ ഭാര്യയെ കണ്ടു,നിന്നെ പറ്റി കേട്ടാല്‍ അറക്കുന്ന കുറെ കാര്യങ്ങള്‍ അവള്‍ പറഞ്ഞു,ഞാന്‍ മോനെ പറ്റി
ചോതിച്ചു , അവനെ അനാഥാലയത്തില്‍ ഏല്‍പ്പിച്ചു എന്നവള്‍ പറഞ്ഞു,പിന്നെ ലിജീഷിന്റെ സഹായത്തോടെ കേസ് ഫയലുകളും മറ്റും സ്റെഷനില്‍ നിന്നും ഒപ്പിച്ചു യതീം ഖാനയില്‍ പോയി എല്ലാ കാര്യങ്ങളും ഓക്കേ ആക്കി.പിന്നെ ഉമ്മയെയും കൂട്ടി മോനെ വീട്ടിലേക്കു കൊണ്ട് പോയി.
ഇപ്പോള്‍ ഇനി നിന്‍റെ മുന്നില്‍ രണ്ടു വഴികള്‍ ഉണ്ട് , ഒന്ന് പ്രതികാരത്തിന്റെ അര്‍ത്ഥമില്ലാത്ത വഴി.മറ്റൊന്ന് പശ്ചാത്താപത്തിന്റെ സുഖമുള്ള ഒരു നേര്‍ വഴി.അവിടെ സ്നേഹമുണ്ട് , സാന്ത്വനമുണ്ട് , സന്തോഷമുണ്ട്.ഉപ്പയെ കാത്തിരിക്കുന്ന ഒരു മോനുണ്ട്, മകനെ കാത്തിരിക്കുന്ന ഉമ്മയുണ്ട് , തന്‍റെ നിരപരാതിത്വം മനസ്സിലാക്കി തന്നെ തേടി വരുന്ന ഇക്കയെ കാത്തു ഒരു അനിയന്‍ ഉണ്ട് .....തീരുമാനം നിന്റെയാണ് .അവിടെ റോഡ്‌
രണ്ടായി പിരിയുന്നു,നേരെ പോവുകയാണ് എങ്കില്‍ ഞാന്‍ പറഞ്ഞ ആ സുഖമുള്ള വഴിയാണ്,അങ്ങോട്ടാണ് എങ്കില്‍ നമുക്കൊരുമിച്ചു പോവാം,ഈ
പാവം പ്രവാസിയുടെ അവധിക്കാലത്തിനു എന്നും ഓര്‍ത്തുവെക്കാന്‍ ഒരു നല്ല നിമിഷം ....അതല്ല പ്രതികാരമാണ് മനസ്സില്‍ എങ്കില്‍ കാര്‍ ഞാന്‍ അവിടെ നിര്‍ത്തും.നിനക്ക് പഴയ പോലെ നിന്‍റെ വഴിക്ക് പോവാം.വീട്ടിലുള്ളവരെ
ഞാന്‍ പറഞ്ഞു മനസ്സിലാക്കാം ."
" നേരെ പോവാം ....എന്‍റെ വീട്ടിലേക്കല്ല പുളിക്കല്‍ മസ്ജിദിലെ ഖബര്‍സ്ഥാനിലേക്ക് , എന്‍റെ ഉപ്പയുടെ കാല്‍ക്കല്‍ വീണു എനിക്ക് മാപ്പ് പറയണം "
ആ കാര്‍ അതിവേഗം നീങ്ങിക്കൊണ്ടിരുന്നു ....ഒരുപാട് പ്രതീക്ഷകളുമായി അതില്‍ ഹസ്സനും ശ്യാമും.അറിയില്ല കാലം ഇനിയും അവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്താണെന്ന്.എങ്കിലും സന്തോഷം മാത്രമാവട്ടെ എന്ന് ഒരു പ്രാര്‍ത്ഥന
അവര്‍ക്ക് വേണ്ടി ...നമുക്ക് അതിനല്ലേ പറ്റൂ.
*******************

ഞായറാഴ്‌ച, ഏപ്രിൽ 01, 2012

കാക്കകള്‍ വിരുന്നു വിളിക്കുന്നു.‎



സൂറത്താ ...ആ റേഡിയോടെ വോളിയം ഇത്തിരികൂടി കൂട്ടി  വെക്കണേ , ഇന്ന് രണ്ടു മണിക്ക് ശബ്ദരേഖ ഉണ്ടല്ലോ ....

ദേവകി വേലിക്കു ഇപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
വളരെ സ്നേഹത്തില്‍ കഴിഞ്ഞു പോവുന്ന അയല്‍പക്കക്കാരാണ് ഇവര്‍. സൂറ താത്തയും  മൂസക്കയും ആണ് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്നത്. അവര്‍ക്ക് മക്കളില്ല,
ഇപ്പുറത്ത് ദേവകിയും ഭര്‍ത്താവ് വാസുവും ഒരു മകള്‍ ദേവീ എന്ന് വിളിക്കുന്ന ദേവികയും.

ആയിനെന്താ മോളെ , ബാസു ഇന്നലേം ബാട്ട്രി കൊണ്ടാന്നീലെ ?

ഇല്യ സൂറത്താ , കാലത്ത് പോവുമ്പോള്‍ ഇന്നെന്തായാലും കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറയാലോ സൂറത്താ , ഇന്നലെ രാത്രിയില്‍ ഒരുപാട് വൈകിയ അത്താഴം കഴിച്ചേ , സമയം ആയത് അറിഞ്ഞില്ല ഞാനും ദേവീം,

അതെന്തേ ,,,,ചോറ് ബൈക്കണ നേരം മറന്നോ

എന്നും എട്ടുമണിക്ക്‌ ആകാശവാണിയിലെ നാടകവും , ഉജാലയുടെ പരസ്യവും കഴിഞ്ഞാല്‍ പിന്നെ അത്താഴം കഴിക്കും, ഇന്നലെ റേഡിയോ ബാട്ടെരി ഇല്ലാത്തതിനാല്‍ വെച്ചില്ല, സമയവും അറിഞ്ഞില്ല, ഓരോന്നും പറഞ്ഞു അങ്ങിനെ ഇരുന്നു, പിന്നെ പത്തരക്ക് പോവുന്ന മംഗളയുടെ ചൂളം വിളി കേട്ടപ്പോള്‍ ആണ് നേരം ഒരുപാടായി എന്നറിഞ്ഞത്

അതു ഇജ്ജ്‌ പറഞ്ഞെയു കരെട്റ്റ്‌, ഉജാലേടെ പരസ്യം കേക്കാന്‍ നല്ല രസാണ്. മൂസക്കാക് നാടകം കേട്ടീലെലും ബെണ്ടീല പരസ്യം കേക്കണം, മൂപ്പര് പാടേം ചെയ്യും ഒപ്പം,

അമ്മക്കുള്ളൂരു സാരിക്കും , അച്ച്ചനുള്ളൂരു ഷര്‍ട്ട്‌നും
ഉണ്ണിക്കുല്ലൊരു ഉടുപ്പിനും ഉജാല തന്നെ ഉത്തമം മൂപ്പര് പാടുംബളും ശേലാണ്.

 സൂറത്ത പാടുന്നത് കേള്‍ക്കാനും നല്ല സുഖം ഉണ്ട്. അതും പറഞ്ഞു ദേവിക അങ്ങോട്ട്‌ വന്നു.

ഇതൊക്കെ എന്ത് മോളെ,? ഞമ്മടെ കുട്ടിക്കാലത്ത് എന്തോരം പാട്ടോള് പാടീട്ടുണ്ട് , അന്നൊക്കെ കല്യാണത്തിനു സൂറമോള്‍ടെ പാട്ടെ ബെണ്ടൂ എല്ലാര്‍ക്കും , എല്ലാതും ഇന്നലെ കയിഞ്ഞ മാതിരി, പിന്നെ സൂറമോള്‍ സൂറ ആയി, സൂറ താത്ത ആയി, ഒരു ഉമ്മ ആവാം മാത്രം റബ് വിധി കൂട്ടീല്ല, ദേവികയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ടാവണം സൂറത്ത വിഷയം മാറ്റി,

നമ്മക്ക് ദേവീനെ ഒരു പേര്‍ഷക്കാരനെ കൊണ്ട് കെട്ടിക്കണം, ഓള്‍ടെ മാപ്ല ബാച്ചും, ക്ലോക്കും ഒക്കെ കൊണ്ടതന്നോളും അപ്പൊ പിന്നെ സമയം തെറ്റൂല്ല

സൂറത്താടെ നാവു പൊന്നാവട്ടെ , ഇന്നൊരു കൂട്ടരു വരുന്നുണ്ട് ദേവിയെ കാണാന്‍, ദുബായിലാന്ന പറഞ്ഞത്, എത്ര കാലമായി നോക്കാന്‍ തുടങ്ങീട്ടു, എല്ലാം ഒന്ന് ഒത്തു വരേണ്ടേ ,

ന്റെ ദേവോ , ഇജ്ജോന്നു സമൈനപ്പെട്, ഒള്ക്ക് അയിനു മാത്രന്നും പ്രായം ആയില്ലാന്നു

ദേവികയുടെ മുഖം വല്ലാതായിരുന്നു.  അത് മനസ്സിലായ സൂറ താത്ത അവളെ വിളിച്ചു, അവള്‍ വേലിക്ക്‌ അരികിലേക്ക് ചെന്നു.

ഇന്റെ മോള് വെസമിക്കേണ്ട , കാത്തിരിക്കുന്നോര്‍ക്ക് കനകം കൊടുന്നെരും റബ്

അപ്പോള്‍ വേലിക്ക്‌ അരികിലെ ശീമാക്കൊന്നയില്‍ ഒരു കാക്ക ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു.

സ്വന്തക്കാരെ ബിരുന്നുബിളിക്കണ ശേലിക്കാന് കാക്ക ബിളിക്കനത്, ഇതു നടന്നോളും ദേവോ



എല്ലാം ഉറപ്പിച്ചു വന്നവര്‍ മടങ്ങുമ്പോള്‍ വേലിക്കല്‍ നിന്ന് സൂറത്ത പറഞ്ഞു.

മോളെ,  ഞമ്മള്  കണ്ടക്കിനു അന്റെ ശുജാഹീനെ , അപ്പളും പറഞ്ഞിലെ ഇതു നടക്കുംന്ന് , കാക്കക്ക് തെറ്റൂല്ല .

കാലം കുറെ കടന്നു പോയി, ദേവകിയും വാസുവും, സൂറത്തയും മൂസക്കയും എല്ലാം ഓര്‍മകളായി. ഇന്ന് ദേവിക  ഏറെ സന്തോഷവതിയാണ്, ദേവികയുടെ ഭര്‍ത്താവ് ഏറെ സ്നേഹ സമ്പന്നന്‍, ഒരു മകള്‍ പ്രിയ.

അമ്മെ കാക്ക കരയുന്നുണ്ടല്ലോ , ആരെങ്കിലും വിരുന്നുകാര്‍ വരുമോ?, മുത്തശ്ശി പറയാറില്ലേ കാക്ക വിരുന്നു വിളിക്കുന്നതാനെന്നു. 

അതെല്ലാം പഴയ കഥ , ഇന്ന് ആര് വിരുന്നു വരാന്‍ , എല്ലാവര്ക്കും തിരക്കല്ലേ ? എന്തായാലും കാക്കക്ക് പിഴക്കില്ല എന്ന് ഉറപ്പാണ്, നോക്കാം  

അപ്പോള്‍ പുറത്തു സൈക്കിള്‍ ബെല്‍ കേട്ടു.

അമ്മെ , കാക്കക്ക് തെറ്റിയില്ല, പോസ്റ്റുമാന്‍ മാധവേട്ടന്‍ ആണ്, അച്ഛന്റെ കത്ത് ഉണ്ട്‌


കാലം ആരോടും അനുവാദം വാങ്ങാതെ പിന്നെയും മുന്നോട്ടു കടന്നു പോയി, ഇന്ന് ഈ വീട്ടില്‍ പ്രിയയും കുടുംബവും സന്തോഷമായി കഴിയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കില്‍ ജോലി.
ഒരു മകള്‍ ശ്രീദേവി, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ സ്കൂളില്‍ പോയി. പ്രിയ ഭര്‍ത്താവിനു കൊണ്ട് പോവാനുള്ള ടിഫിന്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നു.

ഇന്നെന്താ ഏട്ടന് ഒരു പ്രത്യേക തിളക്കം, ഈ ഷര്‍ട്ട്‌ നമ്മുടെ വിവാഹ വാര്‍ഷികത്തിന് ഇടാനാനെന്നു പറഞ്ഞു വെച്ചിരുന്നതല്ലേ ? അത് നാളെ അല്ലെ ?

ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്‌, തലപ്പത്തിരിക്കുന്നവര്‍ എല്ലാം എത്തും, ഒന്ന് ഷൈന്‍ ചെയ്യാം എന്ന് വെച്ചു അതും പറഞ്ഞു അയാള്‍ ധൃതിയില്‍ നടന്നു,

ശരി ശരി, ടിഫിന്‍ എടുക്കുന്നില്ലെ ?

എന്റെ പൊന്നെ , ഞാന്‍ ഇന്നലെ പറയാന്‍ മറന്നതാ, ഇന്ന് ഫുഡ്‌ അവിടെ തന്നെയാ , എന്റെ പൊന്ന് പിണങ്ങല്ലേ,

അയാള്‍ അവളുടെ നെറുകയില്‍ ഒരു മുത്തം നല്‍കി.കാര്‍പോര്‍ച് വരെ അവള്‍ അയാളെ അനുഗമിച്ചു. സ്നേഹ സമ്പന്നമായ കുടുംബം. തിരിച്ചു വന്ന അവള്‍ മൊബൈലില്‍ ആര്‍ക്കോ വിളിച്ചു. ഇന്ന് അവളും ഒരുപാടു സന്തോഷത്തില്‍ ആണ്, നാളെ വിവാഹ വാര്‍ഷികം ആണല്ലോ അതുകൊണ്ടാവാം. 


സഹകരണ ബാങ്കും കഴിഞ്ഞു അയാളുടെ കാര്‍ പിന്നെയും മുന്നോട്ടു പോയി. അയാള്‍ മൊബൈല്‍ എടുത്തു. .സൈലന്റ് മോഡില്‍ ആയതിനാല്‍ അറിഞ്ഞില്ല , മൂന്നു മിസ്കാള്‍ ഉണ്ട്. മൂന്നും മാലിനിയുടെ തന്നെ.

എന്റെ പൊന്നെ ഞാന്‍ എത്തി, ഇനി ഒരു അര മണിക്കൂര്‍ ....ഇന്ന് ബാങ്കില്‍ ലീവ് പറഞ്ഞത് തന്നെ നിനക്ക് വേണ്ടിയല്ലേ മാലൂ. നാളത്തെ എന്റെ ഞെട്ടിപ്പിക്കുന്ന ആ ഓര്മ ദിവസത്തില്‍ നിന്നും ഒരു മോചനം.

അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലെ ?

പൊന്നേ അതാണോ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം ? എനിക്ക് ഈ ഭൂമിയില്‍ ആകെ ഉള്ള ഒരു ആശ്വാസം എന്നത് നീയല്ലേ ? ഇന്ന് വൈകീട്ട് ഞാന്‍ ആ പൂതനക്ക് വിളിച്ചു പറയും, ഞാന്‍ അത്യാവശ്യമായി ബംഗ്ലൂരിനു പോവുന്നു, ബോര്‍ഡ്‌ മീറ്റിംഗ് അവിടെയാണ് എന്ന്. പിന്നെ രണ്ടു ദിവസം ഞാനും എന്റെ പൊന്നും മാത്രം

ഇപ്രാവശ്യം ബാന്ഗ്ലൂര് ഒന്ന് മാറ്റി പിടിക്ക് , കഴിഞ്ഞ വെദ്ദിംഗ്ഡേക്കും ഇത് തന്നെയാ പറഞ്ഞത്

നീ പേടിക്കേണ്ട പൊന്നേ, അവള്‍ക്കിതോന്നും മനസ്സിലാവില്ല, കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ചു. എന്നിട്ടോ ഞാന്‍ എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് കൂടുതല്‍ സ്നേഹം, വിഡ്ഢി.

ശരി , മൊബൈല്‍ ഓഫ് ചെയ്തു സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ, ഞാന്‍ കാത്തിരിക്കാം,
ഇന്ന് ഒരുമിച്ചൊരു സിനിമ കാണാന്‍ പോവണം , ഓക്കേ ബൈ  ഉമ്മ



അമ്മെ , ഇന്ന് ക്ലാസ്‌ ഇല്ല,, ഹിന്ദി പഠിപ്പിക്കുന്ന ശശീധരന്‍ മാഷ്‌ മരിച്ചു.

അതും പറഞ്ഞു പെട്ടെന്ന് കയറി വന്ന മകളെ കണ്ടു പ്രിയ ഒന്ന് ഞെട്ടിയോ ? തോന്നിയതാവും. പ്രിയ അടുക്കളയില്‍ തിരക്കിലാണ്. ഇടക്കെപ്പോഴോ വന്നു അവള്‍ മകളെ വിളിച്ചു ചോതിച്ചു.

മോളെ ശ്രീ , ഇവിടെ വെച്ചിരുന്ന മൊബൈല്‍ എവിടെ ?

എന്റെ കയ്യില്‍ ഉണ്ടല്ലോ അമ്മെ , ഞാന്‍ എഫ് എം കേട്ടോണ്ടിരിക്ക്യാ

പ്രിയ അവളുടെ അടുത്തു തന്നെ ഇരുന്നു.

ഈ അമ്മക്ക് അടുക്കളയില്‍ പണിയൊന്നും ഇല്ലേ ഇന്ന് ? ഞാന്‍ ഇതില്‍ ഒരു ഗെയിം കളിക്ക്യാ  

നിന്റെ കയ്യില്‍ മൊബൈല്‍ തന്നെക്കരുതെന്നാ അച്ഛന്‍ പറഞ്ഞിട്ടുള്ളത്‌ , നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കാതെ അകത്ത് പോയി വല്ലതും പഠിക്ക്

ഞാന്‍ നമ്മുടെ വീടിന്റെ കോലായില്‍ അല്ലെ ഇരിക്കുന്നത് ? പിന്നെന്താ ?

നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല, ചിലപ്പോള്‍ അച്ഛന്‍ വിളിക്കും നീ ഫോണ്‍ ഇങ്ങു താ

പ്രിയ ഫോണ്‍ അവളില്‍ നിന്നും പിടിച്ചു വാങ്ങി.

അമ്മെ കാക്ക ഇന്നാരെയാ ഇങ്ങനെ വിരുന്നു വിളിക്കുന്നെ ? നാളെ വെദ്ദിംഗ് ഡേ ആയിട്ട് വിരുന്നുകൊരോക്കെ ഉണ്ടാവുമോ ?

വിരുന്നുകാര്‍, ആര് വരാനാ ? നിന്റെ അച്ഛന്‍ തന്നെ വരുമെന്ന് ഒരുറപ്പും ഇല്ല, കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇന്നും മീറ്റിംഗ് എന്നും പറഞ്ഞാ പോയത്

എന്തായാലും ഇപ്പ്രാവശ്യം ഞാന്‍ ഉണ്ടാവും അമ്മെ , നാളെയും ക്ലാസ്സ്‌ ഇല്ല

കാക്ക വിരുന്നു വിളിച്ചാല്‍ ആരെങ്കിലും വരുമോ അമ്മെ

എന്റെ മുത്തശ്ശി പറഞ്ഞിരുന്നു വരും എന്ന്, എന്നാല്‍ അമ്മ പറഞ്ഞിട്ടുള്ളത്‌ കാക്ക വിരുന്നു വിളിക്കുന്ന അന്നെല്ലാം അച്ഛന്റെ എഴുത്ത് ദുബായില്‍ നിന്നും വന്നിരുന്നു എന്നാ

ശരിക്കും ? ,,,അപ്പോള്‍ എന്റെ അനിയുടെ മെയില്‍ വന്നിട്ടുണ്ടാവും   അതും പറഞ്ഞു അവള്‍ അകത്തേക്ക് ഓടി.

ആരാ ഈ അനി? 

അനിയല്ല അമ്മെ ..ആനി, എന്റെ കൂട്ടുകാരിയാ , മോഡല്‍ എക്സാമിന്റെ ഒരു നോട്ട് മെയില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പ്രിയയുടെ സാരിത്തലപ്പില്‍ തൂങ്ങി.

അമ്മെ ..അമ്മെ ..ഇന്ന് എല്ലാവരും കൂടി സോനയുടെ വീട്ടില്‍ കമ്പയിന്‍ സ്റ്റഡി നടത്താം എന്ന് പറയുന്നു, ഞാനും പോവട്ടെ അമ്മെ ?


ശരി ശരി നേരം ഇരുട്ടുന്നതിനും മുന്‍പേ തിരിച്ചു വന്നേക്കണം

ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ശ്രീദേവിയാണ് , ഇത്ര പെട്ടെന്ന് ഒരു അനുകൂല മറുപടി പ്രതീക്ഷിച്ചില്ല, ഇനി അമ്മയുടെ മനസ്സ് മാറിയാലോ എന്ന് തോന്നിയത് കൊണ്ടാവാം  അവള്‍ പെട്ടെന്ന് ഇറങ്ങി . ഗേറ്റ് കടന്നതും ബാഗില്‍ ആരും കാണാതെ കൊണ്ട് നടക്കുന്ന അവളുടെ
മൊബൈല്‍ എടുത്തു അവള്‍ വിളിച്ചു.

ഡാ ഞാന്‍ ഇറങ്ങി, സിനിമയ്ക്കു പോവാണോ ,തിയ്യേറ്ററില്‍ ആരെങ്കിലും പരിചയക്കാര്‍ ..


കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഒരു വിരുന്നുകാരന്‍ പ്രിയയെ തേടി എത്തി.

പ്രിയക്കുട്ടീ , നീ രണ്ടാമതും മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ ശരിക്കും സങ്കടപ്പെട്ടു, എത്ര നാള്‍ കഴിഞ്ഞ നീ എന്നോട് ഇന്ന് കാണാം എന്ന് പറഞ്ഞത്, എന്നിട്ടപ്പോള്‍ തന്നെ ഇന്ന് വരല്ലേ എന്നും പറഞ്ഞു മെസ്സേജ്.

ഷാനു, ശ്രീമോള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു, നീയെങ്ങാനും അപ്പോള്‍ വന്നിരുന്ണേല്‍ എല്ലാം അവസാനിച്ചെനെ,

ഓക്കേ ഓക്കേ പെട്ടെന്ന് റെഡി ആവാന്‍ നോക്ക്, ഇന്നൊരു ഫിലിം എന്റെ പ്രിയക്കുട്ടിയോടൊപ്പം, ടിക്കറ്റ്‌ എല്ലാം ഓക്കേ ആണ്. വൈകിട്ട് നാല് മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ എത്താം,

സിനിമക്കോ ഞാന്‍ ഇല്ല, ആരെങ്കിലും നമ്മളെ ഒരുമിച്ചു കണ്ടാല്‍. ?

പ്രിയക്കുട്ടീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ സംസാരിക്കല്ലേ, ഞാന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്തിട്ടുണ്ട്, അടുത്തടുത്ത്‌ സീറ്റ്‌ ഓക്കേ? തിയേറ്ററിനു കുറച്ചു മുന്‍പ് ഞാന്‍ നിന്നെ ഇറക്കി വിടും, നീ ആദ്യം പോയി അവിടെ ഇരുന്നിട്ടെ ഞാന്‍ വരൂ.

വിരുന്നുകാരനും വീട്ടുകാരിയും തമ്മില്ലുള്ള ബന്ധം മന്സ്സിലാവാതെയോ എന്തോ ആ കാക്ക പെട്ടെന്ന് പറന്നുപോയി.


ഇന്നും കാക്കകള്‍ വിരുന്നു വിളിക്കുന്നു, വിരുന്നുകാരും അവരുടെ ഉദ്ദേശവും മാറിയത്‌ അറിയാതെ. .

ഇപ്പോള്‍ എനിക്കെന്തോ എല്ലാം കൈവിട്ടു പോവുന്ന പോലെ ഒരു തോന്നല്‍, ഈ വീട്ടിലെ മൂന്നു പേരുടെയും ലക്‌ഷ്യം ഒരു സിനിമ ആവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം എന്റെ കഥാപാത്രങ്ങള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് താല്പര്യമില്ല.

                           -ശുഭം-

ശനിയാഴ്‌ച, ഫെബ്രുവരി 25, 2012

ഒരു പ്രവാസിയുടെ അവധിക്കാലം


ഒരു പ്രവാസിയുടെ അവധിക്കാലം 


" മോനേ ഇന്നാണ് അമ്മക്ക് ചെക്കപ്പിനു പോവേണ്ട ദിവസം , നീ എവിടേക്കാ ഇപ്പോള്‍ പോവുന്നെ ?  " 

ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു മുന്നോട്ട് എടുത്തതെയുള്ളൂ ശ്യാം . അപ്പോള്‍ ആണ് അമ്മയുടെ വാക്കുകള്‍. ഇന്ന് കൂട്ടുകാരുമൊന്നിച്ച് കാസനോവ സിനിമ കാണാന്‍ പ്ലാന്‍ ചെയ്തതാണ്. അതുകൊണ്ടാണ് പതിവിലും നേരത്തെ എഴുന്നേറ്റതും , റെഡി ആയതും . അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും ഒരു മാസത്തെ ലീവിന് നാട്ടില്‍ വരുന്ന  ഞാന്‍ ഇത്ര നേരത്തെ എഴുന്നെല്‍ക്കില്ലല്ലോ . നിഷാദ് ടിക്കറ്റ്‌ എല്ലാം ഓക്കേ ആണെന്ന് പറഞ്ഞതാണ്. അവര്‍ ഇപ്പോള്‍ എന്നെയും കാത്തു ഇരിക്കുന്നുണ്ടാവും. ഇനി ഇപ്പോള്‍ എന്താ ചെയ്യുക ? ഓരോന്നും ചിന്തിച്ചു നില്കവേ അമ്മയുടെ അടുത്ത വാക്കുകള്‍. 


" നീ നേരത്തെ കുളിച്ച് ഒരുങ്ങുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ പോവാന്‍ ആണെന്ന ഞാന്‍ കരുതിയത്‌. "

" അമ്മേ നാളെ പോയാല്‍ മതിയോ ? " 

" നിനക്ക് വേറെ വല്ല പരിപാടിയും ഉണ്ടെങ്കില്‍ ഞാന്‍ അച്ഛനെയും കൂട്ടി പോവാം " 

അമ്മയുടെ മുഖം ചെറുതായി മങ്ങിയോ? അമ്മക്ക് അവനെ  ഒരുപാട് ഇഷ്ടമാണ് , അവന്റെ കൂടെ ബൈക്കില്‍ പോവാനും മറ്റും ഭയങ്കര താല്പര്യം ആണ്. വേറെ ആരെങ്കിലും , എന്തിനു അച്ഛന്‍ തന്നെ വിളിച്ചാലും അവര്‍ പോവില്ല. പേടിയാണെന്ന് പറയും. അതുപോലെ തന്നെയാണ് അവനും . അമ്മ എന്നാല്‍ ജീവനാണ്. പക്ഷെ ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സാഹചര്യം വന്നത് കൊണ്ടാണ്  അമ്മയോട് ചോദിച്ചത്. അമ്മ അച്ഛനുമായി പോവാം എന്നും സമ്മതിച്ചു, അവന്‍ ബൈക്കും എടുത്തു പോയി. പക്ഷെ കുറച്ചു ദൂരം ചെന്നപ്പോള്‍ എന്തോ .ശ്യാം മൊബൈല്‍ എടുത്തു നിഷാദിന് വിളിച്ചു. 

" നിഷാദ് , എനിക്ക് ഇന്ന് അമ്മയുമായി ഹോസ്പിറ്റലില്‍ പോവണം. നീ ഒരു കാര്യം ചെയ്യ് നിങ്ങള്‍ മൂന്ന് പേരും , പിന്നെ വേറെ ഏതെങ്കിലും ഫ്രെണ്ടിനെയും കൂട്ടിക്കോ ..പോയി സിനിമ കണ്ടോ . നല്ല പടമാണോ എന്ന് നോക്ക്. എന്നിട്ട് നമുക്കെല്ലാവര്‍ക്കും കൂടി ഒരു വട്ടം കൂടി കാണാം ഓക്കേ ? " 

 ഫോണ്‍ കട്ട്‌ ചെയ്തു വീട്ടിലേക്കു വിളിച്ചു.അമ്മയോട് തയ്യാറാവാന്‍ പറഞ്ഞു. 

********************************


നല്ല തിരക്കായിരുന്നു. എഴുപതാണ് നമ്പര്‍ കിട്ടിയത്. ഫോണ്‍ ബൂകിംഗ് ഇല്ലാത്തത് ബുദ്ദിമുട്ടായി. അവന്‍   അമ്മക്കടുത്തായി ഇരുന്നു.  അടുത്തു വേറെ ഒരു പ്രായം ചെന്ന ഒരു മനുഷ്യന്‍ ഇരിക്കുന്നു. അയാളുടെ   മകളാണെന്ന് തോന്നുന്നു കൂടെ ഉള്ളത്. 

" അച്ഛനെ ഒന്ന് നോക്കിക്കോണേ, ഞാന്‍ കാന്റീനില്‍ പോയി ഒരു ചായ വാങ്ങിയിട്ട് വരാം. കാലത്ത് വന്നതാ 
ഷുഗര്‍ നോക്കാന്‍ ഉള്ളത് കൊണ്ട് ഒന്നും കഴിച്ചിട്ടില്ല അച്ഛന്‍. " അതും പറഞ്ഞു ആ സ്ത്രീ പോയി.


ആ മനുഷ്യന്‍ പക്ഷെ അതൊന്നും അറിയുന്നില്ല. അയാള്‍ ഇടയ്ക്കിടയ്ക്ക് അവന്റെ ദേഹത്തേക്ക് ചാഞ്ഞു കൊണ്ടിരുന്നു,  വല്ലാതെ ദേഷ്യം വരുന്നുണ്ട്. ഒന്നാമത് സിനിമ കാണാന്‍ പറ്റാത്തതിന്റെ ഈർഷ. അതിലുപരി കുന്നംകുളത്ത് പഠിച്ചിരുന്ന സമയത്ത് ലാലെട്ടെന്റെ പടം റിലീസ് ദിവസം തന്നെ കണ്ടാലേ സമാധാനം ഉണ്ടായിരുന്നുള്ളൂ. ഗള്‍ഫില്‍ പോയതില്‍ പിന്നെ ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഒരു റിലീസ് കയ്യില്‍ കിട്ടിയത്. അതാണിപ്പോള്‍ മിസ്സായത്.  

ഞാന്‍  അവിടെ നിന്നും എണീറ്റ്‌ പുറത്തു ഗേറ്റില്‍ പോയി നിന്നു.അപ്പോള്‍ അങ്ങോട്ട്‌ ഒരു ലെക്ഷ്വറി കാര്‍ വന്നു. 
Audi  S5 . കാര്‍ കണ്ടപ്പോള്‍ തന്നെ കണ്ണ് മഞ്ഞളിച്ചു പോയി. ഈ മലയാളികളുടെ ഒരു കാര്യം എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും അതില്‍ വന്ന ആളെ ഒന്ന് കാണാന്‍ ആഗ്രഹം തോന്നി. ആളെ കണ്ടതും നല്ല പരിചയം .എവിടെയാണ് മുന്‍പ് കണ്ടിട്ടുള്ളത് എന്ന് മാത്രം ഓര്‍മയില്ല. അയാളുടെ കൂടെ അയാളുടെ അമ്മയാവണം
ഏറെ പ്രായം ചെന്ന അവരെ വളരെ ശ്രദ്ധയോടെ അയാള്‍ താങ്ങി കൊണ്ട് വരുന്നു. അയാളുടെ
ഷര്‍ട്ടില്‍ എല്ലാം ചുവന്ന പാടുണ്ട്. വെറ്റില  മുരുക്കലിന്റെ  കറയാണ്‌ എന്ന് അടുത്തെത്തിയപ്പോള്‍ മനസ്സിലായി. 

ഒരു ഞൊടി അയാള്‍ അവനെ  നോക്കി " ഹാ ശ്യാം ...ഹൌ ആര്‍ യു ? എന്ന് നാട്ടില്‍ എത്തി?  " 
എന്ന് ചോദിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 

" ശ്യാമിന് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു  ?ഞാന്‍ ഇതാ വരുന്നു അമ്മയെ ചെക്കപ്പിനു കൊണ്ട് വന്നതാണ്‌  "  എന്നും പറഞ്ഞു അയാള്‍ പോയി. പക്ഷെ അപ്പോഴും ആളെ പിടികിട്ടിയില്ല. 

പക്ഷെ അവിടെയുള്ള മറ്റു പലരും അപ്പോള്‍ തന്നെ നോക്കുന്നത് കണ്ട ശ്യാമിന് അല്പം ഗമ വന്നോ ? 

" ശ്യാം , ഞാന്‍ ജോര്‍ജ് മാത്യു ...ലാസ്റ്റ് ഇയര്‍ താനും തന്റെ ബോസ്സും വന്നു എന്റെ കയ്യില്‍ നിന്നും ഒരു കാര്‍ വാങ്ങിയത് ഓര്‍ക്കുന്നുണ്ടോ ? " 

" മിഡില്‍ ഈസ്റ്റ് മോട്ടോര്‍സ് ..? " 

" താങ്ക് ഗോഡ് ..." 

" എന്നെ എങ്ങിനെ.. ഇവിടെ കണ്ടപ്പോള്‍ ഓർമ്മ വന്നു.,?" 

" ഒരു കാര്‍ കമ്പനിയില്‍ ജീ എം ആയ ഞാന്‍ എന്റെ പാര്‍ട്ടികളെ എങ്ങിനെ മറക്കും ? അത് മാത്രമല്ല യാസിര്‍ അഹ്മദ് വളരെ വിലയേറിയ ഒരു കസ്റ്റമർ  ആണ്. അയാളുമായി ബന്ധപ്പെട്ട ആരെയും ഞാന്‍ മറക്കില്ല.  " 

" ഞാന്‍ പിന്നെ ഒരിക്കല്‍ വന്നിരുന്നു , അന്ന് താങ്കള്‍ നാട്ടില്‍ ആണെന്ന് പറഞ്ഞു, " 


" എല്ലാ മാസവും അഞ്ചിനു ഞാന്‍ നാട്ടില്‍ എത്തും, അമ്മച്ചിക്ക് ചെക്കപ്പിനു വരണം എങ്കില്‍ കൂടെ ഞാന്‍ വേണം " 

" എല്ലാ മാസവും ഈ ഒരു കാര്യത്തിന് വേണ്ടി ഇവിടെ വരുമോ? "

" ഈ പ്രായത്തില്‍ അവര്‍ കൊച്ചു കുട്ടികളെ പോലെ ആണ്, നമ്മള്‍ക്ക് വേണ്ടി അവര്‍ എത്ര കഷ്ടപ്പെട്ടുവോ അതിനെല്ലാം അവര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ നമുക്ക് കിട്ടുന്നത് ഈ സമയം മാത്രമാണ് , പിന്നീട് ഓര്‍ത്ത്‌ ദു: ഖിക്കാന്‍ ഇട വരരുത് . അതാണ്‌ എന്റെ പോളിസി. ഞാന്‍ അമ്മച്ചിയെ ആദ്യം നിര്‍ബന്ധിക്കുമായിരുന്നുഎന്റെ കൂടെ ദുബായില്‍ വന്നു നില്ക്കാന്‍. എല്ലാ സൌകര്യങ്ങളും ഉണ്ടല്ലോ അവിടെ. പക്ഷെ അപ്പന്‍ മരിച്ച ഈ വീട്ടില്‍ കിടന്നെ ഞാനും മരിക്കൂ എന്ന് മാത്രം മറുപടി പറയും. ഭാര്യയെയും കുട്ടികളെയും ഇവിടെ നാട്ടില്‍ നിര്‍ത്തേണ്ടി വരുന്നതില്‍ ആദ്യം എനിക്കും വിഷമം ഉണ്ടായിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാന്‍ ഗള്‍ഫ്‌ ആണ് നല്ലതെന്ന് ഞാന്‍ വിശ്വസിച്ചു.
പക്ഷെ അതൊന്നും അല്ല ജീവിതം എന്ന് പിന്നെ എനിക്ക് മനസ്സിലായി. നമ്മുടെ മക്കള്‍ ബന്ധങ്ങളുടെ വില അറിയണം എങ്കില്‍ നമ്മുടെ മാതാപിതാകളുടെ കൂടെ കഴിയണം. അതില്ലാത്തതിന്റെ ഫലം അനുഭവിക്കുന്ന
ഒരുപാട് പേരെ എനിക്കറിയാം. നിനക്ക് ബോറടിക്കുന്നുണ്ടോ ശ്യാം ? , ഞാന്‍ അങ്ങിനെയാണ് എന്തെങ്കിലും ഒരു കാര്യം പറയാന്‍ തുടങ്ങിയാല്‍ അങ്ങിനെ പറഞ്ഞു പോവും ..നിര്‍ത്തില്ല "

" ഇല്ല സര്‍, ഞാന്‍ ചിന്തിക്കുകയായിരുന്നു...സര്‍ ആ കാറില്‍ വന്നിറങ്ങിയപ്പോള്‍ ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത്. "

" , സര്‍ വിളി വേണ്ട, ശരി അത് വിട്, ശ്യാം എന്താ ഇവിടെ ? ആരെ കൊണ്ട് വന്നതാ ? "

" ഞാനും അമ്മയെ കൊണ്ട് വന്നതാണ് ."

" അത് ശരി ..അപ്പോള്‍ നല്ല ഒരാള്‍ക്കാണ്  ഞാന്‍ വെറുതെ ക്ലാസ് എടുത്തത്. "

" വെറുതെ അല്ല, ഒരുപാട് കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞു. "

" ഓക്കേ ശ്യാം ..വീണ്ടും കാണാം, അമ്മച്ചി എന്നെ തിരക്കും "

അയാള്‍ പോവുന്നതും നോക്കി ശ്യാം അവിടെ തന്നെ നിന്നു. വളരെ ലളിതാമായ ഒരു ജീവിതം , ഈ ആഡംബര കാറും മറ്റും അല്ല ..അതിനുള്ളില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ട്., അതാണ്‌ അയാളിലെ മഹത്വം. പെട്ടെന്ന് അമ്മയെ ഓര്മ വന്നു. അമ്മയുടെ അടുത്തേക് നടന്നു. എന്തോ ഓര്‍ത്തിരിക്കുന്ന അമ്മയുടെ അടുത്തു ചെന്ന് പതുക്കെ അവരുടെ കൈകള്‍ എടുത്തു മടിയില്‍ വച്ചു. തൊലിയിലെല്ലാം ചുളിവു വീഴാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിരലുകളില്‍ പിടിച്ചാണ് ഞാന്‍ പിച്ച വച്ചത്. വീഴ്ചകളില്‍ തനിക്കു താങ്ങായി നിന്നിരുന്ന അമ്മയുടെ കൈകള്‍.  ഇപ്പോള്‍ അമ്മക്ക് താങ്ങായി എന്റെ കൈ വേണം . പക്ഷെ ഞാന്‍ എന്തെ അത് മറന്നു.

" എന്തെടാ മുഖം വല്ലാതിരിക്കുന്നത് ? "
" ഒന്നുമില്ല അമ്മെ ?  "
" ഞാന്‍ പറഞ്ഞതല്ലേ അച്ഛനെ കൂട്ടി വന്നോളം എന്ന്, "
" അതൊന്നും അല്ല അമ്മെ ..വെറുതെ ഓരോന്ന് ഓര്‍ത്ത്‌ പോയതാ "
" എന്താ അതിനുമാത്രം ഇപ്പോള്‍ ഓര്‍ക്കാന്‍ , ഇങ്ങു വന്നതല്ലെയുള്ളൂ, അപ്പോഴേക്കും തിരിച്ചു പോവാനുള്ള കാര്യം ആണോ ഓര്‍ക്കുന്നത് ? " അപ്പോള്‍ നേഴ്സ് അവരുടെ നമ്പര്‍ വിളിച്ചു.

********************
തിരിച്ചു പോരുമ്പോള്‍ അവന്റെ മനസ്സില്‍  ഒരു പ്രാര്‍ത്ഥന മാത്രം ആയിരുന്നു.

" അമ്മക്ക് ദീര്‍ഗായുസ്സു നല്‍കണേ, സ്നേഹിച്ചു കൊതി തീര്‍ന്നിട്ടില്ല എന്റെ അമ്മയെ "

********************  
 " മോനെ ശ്യാമേ നീ പെട്ടെന്നൊന്നു വരണം, ഇക്കാക്ക്‌ തീരെ വയ്യാതായിരിക്കുന്നു.  "
ശ്യാം ഞെട്ടി എഴുന്നേറ്റു. അപ്പോള്‍ ക്ലോക്കില്‍ സമയം നാല് അടിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. ജബ്ബാര്‍ക്കയെ സ്വപ്നം കണ്ടിരിക്കുന്നു. എന്തൊരു പേക്കോലം . കഴിഞ്ഞ ലീവിന് വന്നപ്പോള്‍ പോയിക്കാണാന്‍ പറ്റിയില്ല. പക്ഷെ ഇപ്രാവശ്യം എന്തായാലും കാണാന്‍ തീരുമാനിച്ചതാണ്. അതിനു മുന്‍പത്തെ പ്രാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മകന്റെ കല്യാണം ആയിരുന്നു. എന്തായാലും നേരം വെളുക്കട്ടെ. പോയി കാണണം. അവന്‍ വീണ്ടും കിടന്നു. കണ്ണടച്ചാല്‍ പക്ഷെ ജബ്ബാര്‍ക്കാടെ ക്ഷീണിച്ച മുഖം. ആകെ മുഷിഞ്ഞ വസ്ത്രങ്ങള്‍. എന്താ ഇങ്ങനെ കാണാന്‍. കോട്ടക്കല്‍ ചെന്ന് വോള്‍വോ ജബ്ബാറിനെ പറ്റി ചോദിച്ചാല്‍ അറിയാം അദ്ദേഹത്തിനു ആ നാട്ടില്‍ ഉള്ള  നിലയും വിലയും. ഇനി എന്തെങ്കിലും അസുഖം വന്നു കിടക്കുകയാവുമോ? ഇനി കിടന്നിട്ടു കാര്യമില്ല . അവന്‍ എഴുന്നേറ്റു പുറത്തു വന്നിരുന്നു.

 ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട് ജബ്ബാര്‍ക്കയെ പറ്റി. അച്ഛന്റെ അസുഖം കൂടുതലായപ്പോള്‍ വീട് പണയപ്പെടുത്തി. വരുമാനം ഇല്ലാതെ വന്നപ്പോള്‍ പഠനം മുടങ്ങി. ആരും സഹായിക്കാന്‍ ഉണ്ടായിരുന്നില്ല." ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു വിസിറ്റ് വിസ ഒപ്പിച്ചു തരാം. അവിടെ ചെന്നിട്ടു കാശൊക്കെ ആവുമ്പോള്‍ എന്റെ കാശ് തിരിച്ചു തന്നാല്‍ മതി." എന്ന് ട്രാവെല്‍സ് മണിയേട്ടന്‍ പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ഓര്‍ത്തില്ല. ഷാര്‍ജയില്‍ കൂടെ പഠിച്ചിരുന്ന ഒന്ന് രണ്ടു കൂട്ടുകാര്‍ ഉണ്ട് . അവരുടെ വീടുകളില്‍ പോയി നമ്പര്‍ വാങ്ങിച്ചു. യാത്ര പറയാന്‍ പോയപ്പോള്‍ കുറെ സാധനങ്ങളും തന്നു വിട്ടു. ടിക്കെട്ടും വിസയും കൊണ്ട് മണിയേട്ടന്‍ വീട്ടില്‍ വന്നു. ആദ്യമായി ദിര്‍ഹംസ് തന്നത് മണിയേട്ടന്‍ തന്നെയാണ്, ആയിരം ദിര്‍ഹം ഉണ്ട് , എല്ലാം സൂക്ഷിച്ചു ചിലവാക്കണം തുടങ്ങി ഒരുപാട് ഉപദേശങ്ങള്‍ തന്നു. സ്വന്തം ഏട്ടന്‍ തന്നെയായിരുന്നു അദ്ദേഹം.

അങ്ങിനെ ഒരുപാട് മോഹങ്ങളുമായി ഷാര്‍ജയില്‍ എത്തി. ഒരു വെള്ളിയാഴ്ചയായിരുന്നു അത്. എയര്‍പോര്‍ട്ടില്‍ എത്തിയ ഉടനെ ഒരു സഹോദരന്റെ മൊബൈലില്‍ നിന്നും സജീഷിനെ വിളിച്ചു. ഏറ്റവും അടുത്ത സുഹൃത്ത് അവനാണല്ലോ. പക്ഷെ അവന്‍ ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞു പെട്ടെന്ന് ഫോണ്‍ വെച്ചു. ഇനിയുള്ളത് ഷാജി ആണ്, അവനു സ്വന്തം കാര്‍ എല്ലാം ഉണ്ട്, ഒരു കാള്‍ കൂടി വിളിക്കാന്‍ സമ്മതം ചോദിച്ചു. അവന്‍ ഫോണ്‍ എടുതുപോലുമില്ല.
ഞാന്‍ ഫോണ്‍ തിരിച്ചു കൊടുത്തു.

" ഇവിടെ ആദ്യമായിട്ടാണോ ? "
" അതെ "
" ആരാ വരാം എന്ന് പറഞ്ഞത് ? "
" ആരും വരില്ല, വിളിച്ചാല്‍ വരും എന്ന് കരുതിയ രണ്ടു പേര്‍ക്കാണ് വിളിച്ചത്, അവരും വരില്ല  "
" ശരി , എന്റെ ഫ്രണ്ട് വരും, ഞാന്‍ കൊണ്ട് വിടാം , എവിടെക്കാണ്‌ പോവേണ്ടത് ? "
" അതും അറിയില്ല, വിസിറ്റ് വിസയാണ്, ഒരു പണി അന്നെഷിക്കണം , അടുത്തുള്ള ഏതെങ്കിലും ..വാടകയ്ക്ക് റൂമൊക്കെ കിട്ടുന്ന ...അവിടെ വിട്ടാല്‍ മതി. " ധൈര്യം എല്ലാം ചോര്‍ന്നു പോയിക്കൊണ്ടിരുന്നു, വാകുകള്‍ക്ക് പുറത്തേക്ക് വരാന്‍ പോലും വിഷമം.
" പോന്നു ഭായ് ..ഇത് നാടല്ല, വാടകയ്ക്ക് റൂമൊക്കെ കിട്ടാന്‍, പിന്നെ കിട്ടും റൂം , ഹോട്ടെലുകളില്‍, ഒരു ദിവസം റൂമിന് മാത്രം വാടക നാനൂറും അഞ്ഞൂറും ദിര്‍ഹംസ് വരും , ഹാ ,,, ഇനി കയ്യില്‍ ദിര്‍ഹം വല്ലതും ഉണ്ടോ ?, നമ്മള് പോണു ഭായ്, ആവശ്യത്തിനു ടെന്‍ഷന്‍ ഇപ്പോള്‍ തന്നെയുണ്ട്, കല്യാണം കഴിഞ്ഞു പതിമൂന്നാം ദിവസം ആണ് ഇന്ന്, ഞാന്‍ ഇവിടെയും അവള്‍ അവിടെയും , ഭായ് ടെന്‍ഷന്‍ അടിക്കേണ്ട ഇവിടുന്നു ഭക്ഷണത്തിനു വകയുണ്ടാക്കാം എന്ന യോഗം ഉണ്ടേല്‍ താനേ രക്ഷപ്പെട്ടോളും" അതും പറഞ്ഞു അയാള്‍ പോയി. കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു. പിന്നെ നേരെ നടന്നു. ബസ്‌ കാണുന്നുണ്ട്, ടാക്സിയും കാണുന്നുണ്ട്, ടാക്സി പിടിച്ചു. പുറത്തേക്കുള്ള വഴിയില്‍ അയാള്‍ ചോദിച്ചു.
" എങ്ങോട്ടാ മാഷേ ?" അത് കേട്ടതും ഒരു മഴ പെയ്തു തീര്‍ന്ന സുഖം .
" മലയാളിയാ അല്ലെ ? "
" നമ്മള്‍ ഇല്ലാത്ത ലോകം ഉണ്ടോ മാഷേ " ശരിയാ മണിയേട്ടന്‍ പറഞ്ഞതോര്‍ക്കുന്നു. എവിടെ ചെന്നാലും നമ്മുടെ ആളുകള്‍ ഉണ്ടാവും. ബസ്‌ , ടാക്സി, ഹോട്ടല്‍, എന്ന് വേണ്ട ജയിലില്‍ പോയാലും നമ്മുടെ ആളുകള്‍ തന്നെ കൂടുതല്‍. അതുകൊണ്ട് നീ പേടിക്കേണ്ട കാര്യം ഒന്നും ഇല്ല.
 " അല്ല എവിടെക്കാനെന്നു പറഞ്ഞില്ല ?"
" സിറ്റിയിലേക്ക് വിട്ടോ "
" എവിടെ ..ന്യൂയോര്‍ക്ക് സിറ്റി ആണോ അതോ ..? "
" അത് പിന്നെ ...ഏത അടുത്തു ..അവിടേക്ക് വിട്ടോ "
" ഹി ഹി ഹി ആദ്യായിട്ടാണ്‌ അല്ലെ ? "
" അതെ  , ഒരു റൂം കിട്ടാന്‍ സഹായിക്കണം , ഇവിടെ എനിക്ക് ചേട്ടന്‍ അല്ലാതെ വേറെ പരിചയക്കാര്‍ ഒന്നും ഇല്ല "
" എന്നാല്‍ ചേട്ടന്റെ അടുത്തേക്ക്‌ പോവാം , ചേട്ടന്‍ എവിടെ ? "
" ഈ ചേട്ടനെയാണ് ഉദ്ദേശിച്ചത് " അയാളെ ചൂണ്ടി പറഞ്ഞു.
" അതിനു നമ്മള്‍ എന്നാ പരിചയക്കാര്‍ ആയതു ? "
" ഞാന്‍ ഷാര്‍ജയില്‍ വന്ന അന്ന് തന്നെ ചേട്ടനെ പരിചയപ്പെട്ടതല്ലേ "
" നീ ആള് കൊള്ളാം , നീ ഇവിടെ ജീവിച്ചു പോവും ഉറപ്പാ " അതുകേട്ടപ്പോള്‍ ഒരു ധൈര്യം വന്നു.
" ഇവിടെ റൂമിനെല്ലാം ഭയങ്കര  വാടകയാണ് , റൂം എന്ന് ആരും പറയില്ല, ബെഡ് സ്പൈസ് ആണ്. തല്‍കാലം ഞാന്‍ ഒരു റൂം ശരിയാക്കിത്തരാം, റൂം ഓക്കേ ആയാല്‍ പിന്നെ ജോലി വേണം എന്നും പറഞ്ഞു വരരുത്. പിന്നെ  വാടക അത് പണി ഉണ്ടെങ്കിലും ഇല്ലെങ്കിലും കൃത്യമായി തരണം, റൂം നമ്മുടെ തന്നെയാണേ "  

***************
കുറച്ചു കൂടി ദൂരം പിന്നിട്ടപ്പോള്‍ ഒരു പഴയ ബില്ടിങ്ങിനു മുന്നില്‍ കാര്‍ നിന്നു. ഡോര്‍ തുറക്കാന്‍ തുനിഞ്ഞതും അയാള്‍ പറഞ്ഞു നാല്പതു ദിര്‍ഹംസ്. ഞാന്‍ അത് കൊടുത്തു. റൂം കണ്ടു . ഡബിള്‍ കട്ടില്‍ നാലെണ്ണം. അപ്പോള്‍ മൊത്തം എട്ടു പേര് കാണും. അല്ല ഏഴുപേര്. ഞാനും കൂടി എട്ടുപേര്.

" ഇവിടെ എല്ലാവരും എഴുന്നൂറ് ദിര്‍ഹം വച്ചാണ് തരുന്നത്, നീ അഞ്ഞൂറ് തന്നാല്‍ മതി, അതിനു രണ്ടു കാരണം ഉണ്ട്, ഒന്ന് നിനക്ക് ജോലി ഇല്ല, രണ്ടാമത്തേത് നീ നിലത്താണ് കിടക്കുന്നത്. ഇപ്പോള്‍ ഇവിടെ എട്ടുപേര് ഉണ്ട്. "

ഞാന്‍ നിലത്തേക്കു നോക്കി, ഒന്ന് രണ്ടു കൂറകള്‍ ചുമ്മാ കറങ്ങിത്തിരിഞ്ഞു നടക്കുന്നു. ഇനിമുതല്‍ അവര്‍ എന്റെമേല്‍  കസര്‍ത്ത് നടത്തും. സാരമില്ല, എന്തായാലും തലചായ്ക്കാന്‍ ഒരിടം ആയല്ലോ.

" എന്താ ആലോചിച്ചു നില്‍ക്കുന്നത്, തല്‍കാലം ഈ ചാവി നീ വെച്ചോ, താഴെ ഒരു കാഫ്തീരിയ ഉണ്ട്, അവിടെ ചെന്ന് ഫുഡ്‌ കഴിച്ചോ, പൈസ ഉണ്ടല്ലോ അല്ലേ ? , വാടക മാറ്റി വെക്കണേ  "  അതും പറഞ്ഞു അയാള്‍ പോയി.

ഭക്ഷണം കഴിക്കാന്‍ താഴെ ചെന്നപ്പോള്‍ ആണ് വീട്ടിലേക്കു വിളിച്ചില്ലല്ലോ എന്നോര്‍ത്തത്. എങ്ങിനെ വിളിക്കും ഇനി നാട്ടിലെ പോലെ ഇവിടെ ബൂത്ത്‌ ഒന്നും ഇല്ലെങ്കിലോ ?  ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ എല്ലാവരും മലയാളികള്‍ .കണ്ണൂരുള്ള ഒരു സൈതാലിക്കയാണ് മുതലാളി. പിന്നെ നസീര്‍, നൌഫല്‍. എല്ലാവരും കണ്ണൂര് തന്നെ. എല്ലാവരെയും പരിചയപ്പെട്ടു. അവിടുന്ന് തന്നെ ഫോണ്‍ കാര്‍ഡും വാങ്ങി. സൈതാലിക്ക കാണിച്ചു തന്നു എങ്ങിനെ വിളിക്കണം എന്ന്. വീട്ടില്‍ അന്ന് ഫോണ്‍ ഇല്ല. മണിയെട്ടന്റെ വീട്ടില്‍ വിളിച്ചു, അഞ്ചു മിനുറ്റ് കഴിഞ്ഞു വീണ്ടും വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വിങ്ങല്‍ അനുഭവപ്പെട്ടു. കടിച്ചു പിടിച്ചു സംസാരിച്ചു. ഞാന്‍ കരഞ്ഞാല്‍ അമ്മ കരയും. എനിക്കറിയാമായിരുന്നു ഇത് തന്നെ ചിന്തിച്ചു അമ്മയും കരയാതിരിക്കുന്നതാണ്. അച്ഛന് നടക്കാന്‍ ബുദ്ടിമുട്ടുണ്ടായിരുന്നതിനാല്‍ വന്നില്ല. അച്ഛനെ പ്രത്യേകം ശ്രദ്ദിക്കാന്‍ പറഞ്ഞു. ഇനി പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. സൈതാലിക്കയോട് പറഞ്ഞു നേരെ റൂമില്‍ പോയി. കുറെ നേരം കരഞ്ഞു. പിന്നെ ഒന്ന് കുളിക്കാം എന്ന് വച്ചു. ആദ്യത്തെ കുളി. ഒരിക്കലും മറക്കില്ല ആ സുഖം.
ബാത്രൂമില്‍ ചെന്നപ്പോള്‍ കുറെ പെയിന്റ് ടിന്നുകള്‍ .എല്ലാറ്റിലും നിറയെ വെള്ളം .ചിലപ്പോള്‍ കര്നെറ്റ് പോവുമായിരിക്കും അത് കൊണ്ട് പിടിച്ചു വെച്ചതാവും എന്ന് കരുതി. ഷവര്‍  തുറന്നപ്പോള്‍ വെള്ളം വരുന്നുണ്ട്. കൈ വെച്ച് , തണുപ്പും ഇല്ല ചൂടും ഇല്ല. പിന്നെ ലുങ്കി മാറ്റി തോര്‍ത്തും ഉടുത്തു നേരെ ഷവറിനു താഴെ ചെന്ന് നിന്നു.
ദൈവത്തെ ഇത്രയും ഉറക്കെ ഞാന്‍ മുന്‍പ് വിളിച്ചിട്ടില്ല. ദൈവം പോലും ചിലപ്പോള്‍ ഞെട്ടിപ്പോയിരിക്കും. ശരീരത്തിലെ തോല് മൊത്തം അടര്‍ന്നു പോയിട്ടുണ്ടാവും എന്ന് കരുതി. എ മുതല്‍ ഇസഡ് വരെ പൊള്ളിപ്പോയി.
അന്ന് രാത്രിയില്‍ ആണ് ആദ്യമായി ജബ്ബാര്‍ക്കയെ കാണുന്നത്. ആദ്യ ദിവസം തന്നെ ആളെ ഒരുപാട് ഇഷ്ടപ്പെട്ടു. "സാധാരണ എല്ലാ വെള്ളിയാഴ്ചകളിലും എല്ലാവരും റൂമില്‍ തന്നെ ഉണ്ടാവാറുണ്ട്. ഇന്നലെ  എല്ലാവരും പല വഴിക്ക് പോയി. കൂട്ടുകാരും കുടുംബക്കാരുമായി ഒരു ദിവസം" . അദ്ദേഹം പറഞ്ഞു.രാത്രിയില്‍ അദ്ദേഹത്തോടോപ്പംപോയി ഭക്ഷണം കഴിച്ചു. ആളും ഡ്രൈവര്‍ ആണ്. ഒരു സിറിയന്‍ കമ്പനിയില്‍ .എനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു പണിയുടെ കാര്യത്തില്‍. പക്ഷെ ആള് ധൈര്യം തന്നു. ജോലി ചെയ്യാന്‍ ഒരു മനസ്സുണ്ടെങ്കില്‍ ഇവിടെ ജോലിയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചോദിച്ചു. നാളെ കാലത്ത് നേരത്തെ എഴുന്നെല്‍ക്കണം. ആറു മണിക്ക് മുന്‍പേ എല്ലാവരും പോവും. അതുകഴിഞ്ഞിട്ട് ബാത്രൂമില്‍ കയറിയാല്‍ മതി. എട്ടുമണിക്ക് ഞാന്‍ വരും. നമുക്കൊരു സ്ഥലം വരെ പോവണം എന്നൊക്കെ പറഞ്ഞു.ഒരു പുതിയ ജീവിത രീതി തുടങ്ങുന്നതിലെക്കുള്ള ഉപദേശങ്ങള്‍. പിറ്റേന്ന് ജബ്ബാര്‍ക്കയുടെ കൂടെ എമിരേറ്റ്സ് വോള്‍വോ എന്ന കമ്പനിയില്‍ ചെന്നു.ജബ്ബാര്‍ക്ക കൊണ്ട് വന്നതല്ലേ  ഇന്റെവ്യൂ ഒന്നും വേണ്ട എന്ന് പറഞ്ഞു. അപ്പോള്‍ ആണ് ജബ്ബര്‍ക്കയും അവിടെയാണ് ജോലി ചെയ്യുന്നത് എന്ന് മനസ്സിലായത്‌. ഒരു സിറിയന്‍ കമ്പനി. ബോസ്സ് വളരെ നല്ല മനുഷ്യന്‍ ആണെന്ന് ജബ്ബാര്‍ക്ക പറഞ്ഞു. അങ്ങിനെ ഒരു ജോലി എന്ന കടമ്പ കടന്നു.

********************************
ഞാനും കൂടെ വന്നതോടെ കമ്പനി റൂം തന്നു . എനിക്കും ജബ്ബാര്‍ക്കക്കും. നീ ഭാഗ്യം ഉള്ളവനാട എന്ന് ജബ്ബാര്‍ക്ക പറഞ്ഞു. വളരെ രസകരമായിരുന്നു പിന്നീട് ജീവിതം. ജബ്ബാര്‍ക്കക്ക് രണ്ടു ആണ്‍കുട്ടികള്‍ ആണ്. അതും ഇരട്ടകള്‍. ഇരുപത്തിയഞ്ചു വയസ്സ് രണ്ടുപേര്‍ക്കും. പക്ഷെ ഒരാളുടെ ഒരുകാലിനു സ്വാധീനം ഇല്ല എന്ന് പറഞ്ഞു. ജനിച്ചപ്പോള്‍ തൊട്ടേ അങ്ങിനെ ആണ്. പൂര്‍ണമായും ചലന ശേഷി ഇല്ല. ആ ഒരു കാര്യത്തില്‍ മാത്രം അദ്ദേഹത്തിനു നല്ല വിഷമം ഉണ്ട്. പക്ഷെ രണ്ടു പേരും നല്ല സ്നേഹത്തിലാണ്. ഹസ്സന്‍ ആണ് ചേട്ടന്‍, ഹുസൈന്‍ അനിയന്‍. അവനാണ് വയ്യാത്തതും.അനിയന് ഒരു കല്യാണം ഒത്തു വന്നാലെ ഞാന്‍ കഴിക്കൂ എന്നാണു ചേട്ടന്റെ വാദം. ചേട്ടന്‍ പഠിക്കാനും മിടുക്കന്‍. വയ്യാത്തത് കൊണ്ട് അധികം അനിയനെ പഠിപ്പിച്ചില്ല. എന്നാലും ആള് വെറുതെ ഇരിക്കില്ല. പറമ്പിലെ എല്ലാ പണികളും അവന്‍ തന്നെ ചെയ്യും. ഇടതു കാലിന്റെ കുറവെല്ലാം  ചേര്‍ത്ത് വലത്തേ കാലിനു പടച്ചവന്‍ കരുത്തു നല്‍കിയിട്ടുണ്ട് എന്നാണു ജബ്ബാര്‍ക്ക പറയുന്നത്. രാത്രിയില്‍ ഞങ്ങള്‍ക്ക് പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ഇസ്ലാമിനെ കുറിച്ചും , ജബ്ബാര്‍ക്ക ഹിന്ദുവിനെ കുറിച്ചും ഒരുപാട് അറിഞ്ഞു. അഞ്ചു വര്ഷം മുന്‍പാണ് ജബ്ബാര്‍ക്ക ഗള്‍ഫ്‌ ഉപേക്ഷിച്ചു പോയത്. ഞാന്‍ ശരിക്കും ഒറ്റപ്പെട്ടത് പോലെ തോന്നി. എനിക്ക് കൂടുതല്‍ കൂട്ടുകാര്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. രണ്ടു വര്ഷം മുന്‍പ് ഹസ്സന്റെ കല്യാണത്തിനു പോയപ്പോള്‍ ആണ് ജബ്ബാര്‍ക്കയെ കണ്ടത്. . ഹുസൈന് പക്ഷെ കല്യാണം ഒന്നും ഒത്തു വന്നില്ല. കഴിഞ്ഞ വര്ഷം നാട്ടില്‍ വന്നപ്പോളും ഒന്ന് പോയില്ല . എന്തായാലും ഇന്ന് പോവാന്‍ തന്നെ ഉറച്ചു .

***************************

വീട്ടിലേക്ക് എത്തുന്നതിനു മുന്‍പേ എന്തോ ഒരു സംശയം തോന്നി. ചന്ദനത്തിരിയുടെ മണം, മുറ്റം നിറയെ ആളുകള്‍ . മുറ്റത്തേക്കു കാലെടുത്തു വെക്കും മുന്‍പേ  ആരോ മരണപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലായി.

" രാത്രി വിളിച്ചപ്പോള്‍ എടുത്തതാ, അപ്പോള്‍ തന്നെ പുറപ്പെടും എന്നും പറഞ്ഞിരുന്നു , ഇപ്പോള്‍ എത്ര നേരമായി  ഇവിടെ എത്തിയിട്ടും ഇല്ല, ഫോണ്‍ എടുക്കുന്നുമില്ല, എത്രയായാലും സ്വന്തം അല്ലെ " ആളെ മനസ്സിലായില്ല, അയല്‍ക്കാരന്‍ ആവും. ആരെ വിളിച്ച കാര്യമാണ്. ?അപ്പോള്‍ ആണ് ഹുസൈനെ കണ്ടത്.

" ഹുസൈനെ ....എന്താ പറ്റിയെ? "  അവന്‍ നോക്കുന്നത് കണ്ടപ്പോള്‍ എന്നെ മനസ്സിലായില്ല എന്ന് തോന്നി.
" ഞാന്‍ ശ്യാം ആണ്, ജബ്ബര്‍ക്കാടെ കൂടെ ഷാര്‍ജയില്‍ ,,"

" ഉപ്പ പോയി ....എനിക്കറിയില്ല എന്താ വേണ്ടതെന്നു, ഉമ്മാടോന്നു ചോദിച്ചു നോക്കോ ? , എല്ലാരും ഇക്കാക്ക വരാന്‍ കാത്തിരിക്കാ, അവന്‍ വരില്ല , "

" ഇക്ക എവിടെ ? , ഉപ്പ മരിച്ചത് അറിഞ്ഞാല്‍ എങ്ങിനെയ വരാതിരിക്ക ? "

" അവന്‍ വരില്ല ...ഉപ്പാടെ ബുള്ളെറ്റ്  അവിടെണ്ട്...അത് വിറ്റോന്നു  പറഞ്ഞതാ ഉപ്പ, ആര്‍ക്കും ഇപ്പോള്‍ അത് വേണ്ട ... പൈസ ഉണ്ടെങ്കില്‍ അത് വാങ്ങിച്ചൂടെ ? , ഉപ്പാടെ മയ്യിത്തിന്റെ ചെലവിനുള്ളത് തന്നാല്‍ മതി. "

എന്തൊക്കെയാണ് കേള്‍ക്കുന്നത്, ഞാന്‍ അവനെ താങ്ങി  എടുത്തു , അകത്തേക്ക് കൊണ്ട് പോയി, അവിടെ ജബ്ബാര്‍ക്ക കിടക്കുന്നു, ഒരിക്കലും ഇങ്ങനെ ഒരു കണ്ടുമുട്ടല്‍ പ്രതീക്ഷിച്ചില്ല,

" നീ ഇവിടെ ഇരിക്ക്, വേണ്ട കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്യാം "

ഞാന്‍ പുറത്തേക്ക് വന്നു, ആളുകളുമായി സംസാരിച്ചു, ഹസ്സന്‍ വീടുമായി അകല്ച്ചയിലാണ് എന്നറിഞ്ഞു, കാരണം ആര്‍ക്കും അറിയില്ല, അത്രയും നല്ല ചെറുപ്പക്കാരന്‍ ആയിരുന്നു അവന്‍, എന്നിട്ടും ?, ഞാന്‍ പേഴ്സ് നോക്കി ഏകദേശം അയ്യായിരം രൂപയുണ്ട്. വേണ്ട കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് ചെയ്യാന്‍ പറഞ്ഞു. ഇന്നലെ രാത്രി മരിച്ചതല്ലേ . ജബ്ബാര്‍ക്ക പറഞ്ഞതോര്‍മ്മ വന്നു.
" ഒരു നല്ല മനുഷ്യന്‍ മരിച്ചാല്‍ അവന്റെ മയ്യിത്ത് ,  തന്നെ എത്രയും പെട്ടെന്ന് മറമാടാന്‍ ഉറക്കെ വിളിച്ചു പറയുമത്രേ , ആളുകള്‍ക്ക് പക്ഷെ അറിയാന്‍ പറ്റില്ല, പക്ഷി മൃഗാദികള്‍ എല്ലാം കേള്‍ക്കും "
ജബ്ബാര്‍ക്ക നല്ല മനുഷ്യനാണ്. അദ്ദേഹം അത് പറയുന്നുണ്ടാവും ഉറപ്പ്.

പൈസ എടുത്തു നീട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു, " പൈസ കാരണം അല്ല , മൂത്ത മോന്‍ വരാന്‍ വേണ്ടി ..." അത് പറഞ്ഞു തീരും മുന്‍പേ അയാള്‍ പൈസ വാങ്ങിയിരുന്നു. 
" ഞങ്ങള്‍ മഹല്ല് കമ്മറ്റിക്കാര്‍ ഒക്കെ  ഉണ്ടല്ലോ ഇവിടെ, " മറുപടിയൊന്നും പറഞ്ഞില്ല.

പിന്നെ എല്ലാം പെട്ടെന്ന് നടന്നു, പൈസ തന്നെയാണ് പ്രധാനം, ഉമ്മയും ഹുസൈനും ഹൃദയം തകര്‍ന്നു കരയുന്നുണ്ടായിരുന്നു,

" എന്നാല്‍ ഇനി മയ്യെത്തെടുക്കല്ലേ ?" ആരോ ചോദിച്ചു. മറുപടിക്ക് കാത്തുനില്‍ക്കാതെ അയാള്‍ തന്നെ കട്ടില്‍ എടുക്കാനും പറഞ്ഞു.

" ഒരാളുടെ പൊറുക്കപ്പെടാത്ത തെറ്റുകളില്‍ ഒന്ന് അയാളുടെ കടം ആണ്, മരിക്കുന്നതിനു മുന്‍പേ അതെല്ലാം കൊടുത്ത് വീട്ടിയിരിക്കണം, അതല്ലെങ്കില്‍ മയ്യിത്ത് മറമാടുന്നതിനു മുന്‍പ് ആരെങ്കിലും ആ കടമെല്ലാം ഏല്‍ക്കാന്‍ തയ്യാറാവണം, മക്കളോ , വേണ്ടപ്പെട്ടവര്‍ ആരെങ്കിലുമോ " ഇതും ജബ്ബര്‍ക്ക പഠിപ്പിച്ചതല്ലേ?,   എന്തിനാ ഇതെല്ലാം ഇപ്പോള്‍ ഓര്‍മയില്‍ വരുന്നത് .

" ഒരു നിമിഷം, സുഹൃത്തുക്കളെ , ജബ്ബാര്‍ക്ക ആര്കെങ്കിലും എന്തെങ്കിലും കടങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു, ഞാന്‍ ഇവിടുണ്ടാവും നിങ്ങള്ക്ക് ഇപ്പോഴോ ഇല്ലെങ്കില്‍ പിന്നീട് രഹസ്യമായോ  എന്നോട് വന്നു ചോദിക്കാം "  എല്ലാവരും എന്നെ നോക്കുന്നുണ്ടായിരുന്നു. മയ്യിത്തുമായി അവര്‍ നടന്നു നീങ്ങി,

" ഒരാളുടെ മരണ ശേഷം അയാള്‍ക്ക്‌ ഉപകാരപ്പെടുന്ന മൂന്നു കാര്യങ്ങള്‍ ആണ് ഉള്ളത്, ഒന്ന്  നിലനില്‍ക്കുന്ന ദാനം, പിന്നെ പകര്‍ന്നു കൊടുക്കപ്പെട്ട അറിവ്, മൂന്നാമത്തേത് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്തതി. " എന്തിനാ ജബ്ബാര്‍ക്ക ഇതെല്ലം എന്നെ പഠിപ്പിച്ചത്. ഈ ഒരു സമയത്തിനു വേണ്ടിയാണോ. ഞാന്‍ ഹുസൈനെ നോക്കി , പൊട്ടിക്കരയുന്ന  ഉമ്മയെ ചേര്‍ത്ത് പിടിച്ചു അവനും കരയുന്നു.

" ഹുസൈനെ നീ എന്താ ഇങ്ങനെ,  ഇവിടിരുന്നു കരയാണോ വേണ്ടത് ? , ഉപ്പാക് വേണ്ടി പ്രാര്‍ഥിക്കാന്‍ ഏറ്റവും ഉത്തമന്‍ നീയാണ്, ഉപ്പ പഠിപ്പിച്ചിട്ടില്ലേ നിന്നെ ? വാ  എഴുന്നേല്‍ക്ക് .."

" ഇക്ക ആ ഓട്ടോ നിങ്ങളുടെ അല്ലെ , നിങ്ങള്‍ ഇവനെയും കൊണ്ട് പള്ളിയില്‍ പോവണം, മയ്യിത്തിനു വേണ്ടി നമസ്കാരം ഇവനല്ലേ നടത്തേണ്ടത് ? "

" അയിനെന്താ മോനെ , ഇജ്ജും കേറിക്കോ ..ഞമ്മക്ക് പതുക്കനെ പൂവ്വാം "

" വേണ്ട നിങ്ങള്‍ പോയിട്ട് വരൂ, എനിക്കിവിടെ ഇത്തിരി പണിയൊക്കെ ഉണ്ട്, "

അവര്‍ക്ക് പിറകെ ഞാന്‍ എന്റെ ബൈക്കും എടുത്തിറങ്ങി. നാലഞ്ചു കുല പഴം വാങ്ങി, പിന്നെ ഹോര്‍ലിക്സും, പഞ്ചസാരയും , ചായപ്പൊടിയും അങ്ങിനെ എന്തൊക്കെയോ ...അപ്പോള്‍ ആണ് പൈസ ഇല്ല എന്നാ കാര്യം ഓര്‍ത്തത്. തൊട്ടടുത്ത് തന്നെ ഒരു ATM  കണ്ടു. ഭാഗ്യം 47 ,000 .00  രൂപയുണ്ട്,  പതിനായിരം എടുത്തു. ഒരു ഓട്ടോയും  പിടിച്ചു തിരിച്ചു വന്നു. " പള്ളിയില്‍ പോയി തിരിച്ചു വരുന്നവര്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും കൊടുക്കണം." എല്ലാം ഒരു സ്ത്രീയെ ഏല്പിച്ചു.
*************************
ഇപ്പോള്‍ എല്ലാം ശാന്തമാണ്. ഓരോരുത്തരായി പോയിക്കഴിഞ്ഞിരുന്നു. അകത്തെ മുറിയില്‍ നിന്നും ഉമ്മയുടെ തേങ്ങല്‍ മാത്രം, എന്തായിരുന്നു ജബ്ബാര്‍ക്കയുടെ വീട്ടില്‍ സംഭവിച്ചത്, ഹസ്സന്‍ ഒരിക്കലും ഇങ്ങനെ ആവാന്‍ പാടില്ലല്ലോ, ആരോട് ചോദിക്കും , വേണ്ട അതങ്ങിനെ അറിയാതെ തന്നെ കിടക്കട്ടെ, അതിലുപരി ജബ്ബാര്‍ക്കയെ പറ്റി അയല്‍ക്കാരനില്‍ നിന്നും അറിഞ്ഞത്. അയാളുടെ വീട്ടിലെ ഓട്ടോ ഓടിക്കല്‍ ആയിരുന്നു കുറെ കാലമായി ജബ്ബാര്‍ക്കയുടെ പണി , ഞാന്‍ എത്ര വട്ടം വിളിച്ചിരുന്നു , ഒന്നും പറഞ്ഞില്ല, കഴിഞ്ഞ വര്ഷം ഒന്ന് വന്നു കണ്ടിരുന്നെങ്കില്‍ എന്റെ ജബ്ബാര്‍ക്ക ഇങ്ങനെ ഇറങ്ങിപ്പോവേണ്ടി വരില്ലായിരുന്നു. കുരുത്തമില്ലാത്തവന്‍ ഞാന്‍. ഇനി ചെയ്യാനുള്ളത് ഉമ്മയും ഹുസൈനെയും കൂടെ കൂട്ടുക എന്നതാണ്.  ഉമ്മ വരാന്‍ തയ്യാറായില്ല, ഈ വീട് വിട്ടു എവിടേക്കും ഇല്ല എന്ന് ഉമ്മ പറഞ്ഞു. യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഹുസൈന്‍ ഒരു കീ തന്നു,

 " ഉപ്പാടെ ബൈക്കിന്റെയാണ്, ഇത് വിറ്റു..എന്റെ മയ്യിത്തിന്റെ ചെലവ് നടത്തണം എന്ന് ഉപ്പ പറഞ്ഞിരുന്നു,
അല്ലെങ്കിലും ഉപ്പ ഇല്ലാതെ ഇതിനി ഇവിടെ എന്തിനാ ? "

" ഞാന്‍ വരാം , എന്നിട്ട് കൊണ്ട് പോവാം, ഇപ്പോള്‍ ഇതിവിടെ തന്നെ ഇരിക്കട്ടെ, "
ഉമ്മാടെ കയ്യില്‍ പിടിച്ചു ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്ത്,"  നിങ്ങള്‍ തനിച്ചല്ല, എന്നെ പോലെ ഒരുപാട് പേരുണ്ട് ഗള്‍ഫില്‍ , ജബ്ബാര്‍ക്ക എന്ന ആ വലിയ മനുഷ്യന്റെ തണലില്‍ വളര്‍ന്നവര്‍, ഞങ്ങള്‍ എല്ലാം ഉണ്ട് കൂടെ, ഞാന്‍ പോവുന്നു, ഇടയ്ക്കു വരാം, എന്റെ ഉമ്മയും സഹോദരനും ഇവിടുണ്ടല്ലോ "

തിരിച്ചു വരുമ്പോള്‍ മനസ്സ് വല്ലാതെ വേദനിച്ചു, അദ്ദേഹത്തിന്‍റെ വേര്‍പാട് , അതിനെക്കാളേറെ അദ്ദേഹത്തിനു സംഭവിച്ച കാര്യങ്ങള്‍ ...പിന്നെ ഉത്തരം കിട്ടാത്ത ആ ഒരു ചോദ്യവും , എന്തിനു ഹസ്സന്‍ ....?


****************************

ഞായറാഴ്‌ച, ജനുവരി 29, 2012

ഞാനൊന്നു കരഞ്ഞോട്ടെ ?


ഞാനൊന്നു കരഞ്ഞോട്ടെ ? 

" സത്യായിട്ടും ഞാന്‍ കരയും അമ്മാ "  
കണ്ണില്‍ ഉറക്കം വന്നു തുടങ്ങിയതായിരുന്നു, ഉണ്ണിക്കുട്ടന്റെ ശബ്ദം കേട്ട് സാവിത്രി ഞെട്ടി ഉണര്‍ന്നു. 

" നീ ഇത് വരെ ഉറങ്ങിയില്ലേ ഉണ്ണീ ?  " 

" എനിക്കുറക്കം വരുന്നില്ല , സത്യായിട്ടും ഞാന്‍ നാളെ കരയും, അമ്മ എന്നെ അവിടെ തനിച്ചാക്കി തിരിച്ചു വന്നാല്‍ " 

" അയ്യേ അമ്മ പറഞ്ഞിട്ടില്ലേ ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് , പെണ്‍കുട്ടികളാണ് കരയുക, നീ ഒരു ആണ്‍കുട്ടിയല്ലെ  " 

" എന്നാലും " 

" ഒരു എന്നാലും ഇല്ല ...നീ നല്ല കുട്ടിയായിട്ടു ഉറങ്ങാന്‍ നോക്ക്, നാളെ നേരത്തെ എഴുന്നേല്‍ക്കണം, മടിപിടിച്ച് കിടക്കരുത് " 

സാവിത്രി അവനെ തന്നോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു കിടന്നു. 

*********************************

തിരിച്ചു നടക്കുമ്പോള്‍ സാവിത്രി ഒരു വട്ടം തിരിഞ്ഞു നോക്കി. തന്നെ തന്നെ നോക്കി നില്‍ക്കുന്ന ഉണ്ണിക്കുട്ടന്റെ 
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിപ്പോവുന്നത് അവള്‍ കണ്ടു. പെട്ടെന്ന് മുഖം തിരിച്ചു. ഇനി ഒരു വട്ടം കൂടി നോക്കിയാല്‍ അവന്‍ തന്നോടൊപ്പം തിരിച്ചു വന്നാലോ എന്ന് അവള്‍ ഭയപ്പെട്ടിരിക്കണം. അവള്‍ വേഗത്തില്‍ നടന്നു. സേതു വിട്ടു പോയതില്‍ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ്‌ ജീവിച്ചു പോകുന്നത്. ഉണ്ണിയാണ് ആകെ ഒരു പ്രതീക്ഷ.അവനു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് തന്നെ. നാല് വയസാവുന്നതെയുള്ളൂ, പക്ഷെ ആ അടക്ക കമ്പനിയിലെ പൊടിയില്‍ എത്രകാലമായി അവന്‍....ഓരോന്നും ആലോചിച്ചു കമ്പനിയില്‍ എത്തിയതറിഞ്ഞില്ല. എല്ലാവരും ഉണ്ണിയെ പറ്റി ചോദിക്കുന്നു. അവന്‍ കരയുന്നുണ്ടോ? മടിയുണ്ടോ അങ്ങിനെ പലതും, എല്ലാത്തിനും ഇല്ല എന്ന് മറുപടി പറഞ്ഞു. മനസ്സ് അവനോടൊപ്പം സ്കൂളില്‍ തന്നെ നില്‍ക്കുന്നു. ഇന്ന് ആദ്യത്തെ ദിവസം ആയതിനാല്‍ ഉച്ച വരെയേ ഉണ്ടാവൂ. പന്ത്രണ്ടു മണിയാവുമ്പോള്‍ പോയി കൊണ്ട് വരണം. 

*******************************

" എന്താ ഉണ്ണീ ..മുഖം വല്ലതെ   " 

" ഇന്ന് അവസാനത്തെ ദിവസം അല്ലെ അമ്മെ ? " 

" എന്നാരു പറഞ്ഞു?, പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനി കോളേജ് ഇല്ലേ ? അവിടെ പുതിയ കൂട്ടുകാര്‍ " 

" എന്നാലും എത്ര കാലമായി കൂടെ ഉള്ളവരാ ...." 

" അവരും പഠിത്തം നിർത്തുന്നില്ലല്ലോ , അവരും കാണും നിന്റെ കൂടെ, നന്നായി പഠിക്കണം " 

" എല്ലാവരോടും യാത്ര പറയുമ്പോള്‍ ഞാന്‍ കരയുമോ അമ്മെ ?  " 

" നീ കരയാന്‍ പാടില്ല, നിന്റെ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണ്‌ നിന്നെ കരയിപ്പിക്കില്ല എന്ന്, നീ എനിക്ക് വാക്ക് തന്നിട്ടുണ്ട് കരയില്ല എന്നും, അതൊന്നും തെറ്റിക്കേണ്ട " 

****************************************

" അവളെ എനിക്ക് നഷ്ടപ്പെടുമോ അമ്മെ ? " 

" അതിനല്ലല്ലോ ഇത്രയും കാലം നീ അവളെ സ്നേഹിച്ചത്. ഈ ജോലി നിനക്ക് കിട്ടും, എനിക്കുറപ്പാണ്. 
ജോലിയും കിട്ടി നീ തിരിച്ചു വന്നാല്‍ പാര്‍വതി നിന്റെ സ്വന്തം, " 

" എന്ന് വച്ചാല്‍ " 

" എന്ന് വച്ചാല്‍ വിലാസിനിക്കും , വാസുവേട്ടനും നിന്നെ ഇഷ്ടമാണ്, പിന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു തടസ്സം നിനക്കൊരു ജോലി ഇല്ല എന്നതായിരുന്നു. അത് കിട്ടുന്നതോടെ എല്ലാം ശരിയാവും, പിന്നെ ഇന്ന് അവിടെ നടക്കുന്ന പെണ്ണുകാണല്‍, അത് വാസുവേട്ടന്റെ പെങ്ങളുടെ ഒരു അതിബുദ്ദിയാ...അത് അവര്‍ക്കറിയാം ...നീ അതോര്‍ത്തു വിഷമിക്കേണ്ടാ " 

*******************************

" ഒന്ന് കരയെങ്കിലും ചെയ്യ്‌ ഉണ്ണിയേട്ടാ..ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. " 

" ഇല്ല , ഞാന്‍ കരയില്ല പാര്‍വതി, എന്റെ അമ്മക്ക് ഞാന്‍ കരയുന്നത് ഇഷ്ടമല്ലായിരുന്നു എന്ന് നിനക്കറിയാവുന്നതല്ലേ , അമ്മയുടെ ശരീരം മാത്രമേ ഇവിടുന്നു പോയിട്ടുള്ളൂ, ആത്മാവ് ഇപ്പോഴും എന്നോടൊപ്പം ഉണ്ട്, ഞാന്‍ കരയുന്നത് കണ്ടാല്‍...നീ പേടിക്കേണ്ട ..എനിക്കൊന്നും ഇല്ല, നിന്നെയും സേതുവിനെയും ഞാന്‍ കഷ്ടപ്പെടുത്തില്ല, അച്ഛന്റെ പേരാ അവനു, ഇനി അവനൊരു അനിയത്തി വേണം , അവള്‍ക് അമ്മയുടെ പേരും സാവിത്രി " 

********************************

" എന്റെ സേതു തന്നെയാണോ ഇത് ? , അവന്‍ എന്നോട് ഇങ്ങനെ സംസാരിക്കുമോ? , പറക്കമുറ്റാത്ത അവനെ എന്റെ കയ്യില്‍ ഏല്പിച്ചു , ഇവന് ഒരു അനിയത്തിയെയും കൊണ്ട് വരാം എന്ന് പറഞ്ഞു പോയതാ പാര്‍വതി. പിന്നെ തിരിച്ചു വന്നില്ല, പിന്നീട് ഇത്രയും കാലം ഞാന്‍ സേതുവിന് വേണ്ടിയല്ലേ ജീവിച്ചത്, എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയല്ലേ അവന്‍ അവന്റെ മകന് ഉണ്ണിക്കുട്ടന്‍ എന്ന് പേരിട്ടത്, എനിക്ക് ഉണ്ണിക്കുട്ടനെയും അവനെന്നെയും എന്തിഷ്ടമാണ്, പിന്നെ എന്താ സേതു ഇപ്പോള്‍ എന്നോട് ഇങ്ങനെ സംസാരിച്ചത് , അവന്‍ നിര്‍തുന്നില്ലല്ലോ"

" അച്ചനിതെന്തു ഭാവിച്ചാ...മോന്റെ ബെര്‍ത്ത്‌ ഡേ കേക്ക് മറന്നു വച്ചു എന്നത് ശരി, മോനെ അവിടെ ഇരുത്തി 
വന്നൂ എന്ന് പറയുമ്പോള്‍ ..അതും മറവിയാണോ " 

" വയ്യ കേള്‍ക്കാന്‍, എന്താണ് എനിക്ക് പറ്റിയത് , ഉണ്ണിക്കുട്ടനെ ഞാന്‍ മറന്നോ? ഇല്ല, ഞാന്‍ അവനെ അവിടെ ഇരുത്തി ഓട്ടോ വിളിക്കാന്‍ വന്നതാണ്, അവനെ എടുത്തു നടക്കാന്‍ ഒരു വയ്യായ്ക വന്നപ്പോള്‍, ഞാന്‍ ഓട്ടോയുമായി വന്നപ്പോഴേക്കും സേതു അവനെയും കൊണ്ട് വന്നിരുന്നു , എന്നിട്ടിപ്പോള്‍ , ഇനിഎന്തായാലും 
അവന്റെ തീരുമാനം നടക്കട്ടെ, ഈ വീട്ടില്‍ എന്റെ അവസാനത്തെ രാത്രി, നാളെ മുതല്‍ തന്നെപോലെ ഒരുപാട് പാവങ്ങള്‍ക്കൊപ്പം , ഏതോ ഒരു വൃദ്ധസദനത്തിൽ...."

**************************************

" മുത്തശ്ശാ ...ഇനി എപ്പോഴാ വീട്ടിലേക്കു വരാ ?  മുത്തശ്ശന്‍ ഇല്ലെങ്കില്‍ ഒരു രസവും ഉണ്ടാവില്ല ...
മമ്മിക്കു കഥ പറയാനും ..കളിയ്ക്കാന്‍ വരാനും ഒന്നും അറിയില്ല, മുത്തശ്ശന്‍ ഡോക്ടര്‍ വന്നിട്ട് പെട്ടെന്ന് വരണം ... ഞാന്‍ കാത്തിരിക്കും ...." 


സേതു തിടുക്കത്തില്‍ അവനെയും എടുത്തു നടന്നു. ഉണ്ണിക്കുട്ടന്‍ തിരിഞ്ഞു നോക്കി വീണ്ടും വീണ്ടും കൈ വീശി കാണിച്ചപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അയാളുടെ മനസ്സ് പതുക്കെ മന്ത്രിച്ചു 

" അമ്മെ എന്നോട് പൊറുക്കണേ, ഞാനൊന്ന് കരഞ്ഞോട്ടെ  " 

*******************************