വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. അപ്പന്‍
കടലില്‍ പോവുമ്പോള്‍ ചിലപ്പോള്‍ അമ്മച്ചി കരയാറുണ്ട്. അത് നല്ല കാറും കോളും
ഉള്ളപ്പോള്‍. അപ്പന്‍ പറയും ലാസറിനെ കടലമ്മ ചതിക്കത്തില്ലെടി കൊച്ചെ എന്ന്.
എന്നാലും അമ്മച്ചി വിതുമ്പും. ഇതിപ്പോള്‍ നല്ല തെളിഞ്ഞ ആകാശം എന്നിട്ടും കരയുന്നു.
അമ്മച്ചി മാത്രമല്ല , കൂടപ്പെറന്ന രണ്ടെണ്ണം ഉണ്ട്,ബിന്സിയും ലിന്സിയും. അവറ്റകളും
കരയുന്നു. യാത്ര പറഞ്ഞു.ഒറ്റ ഇറക്കമായിരുന്നു.പിന്നെ ആരുടേയും മുഖത്ത്
നോക്കിയില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സ്വന്തം മണ്ണില്‍ തിരിച്ചെത്തുമ്പോള്‍ ഒന്ന് ചേര്‍ത്തു പിടിച്ചു
സന്തോഷം പങ്കു വെക്കാന്‍ അവരില്ല .എല്ലാം നഷ്ടങ്ങള്‍ മാത്രമാണ് തനിക്ക് വിധി നല്‍കിയത്.
എന്നെ ഒരു മുക്കുവന്‍ ആക്കത്തില്ല എന്ന് അപ്പന്‍ പറയും എല്ലാവരോടും. ആ ഒരു
വാശിയില്‍ തന്നെ എന്റെ സമപ്രായക്കാര്‍ എല്ലാം കടലില്‍ പോയപ്പോളും എന്നെ അപ്പന്‍
പട്ടണത്തില്‍ വിട്ടു പഠിപ്പിച്ചത്.പക്ഷെ....സ്വയം ഒരു വലിയ മുക്കുവന്‍ ആയി
മാറുകയായിരുന്നു ഞാന്‍. സ്വന്തം ആയുസ്സ് നഷ്ടപ്പെടുത്തി അറബിപ്പൊന്നും മുത്തും
പവിഴവും തേടി പോയ വിഡ്ഢിയായ ഒരു മുക്കുവന്‍. പക്ഷെ സാരമില്ല .കൂടപ്പിറപ്പുകളുടെ ജീവിതം ഒരു കരക്കെത്തിയില്ലേ .
ഒരു വലിയ വീടിനു മുന്നില്‍ വണ്ടി നിന്നും.
“ സാറെ വീടെത്തി, ഇതാ ചാവി “
“ ചാവിയോ? “
“ വീടിന്റെ ചാവി, ഇവടെ ആരും ഇല്ല
സാറേ, ലിന്‍സി കൊച്ചമ്മ വീട്ടിലേക്കു പോയി ഇന്നലെ,വണ്ടിക്കൂലിയും കൊച്ചമ്മ
തന്നിട്ടുണ്ട്, “
ലിന്‍സി കൊച്ചമ്മയോ എന്ന് അറിയാതെ മനസ്സ് ചോദിച്ചു.
“ ലിന്സിയും കുടുംബവും ഇവിടെ
അല്ലെ താമസിച്ചിരുന്നത് ? എന്നിട്ടിപ്പോ ....”
“ അതെല്ലാം നിങ്ങള്‍ വീട്ടുകാര്
തമ്മില്‍ ചോദിച്ചു മനസ്സിലാക്കിയാല്‍ പോരെ ? “
ഇല്ല ഒന്നും മനസ്സിലാക്കാന്‍ ഇല്ല. അപ്പനും അമ്മച്ചിയും പോയി.ഇനിയുള്ളത് രണ്ടു
അനിയത്തിമാര്‍ ആണ്.ബിന്‍സി മദ്രാസില്‍ ഭര്‍ത്താവും കുട്ടികളും ആയി
കഴിയുന്നു.ഇടയ്ക്കിടയ്ക്ക് വിളിക്കുമായിരുന്നു പണ്ട്.ആഴ്ചയില്‍ ഒരു ദിവസം ജയിലില്‍
അനുവദിച്ചു കിട്ടുന്ന കുറച്ചു സമയം.അങ്ങിനെ ഒരു ദിവസം വിളിച്ചപ്പോള്‍ ആണ് അപ്പന്‍ പോയതറിഞ്ഞത്.ഒരുപാട്
കരഞ്ഞു.ദുബായിലെ ജയിലില്‍ കിടന്ന്.പിന്നെ ഒരിക്കല്‍ അമ്മച്ചിയും പോയി
എന്നറിഞ്ഞു.കരഞ്ഞില്ല.കണ്ണുനീര് എല്ലാം എന്നെ വറ്റിപ്പോയിരുന്നു.പിന്നെ
കൂടപ്പിറപ്പുകള്‍ ഉണ്ടല്ലോ എന്ന വിശ്വാസത്തില്‍ വര്‍ഷങ്ങള്‍ തള്ളി
നീക്കി.ശിക്ഷയില്‍ ഇളവ് കിട്ടി നാട്ടില്‍ വരുന്നു എന്ന് പറയുമ്പോള്‍ തന്നെ
ലിന്സിയുടെ സംസാരത്തില്‍ ഒരു മാറ്റം
അറിഞ്ഞു,പക്ഷെ തനിച്ചാക്കി പോവും എന്ന് കരുതിയില്ല.ഒരു പക്ഷെ ഇനി ഞാന്‍ ഒരിക്കലും
തിരിച്ചു വരില്ല എന്ന് കരുതിയിരുന്നതാവാം .ഈ വീടാണോ അവള്‍ക്കു
വേണ്ടിയിരുന്നത്.അറിയില്ല.
വാതില്‍ തുറന്നു അകത്ത് കയറി. തന്റെ ഒരായുസ്സിലെ വിയര്‍പ്പിന്റെ ഒരംശം.വീട്
പണി കഴിഞ്ഞു
ഇങ്ങോട്ട് താമസം മാറിയപ്പോള്‍ തന്നെ ബിന്സിക്ക് കല്യാണമായി.അത് കൊണ്ട് മൂന്നു
വര്‍ഷങ്ങള്‍ക്കു ശേഷം വീട് പിടിക്കാം എന്ന മോഹം നടന്നില്ല.പിന്നെയും രണ്ടു വര്ഷം
കഴിഞ്ഞപ്പോള്‍ ആണ് ആ കടങ്ങള്‍ പൂര്‍ണമായും വീട്ടിയത്.അതിനിടയില്‍ ലിന്‍സിക്ക് ഒരു
പ്രണയം. കുടുംബത്തിന്‍റെ മാനം പോവും ഇല്ലേല്‍ കല്യാണം പെട്ടെന്ന് നടത്തണം എന്ന്
അപ്പന്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യങ്ങള്‍ മനസ്സിലായി, പക്ഷെ അപ്പനും അമ്മച്ചിക്കും
ഏറെ സങ്കടം ഉണ്ടായിരുന്നു .
പിന്നെയും നാല് വര്‍ഷങ്ങള്‍ .ഓരോരോ ചിലവുകള്‍ , കടങ്ങള്‍, അസുഖങ്ങള്‍, എല്ലാം
അവസാനിപ്പിച്ചു വരാന്‍ ഒരുങ്ങിയതാണ് ആറു വര്‍ഷങ്ങള്‍ക്കു മുന്‍പേ.പക്ഷെ ചതിയനായത്
കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന സുഹൃത്ത്.പിന്നെ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ ദുബായിലെ തടവറയില്‍.
അതിനിടയില്‍ അപ്പനും അമ്മച്ചിയും പോയി.ഇപ്പോള്‍ കൂടപ്പിറപ്പുകളും.പക്ഷെ എനിക്ക്
അവരെ കയ്യൊഴിയാന്‍ പറ്റില്ലല്ലോ .നാളെ പോകണം.ഒരു ഫോട്ടോ പോലും ഇല്ലല്ലോ
അപ്പന്റെയും അമ്മച്ചിയുടെയും. പേഴ്സില്‍ ഉണ്ടായിരുന്ന പഴയ ഫോട്ടോ എടുത്തു ,അന്ന്
ഗള്‍ഫിലേക്ക് പോവുന്നതിനു മുന്‍പ് എടുത്ത കുടുംബ ഫോട്ടോ.ജയിലില്‍ കിടക്കുമ്പോള്‍
തന്‍റെ ഊര്‍ജം ഈ ഫോട്ടോ ആയിരുന്നു.കയ്യില്‍ ഉണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും
ജയിലില്‍ വാങ്ങി വെച്ചപ്പോള്‍ ഞാന്‍ കെഞ്ചിക്കരഞ്ഞു വാങ്ങിയത് ഈ ഫോട്ടോ
മാത്രം.അന്നത് തിരിച്ചു തരുമ്പോള്‍ പോലീസുകാരന്‍ ചോദിച്ചു. “ മോഷ്ടിക്കുമ്പോള്‍ ഇവരെ ഒന്ന് ഓര്‍ത്തു കൂടായിരുന്നോ “എന്ന്. അതിനു മറുപടിയൊന്നും പറഞ്ഞില്ല.കാത്തിരുന്നു ഈ ഒരു ദിവസം .പക്ഷെ ....
ദൂരെ കടലിന്‍റെ ഇരമ്പല്‍ കേള്‍ക്കാം.കുറച്ചു കാശ്
കയ്യില്‍ വന്നപ്പോള്‍ അപ്പന്‍ ആദ്യം ചെയ്തത് കടപ്പുറത്ത് നിന്നും താമസം മാറ്റുകയാണ്.കടപ്പുറത്ത്
നിന്നും ദൂരെയാണ് വീട് വെച്ചത്.എന്നാലും
തിരമാലകളുടെ ശബ്ദം കേള്‍ക്കാം .കഴിഞ്ഞ കാലം ആയിരുന്നു നല്ലത്.ആ കടപ്പുറത്ത് തന്നെ
വളര്‍ന്നിരുന്നു എങ്കില്‍ കൂടപ്പിറപ്പുകള്‍ സ്നേഹം മറക്കില്ലായിരുന്നു, എന്നെയും.പഴയ
കാലത്തിലെ ചില നല്ല ഓര്‍മകളെ കൂട്ട് പിടിച്ചു അയാള്‍ ഉറങ്ങാന്‍ ശ്രമിച്ചു.
പിറ്റേന്ന് നേരെ കടപ്പുറം ലക്‌ഷ്യം വെച്ച് നടന്നു അയാള്‍.ഒരുപാടു ഓര്‍മ്മകള്‍
, അപ്പന്‍ , അമ്മ, ബിന്‍സി, ലിന്‍സി, പിന്നെ എന്നും തന്‍റെ മാത്രം ആയിരിക്കും
എന്ന് കരുതിയ എല്‍സ, എല്സയെ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നോ ? , അവളുടെ
അപ്പനും എന്റെ അപ്പന്‍റെ കൂട്ടുകാരനും ആയ വറീത്.ഒരു കുടുംബം പോലെ
ആയിരുന്നു.എല്സയുടെ ചെറുപ്പത്തിലെ അവളുടെ അമ്മച്ചി മരിച്ചിരുന്നു.പിന്നെ എന്‍റെ
അമ്മച്ചിയാണ് അവളെ വളര്‍ത്തിയത്.അവളെ എന്‍റെ മോനെ കൊണ്ട് കേട്ടിക്കത്തുള്ളൂ എന്ന്
അമ്മച്ചി പറയും.ഞങ്ങളും ഒരുപാടു ഇഷ്ടപ്പെട്ടു പോയി.
ഇവിടെ നിന്നും താമസം മാറിയപ്പോള്‍
അവര്‍ വന്നില്ല, വറീത് സമ്മതിച്ചില്ല എന്ന് അനിയത്തി പറഞ്ഞു.പിന്നെ അറിഞ്ഞു കടലില്‍ പോവാന്‍ മടിയുള്ള
ഒരുത്തന് തന്‍റെ മോളെ കൊടുക്കത്തില്ല എന്ന് അവളുടെ അപ്പന്‍ പറഞ്ഞത്രേ. അവളുടെ
കല്യാണം നടന്നതും അനിയത്തി വിളിച്ചു പറഞ്ഞു.ഒരുപാടു വിഷമം തോന്നിയിരുന്നു.അവള്‍
വേറെ ഒരു വിവാഹത്തിനു സമ്മതിക്കും എന്ന് കരുതിയില്ല.എല്ലാം
നഷ്ടപ്പെട്ടിരിക്കുന്നു.
കടല്‍ തീരെ ശാന്തമാണ്.തിരയിളക്കം ഇപ്പോള്‍ തന്‍റെ മനസ്സിലാണ്.കടല്‍ കാണാന്‍
വന്നവര്‍ക്ക് നിരാശയാണ് ഈ ശാന്തമായ കടല്‍.അവര്‍ക്ക് കാണേണ്ടത് പ്രക്ഷുബ്ധമായ കടല്‍
ആണ്.കടലിന്‍റെ മക്കള്‍ക്ക് നേരെ തിരിച്ചും.ഏറെ നേരം കടലിനെ നോക്കി ഇരുന്നു.ഒരു
അന്യനെ പോലെ .കടലമ്മ തന്നെ മറന്നു പോയിരിക്കും.അല്ലെങ്കിലും കുട്ടിക്കാലം
കഴിഞ്ഞപ്പോള്‍ തന്നെ കടലുമായുള്ള ബന്ധം അപ്പന്‍ ഒഴിവാക്കിയില്ലേ .ഇനി എന്ത് എന്നറിയില്ല.കയ്യില്‍
പണമില്ല, ഒരു ജോലി ഇല്ല.കൂടെ ഉണ്ടാവും എന്ന് കരുതിയവര്‍ ആരും ഇല്ല.പഴയ കൂട്ടുകാരെ
ആരെയെങ്കിലും കണ്ടിരുന്നെങ്കില്‍ ഒരു പക്ഷെ ഈ കടപ്പുറത്ത് തന്നെ ഒരു പണി
കിട്ടിയേനെ.ആര്‍ക്കാ തന്നെ അറിയുക.പത്രോസും, ഷിബുവും,മനുവും , ബഷീറും എല്ലാം തന്നെ
എങ്ങിനെ ഓര്‍ക്കും.വല്ലപ്പോഴും സ്കൂള്‍ അവധിക്കു നാട്ടില്‍ വരുന്ന എന്നെ ആര് ഓര്‍ക്കാന്‍,അതിനു
പുറമേ ഇപ്പോള്‍ നീണ്ട ഒരു കാലയളവ് കഴിഞ്ഞാണ് ഈ വരവ്.എല്സയുടെ അപ്പന്‍ ഇപ്പോള്‍
ഉണ്ടോ ആവോ ? അയാള്‍ അവരുടെ വീട് അന്നെഷിച്ച് നടന്നു.ബുദ്ധിമുട്ടേണ്ടി വന്നില്ല
.ആ പഴയ വീട് തന്നെ. ഹൃദയ മിടിപ്പിനു ഒരു വല്ലാത്ത താളം .വീട്ടിനുള്ളിലേക്ക്
കാലെടുത്തു വെക്കും മുന്‍പേ കണ്ടു ചുമരിയില്‍ തൂക്കിയിട്ട ഫോട്ടോ .
“ഈശോയെ അദ്ദേഹവും ഓര്‍മ്മയായോ ?”.തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഒരു
വിളി.
“ആരാ ..അപ്പനെ അന്നെഷിച്ചു
വന്നാണോ “
എല്സയുടെ ശബ്ദം ആദ്യ വിളിയില്‍ തന്നെ തിരിച്ചറിഞ്ഞു.തിരിഞ്ഞു അവളെ ഒന്ന്
നോക്കാന്‍ തനിക്ക് കഴിയില്ല.എന്റെ മാത്രം എന്ന് ആഗ്രഹിച്ച എല്‍സ, ഇന്ന്
മറ്റാരുടെയോ ..വേണ്ട അയാള്‍ നേരെ നടന്നു.വീണ്ടും അവള്‍ വിളിച്ചു.ഇത്തവണ അവളെ
നോക്കി , ഒരു നിമിഷം അവള്‍ എല്ലാം മറന്നു എന്ന് തോന്നി.ഓടി വന്നു അയാളെ
കെട്ടിപ്പിടിച്ചു.അയാളും ഒരു ഞൊടി നേരം എല്ലാം മറന്നു.പെട്ടെന്ന് സ്ഥലകാല ബോധം
വന്നപ്പോള്‍ അയാള്‍ അവളെ അല്പം ബലമായി തന്നെ മാറ്റി.
“ എല്‍സ നീ ഇന്ന് മറ്റൊരാളുടെ
ഭാര്യയാണ്, പഴയതെല്ലാം മറക്കണം,ഞാന്‍ ജീവിതത്തില്‍ തോറ്റു പോയവന്‍ ആണ് , ഇപ്പോള്‍
ആരുമില്ലാത്തവന്‍ , ഈ കടപ്പുറത്ത് തന്നെ ആയിരുന്നു എങ്കില്‍ ഒരു പക്ഷെ നീയെങ്കിലും
....”അയാളുടെ വാക്കുകള്‍
പാതിയില്‍ മുറിഞ്ഞു പോയി.
“ കഴിഞ്ഞോ .എല്ലാം പറഞ്ഞു തീര്‍ന്നെങ്കില്‍
ഞാന്‍ പറയാം, പെട്ടെന്ന് കുറെ പൈസ വന്നപ്പോള്‍ എല്ലാം മറന്നത് നീയല്ലേ, വലിയ വീടും
ബന്ധങ്ങളും വന്നപ്പോള്‍ നീയല്ലേ എന്നെ മറന്നത്, പട്ടണത്തില്‍ നിനക്കൊരു പെണ്ണിനെ
നോക്കണം എന്ന് നിന്റെ പാവം അപ്പനോട് പറഞ്ഞത് നീയല്ലേ ?നിന്റെ അനിയത്തിമാര്‍ വന്നു
പഴയ ബന്ധത്തിന്റെ പേരില്‍ ഞങ്ങളെ കാണാന്‍ വരരുത് എന്ന് പറഞ്ഞപ്പോളും ഞാന്‍ നിന്നെ
മാത്രം വിശ്വസിച്ചു കാത്തിരുന്നു,നിന്റെ നാവു കൊണ്ട് കേട്ടാലേ ഞാന്‍ വിശ്വസിക്കൂ
എന്ന് ഞാന്‍ എന്റെ അപ്പനോട് പറഞ്ഞു,
പിന്നീട് നിനക്ക് ഉണ്ടായ ദുരന്തം ... അമ്മച്ചി വന്നു പറഞ്ഞപ്പോള്‍ ആണ് ഞാനും
അപ്പനും അറിഞ്ഞത്. ഇനി എന്റെ മോന്‍ ഈ നാട് കാണില്ല എന്ന് പറഞ്ഞു കരഞ്ഞ അമ്മച്ചിയെ
എന്റെ അപ്പന്‍ എന്ത് പറഞ്ഞാണ് സമാധാനിപ്പിച്ചത് എന്നറിയോ “അവന്‍ വരും അവനെ കാത്തു കണ്ണീരൊഴുക്കി ഇവള്
കാത്തിരിക്കുമ്പോ ഏതു കാണാക്കടലില്‍ ആണേലും കടലമ്മ കൊണ്ട് തരും , അല്ലെങ്കി പിന്നെ
ഇവള് പെഴക്കണം “അത് കേട്ടപ്പോള്‍ അമ്മച്ചീടെ
മുഖത്ത് ഉണ്ടായ പ്രതീക്ഷ ...അന്ന് അമ്മച്ചി പറഞ്ഞാണ് ഞങ്ങള്‍ അറിഞ്ഞത് എല്ലാം
നിന്റെ അനിയത്തിമാര്‍ ചെയ്തതാണ് എന്ന്.മരിക്കുന്നത് വരെ പിന്നെ അമ്മച്ചി
എന്നോടൊപ്പം ആയിരുന്നു,പിന്നീട് എന്റെ അപ്പനും പോയി ..പക്ഷെ ഞാന്‍
കാത്തിരുന്നു....നീ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു.മനസ്സ് കൊണ്ടും ശരീരം
കൊണ്ടും ഞാന്‍ എന്നും നിന്റെയാണ് ”
അയാള്‍ അവളെ കെട്ടിപ്പിടിച്ചു , പിന്നെ ഒരു ഭ്രാന്തനെ പോലെ അവളെയും വലിച്ചു കടലിനു നേരെ
ഓടി. കടലിലേക്ക് നോക്കി ഉറക്കെ പറഞ്ഞു.
“ ഞാന്‍ വന്നു, എന്റെ അപ്പനും
എല്സേടെ അപ്പനും അമ്മച്ചിയും കേള്‍ക്കാന്‍ വേണ്ടി പറയാ ...ഞാന്‍ വന്നു ഇനി ഞങ്ങള്‍
ജീവിക്കും ഇവിടെ ഈ കടപ്പുറത്ത് ,സ്നേഹിക്കാന്‍ മാത്രം അറിയുന്നവരുടെ കൂടെ “അലച്ചു വന്ന തിരമാല
അവരെ ആവോളം നനച്ചു കടന്നു പോയി .ഇപ്പോള്‍ ശാന്തമാണ് കടലും അവരുടെ മനസ്സും.താന്‍ തിരിച്ചു
വരുന്നത് വരെ ഭൂമിയില്‍ വെളിച്ചം നല്‍കണേ എന്ന് നക്ഷത്രങ്ങളോട് യാചിച്ചു കടലിലേക്ക്
വീഴാനായി നില്‍ക്കുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ അയാള്‍ അവളോട് ചോദിച്ചു.
“ ഇനി എന്താണ് എന്നറിയില്ല,
എങ്ങിനെ ജീവിക്കണം കയ്യില്‍ കാശില്ല, ഒരു ജോലിയില്ല “
“ നിന്റെ പഴയ കൂട്ടുകാര്‍
ഇപ്പോഴും ഇവിടെ തന്നെയുണ്ട്, വാടകക്ക് ബോട്ടും എടുത്തു കടലില്‍ പോയി മീന്‍
പിടിച്ചു സുഖമായി ജീവിക്കുന്നു, നമുക്കും അത് മതി, വലിയ വലിയ സ്വപ്‌നങ്ങള്‍ ഒന്നും
ഇല്ല ..”
“ എന്റെ ആ വീട് വില്‍ക്കാം,
നമുക്ക് ഈ കുടില്‍ മതി, നമ്മള്‍ ഓടിക്കളിച്ചു വഴക്കിട്ട് പിണങ്ങിയും ഇണങ്ങിയും
കഴിഞ്ഞ ഈ കുടില്‍, വീട് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് ഒരു നല്ല ബോട്ട് വാങ്ങണം,അവരോടു
പറയണം വാടക ഇല്ലാത്ത ബോട്ടില്‍ മീന്‍ പിടിക്കാം എന്ന് ,,,ഹാ പിന്നെ വന്നപ്പോഴേ ഒരു
കാര്യം ചോദിക്കണം എന്ന് കരുതിയതാ ..നിന്റെ സംസാരത്തിന് എന്താ പറ്റിയെ...”
“ നിങ്ങ ഗള്‍ഫിലോട്ടു പോയപ്പ
എന്റെ അപ്പന്‍ പറഞ്ഞാണ്ണ്‍ കെട്ടാ...എടീ എല്സക്കൊച്ചേ..നിന്റെ ചെക്കന്‍ മുക്കുവനല്ല
കേട്ടാ ...ദുഫായി ആണ് ദുഫായി , നുമ്മ ചേഞ്ച് ആക്കണം ..നീയും ഒന്ന് പരിഷ്‌കാരി
ആവണം ന്നു ..അങ്ങനേണ് ഞാ വല്ല്യ പരിഷ്കാരി
ആയെ...ഇങ്ങനെ മതിയോ” മുഖത്ത്
ചിരിയുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“ ഇത്
മതീട്ടാ ഇന്ന് തൊട്ടു നീ ഈ അരയന്റെ അരയത്തിയാണ്...പരിഷ്കാരം നുമ്മക്ക് വേണ്ട.
ഞാനും ഓക്കേ അല്ലെ ?”
അവര്‍ രണ്ടു പേരും ചിരിച്ചു. എല്ലാ ദു:ഖങ്ങളും മറന്നുള്ള മനസ്സ് നിറഞ്ഞ
ചിരി.അപ്പോള്‍ കാറ്റായും തിരമാലയായും കടല്‍ അവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു .
കഥ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂgood one.wishes...
മറുപടിഇല്ലാതാക്കൂനന്ദി മുല്ലാ , സരസ്
മറുപടിഇല്ലാതാക്കൂ