ഞായറാഴ്‌ച, ജനുവരി 29, 2012

ഞാനൊന്നു കരഞ്ഞോട്ടെ ?

ഞാനൊന്നു കരഞ്ഞോട്ടെ ? 

" സത്യായിട്ടും ഞാന്‍ കരയും അമ്മാ "  
കണ്ണില്‍ ഉറക്കം വന്നു തുടങ്ങിയതായിരുന്നു, ഉണ്ണിക്കുട്ടന്റെ ശബ്ദം കേട്ട് സാവിത്രി ഞെട്ടി ഉണര്‍ന്നു. 

" നീ ഇത് വരെ ഉറങ്ങിയില്ലേ ഉണ്ണീ ?  " 

" എനിക്കുറക്കം വരുന്നില്ല , സത്യായിട്ടും ഞാന്‍ നാളെ കരയും, അമ്മ എന്നെ അവിടെ തനിച്ചാക്കി തിരിച്ചു വന്നാല്‍ " 

" അയ്യേ അമ്മ പറഞ്ഞിട്ടില്ലേ ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് , പെണ്‍കുട്ടികളാണ് കരയുക, നീ ഒരു ആണ്‍കുട്ടിയല്ലെ  " 

" എന്നാലും " 

" ഒരു എന്നാലും ഇല്ല ...നീ നല്ല കുട്ടിയായിട്ടു ഉറങ്ങാന്‍ നോക്ക്, നാളെ നേരത്തെ എഴുന്നേല്‍ക്കണം, മടിപിടിച്ച് കിടക്കരുത് " 

സാവിത്രി അവനെ തന്നോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു കിടന്നു. 

*********************************

തിരിച്ചു നടക്കുമ്പോള്‍ സാവിത്രി ഒരു വട്ടം തിരിഞ്ഞു നോക്കി. തന്നെ തന്നെ നോക്കി നില്‍ക്കുന്ന ഉണ്ണിക്കുട്ടന്റെ 
ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിപ്പോവുന്നത് അവള്‍ കണ്ടു. പെട്ടെന്ന് മുഖം തിരിച്ചു. ഇനി ഒരു വട്ടം കൂടി നോക്കിയാല്‍ അവന്‍ തന്നോടൊപ്പം തിരിച്ചു വന്നാലോ എന്ന് അവള്‍ ഭയപ്പെട്ടിരിക്കണം. അവള്‍ വേഗത്തില്‍ നടന്നു. സേതു വിട്ടു പോയതില്‍ പിന്നെ ഒരുപാട് കഷ്ടപ്പെട്ടാണ്‌ ജീവിച്ചു പോകുന്നത്. ഉണ്ണിയാണ് ആകെ ഒരു പ്രതീക്ഷ.അവനു വേണ്ടിയാണ് ഇങ്ങനെ ജീവിക്കുന്നത് തന്നെ. നാല് വയസാവുന്നതെയുള്ളൂ, പക്ഷെ ആ അടക്ക കമ്പനിയിലെ പൊടിയില്‍ എത്രകാലമായി അവന്‍....ഓരോന്നും ആലോചിച്ചു കമ്പനിയില്‍ എത്തിയതറിഞ്ഞില്ല. എല്ലാവരും ഉണ്ണിയെ പറ്റി ചോതിക്കുന്നു. അവന്‍ കരയുന്നുണ്ടോ? മടിയുണ്ടോ അങ്ങിനെ പലതും, എല്ലാത്തിനും ഇല്ല എന്ന് മറുപടി പറഞ്ഞു. മനസ്സ് അവനോടൊപ്പം സ്കൂളില്‍ തന്നെ നില്‍ക്കുന്നു. ഇന്ന് ആദ്യത്തെ ദിവസം ആയതിനാല്‍ ഉച്ച വരെയേ ഉണ്ടാവൂ. പന്ത്രണ്ടു മണിയാവുമ്പോള്‍ പോയി കൊണ്ട് വരണം. 

*******************************

" എന്താ ഉണ്ണീ ..മുഖം വല്ലതെ   " 

" ഇന്ന് അവസാനത്തെ ദിവസം അല്ലെ അമ്മെ ? " 

" എന്നാരു പറഞ്ഞു?, പത്താം ക്ലാസ് കഴിഞ്ഞാല്‍ ഇനി കോളേജ് ഇല്ലേ ? അവിടെ പുതിയ കൂട്ടുകാര്‍ " 

" എന്നാലും എത്ര കാലമായി കൂടെ ഉള്ളവരാ ...." 

" അവരും പഠിത്തം നിര്തുന്നില്ലല്ലോ , അവരും കാണും നിന്റെ കൂടെ, നന്നായി പഠിക്കണം " 

" എല്ലാവരോടും യാത്ര പറയുമ്പോള്‍ ഞാന്‍ കരയുമോ അമ്മെ ?  " 

" നീ കരയാന്‍ പാടില്ല, നിന്റെ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണ്‌ നിന്നെ കരയിപ്പിക്കില്ല എന്ന്, നീ എനിക്ക് വാക്ക് തന്നിട്ടുണ്ട് കരയില്ല എന്നും, അതൊന്നും തെറ്റിക്കേണ്ട " 

****************************************

" അവളെ എനിക്ക് നഷ്ടപ്പെടുമോ അമ്മെ ? " 

" അതിനല്ലല്ലോ ഇത്രയും കാലം നീ അവളെ സ്നേഹിച്ചത്. ഈ ജോലി നിനക്ക് കിട്ടും, എനിക്കുറപ്പാണ്. 
ജോലിയും കിട്ടി നീ തിരിച്ചു വന്നാല്‍ പാര്‍വതി നിന്റെ സ്വന്തം, " 

" എന്ന് വച്ചാല്‍ " 

" എന്ന് വച്ചാല്‍ വിലാസിനിക്കും , വാസുവേട്ടനും നിന്നെ ഇഷ്ടമാണ്, പിന്നെ ഞങ്ങള്‍ക്കിടയില്‍ ഒരു തടസ്സം നിനക്കൊരു ജോലി ഇല്ല എന്നതായിരുന്നു. അത് കിട്ടുന്നതോടെ എല്ലാം ശരിയാവും, പിന്നെ ഇന്ന് അവിടെ നടക്കുന്ന പെണ്ണുകാണല്‍, അത് വാസുവേട്ടന്റെ പെങ്ങളുടെ ഒരു അതിബുദ്ദിയാ...അത് അവര്‍ക്കറിയാം ...നീ അതോര്‍ത്തു വിഷമിക്കേണ്ടാ " 

*******************************

" ഒന്ന് കരയെങ്കിലും ചെയ്യ്‌ ഉണ്ണിയേട്ടാ..ഈ ഇരിപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. " 

" ഇല്ല , ഞാന്‍ കരയില്ല പാര്‍വതി, എന്റെ അമ്മക്ക് ഞാന്‍ കരയുന്നത് ഇഷ്ടമല്ലായിരുന്നു എന്ന് നിനക്കറിയാവുന്നതല്ലേ , അമ്മയുടെ ശരീരം മാത്രമേ ഇവിടുന്നു പോയിട്ടുള്ളൂ, ആത്മാവ് ഇപ്പോഴും എന്നോടൊപ്പം ഉണ്ട്, ഞാന്‍ കരയുന്നത് കണ്ടാല്‍...നീ പേടിക്കേണ്ട ..എനിക്കൊന്നും ഇല്ല, നിന്നെയും സേതുവിനെയും ഞാന്‍ കഷ്ടപ്പെടുത്തില്ല, അച്ഛന്റെ പേരാ അവനു, ഇനി അവനൊരു അനിയത്തി വേണം , അവള്‍ക് അമ്മയുടെ പേരും സാവിത്രി " 

********************************

" എന്റെ സേതു തന്നെയാണോ ഇത് ? , അവന്‍ എന്നോട് ഇങ്ങനെ സംസാരിക്കുമോ? , പറക്കമുറ്റാത്ത അവനെ എന്റെ കയ്യില്‍ ഏല്പിച്ചു , ഇവന് ഒരു അനിയത്തിയെയും കൊണ്ട് വരാം എന്ന് പറഞ്ഞു പോയതാ പാര്‍വതി. പിന്നെ തിരിച്ചു വന്നില്ല, പിന്നീട് ഇത്രയും കാലം ഞാന്‍ സേതുവിന് വേണ്ടിയല്ലേ ജീവിച്ചത്, എന്നോടുള്ള സ്നേഹം കൊണ്ട് തന്നെയല്ലേ അവന്‍ അവന്റെ മകന് ഉണ്ണിക്കുട്ടന്‍ എന്ന് പേരിട്ടത്, എനിക്ക് ഉണ്ണിക്കുട്ടനെയും അവനെന്നെയും എന്തിഷ്ടമാണ്, പിന്നെ എന്താ സേതു ഇപ്പോള്‍ എന്നോട് ഇങ്ങനെ സംസാരിച്ചത് , അവന്‍ നിര്‍തുന്നില്ലല്ലോ"

" അച്ചനിതെന്തു ഭാവിച്ചാ...മോന്റെ ബെര്‍ത്ത്‌ ഡേ കേക്ക് മറന്നു വച്ചു എന്നത് ശരി, മോനെ അവിടെ ഇരുത്തി 
വന്നൂ എന്ന് പറയുമ്പോള്‍ ..അതും മറവിയാണോ " 

" വയ്യ കേള്‍ക്കാന്‍, എന്താണ് എനിക്ക് പറ്റിയത് , ഉണ്ണിക്കുട്ടനെ ഞാന്‍ മറന്നോ? ഇല്ല, ഞാന്‍ അവനെ അവിടെ ഇരുത്തി ഓട്ടോ വിളിക്കാന്‍ വന്നതാണ്, അവനെ എടുത്തു നടക്കാന്‍ ഒരു വയ്യായ്ക വന്നപ്പോള്‍, ഞാന്‍ ഓട്ടോയുമായി വന്നപ്പോഴേക്കും സേതു അവനെയും കൊണ്ട് വന്നിരുന്നു , എന്നിട്ടിപ്പോള്‍ , ഇനിഎന്തായാലും 
അവന്റെ തീരുമാനം നടക്കട്ടെ, ഈ വീട്ടില്‍ എന്റെ അവസാനത്തെ രാത്രി, നാളെ മുതല്‍ തന്നെപോലെ ഒരുപാട് പാവങ്ങള്‍ക്കൊപ്പം ,,,"

**************************************

" മുത്തശ്ശാ ...ഇനി എപ്പോഴാ വീട്ടിലേക്കു വരാ ?  മുത്തശ്ശന്‍ ഇല്ലെങ്കില്‍ ഒരു രസവും ഉണ്ടാവില്ല ...
മമ്മിക്കു കഥ പറയാനും ..കളിയ്ക്കാന്‍ വരാനും ഒന്നും അറിയില്ല, മുത്തശ്ശന്‍ ഡോക്ടര്‍ വന്നിട്ട് പെട്ടെന്ന് വരണം ... ഞാന്‍ കാത്തിരിക്കും ...." 


സേതു തിടുക്കത്തില്‍ അവനെയും എടുത്തു നടന്നു. ഉണ്ണിക്കുട്ടന്‍ തിരിഞ്ഞു നോക്കി വീണ്ടും വീണ്ടും കൈ വീശി കാണിച്ചപ്പോള്‍ ആദ്യമായി അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. അയാളുടെ മനസ്സ് പതുക്കെ മന്ത്രിച്ചു 

" അമ്മെ എന്നോട് പൊറുക്കണേ, ഞാനൊന്ന് കരഞ്ഞോട്ടെ  " 

*******************************

10 അഭിപ്രായങ്ങൾ:

  1. പ്രിയ്യപ്പെട്ട ആള്‍ക്കാരുടെ വിയോഗത്തെക്കാള്‍ വേദനാജനകം പ്രിയപ്പെട്ടവര്‍ നമ്മളെ വേണ്ടെന്നു പറഞ്ഞു വലിച്ചെറിയുമ്പോഴാണ്‌.. ! കഥ കൊള്ളാം നൌഷാദേ.. കഴിഞു പോയ കാലത്തിന്റെ നനുത്ത ഓര്‍മ്മകള്‍ മുതല്‍ വാര്‍ധക്യത്തില്‍ നമ്മളെ കാത്തിരിക്കുന്ന അവഗണന വരെ ഉണ്ട് ഈ കഥയില്‍.. ! അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  2. ഉം കരയുന്നത് നല്ലതാണു ഇടക്ക്. കഥ വളരെ നന്നായി.

    pls remove word verification

    മറുപടിഇല്ലാതാക്കൂ
  3. ഒരുപാട് ജീവിതയാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടി പല തലമുറയായ്.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  4. ഒരു കാര്യം കൂടെ കമന്റിലെ ഈ വേര്‍ഡ്‌ വേരിഫികഷന്‍ ഒഴിവാക്കു. കമന്റ്‌ ഇടാന്‍ മടിക്കും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി അധ്യാപകന്‍ , ഈ കമന്റിനും , നിര്‍ദേശത്തിനും, വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കിയിട്ടുണ്ട്.

      ഇല്ലാതാക്കൂ