ഞായറാഴ്‌ച, ഏപ്രിൽ 01, 2012

കാക്കകള്‍ വിരുന്നു വിളിക്കുന്നു.‎



സൂറത്താ ...ആ റേഡിയോടെ വോളിയം ഇത്തിരികൂടി കൂട്ടി  വെക്കണേ , ഇന്ന് രണ്ടു മണിക്ക് ശബ്ദരേഖ ഉണ്ടല്ലോ ....

ദേവകി വേലിക്കു ഇപ്പുറത്ത് നിന്നും വിളിച്ചു പറഞ്ഞു.
വളരെ സ്നേഹത്തില്‍ കഴിഞ്ഞു പോവുന്ന അയല്‍പക്കക്കാരാണ് ഇവര്‍. സൂറ താത്തയും  മൂസക്കയും ആണ് അപ്പുറത്തെ വീട്ടില്‍ താമസിക്കുന്നത്. അവര്‍ക്ക് മക്കളില്ല,
ഇപ്പുറത്ത് ദേവകിയും ഭര്‍ത്താവ് വാസുവും ഒരു മകള്‍ ദേവീ എന്ന് വിളിക്കുന്ന ദേവികയും.

ആയിനെന്താ മോളെ , ബാസു ഇന്നലേം ബാട്ട്രി കൊണ്ടാന്നീലെ ?

ഇല്യ സൂറത്താ , കാലത്ത് പോവുമ്പോള്‍ ഇന്നെന്തായാലും കൊണ്ട് വരും എന്ന് പറഞ്ഞിട്ടുണ്ട്. സത്യം പറയാലോ സൂറത്താ , ഇന്നലെ രാത്രിയില്‍ ഒരുപാട് വൈകിയ അത്താഴം കഴിച്ചേ , സമയം ആയത് അറിഞ്ഞില്ല ഞാനും ദേവീം,

അതെന്തേ ,,,,ചോറ് ബൈക്കണ നേരം മറന്നോ

എന്നും എട്ടുമണിക്ക്‌ ആകാശവാണിയിലെ നാടകവും , ഉജാലയുടെ പരസ്യവും കഴിഞ്ഞാല്‍ പിന്നെ അത്താഴം കഴിക്കും, ഇന്നലെ റേഡിയോ ബാട്ടെരി ഇല്ലാത്തതിനാല്‍ വെച്ചില്ല, സമയവും അറിഞ്ഞില്ല, ഓരോന്നും പറഞ്ഞു അങ്ങിനെ ഇരുന്നു, പിന്നെ പത്തരക്ക് പോവുന്ന മംഗളയുടെ ചൂളം വിളി കേട്ടപ്പോള്‍ ആണ് നേരം ഒരുപാടായി എന്നറിഞ്ഞത്

അതു ഇജ്ജ്‌ പറഞ്ഞെയു കരെട്റ്റ്‌, ഉജാലേടെ പരസ്യം കേക്കാന്‍ നല്ല രസാണ്. മൂസക്കാക് നാടകം കേട്ടീലെലും ബെണ്ടീല പരസ്യം കേക്കണം, മൂപ്പര് പാടേം ചെയ്യും ഒപ്പം,

അമ്മക്കുള്ളൂരു സാരിക്കും , അച്ച്ചനുള്ളൂരു ഷര്‍ട്ട്‌നും
ഉണ്ണിക്കുല്ലൊരു ഉടുപ്പിനും ഉജാല തന്നെ ഉത്തമം മൂപ്പര് പാടുംബളും ശേലാണ്.

 സൂറത്ത പാടുന്നത് കേള്‍ക്കാനും നല്ല സുഖം ഉണ്ട്. അതും പറഞ്ഞു ദേവിക അങ്ങോട്ട്‌ വന്നു.

ഇതൊക്കെ എന്ത് മോളെ,? ഞമ്മടെ കുട്ടിക്കാലത്ത് എന്തോരം പാട്ടോള് പാടീട്ടുണ്ട് , അന്നൊക്കെ കല്യാണത്തിനു സൂറമോള്‍ടെ പാട്ടെ ബെണ്ടൂ എല്ലാര്‍ക്കും , എല്ലാതും ഇന്നലെ കയിഞ്ഞ മാതിരി, പിന്നെ സൂറമോള്‍ സൂറ ആയി, സൂറ താത്ത ആയി, ഒരു ഉമ്മ ആവാം മാത്രം റബ് വിധി കൂട്ടീല്ല, ദേവികയുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ടാവണം സൂറത്ത വിഷയം മാറ്റി,

നമ്മക്ക് ദേവീനെ ഒരു പേര്‍ഷക്കാരനെ കൊണ്ട് കെട്ടിക്കണം, ഓള്‍ടെ മാപ്ല ബാച്ചും, ക്ലോക്കും ഒക്കെ കൊണ്ടതന്നോളും അപ്പൊ പിന്നെ സമയം തെറ്റൂല്ല

സൂറത്താടെ നാവു പൊന്നാവട്ടെ , ഇന്നൊരു കൂട്ടരു വരുന്നുണ്ട് ദേവിയെ കാണാന്‍, ദുബായിലാന്ന പറഞ്ഞത്, എത്ര കാലമായി നോക്കാന്‍ തുടങ്ങീട്ടു, എല്ലാം ഒന്ന് ഒത്തു വരേണ്ടേ ,

ന്റെ ദേവോ , ഇജ്ജോന്നു സമൈനപ്പെട്, ഒള്ക്ക് അയിനു മാത്രന്നും പ്രായം ആയില്ലാന്നു

ദേവികയുടെ മുഖം വല്ലാതായിരുന്നു.  അത് മനസ്സിലായ സൂറ താത്ത അവളെ വിളിച്ചു, അവള്‍ വേലിക്ക്‌ അരികിലേക്ക് ചെന്നു.

ഇന്റെ മോള് വെസമിക്കേണ്ട , കാത്തിരിക്കുന്നോര്‍ക്ക് കനകം കൊടുന്നെരും റബ്

അപ്പോള്‍ വേലിക്ക്‌ അരികിലെ ശീമാക്കൊന്നയില്‍ ഒരു കാക്ക ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നുണ്ടായിരുന്നു.

സ്വന്തക്കാരെ ബിരുന്നുബിളിക്കണ ശേലിക്കാന് കാക്ക ബിളിക്കനത്, ഇതു നടന്നോളും ദേവോ



എല്ലാം ഉറപ്പിച്ചു വന്നവര്‍ മടങ്ങുമ്പോള്‍ വേലിക്കല്‍ നിന്ന് സൂറത്ത പറഞ്ഞു.

മോളെ,  ഞമ്മള്  കണ്ടക്കിനു അന്റെ ശുജാഹീനെ , അപ്പളും പറഞ്ഞിലെ ഇതു നടക്കുംന്ന് , കാക്കക്ക് തെറ്റൂല്ല .

കാലം കുറെ കടന്നു പോയി, ദേവകിയും വാസുവും, സൂറത്തയും മൂസക്കയും എല്ലാം ഓര്‍മകളായി. ഇന്ന് ദേവിക  ഏറെ സന്തോഷവതിയാണ്, ദേവികയുടെ ഭര്‍ത്താവ് ഏറെ സ്നേഹ സമ്പന്നന്‍, ഒരു മകള്‍ പ്രിയ.

അമ്മെ കാക്ക കരയുന്നുണ്ടല്ലോ , ആരെങ്കിലും വിരുന്നുകാര്‍ വരുമോ?, മുത്തശ്ശി പറയാറില്ലേ കാക്ക വിരുന്നു വിളിക്കുന്നതാനെന്നു. 

അതെല്ലാം പഴയ കഥ , ഇന്ന് ആര് വിരുന്നു വരാന്‍ , എല്ലാവര്ക്കും തിരക്കല്ലേ ? എന്തായാലും കാക്കക്ക് പിഴക്കില്ല എന്ന് ഉറപ്പാണ്, നോക്കാം  

അപ്പോള്‍ പുറത്തു സൈക്കിള്‍ ബെല്‍ കേട്ടു.

അമ്മെ , കാക്കക്ക് തെറ്റിയില്ല, പോസ്റ്റുമാന്‍ മാധവേട്ടന്‍ ആണ്, അച്ഛന്റെ കത്ത് ഉണ്ട്‌


കാലം ആരോടും അനുവാദം വാങ്ങാതെ പിന്നെയും മുന്നോട്ടു കടന്നു പോയി, ഇന്ന് ഈ വീട്ടില്‍ പ്രിയയും കുടുംബവും സന്തോഷമായി കഴിയുന്നു. അവളുടെ ഭര്‍ത്താവ് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ , അടുത്ത് തന്നെയുള്ള സഹകരണ ബാങ്കില്‍ ജോലി.
ഒരു മകള്‍ ശ്രീദേവി, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. അവള്‍ സ്കൂളില്‍ പോയി. പ്രിയ ഭര്‍ത്താവിനു കൊണ്ട് പോവാനുള്ള ടിഫിന്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്നു.

ഇന്നെന്താ ഏട്ടന് ഒരു പ്രത്യേക തിളക്കം, ഈ ഷര്‍ട്ട്‌ നമ്മുടെ വിവാഹ വാര്‍ഷികത്തിന് ഇടാനാനെന്നു പറഞ്ഞു വെച്ചിരുന്നതല്ലേ ? അത് നാളെ അല്ലെ ?

ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്‌, തലപ്പത്തിരിക്കുന്നവര്‍ എല്ലാം എത്തും, ഒന്ന് ഷൈന്‍ ചെയ്യാം എന്ന് വെച്ചു അതും പറഞ്ഞു അയാള്‍ ധൃതിയില്‍ നടന്നു,

ശരി ശരി, ടിഫിന്‍ എടുക്കുന്നില്ലെ ?

എന്റെ പൊന്നെ , ഞാന്‍ ഇന്നലെ പറയാന്‍ മറന്നതാ, ഇന്ന് ഫുഡ്‌ അവിടെ തന്നെയാ , എന്റെ പൊന്ന് പിണങ്ങല്ലേ,

അയാള്‍ അവളുടെ നെറുകയില്‍ ഒരു മുത്തം നല്‍കി.കാര്‍പോര്‍ച് വരെ അവള്‍ അയാളെ അനുഗമിച്ചു. സ്നേഹ സമ്പന്നമായ കുടുംബം. തിരിച്ചു വന്ന അവള്‍ മൊബൈലില്‍ ആര്‍ക്കോ വിളിച്ചു. ഇന്ന് അവളും ഒരുപാടു സന്തോഷത്തില്‍ ആണ്, നാളെ വിവാഹ വാര്‍ഷികം ആണല്ലോ അതുകൊണ്ടാവാം. 


സഹകരണ ബാങ്കും കഴിഞ്ഞു അയാളുടെ കാര്‍ പിന്നെയും മുന്നോട്ടു പോയി. അയാള്‍ മൊബൈല്‍ എടുത്തു. .സൈലന്റ് മോഡില്‍ ആയതിനാല്‍ അറിഞ്ഞില്ല , മൂന്നു മിസ്കാള്‍ ഉണ്ട്. മൂന്നും മാലിനിയുടെ തന്നെ.

എന്റെ പൊന്നെ ഞാന്‍ എത്തി, ഇനി ഒരു അര മണിക്കൂര്‍ ....ഇന്ന് ബാങ്കില്‍ ലീവ് പറഞ്ഞത് തന്നെ നിനക്ക് വേണ്ടിയല്ലേ മാലൂ. നാളത്തെ എന്റെ ഞെട്ടിപ്പിക്കുന്ന ആ ഓര്മ ദിവസത്തില്‍ നിന്നും ഒരു മോചനം.

അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടല്ല അല്ലെ ?

പൊന്നേ അതാണോ ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം ? എനിക്ക് ഈ ഭൂമിയില്‍ ആകെ ഉള്ള ഒരു ആശ്വാസം എന്നത് നീയല്ലേ ? ഇന്ന് വൈകീട്ട് ഞാന്‍ ആ പൂതനക്ക് വിളിച്ചു പറയും, ഞാന്‍ അത്യാവശ്യമായി ബംഗ്ലൂരിനു പോവുന്നു, ബോര്‍ഡ്‌ മീറ്റിംഗ് അവിടെയാണ് എന്ന്. പിന്നെ രണ്ടു ദിവസം ഞാനും എന്റെ പൊന്നും മാത്രം

ഇപ്രാവശ്യം ബാന്ഗ്ലൂര് ഒന്ന് മാറ്റി പിടിക്ക് , കഴിഞ്ഞ വെദ്ദിംഗ്ഡേക്കും ഇത് തന്നെയാ പറഞ്ഞത്

നീ പേടിക്കേണ്ട പൊന്നേ, അവള്‍ക്കിതോന്നും മനസ്സിലാവില്ല, കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഒരു ഭൂകമ്പം പ്രതീക്ഷിച്ചു. എന്നിട്ടോ ഞാന്‍ എന്റെ അവസ്ഥ എല്ലാം പറഞ്ഞപ്പോള്‍ അവള്‍ക്കെന്നോട് കൂടുതല്‍ സ്നേഹം, വിഡ്ഢി.

ശരി , മൊബൈല്‍ ഓഫ് ചെയ്തു സൂക്ഷിച്ചു ഡ്രൈവ് ചെയ്യൂ, ഞാന്‍ കാത്തിരിക്കാം,
ഇന്ന് ഒരുമിച്ചൊരു സിനിമ കാണാന്‍ പോവണം , ഓക്കേ ബൈ  ഉമ്മ



അമ്മെ , ഇന്ന് ക്ലാസ്‌ ഇല്ല,, ഹിന്ദി പഠിപ്പിക്കുന്ന ശശീധരന്‍ മാഷ്‌ മരിച്ചു.

അതും പറഞ്ഞു പെട്ടെന്ന് കയറി വന്ന മകളെ കണ്ടു പ്രിയ ഒന്ന് ഞെട്ടിയോ ? തോന്നിയതാവും. പ്രിയ അടുക്കളയില്‍ തിരക്കിലാണ്. ഇടക്കെപ്പോഴോ വന്നു അവള്‍ മകളെ വിളിച്ചു ചോതിച്ചു.

മോളെ ശ്രീ , ഇവിടെ വെച്ചിരുന്ന മൊബൈല്‍ എവിടെ ?

എന്റെ കയ്യില്‍ ഉണ്ടല്ലോ അമ്മെ , ഞാന്‍ എഫ് എം കേട്ടോണ്ടിരിക്ക്യാ

പ്രിയ അവളുടെ അടുത്തു തന്നെ ഇരുന്നു.

ഈ അമ്മക്ക് അടുക്കളയില്‍ പണിയൊന്നും ഇല്ലേ ഇന്ന് ? ഞാന്‍ ഇതില്‍ ഒരു ഗെയിം കളിക്ക്യാ  

നിന്റെ കയ്യില്‍ മൊബൈല്‍ തന്നെക്കരുതെന്നാ അച്ഛന്‍ പറഞ്ഞിട്ടുള്ളത്‌ , നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കാതെ അകത്ത് പോയി വല്ലതും പഠിക്ക്

ഞാന്‍ നമ്മുടെ വീടിന്റെ കോലായില്‍ അല്ലെ ഇരിക്കുന്നത് ? പിന്നെന്താ ?

നിന്നോട് തര്‍ക്കിക്കാന്‍ ഞാന്‍ ഇല്ല, ചിലപ്പോള്‍ അച്ഛന്‍ വിളിക്കും നീ ഫോണ്‍ ഇങ്ങു താ

പ്രിയ ഫോണ്‍ അവളില്‍ നിന്നും പിടിച്ചു വാങ്ങി.

അമ്മെ കാക്ക ഇന്നാരെയാ ഇങ്ങനെ വിരുന്നു വിളിക്കുന്നെ ? നാളെ വെദ്ദിംഗ് ഡേ ആയിട്ട് വിരുന്നുകൊരോക്കെ ഉണ്ടാവുമോ ?

വിരുന്നുകാര്‍, ആര് വരാനാ ? നിന്റെ അച്ഛന്‍ തന്നെ വരുമെന്ന് ഒരുറപ്പും ഇല്ല, കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇന്നും മീറ്റിംഗ് എന്നും പറഞ്ഞാ പോയത്

എന്തായാലും ഇപ്പ്രാവശ്യം ഞാന്‍ ഉണ്ടാവും അമ്മെ , നാളെയും ക്ലാസ്സ്‌ ഇല്ല

കാക്ക വിരുന്നു വിളിച്ചാല്‍ ആരെങ്കിലും വരുമോ അമ്മെ

എന്റെ മുത്തശ്ശി പറഞ്ഞിരുന്നു വരും എന്ന്, എന്നാല്‍ അമ്മ പറഞ്ഞിട്ടുള്ളത്‌ കാക്ക വിരുന്നു വിളിക്കുന്ന അന്നെല്ലാം അച്ഛന്റെ എഴുത്ത് ദുബായില്‍ നിന്നും വന്നിരുന്നു എന്നാ

ശരിക്കും ? ,,,അപ്പോള്‍ എന്റെ അനിയുടെ മെയില്‍ വന്നിട്ടുണ്ടാവും   അതും പറഞ്ഞു അവള്‍ അകത്തേക്ക് ഓടി.

ആരാ ഈ അനി? 

അനിയല്ല അമ്മെ ..ആനി, എന്റെ കൂട്ടുകാരിയാ , മോഡല്‍ എക്സാമിന്റെ ഒരു നോട്ട് മെയില്‍ ചെയ്യാം എന്ന് പറഞ്ഞിരുന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പ്രിയയുടെ സാരിത്തലപ്പില്‍ തൂങ്ങി.

അമ്മെ ..അമ്മെ ..ഇന്ന് എല്ലാവരും കൂടി സോനയുടെ വീട്ടില്‍ കമ്പയിന്‍ സ്റ്റഡി നടത്താം എന്ന് പറയുന്നു, ഞാനും പോവട്ടെ അമ്മെ ?


ശരി ശരി നേരം ഇരുട്ടുന്നതിനും മുന്‍പേ തിരിച്ചു വന്നേക്കണം

ഇപ്പോള്‍ ശരിക്കും ഞെട്ടിയത് ശ്രീദേവിയാണ് , ഇത്ര പെട്ടെന്ന് ഒരു അനുകൂല മറുപടി പ്രതീക്ഷിച്ചില്ല, ഇനി അമ്മയുടെ മനസ്സ് മാറിയാലോ എന്ന് തോന്നിയത് കൊണ്ടാവാം  അവള്‍ പെട്ടെന്ന് ഇറങ്ങി . ഗേറ്റ് കടന്നതും ബാഗില്‍ ആരും കാണാതെ കൊണ്ട് നടക്കുന്ന അവളുടെ
മൊബൈല്‍ എടുത്തു അവള്‍ വിളിച്ചു.

ഡാ ഞാന്‍ ഇറങ്ങി, സിനിമയ്ക്കു പോവാണോ ,തിയ്യേറ്ററില്‍ ആരെങ്കിലും പരിചയക്കാര്‍ ..


കുറച്ച് നേരം കഴിഞ്ഞപ്പോഴേക്കും ഒരു വിരുന്നുകാരന്‍ പ്രിയയെ തേടി എത്തി.

പ്രിയക്കുട്ടീ , നീ രണ്ടാമതും മെസ്സേജ് അയച്ചപ്പോള്‍ ഞാന്‍ ശരിക്കും സങ്കടപ്പെട്ടു, എത്ര നാള്‍ കഴിഞ്ഞ നീ എന്നോട് ഇന്ന് കാണാം എന്ന് പറഞ്ഞത്, എന്നിട്ടപ്പോള്‍ തന്നെ ഇന്ന് വരല്ലേ എന്നും പറഞ്ഞു മെസ്സേജ്.

ഷാനു, ശ്രീമോള്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു, നീയെങ്ങാനും അപ്പോള്‍ വന്നിരുന്ണേല്‍ എല്ലാം അവസാനിച്ചെനെ,

ഓക്കേ ഓക്കേ പെട്ടെന്ന് റെഡി ആവാന്‍ നോക്ക്, ഇന്നൊരു ഫിലിം എന്റെ പ്രിയക്കുട്ടിയോടൊപ്പം, ടിക്കറ്റ്‌ എല്ലാം ഓക്കേ ആണ്. വൈകിട്ട് നാല് മണി ആവുമ്പോഴേക്കും തിരിച്ചു വീട്ടില്‍ എത്താം,

സിനിമക്കോ ഞാന്‍ ഇല്ല, ആരെങ്കിലും നമ്മളെ ഒരുമിച്ചു കണ്ടാല്‍. ?

പ്രിയക്കുട്ടീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ സംസാരിക്കല്ലേ, ഞാന്‍ ടിക്കറ്റ്‌ റിസേര്‍വ് ചെയ്തിട്ടുണ്ട്, അടുത്തടുത്ത്‌ സീറ്റ്‌ ഓക്കേ? തിയേറ്ററിനു കുറച്ചു മുന്‍പ് ഞാന്‍ നിന്നെ ഇറക്കി വിടും, നീ ആദ്യം പോയി അവിടെ ഇരുന്നിട്ടെ ഞാന്‍ വരൂ.

വിരുന്നുകാരനും വീട്ടുകാരിയും തമ്മില്ലുള്ള ബന്ധം മന്സ്സിലാവാതെയോ എന്തോ ആ കാക്ക പെട്ടെന്ന് പറന്നുപോയി.


ഇന്നും കാക്കകള്‍ വിരുന്നു വിളിക്കുന്നു, വിരുന്നുകാരും അവരുടെ ഉദ്ദേശവും മാറിയത്‌ അറിയാതെ. .

ഇപ്പോള്‍ എനിക്കെന്തോ എല്ലാം കൈവിട്ടു പോവുന്ന പോലെ ഒരു തോന്നല്‍, ഈ വീട്ടിലെ മൂന്നു പേരുടെയും ലക്‌ഷ്യം ഒരു സിനിമ ആവാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, കാരണം എന്റെ കഥാപാത്രങ്ങള്‍ വേദനിക്കുന്നത് കാണാന്‍ എനിക്ക് താല്പര്യമില്ല.

                           -ശുഭം-

4 അഭിപ്രായങ്ങൾ:

  1. കാലഘട്ടങ്ങളിലൂടെ മാറുന്ന വിരുന്നുകാരന്റെ ഉദ്ദേശങ്ങളും മാറാത്ത കാക്കയുടെ വിളിയും ഹൃദ്യമായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. ആഹാ എത്ര രസകരം പുണ്യാളനിഷ്ടമായി ,ആശംസകള്‍

    @ PUNYAVAALAN
    @ PUNYAVAALAN

    മറുപടിഇല്ലാതാക്കൂ