ശനിയാഴ്‌ച, മാർച്ച് 15, 2014

മൈലാഞ്ചിക്കുന്നിലെ വിശേഷങ്ങള്‍





ഏറെ നേരമായി സുറുമിയേയും കാത്തു ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് , ഇന്നെന്തോ അവള്‍ ഒരുപാട് വൈകിയിരിക്കുന്നു. അവള്‍ ടൈപിംഗ് പഠിക്കാന്‍ പോവുന്നത് തന്നെ ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയാണ്
. മാളിയേക്കല്‍ ഹസൈനാര്‍ ഹാജിയുടെ മകള്‍ സുറുമിയെ മോഹിക്കാന്‍ മാത്രം ഒരു യോഗ്യതയും എനിക്കില്ല.
അത് അറിയാഞ്ഞിട്ടല്ല ചെറുപ്പം തൊട്ടേ ഉള്ളില്‍ ഉള്ള ഒരു ഇഷ്ടം ആയിരുന്നു. ഓത്തു പഠിക്കാന്‍ ഒരുമിച്ചു പോയിരുന്ന കാലത്ത് തൊട്ടേ ഉള്ള ഇഷ്ടം . അവരുടെ വീട്ടിലെ അടുക്കളക്കാരിയാണ് ഉമ്മ. ഒരു അടുക്കളക്കാരി ആയിട്ടോ അടുക്കളക്കാരിയുടെ മകന്‍ ആയിട്ടോ അല്ല ഞങ്ങളെ അവര്‍ കണ്ടിട്ടുള്ളത്.
പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട് ആ വീട്ടില്‍. രണ്ടു പെണ്‍കുട്ടികളാണ് അവര്‍ക്ക്. മൂത്തവള്‍ സുറുമി. അനിയത്തി സുലൈഖ .അവരുടെ ഒരു മൂത്ത ആണ്‍കുട്ടിയെ എന്ന പോലെയാണ് അവര്‍ എല്ലാം എന്നെ കാണുന്നത്. എന്റെയും സുറുമിയുടെയും ഇഷ്ടം അവര്‍ അറിയുന്ന ദിവസം , അതോര്‍ക്കാന്‍ കൂടി വയ്യ. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു വലിയ തറവാട്ടില്‍ നിന്നും കഷ്ടപ്പാടിലേക്ക് കൈ പിടിച്ചിറക്കിക്കൊണ്ടുവന്നതാണ് എന്റെ ഉപ്പ ഉമ്മയെ. അന്ന് വീട്ടുകാരും നാട്ടുകാരും കയ്യൊഴിഞ്ഞ ഉപ്പയെയും ഉമ്മയെയും സഹായിക്കാന്‍ തയ്യാറായത് ഹസൈനാര്‍ ഹാജിയാണത്രേ. ആ ഒരു കടപ്പാട് ഉപ്പ മരിക്കുന്നത് വരെ അവരോടു കാണിച്ചിരുന്നു,
പിന്നീട് എനിക്ക് ബുദ്ദിയുറക്കാത്ത പ്രായത്തില്‍ ഉമ്മയെയും കൈക്കുക്കുഞ്ഞായ ഹസിമോളെയും എന്റെ കയ്യില്‍ ഏല്പിച്ചിട്ട് ഉപ്പ പോയി. അന്ന് ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമത്താടെ കൈവിരല്‍ തുമ്പില്‍ പിടിച്ചു ഉപ്പയുടെ മയ്യിത്ത്‌ കൊണ്ട് പോവുന്നത് കണ്ട ഒരു ഓർമ്മ ബാക്കിയുണ്ട്. അന്ന് മുതല്‍ എനിക്ക് നാല് മക്കള്‍ ആണെന്ന് ഫാതിമത്ത പറയുമായിരുന്നു. ഒരു പാത്രത്തില്‍ നിന്നും ഞങ്ങള്‍ നാലുപേര്‍ക്കും ഭക്ഷണം തരുമായിരുന്നു. മൂന്ന് അനിയത്തിമാരയിരുന്നു എനിക്ക്. പിന്നീട് എപ്പോളാണ് സുറുമി എനിക്ക് പ്രണയിനി ആയത് ? ആര്‍ക്കായിരുന്നു പിഴച്ചത് ? എനിക്കോ അതോ അവള്‍ക്കോ ?
" എന്താ ഇത്ര വലിയ ആലോചന? " സുറുമിയാണ്.
" ഒന്നുമില്ല , നമ്മുടെ ഈ ബന്ധം നിന്റെ വീട്ടുകാര്‍ എങ്ങിനെ കാണും? എങ്ങിനെ പ്രതികരിക്കും ? "
" ഒന്നും ഉണ്ടാവില്ല. ഞാന്‍ കരയുന്നത് കാണാന്‍ ഉപ്പാക്ക് കഴിയില്ല , എന്നെ പോലെ തന്നെ ഉപ്പ നിന്നെയും സ്നേഹിക്കുന്നുണ്ട് , അവര്‍ക്ക് സന്തോഷമാവും, എനിക്കുറപ്പാണ്. "
" ആ സ്നേഹം ആണ് എന്റെ പ്രശ്നം, അനിയത്തിയായി കാണേണ്ട നിന്നെ ഞാന്‍ പ്രേമിക്കുന്നു എന്ന് നമ്മുടെ വീട്ടില്‍ അറിയുന്ന കാര്യം ഓര്‍ക്കാന്‍ കൂടി വയ്യ സുറുമീ. "
" എന്റെ മോന്‍ ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, റിസള്‍ട്ട്‌ വന്നാല്‍ ഉപ്പാടെ നാഗ്പൂരുള്ള അടക്ക ബിസിനസ്‌ നിന്നെ ഏല്പിക്കാന്‍ പോവാണെന്ന് ഉമ്മയോട് പറഞ്ഞത്രേ , പിന്നെ നമുക്കവിടെ നിന്റെ ഉമ്മപറഞ്ഞു തരാറുള്ള അറബിക്കഥയിലെ രാജകുമാരിയും രാജകുമാരനുമായി കഴിയാം "
" സുറുമീ "
" എന്താ "
" നിനെക്കെന്നാ എന്നോട് പ്രണയം തുടങ്ങിയത് ? "
" ചെറുപ്പത്തിലെ "
" ചെറുപ്പത്തില്‍ എന്ന് പറഞ്ഞാല്‍? "
" നല്ല ചെറുപ്പത്തിലെ "
" എന്നാലും ...ശരിക്കും പറ "
" ഞാന്‍ ഉമ്മാടെ അറബിക്കഥകള്‍ കേള്‍കാന്‍ തുടങ്ങിയ അന്ന് തൊട്ടേ .."
" എന്ന് പറഞ്ഞാല്‍ ,,,മദ്രസയില്‍ പോവുന്നതിനും മുന്‍പോ? "
" ഉം .." അവള്‍ക്കു നാണം വന്നു. ആ വെള്ളാരം കണ്ണുകള്‍ പാതി അടഞ്ഞു.
" എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ? "
" ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നോട് പറയാന്‍ "
" അതിനു നിന്നോട് ആരാ പറഞ്ഞത് എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്നു? "
" വല്യ ബാദുഷയൊന്നും ചമയേണ്ട , എനിക്കറിയാരുന്നു, മൈലഞ്ചിക്കുന്നു നേര്‍ച്ച വരുമ്പം എന്നോടല്ലേ ചോദിക്കുന്നത് എന്ത് കളര്‍ വളയാണ് വേണ്ടത് എന്ന്? , സുറുമയും തട്ടവും എല്ലാം എന്റെ കയ്യില്‍ അല്ലെ തരാറുള്ളൂ. അപ്പോഴേ എനിക്കറിയാം എന്നോട് മുഹബ്ബത്താണ് എന്ന് "
" മുഹബ്ബത്തല്ലെടീ പൊട്ടീ, പ്രണയം, നീ നിന്റെ വീട്ടില്‍ തന്നെ ഇരുന്നു പഴഞ്ചനായി, അതുകൊണ്ട ഞാന്‍ നിന്റെ ഉപ്പാനെ കൊണ്ട് നിന്നെ ടൈപ്പിങ്ങിനു വിടാന്‍ പറഞ്ഞത്. "
" ഹോ ഹൊ..അല്ലാതെ എന്നെ ഇത്തിരി നേരം തനിച്ചു കാണാനും മിണ്ടാനും അല്ല ? " അവളുടെ മുഖം വാടി.
" എന്റെ മുത്തെ നിന്നെ കാണാന്‍ തന്നെയാണ്, സുറുമയിട്ട നിന്റെ ഈ വെള്ളാരം കണ്ണുകളില്‍ എനിക്ക് ജന്നത്ത് കാണാന്‍ വേണ്ടി, പിന്നെ നിന്റെ ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി, അതില്‍ മുഴുകി ഈ മൈലാഞ്ചി കുന്നിനു മുകളില്‍ കൂടി ഒഴുകിണ്ടാക്കാന്‍ വേണ്ടി, നിന്റെ ഈ മുഹബ്ബത്ത് തന്നെയാണ് സുഖം "
" മുഹബ്ബത്ത് എന്ന് പറയാനാ എനിക്കും ഇഷ്ടം, പ്രണയം എന്ന് പറയുമ്പോള്‍ ഒരു പേടിയാ, മുഴുവനും കള്ളമാണ് "
" നിന്റെ ഉപ്പ ഈ മൈലഞ്ചിക്കുന്നു മുഴുവന്‍ ഇങ്ങനെ കയ്യടക്കി വച്ചിരിക്കുന്നത് എന്തിനാ ? "
" നമുക്ക് ഇങ്ങനെ ഇരുന്നു മുഹബ്ബത്ത് പങ്കുവയ്ക്കാന്‍ വേണ്ടി " അവള്‍ ചിരിച്ചു.
" സുറുമീ , എനിക്കിന്ന് മയില്‍‌പീലി കണ്ണ് കൊണ്ട് എന്നാ പാട്ട് പാടിത്തരണം" അവന്‍ പറഞ്ഞാല്‍ അവള്‍ പാടും. നേരം പുലരുന്നത് വരെ പാടും.
" മയില്‍ പീലി കണ്ണ് കൊണ്ട് കരളിന്റെ കടലാസ്സില്‍ മാപ്പിള പാട്ട് കുറിച്ചവനെ .."
" അള്ളോ...നേരം ഒരുപാടായി ...ഇപ്പോള്‍ മഗരിബ് ബാങ്ക് വിളിക്കും, ഞാന്‍ പോവ്വാ..."
അവള്‍ കുറച്ചു മൈലാഞ്ചി ഇലകളും നുള്ളി ഓടിപ്പോയി.
പക്ഷെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല ...ഞങ്ങളുടെ പ്രണയം നിറച്ച സന്തോഷത്തിന്റെ ദിനങ്ങള്‍അവസാനിക്കുകയായിരുന്നു എന്ന്.
***************************
അന്ന് വൈകീട്ട്, എന്നെ അന്നെഷിച്ചു ഇന്‍സ്പെക്ടര്‍ അബ്ബാസ്‌ അലി വന്നിരുന്നു എന്ന് മാധവപ്പണിക്കര്‍ പറഞ്ഞു. മാധവപ്പണിക്കരുടെ കളരിയിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നത്. എന്നെ അവിടുത്തെ അടുത്ത കുരിക്കള്‍ ആക്കണം എന്ന് മൂപ്പര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പട്ടാമ്പിയിലെ കുരിക്കള്‍ കുട്ടി ആലി അദ്ദേഹത്തിനു പകര്‍ന്നു കൊടുത്ത ചില പ്രത്യേക മുറകള്‍ എനിക്ക് അദ്ദേഹം പറഞ്ഞു തന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇതെല്ലം വിശ്വസിച്ചു കൈമാറാന്‍ ഇപ്പോള്‍ ഈ നാട്ടില്‍ നീ മാത്രമേ ഉള്ളൂ. ബാക്കി ആര്‍ക്കും പറഞ്ഞു കൊടുക്കാന്‍ ധൈര്യം ഇല്ല എന്ന്. 

സ്റ്റേഷനില്‍ ചെന്നപ്പോള്‍ അബ്ബാസ്‌ സര്‍ ഉണ്ടായിരുന്നു.നേരം വൈകിയതിന് ഒന്നും പറഞ്ഞില്ല.
“സര്‍ അന്നെഷിച്ച വിവരം അറിയാന്‍ വൈകി ...”
“അതിനു നിനക്കെവിടെ സമയം ? നീ ....”അബ്ബാസ്‌ അലി അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ രാജനെ നോക്കി .അയാള്‍ അവിടെ നിന്നും പോയി.അതിനു ശേഷമാണ് അബ്ബാസ്‌ അലി പറഞ്ഞു വന്നത് അവസാനിപ്പിച്ചത് .
...കാണുന്ന പെണ്‍കുട്ടികളെ എല്ലാം പഞ്ചാരയടിക്കാന്‍ നടക്കല്ലേ , നിനക്ക് മാളിയേക്കല്‍ തറവട്ടീന്നു തന്നെ വേണം അല്ലെ പെണ്ണിനെ ?”
എന്തോ പന്തികേട് തോന്നി.
“നിന്റെ പഞ്ചാരയടിയെ പറ്റി ഹാജിയാര്‍ അറിഞ്ഞു, അതങ്ങോട്ട് അവസാനിപ്പിക്കാന്‍ വേണ്ടിയാ നിന്നെ ഇവിടേക്ക് വിളിപ്പിച്ചേ , മനസ്സിലായോ നിനക്ക് ? “ ഒന്നും പറഞ്ഞില്ല.
“എനിക്കിങ്ങനെ ഉപദേശിച്ചു നന്നാക്കുന്ന ശീലം ഇല്ലാത്തതാ , ഹാജിയാര്‍ പറഞ്ഞു മോനെ പോലെ വളര്‍ത്തിയ ചെക്കനാ , അവനു തല്ലു കൊണ്ടാല്‍ വേദനിക്കുന്നത് എനിക്കാ എന്ന് “
അപ്പോള്‍ ഹസൈനാര്‍ ഹാജി അങ്ങോട്ട്‌ വന്നു.ഇതുവരെ വാല്‍സല്യം അല്ലാതെ വേറെ ഒരു വികാരം ആ മുഖത്ത് കണ്ടിട്ടില്ല.പക്ഷെ ഇന്ന് ....
“ഒരാഴ്ച സമയം നിനക്ക് തരും , നീ ഇവിടം വിട്ടു പോവണം, പറക്കമുറ്റാത്ത പ്രായത്തില്‍ നിന്നെയും നിന്റെ കുടുംബത്തെയും രക്ഷിച്ച ഒരാള്‍ ആയത് കൊണ്ട് മാത്രം ഞാന്‍ നിനക്ക് തരുന്ന ഔദാര്യം ..അതാണ്‌ ഇപ്പോള്‍ നിന്റെ ഈ ജീവന്‍, ഇനി തമ്മില്‍ കാണാന്‍ ഇട വരരുത്, വന്നാല്‍, ,,,നിന്റെ ഉമ്മയാവും അടുത്ത പ്രാവശ്യം ഇവിടെ വരുന്നത്, ഇത് കണ്ടോ ഫാത്തിമാടെ മാല , ഇത് നിന്റെ ഉമ്മ മോഷ്ടിചൂന്നു ഒരു പരാതി, അത്ര മാത്രം മതിയാവും. മനസ്സിലായെങ്കില്‍ വിട്ടോ “
വളരെ ശാന്തമായിട്ടാണ് പറഞ്ഞത് എങ്കിലും ആ കണ്ണുകളില്‍ കണ്ട ദേഷ്യം വളരെ വലുതായിരുന്നു. അന്ന് തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ലായിരുന്നു.ഇനി എന്താ ചെയ്യാനുള്ളത് എന്ന്.അല്ലെങ്കിലും ഞാന്‍ കാണിച്ചത് നന്ദികേട്‌ തന്നെയായിരുന്നു. പിറ്റേന്ന് ഹസൈനാര്‍ ഹാജി വിളിപ്പിച്ചു.വീട്ടിലേക്കു ചെല്ലുമ്പോള്‍ എല്ലാവരും ഉണ്ട്.ഫതിമ്മത്തയും സുറുമിയും, അനിയത്തിയും.എല്ലാവരുടെയും മുഖത്ത് സന്തോഷം.ഞാന്‍ ചെന്നതും ഹസൈനാര്‍ ഹാജി ഒരു കവര്‍ എടുത്തു നീട്ടി.
“നിനക്കൊരു വിസയാണ്, പെട്ടെന്ന് തന്നെ പോവണം, നീ എത്രാന്നു വെച്ചാ ഇങ്ങനെ കഷ്ടപ്പെടുന്നത് ?അനിയത്തിയുടെ കല്യാണം നടത്തേണ്ടേ ? ഒരു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നിനക്കും വേണ്ടേ ഒരു പെണ്ണ് ?” ഫാതിമത്തയാണ് പറഞ്ഞത്.വല്ലാതെ സന്തോഷം തോന്നി.ഇവിടുന്നു പോവണം എന്ന് പറഞ്ഞെങ്കിലും എവിടേക്ക് പോവും എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
“എന്താ നിനക്ക് വേണ്ടേ ? “ ഹസൈനാര്‍ ഹാജിയുടെ ചോദ്യം.
“അല്ല വേണം ...പെട്ടെന്ന് തന്നെ പോവാനുള്ള കാര്യങ്ങള്‍ നോക്കാം “
“നീ ഒന്നും നോക്കേണ്ട ,എല്ലാം മൂപ്പര് നോക്കിക്കൊള്ളും, നാളേം കഴിഞ്ഞു മറ്റന്നാള്‍ പോവാന്‍ നീ തയ്യാറായിക്കോ, ടിക്കെറ്റ്‌ എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട് “ എങ്ങോട്ടാണെന്ന് ചോദിച്ചില്ല , എന്തായാലും ഇവിടുന്നു തല്‍ക്കാലത്തേക്ക് മാറണം.സുറുമിയെ മറക്കണം, ഞാന്‍ പോയാല്‍ അവള്‍ക്കും അത് എളുപ്പമാവും, പ്രായത്തിന്‍റെ ഒരു വട്ടായിട്ടു പിന്നീട് ചിലപ്പോള്‍ ഓര്‍ക്കുമായിരിക്കും .
***************************



“ഉമ്മാ ?”
“എന്തോ “
“എന്തിനാ കരയുന്നത് “
“ഞാന്‍ കരയുന്നോന്നുല്ല “
“അപ്പോ പിന്നെ പല്ലി മൂത്രം ആവും എന്റെ മുഖത്ത് വീണത്‌ “
“ അനക്കെന്തിന്റെ കേടാ ?”
“ഉമ്മാ, ഉമ്മാക്ക് ഓര്‍മയില്ലേ , ഉമ്മ എന്നെ എപ്പോഴും ഓര്‍മിപ്പിച്ചിരുന്ന ഒരു കാര്യം, നാലര വയസ്സുള്ള എന്റെ കയ്യില്‍ പിടിച്ചു ഉപ്പ എന്നോട് സത്യം ചെയ്യിച്ച ഒരു കാര്യം , ആ സത്യം എനിക്ക് സാധിക്കെണ്ടേ ഉമ്മ ? ഹസിമോള്‍ടെ കല്യാണം വളരെ ആഘോഷമായി നടത്തണ്ടേ ? മഴ പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് വേണ്ടേ നമുക്ക്‌ ? അതിനെല്ലാം വേണ്ടി റബ് കാണിച്ചു തന്ന ഒരു വഴിയല്ലേ ”
“ഇക്കാക്ക ഇവിടുന്നു പോയിട്ട് എന്റെ കല്യാണം നടത്തേണ്ട , ..”
“മോള് ഉറങ്ങീലെ ഇത് വരെ ? ഒരു കൊല്ലം കഴിഞ്ഞാല്‍ ഇക്കാക്ക ഇങ്ങട്ട് പറന്നു വരും, പിന്നെ മോള്‍ടെ നിക്കാഹ് , ഇക്കാക്കന്റെ നിക്കാഹ് , എന്നും സന്തോഷം ആയിരിക്കും “
“ ഇക്കാക്ക്‌ പരീക്ഷ്ടെ റിസള്‍ട്ട്‌ വന്നാല്‍ നല്ല പണി കിട്ടും എന്ന് സുറുമിത്താത്ത പറഞ്ഞല്ലോ , പിന്നെന്തിനാ ഇപ്പൊ പോണെ ?”
“ആ പൊട്ടിക്ക് ഒന്നും അറിയില്ല, പത്താം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചിട്ടുള്ള ഓള്‍ടെ വാക്ക് ഇയ്യ് കേക്കണ്ട , എല്ലാരും കെടന്നോ നാളെ നേരത്തെ എനിക്ക് പോവാനുള്ളതാ“
ഉമ്മയെയും ഹസിമോളെയും ചേര്‍ത്ത് പിടിച്ചു കിടന്നു.ഉറങ്ങാന്‍ പറ്റില്ലായിരുന്നു എനിക്കന്നു.ഓര്‍മ വെച്ച നാള് മുതല്‍ ഉമ്മയെയും ഹസിമോളെയും പിരിഞ്ഞു നിന്നിട്ടില്ല.നാളെ മുതല്‍ തനിച്ചു ഏതോ ഒരു രാജ്യത്ത്‌ , ഒരു പരിജയവും ഇല്ലാത്തവരുടെ കൂടെ.
****************************
താഴെ നാടിന്റെ പച്ചപ്പ് മറയുന്നത് വരെ നോക്കിയിരുന്നു.എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ആദ്യായിട്ടാ അല്ലെ ?”
അടുത്തിരുന്ന പ്രായം ചെന്ന ഒരാള്‍ ചോദിച്ചു.അതെ എന്ന് തലയാട്ടി.
“വല്ലാത്ത ഒരു ലോകാ മോനെ ഗള്‍ഫ്‌ , ആദ്യക്കാരനോട് ഒരു കാര്യം മാത്രം പറയാ , ഒരുപാട് കാലം നില്‍ക്കണ്ട, എന്താണ് പ്രധാന ഉദ്ദേശം ,അത് നടന്നാല്‍ നിര്‍ത്തി പൊയ്ക്കോ , അല്ലെങ്കി ഇതാ എന്നെ പോലെ ആയുസ്സ് മുഴുവന്‍ മരുഭൂമിയില്‍ തന്നെ “
പെട്ടെന്ന് ഒരാളെ കിട്ടിയപ്പോള്‍ എല്ലാ സങ്കടങ്ങളും പുറത്തെക്കൊഴുകി.
“അത് ശരി , അപ്പോള്‍ ഇതൊരു നാട് കടത്തലാ അല്ലെ ? അല്ല ഓളെ മറക്കാന്‍ പറ്റോ”
“ അറിയില്ല , എന്തായാലും അകന്നു നിന്നെ പറ്റൂ “
“ മറക്കും , എല്ലാം മറക്കും അങ്ങിനെ ഒരു ഗുണം കൂടി ഉണ്ട് ആ മണ്ണിനു, പിന്നെ ഒരു ജോലി ശരിയാവുന്നത് വരെ എന്റെ കൂടെ കൂടിക്കോ , റൂമും ഭക്ഷണവും ആണ് ഗള്‍ഫില്‍ പ്രധാന സംഭവം , അത് രണ്ടും ഞാന്‍ ഏറ്റു, എനിക്കൊരു കഫ്തീരിയ ഉണ്ട്, ഒരു നാല് ടാബിളും മൂന്നു പണിക്കാരും ഉള്ള ഒരു ചെറിയ ചായക്കട, “
“ എന്താ പേര് “
“ പടച്ചോനെ അത് മറന്നു , എന്റെ പേര് മജീദ്‌, മലപ്പുറത്ത് എടപ്പാള്‍ കേട്ടിട്ടുണ്ടോ , അവിടെയാണ് വീട് “
“ഞാന്‍ ഷെമീര്‍, മലപ്പുറത്ത് തന്നെ , കുറെ ഉള്ളിലേക്കാ , മൈലാഞ്ചിക്കുന്ന് അറിയോ ?”
“ അറിയോന്നോ , എന്റെയൊക്കെ ചെറുപ്പത്തില്‍ , മൈലാഞ്ചിക്കുന്ന് നേര്‍ച്ച ഒന്ന് പോലും ഒഴിവാക്കില്ല, മൈലാഞ്ചിക്കുന്ന് മാത്രമല്ല, വെളിയങ്കോട്, പുത്തന്‍പള്ളി, പുതിയങ്ങാടി അങ്ങിനെ എല്ലാ നേര്‍ച്ചകളും, അതൊരു കാലം, അന്നൊക്കെ വയറ് നെറയെ വല്ലതും തിന്നുന്നത് നേര്‍ച്ചക്കും ,പിന്നെ വല്ല കല്യാണത്തിനും ആണ് “
ഷാര്‍ജ എത്തിയത് അറിഞ്ഞില്ല, സങ്കടം എല്ലാം എങ്ങോട്ട് പോയി എന്നറിയില്ല, ഞാനും ഒരു പ്രവാസിയായി.വേറെ പണിയൊന്നും അന്നെഷിച്ചില്ല, കഫ്തീരിയയില്‍ തന്നെ കൂടി, കുറെ മാസങ്ങള്‍. ഭാഷ എല്ലാം ശരിയായി വന്നപ്പോള്‍ മജീദ്‌ക്ക നിര്‍ബന്ധിക്കാന്‍ തുടങ്ങി.വേറെ ജോലി നോക്കാന്‍, വേറെ ഒരു ജോലി ഒത്തു വന്നതും വളരെ യാദ്രിശ്ചികം ആണ്.
ഹോട്ടെലില്‍ വെച്ച് ഖാലിദ്‌ അഹ്മദ് എന്ന ആളെ കാണുന്നതും ആളുടെ കമ്പനിയില്‍ പണി കിട്ടുന്നതും എല്ലാം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.നല്ല ശമ്പളം.എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.പിന്നെ മജീദ്‌ക്കാടെ കഫ്തീരിയ ഇന്നത്തെ “ഇക്കാസ്‌ റെസ്ടോരന്റ്” ആക്കിയതും മജീദ്‌ക്ക എന്‍റെയും അദ്ദേഹത്തിന്റെ മകന്റെയും പേരില്‍ ലൈസന്‍സ് മാറ്റുന്നതും , പിന്നീട് ഹസിമോളെ മജീദ്‌ക്കാടെ മകന് കല്യാണം ആലോചിക്കുന്നതും എല്ലാം പടച്ചോന്റെ തീരുമാനങ്ങള്‍ മാത്രം ആയിരുന്നു എന്ന് വിശ്വസിക്കാന്‍ ആണ് ഇഷ്ടം..
“മോനെ ഇതെന്തൊരു കെടപ്പാ ഇത് ?അകത്തു വന്നു കെടന്നൂടെ, “
ഹാ ഉമ്മാ, ഞാന്‍ വെറുതെ ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ ....
ഓരെല്ലാം പോയോ ഉമ്മാ ?”
“ഹാ എല്ലാരും പോയി, കൊറച്ചു കഴിയുംബേക്കും ഹസിമോളും ചെക്കനും വരും.”
“ഉമ്മാ എല്ലാം വളരെ ഭംഗിയായിരുന്നില്ലേ ?ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ലല്ലോ ?”
“ എല്ലാം നന്നായി മോനെ, ഇഞ്ഞി ഇജ്ജോന്ന് കുളിച്ചാ , രണ്ടു മൂന്നീസത്തെ ഒറക്കക്ഷീണണ്ട്  അനയ്ക്ക്, മക്കള് വന്ന ഞാ വിളിക്കാ, അത് വരെ ഒന്ന് കെടന്നോ,ഹാ മോനെ അന്റെ കെടപ്പ് കണ്ടപ്പ പറയാന്‍ വന്ന കാര്യം ഇമ്മ മറന്ന്,ഹാജിയാര് ഇരിക്കീണ്ട് പന്തലില് , അന്നോട് എന്താണ്ട് പറയണംന്നു പറഞ്ഞ് “
ഹാജിയാര്.മാളിയേക്കല്‍ ഹസൈനാര്‍ ഹാജി എന്ന വലിയ മനുഷ്യനില്‍ നിന്നും ഇന്നത്തെ ഹാജിയാര്‍ ഒരുപാട് മാറി.എന്‍റെ കഴിഞ്ഞു പോയ ആറു വര്‍ഷക്കാലം ഞാന്‍ ഓര്‍ക്കാതെ പോയത് ആ കുടുംബത്തെ പറ്റിയാണ്.എന്നാലും ഉമ്മ പറഞ്ഞിരുന്നു ആ മനുഷ്യന്റെ ഓരോ വീഴ്ചകളും. സുറുമിയുടെയും ശേഷം ഫാത്തിമത്തയുടെയും മരണ വാര്‍ത്ത എന്നെ ഏറെ കാലം വേട്ടയാടി.പിന്നെ എല്ലാം മനപ്പൂര്‍വം മറക്കുകയായിരുന്നു,ഒരിക്കല്‍ പോലും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.ഉമ്മയെയും വിലക്കി.ഒരു മാസം മുന്‍പ് നാട്ടില്‍ എത്തിയപ്പോള്‍ ആണ് കാലങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹത്തെ കാണുന്നത്.അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ .....ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു...ഒപ്പം ഞെട്ടിപ്പിക്കുന്നതും.
ഞാന്‍ ഷാര്‍ജയില്‍ എത്തി ഒരു വര്ഷം കഴിയും മുന്‍പേ സുറുമിയുടെ കല്യാണം കഴിഞ്ഞു.കൊച്ചിയില്‍ ബിസ്നെസ് നടത്തുന്ന അവളുടെ ഭര്‍ത്താവിനു അവളുടെ പണത്തില്‍ ആയിരുന്നു കണ്ണ്.കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.ഗര്‍ഭിണിയായ സുറുമിയെ അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ഒരിക്കല്‍ അവള്‍ വീട്ടില്‍ അറിയിച്ചിരുന്നു.ഒരിക്കല്‍ രാത്രിയില്‍ വീട്ടിലേക്കു വിളിച്ചു എത്രയും വേഗം വരാന്‍ അവള്‍ പറഞ്ഞു,നേരം വെളുത്തിട്ടു വരാം എന്ന് പറഞ്ഞ് അന്ന് ഹാജിയാര്‍ പോയില്ല.പക്ഷെ പുലരും മുന്‍പേ അവളുടെ വീട്ടില്‍ നിന്നും വിളി വന്നു .അവള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ്.അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ച ഹാജിയാര്‍ കേസ് നടത്തി അവനു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചു.കേസിന് വേണ്ടി എല്ലാം വിറ്റ്‌ തുലച്ചു.ഇപ്പോള്‍ ഒന്നും ബാക്കി ഇല്ല.മൈലാഞ്ചിക്കുന്നിലെ സുല്‍ത്താന്‍ ഇന്ന് ഫക്കീര്‍ ആയി പള്ളിപ്പീടികയിലെ ഒരു മുറിയില്‍ തന്‍റെ മകളുമായി കഴിയുന്നു.
“അസ്സലാമു അലൈക്കും “
“വ അലൈക്കുമുസ്സലാം , മോന് ബുദ്ധിമുട്ടായോ ?”
“എന്തിന് ?”
“എനിക്കൊരു കാര്യം പറയാന്‍ ഉണ്ട്...”
“ഹാജിയാര്‍ക്ക് എന്നോട് എന്ത് വേണം എങ്കിലും പറയാം, ആജ്ഞാപിക്കാം,”
“എന്‍റെ അവസ്ഥ നിനക്കറിയാലോ , ഇനി എത്ര കാലം എല്ലാം കണ്ടും കെട്ടും കഴിയണം എന്നറിയില്ല, അതിനും മുന്‍പേ എനിക്കെന്‍റെ സുലൈഖയെ ആരുടെ എങ്കിലും കയ്യില്‍ ഏല്‍പ്പിക്കണം.കുറച്ചു ദിവസം മുന്‍പ് നിന്റെ ഉമ്മ ഒരു കാര്യം സൂചിപ്പിച്ചു...”
“ഉമ്മ പറഞ്ഞിരുന്നു...പക്ഷെ സുലൈഖയെ ഞാന്‍....”
“അറിയാം ..നിന്‍റെ നിലക്കും വിലക്കും ഇപ്പോള്‍ ചേര്‍ന്ന ബന്ധമല്ല ...”
“ഹാജിയാര്‍ എന്താ ഈ പറയുന്നത്?എന്റെ നിലയും വിലയും എല്ലാം മാളിയേക്കല്‍ അസൈനാര്‍ ഹാജിയുടെ ദയയാണ്, സുലൈഖ എനിക്കെന്‍റെ അനിയത്തിയെ പോലെയാണ്..അവളെ എനിക്ക് എന്റെ അനിയത്തിയായെ കാണാന്‍ പറ്റൂ.അവള്‍ക്കു നല്ലൊരു ആലോചന ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്.പിന്നെ ഞാന്‍ നാളെ തിരിച്ചു പോവും, ഇനി മുതല്‍ ഉമ്മ ഇവിടെ തനിച്ചാണ്, അത് കൊണ്ട് സുലൈഖയും ഹാജിയാരും ഇവിടെ ഉണ്ടാവണം.ഞാന്‍ അവിടെ ചെന്നാല്‍ ഉടന്‍ ഫൈസിയുടെ അനിയന്‍ നാട്ടില്‍ വരും.അവര്‍ തമ്മില്‍ ഒന്ന് കാണട്ടെ.ഹാജിയാരെ പറ്റി മജീദ്‌ക്കാക്ക് എല്ലാം അറിയാം.മാത്രമല്ല ഇനി രണ്ടു പേരും ഒരു വീട്ടിലേക്കു ചെന്ന് കയറുമ്പോള്‍ എപ്പഴും ഉമ്മയുടെ അടുത്തു ആരെങ്കിലും കാണുമല്ലോ,ഒരാള്‍ അവിടെ ചെന്നാല്‍ അടുത്തയാള്‍ ഇങ്ങോട്ട് പോരട്ടെ.മജീദ്‌ക്കാടെ മരുമക്കള്‍ ആയി അവര്‍ അവിടെ സന്തോഷായി കഴിയും എനിക്ക് ഉറപ്പാണ്.”
“ഇഞ്ഞി എന്നാ അണക്കൊരു പെണ്ണ് ?അന്റെ നിക്കാഹുംപാടെ കയിഞ്ഞു മരിക്കാന ഇന്റെ പൂതി.അത് നടക്കോ ?”
“ഉമ്മ ഇങ്ങള് ദേഷ്യപ്പെടെണ്ട..അടുത്തു തന്നെ അതും ഉണ്ടാവും “
********************************************************* 
ഉപ്പയുടെ രണ്ടു മീസാനുകള്‍ക്കടുത്തും മൈലാഞ്ചി കാടുപിടിച്ചു പൂത്തു നില്‍ക്കുന്നു . മീസാന്‍ കല്ലില്‍ എഴുതി വെച്ചിരുന്ന പേര് എന്നേ നിറം മങ്ങി അപ്രതക്ഷ്യമായിരിക്കുന്നു.ആദ്യമായി ഇവിടെ വരുന്നത് ഹാജ്യാരുടെ കയ്യില്‍ പിടിച്ചായിരുന്നു. തളിരിട്ടും പൊഴിഞ്ഞും കാലം കുറെ ഏറെ മുന്‍പോട്ടു പോയിരിക്കുന്നു. ഓര്‍മയില്‍ ഇപ്പോഴും തോര്‍ത്തും കൊണ്ട് വിയര്‍പ്പു തുടച്ചു വീട്ടിലേക്കു വരുന്ന ഉപ്പയുടെ പുഞ്ചിരിയുള്ള മുഖം.
“ എന്‍റെ പ്രിയ ഉപ്പാ,, ഉപ്പ എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ എല്ലാം ഞാന്‍ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഉപ്പയുടെ പൊന്നുമോളെ, എന്‍റെ അനിയത്തിയെ ഞാന്‍ നല്ലോരാളെ കൈ പിടിച്ചേല്‍പ്പിച്ചിരിക്കുന്നു.ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ നിറവേറ്റി. ഒന്ന് പക്ഷെ ഞാന്‍ ബാക്കി വെക്കുന്നു.ഒരു പെണ്‍കുട്ടിയെ എന്‍റെ ജീവിതത്തിലേക്ക് കൂട്ടുക എന്ന ഉമ്മയുടെ ഒരു വലിയ ആഗ്രഹം. അതിനെനിക്കു കഴിയില്ല എന്ന് ഉപ്പക്കറിയാലോ.ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയത് പോലെ...വയ്യ ഉപ്പാ....ഉപ്പയെ ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത അതേ വിധി തന്നെ ഇപ്പഴും....എനിക്കറിയില്ല എത്ര നാള്‍ കൂടി ഈ സത്യം എല്ലാവരില്‍ നിന്നും മറച്ചു പിടിക്കാന്‍ എനിക്ക് കഴിയും എന്ന്.നാളെ ഞാന്‍ യാത്ര തിരിക്കും എല്ലാവരും കരുതുന്ന പോലെ ഗള്‍ഫിലേക്കല്ല,,,ഹോസ്പിറ്റലിലേക്ക്....”
........................................
‘സാറേ ആശുപത്രി എത്തി,” ടാക്സിക്കാരന്റെ ശബ്ദമാണ് വീണ്ടും ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്.
“മലയാളി ആണല്ലേ?”
“എന്ത് ചോദ്യമാണ് സാറേ,സാറ് എന്‍റെ വണ്ടിയില്‍ കയറിയപ്പഴേ എനിക്ക് മനസ്സിലായി.ആട്ടെ ഇവിടെ ആരെ കാണാന?ആരാ കിടക്കുന്നത് ?”
“ആരും ഇല്ല, കുറച്ചു ദിവസം എനിക്കൊന്നു കിടക്കണം”
“ഇന്നാലിന്നാഹി....ചികിത്സക്ക് വേണ്ടി വരുന്നവര്‍ ഇവിടെ തനിച്ചു വരാറില്ല, അത് കൊണ്ടാ ചോദിച്ചത്,പിന്നെ നാട്ടില്‍ തന്നെ ഇതിനു നല്ല ആശുപത്രികള്‍ ഉണ്ടല്ലോ,പിന്നെന്തിനാ മുംബായില്‍ ?”
അതിനു മറുപടി പറയാതെ കാശ് കൊടുത്തു നേരെ നടന്നു.
സുറുമിയുടെ കാര്യം ഒഴിച്ചു ഉമ്മ അറിയാത്തൊരു രഹസ്യവും ഉണ്ടായിരുന്നില്ല.ഉമ്മയില്‍ നിന്നും മക്കള്‍ എന്തെങ്കിലും രഹസ്യങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് അത് ഉമ്മ അറിയുകയും ചെയ്യുന്ന പോലെ ഒരു വലിയ വേദന വേറെ ഒന്നുണ്ടാവില്ല ഉമ്മക്കും മക്കള്‍ക്കും ഇടയില്‍. അധികം വൈകാതെ തന്നെ ഉമ്മ എല്ലാം അറിയുമായിരിക്കും,ഉമ്മാക്ക് പക്ഷെ എന്നെ വെറുക്കാന്‍ കഴിയില്ല.കാരണം അങ്ങിനെ ഒരു രഹസ്യം അല്ലല്ലോ എനിക്കുള്ളത്.ഉമ്മയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ലേ ഞാന്‍ ഉമ്മയോട് ഇത് മറച്ചു വെച്ചത്.എന്‍റെ മരണ ശേഷം ഹാജിയാര് എല്ലാം പറഞ്ഞു മനസ്സിലാക്കും ഉമ്മയെയും ഹസി മോളേയും. ഹാജിയാരുടെത് ഒരു വല്ലാത്ത നിയോഗം ആണ്.എന്‍റെ ഉപ്പയുടെയും അസുഖത്തെ കുറിച്ച് അറിയാമായിരുന്ന ആള്‍ ഹാജിയാര്‍ ആയിരുന്നു.
...............................................................
“ എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല ,എന്നെ ദുബായില്‍ നിന്നും ഡോക്ടര്‍ സാമുവല്‍ വിളിച്ചു പറഞ്ഞ ആ ആള് തന്നെ ആണോ ഇത്?എങ്കില്‍ എന്തോ വലിയ അത്ഭുതം സംഭവിച്ചിരിക്കുന്നു.”ഡോക്ടര്‍ രാം നാഥന്‍ വല്ലാത്തൊരു അന്ധാളിപ്പില്‍ ആണ്.
‘എന്താ ഡോക്ടര്‍ എനിക്ക് പേടിക്കാന്‍ തക്ക ഒന്നും ഇല്ലേ ?’
“ഇല്ലെടോ ഒരു സാധാരണ മനുഷ്യനായി താന്‍ ഇനിയും ഒരുപാട് കാലം ജീവിക്കും,ഒരു മരുന്നും മന്ത്രവും ഇല്ലാതെ.”
“ ഡോക്ടര്‍ എനിക്ക് വീട്ടിലേക്കൊന്നു വിളിക്കണം, ഞാന്‍ പുറത്തേക്കൊന്നു പൊയ്ക്കോട്ടേ?”
മറുപടിക്ക് കാത്തു നില്‍ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു.ഉമ്മാക്ക് വിളിക്കണം,കൂടുതല്‍ ഒന്നും പറയണ്ട,ഉമ്മയുടെ ആഗ്രഹപ്പ്രകാരം ഒരു കല്യാണം ഉടന്‍ ഉണ്ടാവും എന്ന് പറയണം.
“ ഹാ ഷമീര്‍ കാത്തിരുന്നു മുഷിഞ്ഞോ ?" ഡോക്ടര്‍ വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്.സ്വപ്നം ആയിരുന്നോ?.
“ ഹേയ് ഇല്ല ഡോക്ടര്‍ ”
“ തന്നില്‍ നിന്നും ഒന്നും മറച്ചു പിടിക്കണ്ട എന്ന് സാമുവല്‍ പറഞ്ഞിരുന്നു. “
“ അറിയാം,,കുറച്ചൊക്കെ ”
"മൂന്നു ദിവസം കൊണ്ട് എന്ത് തോന്നുന്നു ?ട്രീറ്റ്മെന്‍റ് ഇവിടെ തന്നെ തുടങ്ങണോ അതോ തിരിച്ചു ദുബായിലേക്ക് മടങ്ങുന്നോ ? അറിയാലോ കാര്യങ്ങള്‍ എല്ലാം....? “
“ അറിയാം,..ഇവിടെ തന്നെ മതി. ഞാന്‍ തയ്യാറാണ്,മനസ്സിനെ പാകപ്പെടുത്താന്‍ ഈ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട് “
“ എങ്കില്‍ ഇന്ന് തന്നെ തുടങ്ങണം..വരൂ ...”
ഡോക്ടര്‍ പോയ വഴിയെ നടന്നു....ഇനി ഒരു പക്ഷേ എന്നെ കണ്ടാല്‍ എന്‍റെ ഉമ്മ പോലും തിരിച്ചറിയില്ലായിരിക്കാം.
കുറച്ചു ദൂരെ പ്രകാശിക്കുന്ന ഒരു ചെറിയ ചുവന്ന ബള്‍ബിനു താഴെ കീമോതെറാപ്പിയുടെ ബോര്‍ഡ് അവ്യക്തമായി കാണാം . അവിടെ നിന്നും എന്‍റെ പ്രണയിനിയിലേക്കുള്ള ദൂരം എത്രയാണെന്ന് ഒന്നറിയാന്‍ കഴിഞ്ഞെങ്കില്‍...
.................................................


ബുധനാഴ്‌ച, ഡിസംബർ 19, 2012

അയാളും അവളും തമ്മില്‍


“അമ്മെ അയാള്‍ എന്നെ കൊല്ലും ...അമ്മെ എന്നേം കൊല്ലും ഉറപ്പാ “ പത്മിനി ഞെട്ടി ഉണര്‍ന്നു.
“ഈശ്വരാ എന്ത് പറ്റി എന്റെ അമ്മൂട്ടിക്ക്....മോളെ മോളെ അമ്മൂട്ടി “
“ദേ..ശ്രീധരേട്ടാ ...”പത്മിനി അടുത്തു കിടന്ന ഭര്‍ത്താവിനെ വിളിച്ചു.പക്ഷെ അവിടെ ശ്രീധരന്‍ ഉണ്ടായിരുന്നില്ല.
“അമ്മെ ..അയാള്‍”.
“ആരാ മോളെ ..ആരാ ?കുറച്ചു ദിവസായല്ലോ നീ ..ആരെയ നീ ഭയക്കുന്നെ “
“ഒന്നൂല്ല അമ്മെ ..ഞാന്‍ ..അച്ഛന്‍ എവിടെ അമ്മെ ?’അവള്‍ പാതിയില്‍ നിര്‍ത്തി. ഇപ്പോള്‍ അമ്മൂട്ടിക്കും ഉറക്കം തെളിഞ്ഞു
“മോള് കിടന്നോ...”പത്മിനി പുതപ്പെടുത്തു അമ്മൂട്ടിയെ പുതപ്പിച്ചു.
പത്മിനി അവിടെ നിന്നും എഴുന്നേറ്റു, ഉമ്മറത്ത് എന്തോ ചിന്തിച്ചിരിക്കുന്ന ശ്രീധരന്‍,
“ശ്രീധരേട്ടാ ഉറങ്ങീല്ലേ ഇന്നലെ ?എന്തിനാ ഇവിടെ തനിച്ചിരിക്കുന്നെ “
“പത്മം....എന്താ നമ്മുടെ മോള്‍ക്ക് പറ്റിയത് ?...നിക്കൊന്നും മനസ്സിലാവുന്നില്ല...നിനക്കറിയോ ഇന്നലെ ഞാന്‍ അവളെ ആശുപത്രിയില്‍ കൊണ്ടോയത് എന്തിനാന്ന് ?നിന്നോടും അവളോടും പറഞ്ഞില്ല എന്നെ ഉള്ളൂ...ആരെങ്കിലും അവളെ...പക്ഷെ ഒന്നും നടന്നിട്ടില്ല എന്ന് സുഷമ ഡോക്ടര്‍ പറഞ്ഞപ്പോളാ പകുതി ആശ്വാസം ആയെ....ഇന്നലെ ഞാന്‍ അവളുടെ സ്കൂളിലും പോയിരുന്നു.അവിടെയും അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് പത്മനാഭന്‍ മാഷ്‌ പറഞ്ഞു.അവളുടെ ശ്രീകുട്ടി മരിച്ചതിന്റെ ഷോക്ക്‌ ആവും എന്നാ മാഷ്‌ പറഞ്ഞത് ...പിന്നെ ..”
“പിന്നെ ..എന്താ ശ്രീധരേട്ടാ ?”
“അവളെ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു മാഷ്‌ “
“എന്തിനാ,,,മോള്‍ക്ക്‌ ഒന്നൂല്ലാ ..വേണ്ട അവളെ ഭ്രാന്തിയാക്കണ്ട?”
“അല്ല പത്മം, മരുന്നും ട്രീട്മെന്റും ഒന്നും വേണ്ട ..ഒരു കൌണ്‍സിലിംഗ് മതിയാവും എന്നാ മാഷ്‌ ..”
“എനിക്ക് പേടിയാ ശ്രീധരേട്ടാ ,,,നമ്മുടെ മോള്...”
“ഒന്നും ഉണ്ടാവില്ല..നീ പേടിക്കേണ്ടാ...ഡോക്ടര്‍ ജെറിന്‍ ജോസഫ്‌ ഇല്ലേ ,,ഞാന്‍ ഇന്നലെ കണ്ടിരുന്നു ആളെ, മാഷിന്റെ കൂടെ പോയി.ആളുടെ വീട്ടില്‍ പോയി കാണാം.നാളെ തന്നെ പോവണം.വാ വന്നു കിടക്കാന്‍ നോക്ക്.”
******
“ഹലോ .. റാഷിദ്‌ അലി.?”
“മോന്‍ പുറത്തു പോയല്ലോ ..ആരാ?”
“ഞാന്‍ ജെറിന്‍ ആണ് ഉമ്മാ...ഞാന്‍ അവന്റെ മൊബൈലില്‍ വിളിക്കാം “
“ഹാ മോനോ ..എന്താ ഈ രാത്രിയില്‍ ?”
“ഹേ ഒന്നുമില്ല...കുറെ ആയി അവനെ കണ്ടിട്ട്....രാത്രിയില്‍ ആണെങ്കില്‍ അല്ലെ അവന്‍ എന്ന് വിളിക്കാന്‍ പറ്റൂ, പകല്‍ സര്‍ എന്ന് വിളിക്കണ്ടേ ?”
“ഇതു നല്ല കഥ ...നീ ഓനെ സാറേന്നു വിളിക്കോ ?എന്നാ കാക്ക മലര്‍ന്നു പറക്കും “
“ ഹി ഹി ഹി ഹൂ ഉമ്മ ഞാന്‍ വിളിക്കട്ടെ , പറ്റിയാല്‍ ഞാന്‍ നാളെ വരുന്നുണ്ട് വീട്ടില്‍..പത്തിരിയും ബീഫ്‌ കുറുമയും ഉണ്ടാക്കി വെക്കണം “
“ഓ ആയിക്കോട്ടെ അന്നേം ഒന്ന് കാണാലോ “
“ശരി ഉമ്മ “
******
“എന്തെടാ നീ കാണണം എന്ന് പറഞ്ഞത്?പഴയ പോലെ എന്തേലും കയ്യബദ്ധം ?”
“ഹ്മം അതെ, പക്ഷെ ഇപ്രാവശ്യം അബദ്ധം പറ്റിയത് നിനക്കാ “
“എനിക്കോ “
“അതെ ...ഒരു മാസം മുന്‍പ് ശ്രീകുട്ടി ആതമഹത്യ ചെയ്ത സംഭവം ..നീയല്ലേ എല്ലാം അന്നെഷിച്ചത് ?”
“അതെ ഒരു പ്രേമം കാരണം നടന്ന ആതമഹത്യ ...അതിലിപ്പോള്‍ എന്താ ..ആ കുട്ടിയുടെ അമ്മയും പറഞ്ഞല്ലോ അവള്‍ക്കൊരു പ്രേമം ഉണ്ടായിരുന്നു എന്നും കുറെ വട്ടം അമ്മ അവളെ വഴക്ക് പറഞ്ഞു എന്നും....പിന്നെ ആത്മഹത്യ നടക്കുന്നതിന്റെ തലേന്ന് ആ സ്ത്രീ അവളെ തല്ലി..അതൊക്കെയാണ് കാരണം.പിന്നെ അവളുടെ ബുക്കില്‍ നിന്നും കിട്ടിയ പ്രേമ ലേഖനം “
“എങ്കില്‍ എവിടെയോ എന്തൊക്കെയോ മറഞ്ഞു കിടക്കുന്നു റാഷി...അതൊരു കൊലപാതകം ആണ്.”
“ഹേയ്...ജെറി നീ എന്താ തമാശ പറയാ ?”
“അല്ല, ഇന്നലെ എന്റെ അടുത്തു വന്ന ഒരു പേഷ്യന്റ് ....ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി അമ്മു .അവളുമായി ഞാന്‍ നടത്തിയ ഒരു മണിക്കൂര്‍ നേരത്തെ സംഭാഷണം.നീ ഇതൊന്നു കേട്ട് നോക്ക്...തുടക്കം ഒന്നും ഇല്ല...കാരണം ഞാന്‍ ഒരു സാധാരണ കാര്യം പോലെ ആണ് തുടങ്ങിയത്...പക്ഷെ...പിന്നീട് തോന്നി ഇത് നിന്നെ കേള്‍പ്പിക്കണം എന്ന്.ഇതാ “
******
“എന്ത് തോന്നുന്നു റാഷി ?”
“ഡാ ഇത് .... ആ കുട്ടി അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്തതില്‍ ...അവള്‍ക്ക് എന്തോ “
“അതൊന്നും അല്ല റാഷി...അമ്മൂട്ടി നോര്‍മല്‍ ആണ്....ഭയം ഉണ്ട് അവള്‍ക്കു, ഇതില്‍ അവള്‍ പറയുന്ന അയാള്‍ അവളെയും കൊല്ലും എന്ന് അവള്‍ ഭയക്കുന്നു , അമ്മൂട്ടി പറഞ്ഞത് അനുസരിച്ചു....അയാള്‍ അവളെ കൊല്ലും എന്ന് ശ്രീകുട്ടി അവളോട്‌ പറഞ്ഞു.അന്ന് രാത്രി ആണ് ശ്രീകുട്ടി ആത്മഹത്യ ചെയ്തത്...ഒരിക്കലും ഞാന്‍ ആതമഹത്യ ചെയ്യില്ലെന്നും എങ്ങാനും ഞാന്‍ മരിച്ചാല്‍ അയാള്‍ എന്നെ കൊന്നു എന്ന് കരുതണം എന്നും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ സ്വപ്നത്തില്‍ ശ്രീകുട്ടി വന്നു എല്ലാ കാര്യവും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട് എന്ന് അയാള്‍ക്കറിയാം എന്നും, അയാള്‍ നിന്നെയും കൊല്ലും എന്ന് പറയുന്നു .അതാണ്‌ അമ്മൂട്ടിയുടെ ഭയം.അതെനിക്ക് ഒരു കൌണ്‍സില്‍ കൊണ്ട് മാറ്റി എടുക്കാം.പക്ഷെ ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍...അയാള്‍ എന്ന് അമ്മൂട്ടി പറയുന്ന അവന്‍ ജീവിച്ചിരിക്കുന്നു എങ്കില്‍ ..അവനെ കണ്ടെത്തിയെ തീരൂ.”
“തീര്‍ച്ചയായും...ജെറിന്‍..എനിക്ക് നിന്റെ സഹായം വേണം “
“ഇത് രഹസ്യമായിരിക്കണം, കാരണം മകള്‍ മരിച്ച ദു:ഖം മറന്നു തുടങ്ങുന്നേ ഉണ്ടാവൂ ശ്രീകുട്ടിയുടെ അമ്മയും അച്ഛനും.അവരെ അറിയിക്കാതെ ..”
“എനിക്ക് അമ്മൂട്ടിയുമായി സംസാരിക്കാന്‍ നീ ഒരു അവസരം തരണം...ഈ കേസ്‌ വീണ്ടും അന്നെഷിക്കണം എങ്കില്‍ എനിക്ക് അമ്മൂട്ടിയുടെ സഹായം വേണം.എന്റെ തലപ്പത്തിരിക്കുന്നവരുടെ സമ്മതം കിട്ടാന്‍ അമ്മൂട്ടിയാണ് ഏക മാര്‍ഗം.”
“ആ കാര്യത്തില്‍ ഞാന്‍ സഹായിക്കാം നിന്നെ.പക്ഷെ അവള്‍ക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.”

ജെറിന്‍ നീ ശ്രദ്ധിച്ചോ അമ്മൂട്ടി വേറെ എന്തോ മറക്കുന്നു ....പലപ്പോഴും അവള്‍ പറയാന്‍ വന്ന കാര്യം പറയുന്നില്ല എന്നൊരു തോന്നല്‍ എനിക്ക്...ഈ സൌണ്ട് ക്ലിപ്പ് നീ ഒന്നൂടെ കേള്‍ക്കൂ..”
“ഹ്മം ഞാന്‍ ശ്രദ്ധിച്ചിരുന്നു റാഷി... ആ വൃത്തികെട്ട സ്ത്രീ എന്ന് അവള്‍ പറയുന്നതല്ലേ, ഞാന്‍ അവളോട്‌ പലവട്ടം ചോദിച്ചു... അവള്‍ അതിനു മറുപടി തന്നില്ല.”
“അയാള്‍ മാത്രം അല്ല ഒരു അവളും ഉണ്ട്.ഈ കഥയില്‍....വല്ല സെക്സ് റാക്കെറ്റ്‌ കണ്ണിയും ആവണം ആ വൃത്തി കെട്ട സ്ത്രീ.”
******
ഒരു കാര്‍ വീടിനു മുന്നില്‍ വന്നു നിന്നപ്പോള്‍ പത്മിനി “ശ്രീധരേട്ടാ “എന്ന് വിളിച്ചു അകത്തേക്ക് പോയി.
റാഷിദ്‌ അലി പുറത്തു തന്നെ നിന്നു.ശ്രീധരന്‍ അയാളെ അകത്തേക്ക് വിളിച്ചു.
“മിസ്റ്റര്‍ ശ്രീധരന്‍ ഞാന്‍ ഇന്‍സ്പെക്ടര്‍ റാഷിദ്‌ അലി , മുഖവുര ഇല്ലാതെ തന്നെ കാര്യം പറയാം.അമ്മൂട്ടിയെ ഒന്ന് വിളിക്കൂ...എനിക്ക് അവളുമായി ഒന്ന് സംസാരിക്കണം.”
“സര്‍ എന്താ കാര്യം?”
“പേടിക്കാന്‍ ഒന്നും ഇല്ല ....ഒരു കാര്യം ചോദിക്കണം.നിങ്ങള്‍ക്കും മകള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു.അത് ഞാന്‍ എന്റെ ഫ്രെണ്ട് ഡോക്ടര്‍ ജെറിന് കൊടുത്ത വാക്ക്, അത് കൊണ്ട് തന്നെയാണ് ഒരു പോലീസ്‌ ജീപ്പ് പോലും ഇല്ലാതെ സാധാ വേഷത്തില്‍ ഒരു സാധാരണക്കാരന്‍ ആയി ഞാന്‍ വന്നത്‌.”
“മോളെ അമ്മൂട്ടി.”ശ്രീധരന്‍ അവളെ വിളിച്ചു.
അവള്‍ വന്നതും റാഷിദ്‌ അലി ശ്രീധരനോടും പത്മിനിയോടും അകത്തേക്ക് പോവാന്‍ പറഞ്ഞു.അയാള്‍ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
“അമ്മൂട്ടി, ശ്രീക്കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു അല്ലെ ?”
അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കി.
“ഞാന്‍ ഒരു പോലീസുകാരന്‍ ആണ്, പക്ഷെ ഇപ്പോള്‍ ഒരു ചേട്ടനെ പോലെ ആണ് ഞാന്‍ നിന്റ അടുത്തു വന്നിരിക്കുന്നത്.നിന്റെ ശ്രീക്കുട്ടിയെ ആതമഹത്യ ചെയ്ത ഒരു ഭീരുവായി എല്ലാരും ഇപ്പോള്‍ കാണുന്നു, അതിലുപരി ഏതോ ഒരു ചീത്ത കൂട്ടുകെട്ടും അവള്‍ക്കുണ്ടായിരുന്നു എന്നാണ് എല്ലാവരും കരുതുന്നത്.എന്നാല്‍ അവള്‍ നല്ലൊരു കുട്ടി ആയിരുന്നു എന്ന് അറിയാവുന്നത് അമ്മൂട്ടിക്ക് മാത്രം.
എന്നിട്ടും എന്തെ ആരോടും അത് പറഞ്ഞില്ല.അവള്‍ ആതമഹത്യ ചെയ്യില്ല എന്ന് നിനക്ക് ഉറപ്പായിരുന്നില്ലേ, അവള്‍ പെട്ടൊന്നൊരു ദിവസം മരിച്ചാല്‍ അവളെ ആരോ കൊന്നു എന്ന് കരുതണം എന്ന് നിന്നോട് അവള്‍ പറഞ്ഞത് എന്തിനാ ?നീ അത് ലോകത്തോട് വിളിച്ചു പറയും എന്ന് അവള്‍ വിശ്വസിച്ചു.എന്നിട്ടും എന്തെ നീ ...?റാഷിദ്‌ അവളെ ഒളികണ്ണിട്ട് നോക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങിയിരുന്നു.ഓക്കേ സംഗതി ഏല്‍ക്കുന്നു എന്ന് തോന്നി.
“പറ അമ്മൂട്ടി, നിന്റെ ശ്രീകുട്ടിയെ കൊന്നു കെട്ടിതൂക്കിയവന്‍ ...അവന്‍ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു...അവന് ശിക്ഷ കൊടുക്കണ്ടേ ?”
“വേണം ..അവനെ കിട്ടിയാല്‍ കൊല്ലാന്‍ പറ്റോ ചേട്ടന് ...സോറി സാറിന് “
“ചേട്ടന്‍ എന്ന് വിളിച്ചാല്‍ മതി.അവനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഞാന്‍ വാങ്ങിച്ചു കൊടുക്കും “
“കോടതിയില്‍ കൊണ്ട് പോയി കൊടുക്കുന്ന ശിക്ഷയാണോ ?”
“അല്ല അവനെ കൊല്ലും, എന്നിട്ട് കീഴ്പെടുത്തുന്നതിനിടയില്‍ സംഭവിച്ചു പോയി എന്ന് വരുത്തി തീര്‍ക്കും “
“വേണ്ട കൊല്ലേണ്ട മരണം വരെ നരകിച്ചു കിടക്കണം അവന്‍.ഒന്നെഴുന്നെല്‍ക്കാന്‍ പോലും ആവാതെ.”
“ഓക്കേ പറ ..ആരാണ് അമ്മൂട്ടി പറഞ്ഞ അയാള്‍?”
“അയാളെ പറ്റി കൂടുതല്‍ ഒന്നും എനിക്കറിയില്ല.ശ്രീകുട്ടി പോലും അയാളെ വെളിച്ചത്തില്‍ കണ്ടിട്ടില്ല, പക്ഷെ എല്ലാം അറിയുന്നത് അവള്‍ക്കാ...ആ വൃത്തി കേട്ട സ്ത്രീ “
അമ്മൂട്ടിയുടെ കണ്ണുകളില്‍ പക നിറഞ്ഞിരുന്നു.
“ആരാ അവള്‍?”
“ശ്രീകുട്ടിയുടെ അമ്മ “ഒരു ഷോക്ക്‌ കിട്ടിയത് പോലെ തരിച്ചു പോയി റാഷിദ്‌ അലി.
“അമ്മ ?”
“അതെ...ഞാന്‍ പറയാം എല്ലാം, എനിക്കറിയാവുന്ന കഥ, എന്നോട് എന്റെ ശ്രീകുട്ടി പറഞ്ഞ കഥ ... ഒരു രാത്രിയില്‍ ശ്രീകുട്ടി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വെള്ളം കുടിക്കാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആണ് അവളുടെ അമ്മയുടെ മുറിയില്‍ നിന്നും അടക്കി പിടിച്ച ചിരിയും സംസാരവും കേട്ടത്.വാതില്‍ തുറന്ന ശ്രീ കുട്ടി ഇരുട്ടില്‍ അവളുടെ അമ്മയുടെ കൂടെ അയാളെ കണ്ടു.ബഹളം വെക്കാന്‍ തുടങ്ങിയ അവളെ അമ്മ കരഞ്ഞു കാണിച്ചു മയപ്പെടുത്തി.ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഗള്‍ഫില്‍ ഉള്ള അച്ഛനെ വിവരം അറിയിക്കും എന്ന് പറഞ്ഞു.പിന്നെ എന്നും പാതിരാത്രി വരെ അവളുടെ അമ്മ മൊബൈലില്‍ അയാളോട് സംസാരിക്കും.അയാളുടെ മൊബൈലിലേക്ക് പൈസ അയച്ചു കൊടുക്കും.അയാള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആണെന്ന് ശ്രീകുട്ടി പറഞ്ഞിരുന്നു.എന്നും കാലത്ത് നേരത്തെ എഴുന്നെല്‍ക്കാറുള്ള ശ്രീകുട്ടി വളരെ വൈകി എഴുന്നേല്‍ക്കുന്നു.ക്ലാസ്സില്‍ വന്നാലും ഒരു ഉന്മേഷം കാണില്ല.അപ്പോള്‍ ആണ് ആയിടക്ക് അമ്മക്ക് അവളോട്‌ സ്നേഹം കൂടിയ കാര്യം അവള്‍ പറഞ്ഞത്.എന്നും രാത്രിയില്‍ കിടക്കാന്‍ നേരം അവള്‍ക്കു ഒരു ഗ്ലാസ്‌ പാല് കൊടുക്കും എന്ന്.എനിക്ക് എന്തോ സംശയം തോന്നി.ഞാന്‍ അവളോട്‌ പറഞ്ഞു ഇന്ന് രാത്രിയില്‍ നീ പാല് കുടിക്കേണ്ട എന്ന്.പിറ്റേന്ന് വന്നപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ സംശയം ശരിയായിരുന്നു എന്ന്.അവളുടെ മുഖത്ത്
അവളുടെ അമ്മയുടെ കൈവിരലുകള്‍ അഞ്ചും തെളിഞ്ഞു കാണാം ആയിരുന്നു.ചുവന്നു കലങ്ങിയ കണ്ണുകള്‍.ഞാന്‍ അവളോട്‌ എന്റെ വീട്ടിലേക്കു വരുവാന്‍ പറഞ്ഞു.പക്ഷെ അവള്‍...”
അമ്മൂട്ടിയുടെ വാക്കുകള്‍ മുറിഞ്ഞു.റാഷിദ്‌ അലി അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ തുടച്ചു.
“അന്നാണ് അവള്‍ എന്നോട് പറഞ്ഞത്...അവളുടെ അമ്മയും അയാളും അവളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി എന്നും, അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അങ്ങിനെ സംഭവിച്ചാല്‍ അത് കൊലപാതകം ആയിരിക്കും എന്നും, അതിനു പിന്നില്‍ അയാള്‍ ആയിരിക്കും എന്നും.”
“അമ്മൂട്ടി നന്ദി, നീ ഈ ചെയ്ത കാര്യം വളരെ വലുതാണ്‌, നിന്റെ ശ്രീകുട്ടി ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നുണ്ടാവും , ഞാന്‍ ഇനിയും വരും അപ്പോള്‍ അയാള്‍ എന്നോടൊപ്പം ഉണ്ടാവും, ഇല്ലെങ്കില്‍ അയാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല “
റാഷിദ്‌ അലി അവരോടു യാത്ര പറഞ്ഞിറങ്ങി.നേരെ അയാള്‍ പോയത് ശ്രീകുട്ടിയുടെ വീട്ടിലേക്കാണ്.വീട് പൂട്ടി കിടക്കുന്നു.വീടിനു ചുറ്റും ഒന്ന് നടന്നു.ശ്രീകുട്ടിയെ മറവു ചെയ്ത സ്ഥലം എത്തിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ചെറിയ കുറ്റബോധം ഉണ്ടായി.ടെറസ്സിലെക്കുള്ള സ്റ്റേയര്‍ പുറത്താണ്.പടവുകള്‍ കയറുമ്പോള്‍ എന്തോ ഒന്ന് പ്രതീക്ഷിച്ചിരുന്നു റാഷിദ്‌ അലി.അയാള്‍ക്ക്‌ തെറ്റിയില്ല.പലയിടത്തായി ചിതറി കിടക്കുന്ന വോടഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍.എല്ലാം പെറുക്കി എടുത്തു ധൃതിയില്‍ ഇറങ്ങി.അപ്പോഴേക്കും അടുത്തുള്ള വീട്ടിലെ ഒരു മനുഷ്യന്‍ അങ്ങോട്ട്‌ വന്നു.
“ആരാ ആളില്ല എന്ന് കരുതി പട്ടാ പകലെ മോഷണത്തിനു ഇറങ്ങിയതാ ?”
“അല്ല അമ്മാവാ..ഞാന്‍ ഈ വീട് വില്‍ക്കുന്നു എന്ന് കേട്ട്...ഒന്ന് നോക്കാന്‍ വന്നതാ “
“ഹ്മം ഒരു ദുര്‍മരണം നടന്നിട്ട് അധികം ആയില്ല ..അപ്പോഴേക്കും വീട് വാങ്ങാന്‍ എത്തിയിരിക്കുന്നു.”
“ദുര്‍മരണോ..കൊലപാതകം ആണോ ?”
“അല്ല ഇവിടെ ആകെ ഉണ്ടായിരുന്ന ഒരു മോളാ ..തൂങ്ങി ചത്തു..അല്ല നമ്മള് മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ....”
“ഉവ്വോ ഇനി എന്നും കാണാന്‍ ഉള്ളതല്ലേ ..ഞാന്‍ എന്തായാലും ഈ വീട് വാങ്ങാന്‍ പോവാ.അപ്പോള്‍ ശരി പിന്നേം കാണാം “
“അല്ല എന്നാലും എവിടെ വെച്ചാവും...”
അതിനു മറുപടി കൊടുക്കാന്‍ നില്‍ക്കാതെ റാഷിദ്‌ അലി വേഗം നടന്നു.
******
മൊബൈല്‍ റീചാര്‍ജ്‌ ചെയ്ത നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്നേഷണം ചെന്നെത്തിയത് മുപ്പതു കിലോമീറ്റര്‍ അകലെ ഉള്ള മേല്‍ വയല്‍ എന്ന സ്ഥലത്താണ്.അവിടെയാണ് അയാള്‍.മൈലാഞ്ചി പുരക്കല്‍ അനീസ്‌.അതാണ്‌ അയാളുടെ പേര്.ഇനി സ്വന്തം ഐ ഡി തന്നെ ആണോ എന്നറിയില്ല.എന്തായാലും ഇനി കുറച്ചു ദൂരം കൂടി കഴിഞ്ഞാല്‍ അയാളെ നേരിട്ട് കാണാം.
കുറച്ചു ദൂരം ചെന്നപ്പോള്‍ ആ നമ്പറില്‍ വിളിച്ചു.ഒരു പെണ്‍കുട്ടിയാണ് എടുത്തത്.അനീസിന്റെ അനിയത്തി ആണ് എന്ന് പറഞ്ഞു.
“ഞാന്‍ അനീസിന്റെ കൂട്ടുകാരന്‍ ആണ് ,വീട്ടിലേക്കു വരുവാ, കുറെ മുന്‍പ് വന്നതാണ്‌ വീട് ?”
അവള്‍ അയാള്‍ക്ക്‌ വഴി പറഞ്ഞു കൊടുത്തു.വളരെ ചെറിയ ഒരു വീട്.വീടിന്റെ ഒരു വശത്ത് ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നു.കാര്‍ റോഡില്‍ വേലിയോടു ചേര്‍ത്തു പാര്‍ക്ക്‌ ചെയ്തു റാഷിദ്‌ അലി ഇറങ്ങി.
അവള്‍ അയാളെ കാത്തിട്ടെന്നോണം വാതിലില്‍ തന്നെ നിന്നിരുന്നു.
“എന്താ മോളുടെ പേര് ?”
“നിങ്ങള് പോലീസല്ലേ ?” പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കെ അവള്‍ വീണ്ടും അയാളോട് പറഞ്ഞു.
“ഹ്മം എനിക്കറിയാം, ഞാന്‍ പ്രതീക്ഷിച്ചിരുന്നു.നിങ്ങള് തേടി വന്ന ആളു രണ്ടാഴ്ച മുന്നേ ....”
“അകത്ത് മോന്‍ മരിച്ചതില്‍ മനസ്സിന്റെ നില തെറ്റി എന്റെ ഉമ്മയുണ്ട്, ഉമ്മാനെ ഒന്നും അറിയിക്കണ്ട, നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ഇതില്‍ എഴുതി വെച്ചിട്ടാ ഇക്കാക്ക പോയത്.”
അവള്‍ കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു കടലാസ് അയാള്‍ക്ക് കൊടുത്തു.
ഇക്കാടെ ഫൗസി മോള്‍ക്ക്‌,
നിന്റെ ഇക്ക ഒരു വലിയ തെറ്റ് ചെയ്തു.അതിന്റെ ശിക്ഷയും ഞാന്‍ സ്വയം ഏറ്റു വാങ്ങുന്നു.അറിയില്ല എനിക്ക് അവളെ കൊല്ലാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്.പക്ഷെ ഞാന്‍ ചെയ്തില്ലെങ്കിലും അവളുടെ അമ്മ അവളെ കൊല്ലുമായിരുന്നു.ഏതോ ഒരു ചീത്ത സമയത്ത് എന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍.അതാണ്‌ എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.ഒരു തമാശയായി ഞാന്‍ കരുതിയത്‌ പിന്നെ എല്ലാം നഷ്ടപ്പെടുത്തിയ ഒരു കളിയില്‍ എത്തി.ആ സ്ത്രീ അവളുടെ അമ്മയാണോ എന്നറിയില്ല.ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് അവര്‍ എന്നെ കൊണ്ട് ചെയ്യിച്ചത്.
കാലത്തു അവള്‍ സ്കൂളില്‍ പോയപ്പോള്‍ തന്നെ എന്നെ അവളുടെ അമ്മ ആ വീട്ടില്‍ വിളിച്ചു വരുത്തിയിരുന്നു.രാത്രി എട്ട് മണി വരെ ഞാന്‍ അവളുടെ അമ്മയുടെ മുറിയില്‍ ഒളിച്ചിരുന്ന്.എട്ട് മണി ആയപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ച പ്രകാരം നടന്നു.ആ സ്ത്രീ കടയിലെക്കെന്നും പറഞ്ഞു ഇറങ്ങി. ഞാന്‍ ശ്രീകുട്ടിയുടെ മുഖത്തേക്ക് നോക്കിയില്ല.കസേരയില്‍ ഇരന്നു പഠിക്കുകയായിരുന്നു അവള്‍.പുറകിലൂടെ ചെന്ന് അവളുടെ കഴുത്തില്‍ സാരി മുറുക്കി ഞാന്‍ അവളെ....പിന്നെ അവളുടെ ശരീരം വലിച്ചു കൊണ്ട് വന്നു ബാല്‍ക്കണിയിലെ കമ്പിയില്‍ കെട്ടി തൂക്കി.എന്നിട്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.പിന്നെ ആ സ്ത്രീയുടെ റോള്‍ ആയിരുന്നു.അവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു.
കടയില്‍ നിന്നും വന്ന അവര്‍ മോള് ആത്മഹത്യ ചെയ്ത കാര്യം ഉറക്കെ പറഞ്ഞു കരഞ്ഞു.ആളുകള്‍ ഓടിക്കൂടി.കൂട്ടത്തില്‍ ഒരാളായി ഞാനും.ആ നേരം ആണ് ഞാന്‍ ശ്രീകുട്ടിയുടെ മുഖം കണ്ടത്.എന്റ ഫൗസിമോളെ പോലെ തോന്നി എനിക്ക്.ആ സ്ത്രീ ശ്രീകുട്ടിയുടെ ഇല്ലാ കഥകള്‍ പറഞ്ഞു കരയാന്‍ തുടങ്ങിയിരുന്നു.എന്നെ കൊണ്ട് അവള്‍ക്കായി എഴുതിച്ച പ്രണയ ലേഖനം എടുത്തു അവളുടെ കാമുകനെ പ്രാകാന്‍ തുടങ്ങി,ഞാന്‍ ശരിക്കും അതിശയിച്ചു .സ്വന്തം മകള്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങിനെ കഴിയുന്നു.
അതുവരെ എനിക്ക് ആ സ്ത്രീയോട് എന്ത് വികാരം ആയിരുന്നോ അതെല്ലാം വെറുപ്പിലേക്ക് മാറി.
പിന്നെ ഞാന്‍ ആ സ്ത്രീയെ വിളിച്ചില്ല.പക്ഷെ പിന്നീട് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയിട്ടില്ല മോളെ, കണ്ണടച്ചാല്‍ മുന്നില്‍ കിടന്നു പിടക്കുന്നത് നീയാണ്.വയ്യ എനിക്കിനിയും ഇങ്ങനെ ജീവിക്കാന്‍.
എല്ലാ സത്യവും പുറത്തു വരും.ഒരു ദിവസം എന്നെ തേടി പോലീസ്‌ വരും.അന്ന് ഞാന്‍ ഉണ്ടാവില്ല ഇവടെ.പക്ഷെ സത്യം അറിയാതെ പോവരുത് ആരും.നീ ഈ കത്ത് അവര്‍ക്ക് കൊടുക്കണം.
ഉമ്മ അറിയരുത് ഒരിക്കലും, ഉമ്മയുടെ മോന്‍ ഒരു കൊലപാതകി ആയിരുന്നു എന്ന്.ഉപ്പയുടെ വഴിയെ ഞാനും ...
ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയാണ് ഉപ്പ പോയതില്‍ പിന്നെ ഞാന്‍ നിന്നെ വളര്‍ത്തിയത്.എല്ലാം ഇപ്പോള്‍ കൈ വിട്ടു പോയി..വിഷമിക്കരുത് ഇക്കയുടെ മോള്...അത്രേ പറയാന്‍ പറ്റൂ ഈ ഇക്കാക്ക് ...
എനിക്ക് വേണ്ടി പ്രാര്‍ഥിക്ക പോലും അരുത്....പക്ഷെ വെറുക്കരുത് ഈ ഇക്കയെ....
അനീസ്ക്ക.
തിരികെ പോരുമ്പോള്‍ മനസ് വല്ലാതെ വേദനിച്ചു.കുറെ ഓര്‍മകള്‍ ...വര്‍ഷങ്ങള്‍ക്കു മുന്‍പ് കഞ്ചാവിന്റെ അമിത ഉപയോഗം മൂലം മനോനില തെറ്റി ഉപ്പ ആത്മഹത്യ ചെയ്തു.പിന്നെ വീടിന്റെ തണല്‍ ആയിരുന്ന ഇക്കയും ഉപ്പയുടെ വഴിയെ പോയി.ബീഹാറിലെ ജോലി സ്ഥലത്തെ റൂമില്‍ ഇക്കയുടെ ഡെഡ്ബോഡി മൂന്നു ദിവസം കഴിഞ്ഞാണ് ആളുകള്‍ കണ്ടത്.മയക്കുമരുന്ന് ഉപയോഗം കൂടുതല്‍ തന്നെ അവിടെയും മരണ കാരണം.ഇക്കയുടെ മരണത്തോടെ ഉമ്മയുടെ മനോനില തെറ്റി.ഒരാഴ്ച കഴിഞ്ഞു ഇക്കയുടെ സാധനസാമഗ്രികള്‍ കൊണ്ട് വന്ന പോലീസുകാരന്‍ സാജന്‍ ജോസെഫ് ,ദിവസങ്ങളോളം ഭക്ഷണം ഇല്ലാതെ കിടന്നിരുന്ന മൂന്ന് വയസ്സുകാരന്‍ റാഷിദിനെയും അവന്റെ ഉമ്മയെയും അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.അവിടെ ജെറിന്‍ എന്നൊരു കൂടപ്പിറപ്പും, ഏറെ സ്നേഹം തരുന്ന ഒരമ്മയും.ഉമ്മയുടെ ചികിത്സ , എന്റെ പഠനം., എല്ലാം സാജന്‍ സാറിന്റെ തണലില്‍.പിന്നെ ഞാന്‍ എന്തെ എല്ലാം മറന്നു.എന്തെ ഫൌസിയെയും ഉമ്മയെയും കൂടെ കൂട്ടിയില്ല .തെറ്റ് ചെയ്തത് അവര്‍ അല്ലല്ലോ.വീട്ടില്‍ പോയി ഉമ്മയെ കണ്ടു എല്ലാം പറയാം.ഉമ്മ എതിര്‍ക്കില്ല.പിന്നെ സമ്മതം വാങ്ങേണ്ടത് ജോസെഫ് സാറില്‍ നിന്നാണ്.സമ്മതം അല്ല അനുഗ്രഹം.അതെപ്പോഴും കൂടെ ഉണ്ട് എന്നാലും പോയി കാണണം.
******
ന്യൂസ് പേപ്പര്‍ കയ്യിലേക്ക്‌ വെച്ച് കൊടുത്തപ്പോള്‍ അമ്മൂട്ടി പൊട്ടിക്കരഞ്ഞു.വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊലപാതകം എന്ന് തെളിഞ്ഞു.അമ്മ അറസ്റ്റില്‍.എല്ലാ പത്രങ്ങളിലും തലക്കെട്ട്‌ ഇത് തന്നെ ആയിരുന്നു.
റാഷിദ്‌ അലി മൊബൈല്‍ എടുത്ത് ജെറിനെ വിളിച്ചു.
“ജെറിന്‍ എനിക്ക് ഡാഡിയെ കാണണം “
“നാളെ സണ്ടേ അല്ലെ നാളെ നമുക്കൊരുമിച്ചു പള്ളിയില്‍ പോവാം.പിന്നെ ഈ കേസ്‌ ഡാഡിയുടെ അനുഗ്രഹം അല്ല കേട്ടോ ..എന്റെയാണ്.ഡോക്ടര്‍ ജെറിന്‍ ജോസെഫിന്റെ.പിന്നെ ഒരു സ്പെഷ്യല്‍ താങ്ക്സ് ഉണ്ട്.”
“എന്തിനാ “
“ ന്യൂസില്‍ എല്ലാം ശരിക്കും ഹീറോ ഞാന്‍ ആണ്.അതിനു “
“ഇപ്പോള്‍ നീ ഈ പറഞ്ഞ താങ്ക്സ് പിന്നീട് മാറ്റി പറയരുത് “
“അതെന്താട ?”
“ഇനി നിന്റെ അടുത്തേക്ക്‌ ആരും രോഗികളെയും കൊണ്ട് വരും എന്ന് തോന്നുന്നില്ല.അഭിപ്രായം എന്റെ അല്ല , നിന്റെ ഒരു പഴയ പേഷ്യന്റ് പറഞ്ഞതാ അമ്മൂട്ടി.”
അത് കേട്ട് ജെറിനും, പിന്നെ അമൂട്ടിയും റാഷിദിനൊപ്പം ചിരിച്ചു.
******

 

തിങ്കളാഴ്‌ച, നവംബർ 19, 2012

എന്റെ ആദ്യ രാത്രിയും , പ്രണയത്തില്‍ ചാലിച്ച ഒരു ഡയലോഗും ,അത് തന്ന എട്ടിന്റെ പണിയും.(ആനുവേഴ്സറി സ്പെഷ്യല്‍ )

നവംബര്‍ പതിനാറ് .അന്നായിരുന്നു അത് സംഭവിച്ചത് , എന്റെ ഭാര്യക്കൊരു അബദ്ധം പറ്റി ( ഹി ഹി ഹി ഹൂ )അങ്ങിനെ എനിക്കൊരു പെണ്ണിനെ കിട്ടി.കല്യാണം വലിയ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞു.കല്യാണത്തിനു എന്റെ അളിയനും ഇകായും എല്ലാവരും ഉണ്ടായിരുന്നു.തറവാട്ടിലെ അവസാനത്തെ പുത്രന്‍ ആണല്ലോ ഞാന്‍.എന്നാലും എത്ര പറഞ്ഞു നോക്കിയിട്ടും വെല്ലിക്കാക്ക് ലീവ് കിട്ടിയില്ല.
അങ്ങിനെ എല്ലാവരുടെയും പോലെ എന്റെയും ആദ്യ രാത്രി.
സെന്‍സര്‍ ബോര്‍ഡു വിലക്കുണ്ട്.അതിനാല്‍ കൊറേ ഭാഗങ്ങള്‍ ഒഴിവാക്കി.ഹി ഹി ഹി ഹൂ
വിവാഹം ഉറപ്പിച്ചു പിന്നെ കിട്ടിയ പതിനഞ്ചു ദിവസം വോഡഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍ ഒരുപാട് വാങ്ങി കൂട്ടിയതിനാല്‍ അധികമൊരു ടെന്‍ഷന്‍ രണ്ടു പേര്‍ക്കും ഇല്ല., പറയാന്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഇല്ല താനും.എന്നാലും എന്തെങ്കിലും ഒകെ പറയണ്ടേ ?നേരം വെളുപ്പിക്കണമല്ലോ ങേ ങേ ? ഓരോന്നും പറഞ്ഞ കൂട്ടത്തില്‍ അവള്‍ ഒരു ചോദ്യം എടുത്തു ഒരേറ്.
"കുറെ പെണ്‍കുട്ടികളെ കണ്ടിരുന്നു എന്ന് ബാബിമാര്‍ പറഞ്ഞു, നറുക്ക് വീണത്‌ എനിക്കാല്ലേ ?"
" ഹി ഹി ഹി ഹൂ നിന്റെ കഷ്ട കാലം " എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പരമാവധി അനുരാഗം കണ്ണില്‍ നിറച്ചു ഞാന്‍ ഒരു കാച്ച് അങ്ങ് കാച്ചി.
"എന്റെ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു , അങ്ങിനെ ഒരാളെ തിരഞ്ഞു നടന്നു ..അവസാനം നിന്നെ കിട്ടി ..ഞാന്‍ ധന്യനായി."
പാവം അവള്‍ വിശ്വസിച്ചു എന്ന് മനസ്സിലായി.കണ്ണൊക്കെ ഒന്ന് നിറഞ്ഞോ.പിന്നെ...........
അങ്ങിനെ അനുരാഗത്തിന്റെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ ഒരു ദിവസം വെല്ലിക്കാക്കും ലീവ് കിട്ടി.വീട്ടില്‍ സംന്തോഷം പൂര്‍ണമായി.കാരണം എല്ലാവരും ഒരുമിച്ചു കൂടുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം.ലീവ് ഒരു പ്രശനം ആണല്ലോ.എനിക്ക് ലീവ് ഉള്ളപ്പോള്‍ ഇക്കമാര്‍ക്ക് ഉണ്ടാവില്ല.ഇക്കമാര്‍ എല്ലാവരും ഉണ്ടായിരുന്നപ്പോള്‍ ഉപ്പ നാട്ടില്‍ ഉണ്ടായിരുന്നില്ല.എല്ലാവരും ഉണ്ടായിരുന്ന സമയം കുട്ടിക്കാലം ആയിരുന്നു.
ഒരു ദിവസം ഞങ്ങളുടെ വീട്ടിലെ വലിയ ഹാളില്‍ എല്ലാവരും ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിക്കുന്നു.അപ്പോള്‍ ആണ് മക്കളെ ആ വെടി പൊട്ടിയത്.ഒരു ഗുണ്ട് എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു വലിയ പണി.
വെല്ലിക്ക കല്യാണത്തെ കുറിച്ചൊക്കെ പറയാണ്.രണ്ടു മാസത്തെ ലീവിനുള്ളില്‍ കല്യാണം എല്ലാം ശെരിയായത് ഒക്കെ വിഷയം ആണ്.
ചെറിയ ഇക്കയുടെ വായീന്നു ഒരു ഡയലോഗ്."അതിനിടയില്‍ നൌഷു ഇവിടെ ഒരു നിരാഹാരം ഒക്കെ നടത്തിയില്ലേ ?"
"അതെന്താടാ "
" ഹാ അതൊക്കെ ഉണ്ട്, അവന്‍ ....ല്‍ ഒരു കുട്ടിയെ കണ്ടു.അവനു ഇഷ്ടായി, പിന്നെ എന്തോ അത് മുടങ്ങി.അന്ന് വന്നു അവന്‍ വീട്ടില്‍ എല്ലാരേയും വിറപ്പിച്ചില്ലേ ? ഇനി ഒരു കല്യാണം ഉണ്ടേല്‍ അവളെ തന്നെ എന്നൊക്കെ പറഞ്ഞു ആകെ ബഹളം.പിന്നെ പെണ്ണ് അന്നെഷിക്കാന്‍ ഒന്നും അവന്‍ വന്നില്ല ,,,,,,"
ചെറിയ ഇക്ക ഇങ്ങനെ കത്തി കയറുകയാണ്.എല്ലാം വളരെ വിശദീകരിച്ചു പറയുന്നു.എന്റെ വായില്‍ ഞാന്‍ എപ്പോഴോ പോസ്റ്റ്‌ ചെയ്ത കുറച്ചു ചോറ് അങ്ങിനെ തന്നെ കിടക്കുന്നു....ഞാന്‍ ഇടയ്ക്കു കുറച്ചു ധൈര്യം ഒപ്പിച്ചു അവളെ ഒന്ന് നോക്കി.
( അവള്‍ എന്നെ നോക്കുവായിരിക്കല്ലേ എന്ന പ്രാര്‍ഥനയോടെ ) എന്റെ കഷ്ട കാലം അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.എനിക്കും അവള്‍ക്കും ഒഴികെ അവിടെ ഉണ്ടായിരുന്നു വേറെ ആര്‍ക്കും ഞാന്‍ എന്റെ ആദ്യ രാത്രിയില്‍ പറഞ്ഞ ഡയലോഗ് അറിയില്ലല്ലോ.അന്ന് ഫുഡ്‌ കഴിഞ്ഞതും ഞാന്‍ ഒരു ഫ്രെണ്ടിനെയും നേരെ ഒരു സിനിമക്ക് പോയി.മുങ്ങി എന്ന് പറയുന്നതാവും ശരി.വൈകീട്ട് റൂമിലേക്ക്‌ വരുമ്പോള്‍ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്ത ആയിരുന്നു.വരുന്ന സമയത്ത് എല്ലാവരും അതെ ഹാളില്‍ ഇരുന്നു കല്യാണ സീ ഡി കാണുകയാണ്.
ഞാന്‍ തല വേദന ആണ് എന്ന് പറഞ്ഞു നേരെ റൂമിലക്ക് വച്ച് പിടിച്ചു.അപ്പോള്‍ പിന്നില്‍ നിന്നും വേറെ ഒരു ഡയലോഗ്.
"എന്താട അവള്‍ടെ ഓര്‍മ്മ ഇത് വരെ പോയില്ലേ "എല്ലാവരും ചിരിക്കുന്നു.അപ്പോള്‍ എനിക്ക് മനസ്സിലായി, ഈ കാര്യം പറഞ്ഞു അവളെ ഇത് വരെ എല്ലാരും കൊല്ലുകയായിരുന്നു എന്ന്.ഇന്ന് എന്റെ "രാത്രി ശുഭ രാത്രി...ഇനി എന്നും കാളരാത്രി "എന്ന് ഉറപ്പായി.പക്ഷെ റൂമില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു "നല്ല തല വേദന ഉണ്ടോ "
"ഹോ സമാധാനായി ..ഐഡിയ ഏറ്റു..." "ഹ്ഹം "എന്ന് പറഞ്ഞു ഞാന്‍.
"ഉച്ചക്ക് നടന്ന കാര്യം ഓര്‍ത്തിട്ടാണേല്‍ തല വേദനിക്കേണ്ട "
"ഠിം "അപ്പോള്‍ അത് ഏറ്റില്ല അല്ലെ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍. " എനിക്ക് ശെരിക്കും സങ്കടവും ദേഷ്യവും ഒക്കെ വന്നു, പക്ഷെ ആ സമയത്ത് ഇക്കാടെ ആ ചമ്മിയ നോട്ടം മനസ്സില്‍ വരുമ്പോള്‍ ചിരിയാണ് വരുന്നത് "
"ഹോ എനിക്ക് സമാധാനം ആയി....മല വെള്ളം പോലെ വന്നത് ഒരു മഞ്ഞു തുള്ളി പോലെ എന്റെ നെറ്റിയില്‍ ...."

*************
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് പാര പണിത ഇക്കയുടെ ഒരു സാഹസിക വിറ്റ് കൂടി അങ്ങ് പറയാം.എന്തേ ?ബോറടിക്കുമോ ?ഹേ ഇല്ല അല്ലെ ?അപ്പ തൊടങ്ങാ ?
കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കൊരു വയറു വേദന.ഞാന്‍ കാര്യമാക്കിയില്ല.വീട്ടില്‍ പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് എന്നെ കൊല്ലും, കാരണം അമ്മായി സല്‍ക്കാരം എന്നൊരു ഇടപാട് ഉണ്ടല്ലോ ( അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ച്ചുട്ടംമായി ..അമ്മായി ചുട്ടത് മരുമോനിക്കായ് ) .ഹാ അത് തന്നെ.ഇതും പറഞ്ഞു എന്നെ എല്ലാവരും കളിയാക്കും, തിന്നത് കൂടി പോയി എന്നെ പറയൂ.പക്ഷെ എനിക്ക് ഈ വേദന ഷാര്‍ജയില്‍ വെച്ചും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.ഒരു രാത്രി വേദന കലശലായി.എങ്ങിനെയോ നേരം വെളുപ്പിച്ചു.അവളോടും ആരോടും പറഞ്ഞില്ല.ഇക്കയെയും കൂട്ടി ആശുപത്രിയില്‍ വന്നു.സംഗതി സീരിയെസ്‌ ആണ് ( ഡോക്ടര്‍ മാരുടെ സ്ഥിരം ഡയലോഗ് ? )പെട്ടെന്ന് ഓപെറേഷന്‍ വേണം.എനിക്ക് ലീവ് തീരാന്‍ ആയി.എന്ത് ചെയ്യും.ഇത് കഴിഞ്ഞാല്‍ റസ്റ്റ്‌ വേണ്ടേ ?
വേണ്ട ലാപ്രോസ്കോപ്പി ചെയ്‌താല്‍ രണ്ടാഴ്ച റസ്റ്റ്‌ മതി.പിന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.വീട്ടില്‍ ഒന്നും പറഞ്ഞില്ല.രാത്രി തന്നെ .എല്ലാം ഫിക്സ് ചെയ്തു.ഞാനും ഇക്കയും, ഇക്കാക് ചെറിയ ടെന്‍ഷന്‍ ഒരു ഒപ്പ് വാങ്ങിക്കുന്ന പരിപാടി ഉണ്ടല്ലോ , അത് കഴിഞ്ഞപ്പോള്‍.പിന്നെ എന്റെ ഒരു ഫ്രെണ്ടിനെയും വിളിച്ചു.ഓപെറേഷന്‍ ചെയ്യാന്‍ എന്നെ കൊണ്ട് പോയപ്പോള്‍ ഇക്ക വീട്ടില്‍ വിളിച്ചു ഉപ്പയോട് പറഞ്ഞു.ഉപ്പ വന്നു.എല്ലാം ഭംഗിയായി കഴിഞ്ഞു.എന്നെ റൂമില്‍ കൊണ്ട് വന്നു ബോധം ശരിക്കും വീണിട്ടില്ല.( പണ്ടേ ഇല്ലല്ലോ , ഒപെരേശന്‍ കഴിഞ്ഞാല്‍ ബോധം വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,,,ഇക്ക അത് പ്രതീക്ഷിച്ചു കാണും.ഞാനും.)
ഉപ്പ വരുമ്പോള്‍ ഒരു ഫ്ലാസ്കും ചൂട് വെള്ളവും , ഉപ്പും, പഞ്ചസാരയും എല്ലാം കൊണ്ട് വന്നിരുന്നു.നേരം വെളുത്തു.എനിക്ക് പണ്ടുള്ള അതെ ബോധം മാത്രം തിരിച്ചു കിട്ടി.നേര്സുമാര്‍ വന്നു.ചെറുതായിട്ട് എന്തെങ്കിലും കൊടുത്തോളൂ എന്ന് പറഞ്ഞു.ഇക്ക എനിക്ക് ചായ ഉണ്ടാക്കി തന്നു.( അതിനു മുന്‍പ് കീ ഹോള്‍ ( ലാപ്രോസ്കോപ്പി ) ചെയ്യുന്ന സ്ഥലം അറിയാലോ അല്ലെ , പൊക്കിള്‍ ആണ് ഒന്ന്, പിന്നെ അതിനു താഴെ രണ്ടു, വലിയതു പൊക്കിളില്‍ തന്നെ )
ഇക്ക ഉണ്ടാക്കി തന്ന ചായ വായില്‍ വെച്ചതും ഞാന്‍ ഒരു ചിരി ..ഹമ്മോ ഒരു കത്തി പള്ളക്ക് കയറ്റിയ വേദന ..ചിരിച്ചത് എന്തിനാ എന്ന് വെച്ചാല്‍ അവന്‍ പഞ്ചസാരക്ക് പകരം ഉപ്പ് ആണ് ചായയില്‍ ഇട്ടതു.ചിരി വരാതിരിക്കോ ? നിങ്ങള് പറ.
ഞാന്‍ ചിരിച്ചതും എന്റെ വയറ്റില്‍ നിന്നും എന്തോ ഒരു സ്പയെര്‍ പാര്‍ട്ട് ഊരിപ്പോയത് ഇക്ക കണ്ടു, അവന്‍ നേരെ നേര്സിനെ വിളിക്കാന്‍ ഓടി.ഞാനും കണ്ടു എന്തോ ഒന്ന് ശും എന്ന് തെറിച്ചു പോയത്.( സത്യത്തില്‍ ബ്ലഡ്‌ വരാതിരിക്കാന്‍ വേണ്ടി വെച്ച പഞ്ഞി ആണ് പോയത്, ബ്ലഡ്‌ കലര്‍ന്ന് അത് ചുവപ്പ് നിറം ആയതാണ്.)
നേര്സുമാര്‍ വന്നു കുറെ ചീത്ത പറഞ്ഞു, എനിക്ക് വേദനയും ഒപ്പം ആ കാര്യം ഓര്‍ത്ത്‌ ചിരിയും.സ്ടിച് എല്ലാം പൊട്ടിയിരുന്നു.ചോരയും നില്‍ക്കുന്നില്ല.നീ അടങ്ങി കിടക്കുന്നുണ്ടോ മൂത്ത സിസ്റ്റര്‍ ദേഷ്യം പിടിക്കുന്നു.എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നേര്സു ഒരു ചോദ്യം .
"അല്ല എന്താ ഇത്ര കാലത്തെ ഇങ്ങനെ ചിരിക്കാന്‍ മാത്രം ഒരു തമാശ? "
" പുറത്തേക്കു വാ ഞാന്‍ പറയാം എന്ന് ഇക്ക."എല്ലാവരും പുറത്തു പോയതും, പിന്നെ ഒരു വലിയ ചിരിയും ഞാന്‍ കേട്ടു.നല്ല വേദന ഉണ്ടെങ്കിലും അപ്പോളും എന്റെ മുഖത്തും ഒരു ചിരി തന്നെ ഉണ്ടായിരുന്നു.
***************

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

മുക്കുവന്‍ ‎


വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. അപ്പന്‍ കടലില്‍ പോവുമ്പോള്‍ ചിലപ്പോള്‍ അമ്മച്ചി കരയാറുണ്ട്. അത് നല്ല കാറും കോളും ഉള്ളപ്പോള്‍. അപ്പന്‍ പറയും ലാസറിനെ കടലമ്മ ചതിക്കത്തില്ലെടി കൊച്ചെ എന്ന്. എന്നാലും അമ്മച്ചി വിതുമ്പും. ഇതിപ്പോള്‍ നല്ല തെളിഞ്ഞ ആകാശം എന്നിട്ടും കരയുന്നു. അമ്മച്ചി മാത്രമല്ല , കൂടപ്പെറന്ന രണ്ടെണ്ണം ഉണ്ട്,ബിന്സിയും ലിന്സിയും. അവറ്റകളും കരയുന്നു. യാത്ര പറഞ്ഞു.ഒറ്റ ഇറക്കമായിരുന്നു.പിന്നെ ആരുടേയും മുഖത്ത് നോക്കിയില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്വന്തം മണ്ണില്‍  തിരിച്ചെത്തുമ്പോള്‍ ഒന്ന് ചേര്‍ത്തു പിടിച്ചു സന്തോഷം പങ്കു വെക്കാന്‍ അവരില്ല .എല്ലാം നഷ്ടങ്ങള്‍ മാത്രമാണ് തനിക്ക് വിധി നല്‍കിയത്.  

എന്നെ ഒരു മുക്കുവന്‍ ആക്കത്തില്ല എന്ന് അപ്പന്‍ പറയും എല്ലാവരോടും. ആ ഒരു വാശിയില്‍ തന്നെ എന്റെ സമപ്രായക്കാര്‍ എല്ലാം കടലില്‍ പോയപ്പോളും എന്നെ അപ്പന്‍ പട്ടണത്തില്‍ വിട്ടു പഠിപ്പിച്ചത്.പക്ഷെ....സ്വയം ഒരു വലിയ മുക്കുവന്‍ ആയി മാറുകയായിരുന്നു ഞാന്‍. സ്വന്തം ആയുസ്സ് നഷ്ടപ്പെടുത്തി അറബിപ്പൊന്നും മുത്തും പവിഴവും തേടി പോയ വിഡ്ഢിയായ ഒരു മുക്കുവന്‍. പക്ഷെ സാരമില്ല .കൂടപ്പിറപ്പുകളുടെ  ജീവിതം ഒരു കരക്കെത്തിയില്ലേ .

ഒരു വലിയ വീടിനു മുന്നില്‍ വണ്ടി നിന്നും.
സാറെ വീടെത്തി, ഇതാ ചാവി
ചാവിയോ?
വീടിന്റെ ചാവി, ഇവടെ ആരും ഇല്ല സാറേ, ലിന്‍സി കൊച്ചമ്മ വീട്ടിലേക്കു പോയി ഇന്നലെ,വണ്ടിക്കൂലിയും കൊച്ചമ്മ തന്നിട്ടുണ്ട്,
ലിന്‍സി കൊച്ചമ്മയോ എന്ന് അറിയാതെ മനസ്സ് ചോദിച്ചു.
ലിന്സിയും കുടുംബവും ഇവിടെ അല്ലെ താമസിച്ചിരുന്നത് ? എന്നിട്ടിപ്പോ ....
അതെല്ലാം നിങ്ങള്‍ വീട്ടുകാര് തമ്മില്‍ ചോദിച്ചു മനസ്സിലാക്കിയാല്‍ പോരെ ?

ഇല്ല ഒന്നും മനസ്സിലാക്കാന്‍ ഇല്ല. അപ്പനും അമ്മച്ചിയും പോയി.ഇനിയുള്ളത് രണ്ടു അനിയത്തിമാര്‍ ആണ്.ബിന്‍സി മദ്രാസില്‍ ഭര്‍ത്താവും കുട്ടികളും ആയി കഴിയുന്നു.ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു പണ്ട്.ആഴ്ചയില്‍ ഒരു ദിവസം ജയിലില്‍ അനുവദിച്ചു കിട്ടുന്ന കുറച്ചു സമയം.അങ്ങിനെ ഒരു ദിവസം വിളിച്ചപ്പോള്‍ ആണ് അപ്പന്‍ പോയതറിഞ്ഞത്.ഒരുപാട് കരഞ്ഞു.ദുബായിലെ ജയിലില്‍ കിടന്ന്.പിന്നെ ഒരിക്കല്‍ അമ്മച്ചിയും പോയി എന്നറിഞ്ഞു.കരഞ്ഞില്ല.കണ്ണുനീര് എല്ലാം എന്നെ വറ്റിപ്പോയിരുന്നു.പിന്നെ കൂടപ്പിറപ്പുകള്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തില്‍ വര്‍ഷങ്ങള്‍ തള്ളി നീക്കി.ശിക്ഷയില്‍ ഇളവ്‌ കിട്ടി നാട്ടില്‍ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ലിന്സിയുടെ  സംസാരത്തില്‍ ഒരു മാറ്റം അറിഞ്ഞു,പക്ഷെ തനിച്ചാക്കി പോവും എന്ന് കരുതിയില്ല.ഒരു പക്ഷെ ഇനി ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല എന്ന് കരുതിയിരുന്നതാവാം .ഈ വീടാണോ അവള്‍ക്കു വേണ്ടിയിരുന്നത്.അറിയില്ല.

വാതില്‍ തുറന്നു അകത്ത് കയറി. തന്റെ ഒരായുസ്സിലെ വിയര്‍പ്പിന്റെ ഒരംശം.വീട് പണി കഴിഞ്ഞു
ഇങ്ങോട്ട് താമസം മാറിയപ്പോള്‍ തന്നെ ബിന്സിക്ക് കല്യാണമായി.അത് കൊണ്ട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീട് പിടിക്കാം എന്ന മോഹം നടന്നില്ല.പിന്നെയും രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ ആണ് ആ കടങ്ങള്‍ പൂര്‍ണമായും വീട്ടിയത്.അതിനിടയില്‍ ലിന്‍സിക്ക് ഒരു പ്രണയം. കുടുംബത്തിന്‍റെ മാനം പോവും ഇല്ലേല്‍ കല്യാണം പെട്ടെന്ന് നടത്തണം എന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ അപ്പനും അമ്മച്ചിക്കും ഏറെ സങ്കടം ഉണ്ടായിരുന്നു .

പിന്നെയും നാല് വര്‍ഷങ്ങള്‍ .ഓരോരോ ചിലവുകള്‍ , കടങ്ങള്‍, അസുഖങ്ങള്‍, എല്ലാം അവസാനിപ്പിച്ചു വരാന്‍ ഒരുങ്ങിയതാണ് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പേ.പക്ഷെ ചതിയനായത് കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന സുഹൃത്ത്.പിന്നെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ദുബായിലെ തടവറയില്‍. അതിനിടയില്‍ അപ്പനും അമ്മച്ചിയും പോയി.ഇപ്പോള്‍ കൂടപ്പിറപ്പുകളും.പക്ഷെ എനിക്ക് അവരെ കയ്യൊഴിയാന്‍ പറ്റില്ലല്ലോ .നാളെ പോകണം.ഒരു ഫോട്ടോ പോലും ഇല്ലല്ലോ അപ്പന്റെയും അമ്മച്ചിയുടെയും. പേഴ്സില്‍ ഉണ്ടായിരുന്ന പഴയ ഫോട്ടോ എടുത്തു ,അന്ന് ഗള്‍ഫിലേക്ക് പോവുന്നതിനു മുന്‍പ് എടുത്ത കുടുംബ ഫോട്ടോ.ജയിലില്‍ കിടക്കുമ്പോള്‍ തന്‍റെ ഊര്‍ജം ഈ ഫോട്ടോ ആയിരുന്നു.കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും ജയിലില്‍ വാങ്ങി വെച്ചപ്പോള്‍ ഞാന്‍ കെഞ്ചിക്കരഞ്ഞു വാങ്ങിയത് ഈ ഫോട്ടോ മാത്രം.അന്നത് തിരിച്ചു തരുമ്പോള്‍ പോലീസുകാരന്‍ ചോദിച്ചു. മോഷ്ടിക്കുമ്പോള്‍ ഇവരെ ഒന്ന് ഓര്‍ത്തു കൂടായിരുന്നോ എന്ന്. അതിനു മറുപടിയൊന്നും പറഞ്ഞില്ല.കാത്തിരുന്നു  ഈ ഒരു ദിവസം .പക്ഷെ ....

ദൂരെ കടലിന്‍റെ ഇരമ്പല്‍ കേള്‍ക്കാം.കുറച്ചു കാശ് കയ്യില്‍ വന്നപ്പോള്‍ അപ്പന്‍ ആദ്യം ചെയ്തത് കടപ്പുറത്ത് നിന്നും താമസം മാറ്റുകയാണ്.കടപ്പുറത്ത് നിന്നും  ദൂരെയാണ് വീട് വെച്ചത്.എന്നാലും തിരമാലകളുടെ ശബ്ദം കേള്‍ക്കാം .കഴിഞ്ഞ കാലം ആയിരുന്നു നല്ലത്.ആ കടപ്പുറത്ത് തന്നെ വളര്‍ന്നിരുന്നു എങ്കില്‍ കൂടപ്പിറപ്പുകള്‍ സ്നേഹം മറക്കില്ലായിരുന്നു, എന്നെയും.പഴയ കാലത്തിലെ ചില നല്ല ഓര്‍മകളെ കൂട്ട് പിടിച്ചു അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.

പിറ്റേന്ന് നേരെ കടപ്പുറം ലക്‌ഷ്യം വെച്ച് നടന്നു അയാള്‍.ഒരുപാടു ഓര്‍മ്മകള്‍ , അപ്പന്‍ , അമ്മ, ബിന്‍സി, ലിന്‍സി, പിന്നെ എന്നും തന്‍റെ മാത്രം ആയിരിക്കും എന്ന് കരുതിയ എല്‍സ, എല്സയെ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നോ ? , അവളുടെ അപ്പനും എന്റെ അപ്പന്‍റെ കൂട്ടുകാരനും ആയ വറീത്.ഒരു കുടുംബം പോലെ ആയിരുന്നു.എല്സയുടെ ചെറുപ്പത്തിലെ അവളുടെ അമ്മച്ചി മരിച്ചിരുന്നു.പിന്നെ എന്‍റെ അമ്മച്ചിയാണ് അവളെ വളര്‍ത്തിയത്.അവളെ എന്‍റെ മോനെ കൊണ്ട് കേട്ടിക്കത്തുള്ളൂ എന്ന് അമ്മച്ചി പറയും.ഞങ്ങളും ഒരുപാടു ഇഷ്ടപ്പെട്ടു പോയി.

 ഇവിടെ നിന്നും താമസം മാറിയപ്പോള്‍ അവര്‍ വന്നില്ല, വറീത് സമ്മതിച്ചില്ല എന്ന് അനിയത്തി  പറഞ്ഞു.പിന്നെ അറിഞ്ഞു കടലില്‍ പോവാന്‍ മടിയുള്ള ഒരുത്തന് തന്‍റെ മോളെ കൊടുക്കത്തില്ല എന്ന് അവളുടെ അപ്പന്‍ പറഞ്ഞത്രേ. അവളുടെ കല്യാണം നടന്നതും അനിയത്തി വിളിച്ചു പറഞ്ഞു.ഒരുപാടു വിഷമം തോന്നിയിരുന്നു.അവള്‍ വേറെ ഒരു വിവാഹത്തിനു സമ്മതിക്കും എന്ന് കരുതിയില്ല.എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.

കടല്‍ തീരെ ശാന്തമാണ്.തിരയിളക്കം ഇപ്പോള്‍ തന്‍റെ മനസ്സിലാണ്.കടല്‍ കാണാന്‍ വന്നവര്‍ക്ക് നിരാശയാണ് ഈ ശാന്തമായ കടല്‍.അവര്‍ക്ക് കാണേണ്ടത് പ്രക്ഷുബ്ധമായ കടല്‍ ആണ്.കടലിന്‍റെ മക്കള്‍ക്ക്‌ നേരെ തിരിച്ചും.ഏറെ നേരം കടലിനെ നോക്കി ഇരുന്നു.ഒരു അന്യനെ പോലെ .കടലമ്മ തന്നെ മറന്നു പോയിരിക്കും.അല്ലെങ്കിലും കുട്ടിക്കാലം കഴിഞ്ഞപ്പോള്‍ തന്നെ കടലുമായുള്ള ബന്ധം അപ്പന്‍ ഒഴിവാക്കിയില്ലേ .ഇനി എന്ത് എന്നറിയില്ല.കയ്യില്‍ പണമില്ല, ഒരു ജോലി ഇല്ല.കൂടെ ഉണ്ടാവും എന്ന് കരുതിയവര്‍ ആരും ഇല്ല.പഴയ കൂട്ടുകാരെ ആരെയെങ്കിലും കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കടപ്പുറത്ത് തന്നെ ഒരു പണി കിട്ടിയേനെ.ആര്‍ക്കാ തന്നെ അറിയുക.പത്രോസും, ഷിബുവും,മനുവും , ബഷീറും എല്ലാം തന്നെ എങ്ങിനെ ഓര്‍ക്കും.വല്ലപ്പോഴും സ്കൂള്‍ അവധിക്കു നാട്ടില്‍ വരുന്ന എന്നെ ആര് ഓര്‍ക്കാന്‍,അതിനു പുറമേ ഇപ്പോള്‍ നീണ്ട ഒരു കാലയളവ് കഴിഞ്ഞാണ് ഈ വരവ്.എല്സയുടെ അപ്പന്‍ ഇപ്പോള്‍ ഉണ്ടോ ആവോ ? അയാള്‍ അവരുടെ വീട്  അന്നെഷിച്ച് നടന്നു.ബുദ്ധിമുട്ടേണ്ടി വന്നില്ല .ആ പഴയ വീട് തന്നെ. ഹൃദയ മിടിപ്പിനു ഒരു വല്ലാത്ത താളം .വീട്ടിനുള്ളിലേക്ക്‌ കാലെടുത്തു വെക്കും മുന്‍പേ കണ്ടു ചുമരിയില്‍ തൂക്കിയിട്ട ഫോട്ടോ .
ഈശോയെ അദ്ദേഹവും ഓര്‍മ്മയായോ ?.തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി.
ആരാ ..അപ്പനെ അന്നെഷിച്ചു വന്നാണോ
എല്സയുടെ ശബ്ദം ആദ്യ വിളിയില്‍ തന്നെ തിരിച്ചറിഞ്ഞു.തിരിഞ്ഞു അവളെ ഒന്ന് നോക്കാന്‍ തനിക്ക് കഴിയില്ല.എന്റെ മാത്രം എന്ന് ആഗ്രഹിച്ച എല്‍സ, ഇന്ന് മറ്റാരുടെയോ ..വേണ്ട അയാള്‍ നേരെ നടന്നു.വീണ്ടും അവള്‍ വിളിച്ചു.ഇത്തവണ അവളെ നോക്കി , ഒരു നിമിഷം അവള്‍ എല്ലാം മറന്നു എന്ന് തോന്നി.ഓടി വന്നു അയാളെ കെട്ടിപ്പിടിച്ചു.അയാളും ഒരു ഞൊടി നേരം എല്ലാം മറന്നു.പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോള്‍ അയാള്‍ അവളെ അല്പം ബലമായി തന്നെ മാറ്റി.

എല്‍സ നീ ഇന്ന് മറ്റൊരാളുടെ ഭാര്യയാണ്, പഴയതെല്ലാം മറക്കണം,ഞാന്‍ ജീവിതത്തില്‍ തോറ്റു പോയവന്‍ ആണ് , ഇപ്പോള്‍ ആരുമില്ലാത്തവന്‍ , ഈ കടപ്പുറത്ത് തന്നെ ആയിരുന്നു എങ്കില്‍ ഒരു പക്ഷെ നീയെങ്കിലും ....അയാളുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു പോയി.

കഴിഞ്ഞോ .എല്ലാം പറഞ്ഞു തീര്‍ന്നെങ്കില്‍ ഞാന്‍ പറയാം, പെട്ടെന്ന് കുറെ പൈസ വന്നപ്പോള്‍ എല്ലാം മറന്നത് നീയല്ലേ, വലിയ വീടും ബന്ധങ്ങളും വന്നപ്പോള്‍ നീയല്ലേ എന്നെ മറന്നത്, പട്ടണത്തില്‍ നിനക്കൊരു പെണ്ണിനെ നോക്കണം എന്ന് നിന്റെ പാവം അപ്പനോട് പറഞ്ഞത് നീയല്ലേ ?നിന്റെ അനിയത്തിമാര്‍ വന്നു പഴയ ബന്ധത്തിന്റെ പേരില്‍ ഞങ്ങളെ കാണാന്‍ വരരുത് എന്ന് പറഞ്ഞപ്പോളും ഞാന്‍ നിന്നെ മാത്രം വിശ്വസിച്ചു കാത്തിരുന്നു,നിന്റെ നാവു കൊണ്ട് കേട്ടാലേ ഞാന്‍ വിശ്വസിക്കൂ എന്ന് ഞാന്‍ എന്റെ അപ്പനോട് പറഞ്ഞു,

പിന്നീട് നിനക്ക് ഉണ്ടായ ദുരന്തം ... അമ്മച്ചി വന്നു പറഞ്ഞപ്പോള്‍ ആണ് ഞാനും അപ്പനും അറിഞ്ഞത്. ഇനി എന്റെ മോന്‍ ഈ നാട് കാണില്ല എന്ന് പറഞ്ഞു കരഞ്ഞ അമ്മച്ചിയെ എന്റെ അപ്പന്‍ എന്ത് പറഞ്ഞാണ് സമാധാനിപ്പിച്ചത് എന്നറിയോ അവന്‍ വരും അവനെ കാത്തു കണ്ണീരൊഴുക്കി ഇവള് കാത്തിരിക്കുമ്പോ ഏതു കാണാക്കടലില്‍ ആണേലും കടലമ്മ കൊണ്ട് തരും , അല്ലെങ്കി പിന്നെ ഇവള് പെഴക്കണം അത് കേട്ടപ്പോള്‍ അമ്മച്ചീടെ മുഖത്ത് ഉണ്ടായ പ്രതീക്ഷ ...അന്ന് അമ്മച്ചി പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത് എല്ലാം നിന്റെ അനിയത്തിമാര്‍ ചെയ്തതാണ് എന്ന്.മരിക്കുന്നത് വരെ പിന്നെ അമ്മച്ചി എന്നോടൊപ്പം ആയിരുന്നു,പിന്നീട് എന്റെ അപ്പനും പോയി ..പക്ഷെ ഞാന്‍ കാത്തിരുന്നു....നീ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാന്‍ എന്നും നിന്റെയാണ്
അയാള്‍ അവളെ കെട്ടിപ്പിടിച്ചു , പിന്നെ ഒരു ഭ്രാന്തനെ പോലെ അവളെയും വലിച്ചു കടലിനു നേരെ ഓടി. കടലിലേക്ക്‌ നോക്കി ഉറക്കെ പറഞ്ഞു.
ഞാന്‍ വന്നു, എന്റെ അപ്പനും എല്സേടെ അപ്പനും അമ്മച്ചിയും കേള്‍ക്കാന്‍ വേണ്ടി പറയാ ...ഞാന്‍ വന്നു ഇനി ഞങ്ങള്‍ ജീവിക്കും ഇവിടെ ഈ കടപ്പുറത്ത് ,സ്നേഹിക്കാന്‍ മാത്രം അറിയുന്നവരുടെ കൂടെ അലച്ചു വന്ന തിരമാല അവരെ ആവോളം നനച്ചു കടന്നു പോയി .ഇപ്പോള്‍ ശാന്തമാണ് കടലും അവരുടെ മനസ്സും.താന്‍ തിരിച്ചു വരുന്നത് വരെ ഭൂമിയില്‍ വെളിച്ചം നല്‍കണേ എന്ന് നക്ഷത്രങ്ങളോട് യാചിച്ചു കടലിലേക്ക്‌ വീഴാനായി നില്‍ക്കുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍  അവളോട് ചോദിച്ചു.
ഇനി എന്താണ് എന്നറിയില്ല, എങ്ങിനെ ജീവിക്കണം കയ്യില്‍ കാശില്ല, ഒരു ജോലിയില്ല
നിന്റെ പഴയ കൂട്ടുകാര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്, വാടകക്ക് ബോട്ടും എടുത്തു കടലില്‍ പോയി മീന്‍ പിടിച്ചു സുഖമായി ജീവിക്കുന്നു, നമുക്കും അത് മതി, വലിയ വലിയ സ്വപ്‌നങ്ങള്‍ ഒന്നും ഇല്ല ..
എന്റെ ആ വീട് വില്‍ക്കാം, നമുക്ക് ഈ കുടില്‍ മതി, നമ്മള്‍ ഓടിക്കളിച്ചു വഴക്കിട്ട് പിണങ്ങിയും ഇണങ്ങിയും കഴിഞ്ഞ ഈ കുടില്‍, വീട് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഒരു നല്ല ബോട്ട് വാങ്ങണം,അവരോടു പറയണം വാടക ഇല്ലാത്ത ബോട്ടില്‍ മീന്‍ പിടിക്കാം എന്ന് ,,,ഹാ പിന്നെ വന്നപ്പോഴേ ഒരു കാര്യം ചോദിക്കണം എന്ന് കരുതിയതാ ..നിന്റെ സംസാരത്തിന് എന്താ പറ്റിയെ...
നിങ്ങ ഗള്‍ഫിലോട്ടു പോയപ്പ എന്റെ അപ്പന്‍ പറഞ്ഞാണ്ണ്‍ കെട്ടാ...എടീ എല്സക്കൊച്ചേ..നിന്റെ ചെക്കന്‍ മുക്കുവനല്ല കേട്ടാ ...ദുഫായി ആണ് ദുഫായി , നുമ്മ ചേഞ്ച്‌ ആക്കണം ..നീയും ഒന്ന് പരിഷ്‌കാരി ആവണം ന്നു ..അങ്ങനേണ്  ഞാ വല്ല്യ പരിഷ്കാരി ആയെ...ഇങ്ങനെ മതിയോ മുഖത്ത് ചിരിയുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഇത് മതീട്ടാ ഇന്ന് തൊട്ടു നീ ഈ അരയന്റെ അരയത്തിയാണ്...പരിഷ്കാരം നുമ്മക്ക് വേണ്ട.
ഞാനും ഓക്കേ അല്ലെ ?

അവര്‍ രണ്ടു പേരും ചിരിച്ചു. എല്ലാ ദു:ഖങ്ങളും മറന്നുള്ള മനസ്സ് നിറഞ്ഞ ചിരി.അപ്പോള്‍ കാറ്റായും തിരമാലയായും കടല്‍ അവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു .

തിങ്കളാഴ്‌ച, സെപ്റ്റംബർ 03, 2012

കസവിന്റെ അറ്റത്ത്





കസവിന്റെ അറ്റത്ത്

(നായര് പെണ്ണിനെ പ്രേമിച്ചു മാപ്പിള ചെക്കന്‍ സുയിപ്പായ കഥ )

ജബ്ബാര്‍ കണ്ണ് തുറന്നു .മുന്നില്‍ ജയിലഴികള്‍.ഒന്നും അങ്ങട് ഓര്‍മ്മ വരുന്നില്ല.
അല്ല കുറേശ്ശെ കുറേശ്ശെ ഓര്‍മ്മ വരുന്നുണ്ട്.ഇന്നലെ പാര്‍വതിയുടെ വീടിന്റെ പടിപ്പുര കടന്നതും ..തെങ്ങിന്റെ മറവില്‍ നിന്നും ആരാ അത് ..നീ പിന്നേം വന്നോ ..തുടങ്ങി കുറെ ചോദ്യവും , പിന്നെ ഒരു കിണ്ടി വന്നു മുഖത്തടിച്ചതും ഓര്‍മയുണ്ട്.പിന്നെ സിഗ്നല്‍ പോയ ദൂരദര്‍ശന്‍ പോലെ ഒരു ശബ്ദം മാത്രം.അത് കഴിഞ്ഞു കണ്ണ് തുറക്കുമ്പോള്‍ എ എസ് ഐ മൊയ്തീന്‍ വെറുതെ മെക്കിട്ട് കേറാന്‍ വന്നതും..അയാളെ പഞ്ഞിക്കിട്ടതും വരെ ഇപ്പോള്‍ ക്ലിയര്‍ ആണ്.അത് കഴിഞ്ഞു ഒരു അഞ്ചാറ് പോലീസുകാര്‍ സെല്ലിലേക്ക് ഓടി വന്നതും ഓക്കേ ,പിന്നെ കണ്ണ് തുറക്കുന്നത് ഇപ്പോള്‍ ആണ്.

മോനെ ജബ്ബാറോ...വളരെ സൌമ്യം ആയ ഒരു വിളി,വാപ്പച്ചി എങ്ങാനും വന്നോ .നേരെ നോക്കി കണ്ണ് ക്ലെച്ചു പിടിക്കുന്നില്ല.സെല്ല് തുറക്കുന്ന ശബ്ദം കേട്ട്.അതും ഒരു പോലീസുകാരന്‍ തന്നെ.

മോനെ ജബ്ബാറോ ...ഞാന്‍ എസ് ഐ കോയ ... കടലില്‍ നിറയെ മീനും അത് പിടിക്കാന്‍ കൊറേ ബോട്ടും വലയും  ഉള്ള പൊന്നാനി ആണ് എന്റെ സ്ഥലം ..അത് കൊണ്ട് ഈ കാര്യത്തില് ചെലതൊക്കെ ചെയ്യാന്‍ എനിക്ക്  പറ്റും ..നീ ഒന്ന് വിസ്തരിച്ചു പറ എന്താ സംഭവിച്ചത് ?

ജബ്ബാര്‍ ഒന്ന്  മൂരി നിവര്‍ന്നു.അത് കണ്ടതും മറ്റു പോലീസുകാര്‍ ഒരടി പിന്നോട്ട് വെച്ചു.

ഇന്റെ സാറേ.... ഒരു ചെങ്ങായീന്റെ താലി കെട്ടിന് പോയതാ ഞമ്മള് ...ഞമ്മടെ ഒരു വേണ്ടപ്പെട്ട ചെങ്ങായി ആണ് ഓന്...താലി കെട്ടിന് മുന്‍പ് ഓനെ ഞമ്മള് ഒന്ന് കൊഞ്ഞനം കുത്തി.,അതിനു ഓന്‍ ഞമ്മളെ തല്ലാന്‍ ഓടിച്ചു....ഞമ്മള് വിടോ ഉശിര്  ഉള്ളോന്‍ ആണെങ്കി ഞമ്മളെ പുടീന്നും പറഞ്ഞു ഞമ്മള് മണ്ടീലെ...ഓന്റെ വീടാണെങ്കി  ഇന്റെ സാറേ ബാലരമേലെ വഴി കാണിക്കല്‍ കളി പോലെ അല്ലെ ..അങ്ങനെ ഒരു ഓട്ടത്തില്‍ ആണ് ഞമ്മള് ഓളെ കാണണത്....ഓള് ഇങ്ങോട്ട് വന്നു മുട്ടീ മുട്ടില്ലന്നും പറഞ്ഞു നിന്നും, ഞമ്മള് വിടോ പല പ്രേമവും തൊടങ്ങണത് തന്നെ മുട്ടുമ്പോ അല്ലെ ?മുട്ടി...പിന്നെ അവിടെ എമ്ബാളും ബഹളം ...ഞമ്മള് മെല്ലെ സ്ഥലം വിട്ട്..

എന്നിട്ട് ...?

പിന്നെ ഞമ്മക്ക്‌ അറാംപെറന്ന ഒരു ചെങ്ങായി ഇണ്ട്...രമേശന്‍ ..ഓന്ക്കാണെങ്കി ആകെപ്പാടെ പ്രേമം ആണ്...സിന്ദു ,സൂസന്‍  മുതല്‍ സൈനബ  വരെ ഓന്റെ ലൈനാ ... ഓനാണ് പറഞ്ഞെയ് ഓള് ആസ്പത്രീല് അഡ്മിറ്റ്‌ ആയിക്കാന്നു ..അങ്ങിനെ ഓളെ കാണാന്‍ പിന്നേം ഞമ്മള് തീരുമാനിച്ച്...

അതെന്താ ആദ്യത്തെ മുട്ടലില്‍ തന്നെ അനക്ക് പ്രേമം വന്നല്ലേ ,അത്രയ്ക്ക് സുന്ദരിയാ ഓള്,?

ഇന്റെ പോന്നു സാറേ ...കസവിന്റെ നേര്യതും ...ഈറന്‍ മുടിയില് തുളസീം വെച്ചു ഓള് ഇന്റെ മുന്‍പില്‍ വന്നാ ..ഇക്ക് പിന്നെ വേറെ ഒന്നും കാണാന്‍ പറ്റൂല്ല ...

അതെന്താ
ഓള്  മുന്‍പില്‍ നിക്കുമ്പോ എങ്ങനാ കാണ , ഓള് മാറിക്കണ്ടേ..
അത് ശരിയാണല്ലോ ..ബാക്കി പറ.
ബാക്കി പറയാം, പക്ഷെ തോക്കീ കേറി വെടി വെക്കരുത് ഇങ്ങള് ...അങ്ങിനെ അവിടെ ചെല്ലുമ്പോ ഓള് നല്ല ഒറക്കാ ...അപ്പളാ ഞമ്മള് ഒരു പുള്ള അപ്പറത്തെ ബെഡ്ഡില്‍ ഇരിക്കണത് കണ്ടേ .. ഓളും നല്ല മൊഞ്ചാ കാണാന്‍.ഓള് എന്താണ്ടോക്കെ വരച്ചു വെച്ചക്കിന് , എന്താന്നു ചോയിച്ചപ്പോ ഓള് പറയാ ..ഓള്‍ടെ ഇമ്മ മനോരമയും മംഗളവും വായിക്കുന്നതും, മഗരിബ്ന്റെ സമയത്ത് സീരിയല് കാണണതും ദുബായിലുള്ള ഓള്‍ടെ ഇപ്പാനെ അറിയിക്കാനാന്നു., എങ്ങനെ മനസ്സിലാകുംന്നു ചോയിച്ചപ്പോ ഓള് ഒരു ഹലാക്കിലെ പേര് പറഞ്ഞിട്ടാ ,ഇപ്പൊ ഓര്‍മ്മ ഇല്ല, എന്താ ടെന്ഷനാന്ന , പെന്സിലാന്ന എന്താണ്ട് പറഞ്ഞ്...
ഹാ ഹാ സ്റ്റെന്സില്‍
അതന്നെ ..അപ്പൊ ഞാ പറഞ്ഞ് ഇന്നാ ഇക്കും ഒരു കാര്യം എഴുതണംന്നു.
എന്താ ന്നു ഓള് ചോദിച്ച്, അന്റെ മേല് കൂട്ടി മുട്ടിയപ്പോ അനക്ക് വേദനിച്ചോ കരളേ എന്ന് എഴുതിക്കോളാന്‍ പറഞ്ഞു,അപ്പ ഓള് പറയാ ഇങ്ങളു എല്ലാം കൊളമാക്കും, ഇപ്പോ ഒരു സോറി മാത്രം മതീന്ന്
എന്നിട്ട് .........
ഞാ തന്നാന്നു പറയണ്ടാന്നും പറഞ്ഞു മെല്ലെ അവിടന്നും പോന്നു, പിറ്റേന്ന് പോയപ്പോ ഓള് അവിടന്ന് പോയിക്കിണ്..പിന്നെ ഇന്റെ സാറേ ഓളെ കാണാണ്ട് ഒറക്കോം ഇല്ല , ചോറും ബൈക്കണില്ലാന്നു പറഞ്ഞ ചേലിക്കായി ഇന്റെ കാര്യം, അങ്ങിനെ ഞാ കിട്ടിയ മത്തി കയ്യീന്ന് പോയ പൂച്ചടെ മാതിരി  ഇങ്ങനെ ഇരിക്കുംബ്ലാ  രമേശന്‍ വരണത് ....വന്ന പാടെ പഹയന്‍ ഒരു ചോദ്യം , അനക്ക് സിനിമാറ്റിക്ക് ഡാന്‍സ് കളിയ്ക്കാന്‍ പറ്റോ , ഷാറൂക്കിന്റെ ചമ്മക്ക് ചല്ലോ അറിയോ ഞാ ഇല്ലാന്ന് പറഞ്ഞ്, ഷാറൂക്കിന്റെ ചമ്മക്ക് ചല്ലോ പോയിട്ട് താജുദ്ദീന്റെ ഖല്ബാണ് ഫാത്തിമ പോലും ഞമ്മക്കറിയൂല്ല, അപ്പൊ ഓന്‍ പറയാ  കേരളോത്സവത്തിനു ഓള്‍ടെ ഒപ്പന ഇണ്ട്,പൊന്നാനി സ്കൂളില്‍ വെച്ചാ , അനക്ക് പറ്റൊങ്കി ഞാ മാറിത്തരാം നീ കേറി കളിക്ക്

പൊന്നാനി കേരളോത്സവത്തിനു ഓള് ഇന്ടാര്‍ന്നാ ?ഞാന്‍ ഉല്‍ഘാടനത്തിനു ഇന്ടാര്‍ന്നു
ഇന്ടാര്‍ന്ന്‍ കോയാ ...അല്ല സാറേ,പക്ഷെ ഇക്ക് ഡാന്‍സ് അറീല്ലല്ലോ , അപ്പൊ രമേശന്‍ പറഞ്ഞ് ഡാന്‍സ് മാഷിനെ പോയി കാണാ ,പക്ഷെ ഒരു കാര്യം ആളു നമ്മട പയോരു ശത്രു ആണ് , പിന്നേം കൊഴഞ്ഞാ , ആരാ ആള്, അപ്പൊ ഓന്‍ പറഞ്ഞ പേര് കേട്ട് ഞാ ഞെട്ടി.

ആരാ ഓന്‍ ?
മജീദ്‌, ഓനെ പണ്ട് ഞങ്ങള് ഒന്ന് പഞ്ഞിക്കിട്ടതാ , അതും ഈ രമേശന് വേണ്ടി , രമേശന് ഒരു ലപ്പ് പേര് സുനീറ,അതും ഒരു വണ്‍ വേ , എന്നും ഓന്‍ ഓളെ നോക്കി വെള്ളോം എറക്കി മരമില്ലിനു മുമ്പി നിക്കും,അത്രേ ഉള്ളൂ,ഒരൂസം ഓള് ഒരുത്തന്റെ കൂടെ സൈക്കിളിമ്മേ പോണു, ഓന്റെ നെഞ്ച് പൊട്ടീലെ ? ഓന്‍ ചോയിച്ചറിഞ്ഞു ആളു ആരാന്ന്, അന്ന് പിന്നെ രമേശനും ഓന്റെ ഒരു ചെങ്ങായി റിയാസും കൂടി മറ്റൊനെ തല്ലാന്‍ നിക്കണ നേരത്താ ഞാ വന്നേയ്,ഞാനാണെങ്കി റേഷന്‍ പീടിയേല് അരി വാങ്ങാന്‍ പോവേരുന്ന് , അങ്ങിനെ ഞങ്ങള്‍ മൂന്നു പേരും  ഓരോ വണ്ടീല് , മോന്ത എല്ലാം തുണിയോണ്ട് കെട്ടി മറച്ചു ഓനെ തല്ലാന്‍ പോയി.ഓന്‍ വരുന്ന എടവയിക്കു ഞങ്ങള് മൂന്നു വണ്ടീം ക്രോസ്സാക്കി ഇട്ട്, ഓന്‍ ഓന്റെ വണ്ടി നിര്‍ത്തി ഞങ്ങടെ അടുത്തു വന്നതും ഞങ്ങള് ഓനെ പപ്പട പരിവം ആക്കീല്ലേ, ഓന്റെ കയ്യില്‍ ഇള്ള പച്ചക്കറി എല്ലാം റോട്ടീ വീണ്, തിരിച്ചു വരുമ്പ രമേശന്‍ ലാലേട്ടന്റെ പടത്തിലെ ഒരു ഡയലോഗും പൂശി എന്റെ ഇമ്മ അരി വാങ്ങാന്‍ തന്ന സഞ്ചി ഓനു കൊടുത്ത്,
ആരാ മോനെ ഈ എച്ചിത്തരം കാട്ടാന്‍ പറഞ്ഞെ, രമേശന്റെ പെണ്ണാ ഓള് ചോയിക്കാനും പറയാനും ഓള്‍ക്ക് ഞാന്‍ ഉണ്ട്, ഈ നിലത്ത്‌ കെടക്കണ തക്കാളീം പച്ചമുളകും എല്ലാം പെറുക്കി എടുത്തു വീട്ടില്‍ എത്തിക്കണം , ഈ പൊട്ടിയ തക്കാളിക്ക്‌ പകരം നല്ല പൊട്ടാത്ത തക്കാളി വേണം വീട്ടില്‍ എത്താന്‍, ഇല്ലെങ്കി രമേശന്‍ അങ്ങോട്ട്‌ വരും ..... കേട്ട് നിന്ന ഞങ്ങള് രണ്ടാളും കയ്യടിച്ചു, പിന്നെ ഞങ്ങളെ ഓന്‍ തിരിച്ചറിയാത്ത കാരണം വേറെ കൊഴപ്പം ഒന്നും ഇണ്ടാവൂല്ല എന്ന് ഒറപ്പല്ലേ..കൊറച്ചു കഴിഞ്ഞപ്പോ ആണ് ബോധം വന്നത് , റേഷന്‍ കാര്‍ഡ് സഞ്ചിക്കുള്ളില്‍ ആണ്.പിറ്റേന്ന് ഓന്‍ എന്റെ ഏരിയയില്‍ വന്നു എന്നെ തല്ലി..

അപ്പൊ നീ തിരിച്ചു തല്ലീലെ ?
ഞാ റേഷന്‍ കാര്‍ഡ്‌ പോയ കാര്യത്തിനു വീട്ടീന്നു തല്ലും വാങ്ങി ആകെ സങ്കടപ്പെട്ടു ഇരിക്കാ , അപ്പൊ ഓ വീടിന്റെ പടിക്കെ നിക്കണ്, ഓന്റെ നിപ്പ് കണ്ടാ അറിയാം തല്ലാന്‍ വന്നേണ് ...ഇമ്മ കണ്ടാ മോശം ആണ് .അതോണ്ട് നേരെ ചെന്ന് തല്ല് മേടിക്കാംന്നു വിചാരിച്ചു ,ഓന്‍ ആദ്യം റേഷന്‍ കാര്‍ഡ്‌ തന്നു , അപ്പ ഇക്ക് സന്തോഷായി , അതും വാങ്ങി ഞാ തിരിച്ചു നടന്നപ്പോ ഓന്‍ അരേന്നു സാധനം വലിച്ചൂരി ഇന്നെ കുത്തി, കൃത്യം ഇന്റെ ഭൂ മധ്യ രേഖ തകര്‍ന്നു പോയി.വേദന കൊണ്ട് പുളഞ്ഞ ഞാ തിരിഞ്ഞ് നോക്കുമ്പോ ഓന്റെ കയ്യി ഫൈബര്‍ കാസില്‍ ടു എച്ച് ബി .ഇന്റെ നെഞ്ച് കലങ്ങിപ്പോയി.

ഫൈബര്‍ കാസില്‍ ടു എച്ച് ബി അതെന്താ? നല്ല കേട്ട് പരിചയം ഉള്ള സാധനം ആണല്ലോ

കടലാസു പെന്‍സില്‍, ഫോറിനാ

പെന്‍സിലാ ..അപ്പ ?
അപ്പ , കുപ്പാ ഒന്നൂല്ല, ഏഴു ദിവസം കാലത്ത് പ്രകൃതിയുടെ വിളി വരുമ്പ ഞാ കാതു പൊത്തിപ്പിടിക്കും, കേക്കാണ്ടിരിക്കാന്‍ ,  പിന്നെ പത്തു തട്ട് തടുക്കാ, ഒരു മുട്ട് തടുക്കാന്‍ പറ്റൂല്ലാ എന്ന്  വെല്ലിമ്മ പറയുന്നത് ഓര്‍ക്കുമ്പ നേരെ നടക്കും. പിന്നെ കണ്ണീരും കയ്യുമായി ഒരു പത്തു പതിനഞ്ചു മിനുറ്റ്....
അല്ല ..ഓന്‍ എന്തെ പെന്‍സിലോണ്ട് കുത്തിയെ ചെറിയ കുട്ട്യോളെ പോലെ
പിന്നെ നാലാം ക്ലാസില്‍ പഠിക്കണ ഓന്റെ കയ്യില്‍ പിന്നെ തോക്ക് കാണോ
നാലാം ക്ലാസാ ?..അപ്പൊ മൂന്നു വണ്ടീ എന്നൊക്കെ പറഞ്ഞത് ?
രണ്ടു ബി എസ് എ - എസ് എല്‍ ആര്‍  മെട്ട സൈക്കളും, ഒരു ഹീറോ സൈക്കളും
അത് ശരി അപ്പൊ കൊറേ പഴയ കഥയാ . അത് ഓന്‍ മറന്നു കാണും
അങ്ങന തന്നെ വിജാരിചചിട്ടാ ഞാ പോയെ ...പക്ഷെ ..



മോനെ ഡാ, എണീറ്റെ
കണ്ണ് തുറന്നു നോക്കി ഉമ്മയാണ്, അലാറം അടിച്ചില്ലേ? സമയം നോക്കി ഒന്‍പതു മണി, ചതിച്ചാ ഒന്‍പതു  മണീടെ അര്‍ച്ചന ബസ്‌ പോയിക്കാണും, അതിലാണ് പാറു സ്ഥിരം വരുന്നത്.ശ്ശൊ ഒടുക്കത്തെ ഉറക്കം.ഇന്നലെ തട്ടത്തിന്‍ മറയത്തു സിനിമ കണ്ടു വന്നപ്പോ നേരം ഒരുപാടായിരുന്നു.അതിന്റെ ഹാങ്ങ്‌ ഓവര്‍ ആണ്, സാരമില്ല സ്വപ്നത്തില്‍ ആണേലും കുറച്ചു നേരം പാറുവുമായിഅര്‍മാദിച്ചില്ലേ..ജബ്ബാര്‍ എഴുന്നേറ്റു ബാത്രൂം ലക്‌ഷ്യം വെച്ചു നടന്നു.