ബുധനാഴ്‌ച, ഡിസംബർ 19, 2012

അയാളും അവളും തമ്മില്‍


“അമ്മെ അയാള്‍ എന്നെ കൊല്ലും ...അമ്മെ എന്നേം കൊല്ലും ഉറപ്പാ “ പത്മിനി ഞെട്ടി ഉണര്‍ന്നു.
“ഈശ്വരാ എന്ത് പറ്റി എന്റെ അമ്മൂട്ടിക്ക്....മോളെ മോളെ അമ്മൂട്ടി “
“ദേ..ശ്രീധരേട്ടാ ...”പത്മിനി അടുത്തു കിടന്ന ഭര്‍ത്താവിനെ വിളിച്ചു.പക്ഷെ അവിടെ ശ്രീധരന്‍ ഉണ്ടായിരുന്നില്ല.
“അമ്മെ ..അയാള്‍”.
“ആരാ മോളെ ..ആരാ ?കുറച്ചു ദിവസായല്ലോ നീ ..ആരെയ നീ ഭയക്കുന്നെ “
“ഒന്നൂല്ല അമ്മെ ..ഞാന്‍ ..അച്ഛന്‍ എവിടെ അമ്മെ ?’അവള്‍ പാതിയില്‍ നിര്‍ത്തി. ഇപ്പോള്‍ അമ്മൂട്ടിക്കും ഉറക്കം തെളിഞ്ഞു
“മോള് കിടന്നോ...”പത്മിനി പുതപ്പെടുത്തു അമ്മൂട്ടിയെ പുതപ്പിച്ചു.
പത്മിനി അവിടെ നിന്നും എഴുന്നേറ്റു, ഉമ്മറത്ത് എന്തോ ചിന്തിച്ചിരിക്കുന്ന ശ്രീധരന്‍,
“ശ്രീധരേട്ടാ ഉറങ്ങീല്ലേ ഇന്നലെ ?എന്തിനാ ഇവിടെ തനിച്ചിരിക്കുന്നെ “
“പത്മം....എന്താ നമ്മുടെ മോള്‍ക്ക് പറ്റിയത് ?...നിക്കൊന്നും മനസ്സിലാവുന്നില്ല...നിനക്കറിയോ ഇന്നലെ ഞാന്‍ അവളെ ആശുപത്രിയില്‍ കൊണ്ടോയത് എന്തിനാന്ന് ?നിന്നോടും അവളോടും പറഞ്ഞില്ല എന്നെ ഉള്ളൂ...ആരെങ്കിലും അവളെ...പക്ഷെ ഒന്നും നടന്നിട്ടില്ല എന്ന് സുഷമ ഡോക്ടര്‍ പറഞ്ഞപ്പോളാ പകുതി ആശ്വാസം ആയെ....ഇന്നലെ ഞാന്‍ അവളുടെ സ്കൂളിലും പോയിരുന്നു.അവിടെയും അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്ന് പത്മനാഭന്‍ മാഷ്‌ പറഞ്ഞു.അവളുടെ ശ്രീകുട്ടി മരിച്ചതിന്റെ ഷോക്ക്‌ ആവും എന്നാ മാഷ്‌ പറഞ്ഞത് ...പിന്നെ ..”
“പിന്നെ ..എന്താ ശ്രീധരേട്ടാ ?”
“അവളെ ഏതെങ്കിലും നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു മാഷ്‌ “
“എന്തിനാ,,,മോള്‍ക്ക്‌ ഒന്നൂല്ലാ ..വേണ്ട അവളെ ഭ്രാന്തിയാക്കണ്ട?”
“അല്ല പത്മം, മരുന്നും ട്രീട്മെന്റും ഒന്നും വേണ്ട ..ഒരു കൌണ്‍സിലിംഗ് മതിയാവും എന്നാ മാഷ്‌ ..”
“എനിക്ക് പേടിയാ ശ്രീധരേട്ടാ ,,,നമ്മുടെ മോള്...”
“ഒന്നും ഉണ്ടാവില്ല..നീ പേടിക്കേണ്ടാ...ഡോക്ടര്‍ ജെറിന്‍ ജോസഫ്‌ ഇല്ലേ ,,ഞാന്‍ ഇന്നലെ കണ്ടിരുന്നു ആളെ, മാഷിന്റെ കൂടെ പോയി.ആളുടെ വീട്ടില്‍ പോയി കാണാം.നാളെ തന്നെ പോവണം.വാ വന്നു കിടക്കാന്‍ നോക്ക്.”
******
“ഹലോ .. റാഷിദ്‌ അലി.?”
“മോന്‍ പുറത്തു പോയല്ലോ ..ആരാ?”
“ഞാന്‍ ജെറിന്‍ ആണ് ഉമ്മാ...ഞാന്‍ അവന്റെ മൊബൈലില്‍ വിളിക്കാം “
“ഹാ മോനോ ..എന്താ ഈ രാത്രിയില്‍ ?”
“ഹേ ഒന്നുമില്ല...കുറെ ആയി അവനെ കണ്ടിട്ട്....രാത്രിയില്‍ ആണെങ്കില്‍ അല്ലെ അവന്‍ എന്ന് വിളിക്കാന്‍ പറ്റൂ, പകല്‍ സര്‍ എന്ന് വിളിക്കണ്ടേ ?”
“ഇതു നല്ല കഥ ...നീ ഓനെ സാറേന്നു വിളിക്കോ ?എന്നാ കാക്ക മലര്‍ന്നു പറക്കും “
“ ഹി ഹി ഹി ഹൂ ഉമ്മ ഞാന്‍ വിളിക്കട്ടെ , പറ്റിയാല്‍ ഞാന്‍ നാളെ വരുന്നുണ്ട് വീട്ടില്‍..പത്തിരിയും ബീഫ്‌ കുറുമയും ഉണ്ടാക്കി വെക്കണം “
“ഓ ആയിക്കോട്ടെ അന്നേം ഒന്ന് കാണാലോ “
“ശരി ഉമ്മ “
******
“എന്തെടാ നീ കാണണം എന്ന് പറഞ്ഞത്?പഴയ പോലെ എന്തേലും കയ്യബദ്ധം ?”
“ഹ്മം അതെ, പക്ഷെ ഇപ്രാവശ്യം അബദ്ധം പറ്റിയത് നിനക്കാ “
“എനിക്കോ “
“അതെ ...ഒരു മാസം മുന്‍പ് ശ്രീകുട്ടി ആതമഹത്യ ചെയ്ത സംഭവം ..നീയല്ലേ എല്ലാം അന്നെഷിച്ചത് ?”
“അതെ ഒരു പ്രേമം കാരണം നടന്ന ആതമഹത്യ ...അതിലിപ്പോള്‍ എന്താ ..ആ കുട്ടിയുടെ അമ്മയും പറഞ്ഞല്ലോ അവള്‍ക്കൊരു പ്രേമം ഉണ്ടായിരുന്നു എന്നും കുറെ വട്ടം അമ്മ അവളെ വഴക്ക് പറഞ്ഞു എന്നും....പിന്നെ ആത്മഹത്യ നടക്കുന്നതിന്റെ തലേന്ന് ആ സ്ത്രീ അവളെ തല്ലി..അതൊക്കെയാണ് കാരണം.പിന്നെ അവളുടെ ബുക്കില്‍ നിന്നും കിട്ടിയ പ്രേമ ലേഖനം “
“എങ്കില്‍ എവിടെയോ എന്തൊക്കെയോ മറഞ്ഞു കിടക്കുന്നു റാഷി...അതൊരു കൊലപാതകം ആണ്.”
“ഹേയ്...ജെറി നീ എന്താ തമാശ പറയാ ?”
“അല്ല, ഇന്നലെ എന്റെ അടുത്തു വന്ന ഒരു പേഷ്യന്റ് ....ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിനി അമ്മു .അവളുമായി ഞാന്‍ നടത്തിയ ഒരു മണിക്കൂര്‍ നേരത്തെ സംഭാഷണം.നീ ഇതൊന്നു കേട്ട് നോക്ക്...തുടക്കം ഒന്നും ഇല്ല...കാരണം ഞാന്‍ ഒരു സാധാരണ കാര്യം പോലെ ആണ് തുടങ്ങിയത്...പക്ഷെ...പിന്നീട് തോന്നി ഇത് നിന്നെ കേള്‍പ്പിക്കണം എന്ന്.ഇതാ “
******
“എന്ത് തോന്നുന്നു റാഷി ?”
“ഡാ ഇത് .... ആ കുട്ടി അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്തതില്‍ ...അവള്‍ക്ക് എന്തോ “
“അതൊന്നും അല്ല റാഷി...അമ്മൂട്ടി നോര്‍മല്‍ ആണ്....ഭയം ഉണ്ട് അവള്‍ക്കു, ഇതില്‍ അവള്‍ പറയുന്ന അയാള്‍ അവളെയും കൊല്ലും എന്ന് അവള്‍ ഭയക്കുന്നു , അമ്മൂട്ടി പറഞ്ഞത് അനുസരിച്ചു....അയാള്‍ അവളെ കൊല്ലും എന്ന് ശ്രീകുട്ടി അവളോട്‌ പറഞ്ഞു.അന്ന് രാത്രി ആണ് ശ്രീകുട്ടി ആത്മഹത്യ ചെയ്തത്...ഒരിക്കലും ഞാന്‍ ആതമഹത്യ ചെയ്യില്ലെന്നും എങ്ങാനും ഞാന്‍ മരിച്ചാല്‍ അയാള്‍ എന്നെ കൊന്നു എന്ന് കരുതണം എന്നും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട്.ഇപ്പോള്‍ സ്വപ്നത്തില്‍ ശ്രീകുട്ടി വന്നു എല്ലാ കാര്യവും അവള്‍ അമ്മൂട്ടിയോടു പറഞ്ഞിട്ടുണ്ട് എന്ന് അയാള്‍ക്കറിയാം എന്നും, അയാള്‍ നിന്നെയും കൊല്ലും എന്ന് പറയുന്നു .അതാണ്‌ അമ്മൂട്ടിയുടെ ഭയം.അതെനിക്ക് ഒരു കൌണ്‍സില്‍ കൊണ്ട് മാറ്റി എടുക്കാം.പക്ഷെ ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍...അയാള്‍ എന്ന് അമ്മൂട്ടി പറയുന്ന അവന്‍ ജീവിച്ചിരിക്കുന്നു എങ്കില്‍ ..അവനെ കണ്ടെത്തിയെ തീരൂ.”
“തീര്‍ച്ചയായും...ജെറിന്‍..എനിക്ക് നിന്റെ സഹായം വേണം “
“ഇത് രഹസ്യമായിരിക്കണം, കാരണം മകള്‍ മരിച്ച ദു:ഖം മറന്നു തുടങ്ങുന്നേ ഉണ്ടാവൂ ശ്രീകുട്ടിയുടെ അമ്മയും അച്ഛനും.അവരെ അറിയിക്കാതെ ..”
“എനിക്ക് അമ്മൂട്ടിയുമായി സംസാരിക്കാന്‍ നീ ഒരു അവസരം തരണം...ഈ കേസ്‌ വീണ്ടും അന്നെഷിക്കണം എങ്കില്‍ എനിക്ക് അമ്മൂട്ടിയുടെ സഹായം വേണം.എന്റെ തലപ്പത്തിരിക്കുന്നവരുടെ സമ്മതം കിട്ടാന്‍ അമ്മൂട്ടിയാണ് ഏക മാര്‍ഗം.”
“ആ കാര്യത്തില്‍ ഞാന്‍ സഹായിക്കാം നിന്നെ.പക്ഷെ അവള്‍ക്കും കുടുംബത്തിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.”

ജെറിന്‍ നീ ശ്രദ്ധിച്ചോ അമ്മൂട്ടി വേറെ എന്തോ മറക്കുന്നു ....പലപ്പോഴും അവള്‍ പറയാന്‍ വന്ന കാര്യം പറയുന്നില്ല എന്നൊരു തോന്നല്‍ എനിക്ക്...ഈ സൌണ്ട് ക്ലിപ്പ് നീ ഒന്നൂടെ കേള്‍ക്കൂ..”
“ഹ്മം ഞാന്‍ ശ്രദ്ധിച്ചിരുന്നു റാഷി... ആ വൃത്തികെട്ട സ്ത്രീ എന്ന് അവള്‍ പറയുന്നതല്ലേ, ഞാന്‍ അവളോട്‌ പലവട്ടം ചോദിച്ചു... അവള്‍ അതിനു മറുപടി തന്നില്ല.”
“അയാള്‍ മാത്രം അല്ല ഒരു അവളും ഉണ്ട്.ഈ കഥയില്‍....വല്ല സെക്സ് റാക്കെറ്റ്‌ കണ്ണിയും ആവണം ആ വൃത്തി കെട്ട സ്ത്രീ.”
******
ഒരു കാര്‍ വീടിനു മുന്നില്‍ വന്നു നിന്നപ്പോള്‍ പത്മിനി “ശ്രീധരേട്ടാ “എന്ന് വിളിച്ചു അകത്തേക്ക് പോയി.
റാഷിദ്‌ അലി പുറത്തു തന്നെ നിന്നു.ശ്രീധരന്‍ അയാളെ അകത്തേക്ക് വിളിച്ചു.
“മിസ്റ്റര്‍ ശ്രീധരന്‍ ഞാന്‍ ഇന്‍സ്പെക്ടര്‍ റാഷിദ്‌ അലി , മുഖവുര ഇല്ലാതെ തന്നെ കാര്യം പറയാം.അമ്മൂട്ടിയെ ഒന്ന് വിളിക്കൂ...എനിക്ക് അവളുമായി ഒന്ന് സംസാരിക്കണം.”
“സര്‍ എന്താ കാര്യം?”
“പേടിക്കാന്‍ ഒന്നും ഇല്ല ....ഒരു കാര്യം ചോദിക്കണം.നിങ്ങള്‍ക്കും മകള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു.അത് ഞാന്‍ എന്റെ ഫ്രെണ്ട് ഡോക്ടര്‍ ജെറിന് കൊടുത്ത വാക്ക്, അത് കൊണ്ട് തന്നെയാണ് ഒരു പോലീസ്‌ ജീപ്പ് പോലും ഇല്ലാതെ സാധാ വേഷത്തില്‍ ഒരു സാധാരണക്കാരന്‍ ആയി ഞാന്‍ വന്നത്‌.”
“മോളെ അമ്മൂട്ടി.”ശ്രീധരന്‍ അവളെ വിളിച്ചു.
അവള്‍ വന്നതും റാഷിദ്‌ അലി ശ്രീധരനോടും പത്മിനിയോടും അകത്തേക്ക് പോവാന്‍ പറഞ്ഞു.അയാള്‍ അവളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി.
“അമ്മൂട്ടി, ശ്രീക്കുട്ടിയെ വലിയ ഇഷ്ടം ആയിരുന്നു അല്ലെ ?”
അവള്‍ ആശ്ചര്യത്തോടെ അയാളെ നോക്കി.
“ഞാന്‍ ഒരു പോലീസുകാരന്‍ ആണ്, പക്ഷെ ഇപ്പോള്‍ ഒരു ചേട്ടനെ പോലെ ആണ് ഞാന്‍ നിന്റ അടുത്തു വന്നിരിക്കുന്നത്.നിന്റെ ശ്രീക്കുട്ടിയെ ആതമഹത്യ ചെയ്ത ഒരു ഭീരുവായി എല്ലാരും ഇപ്പോള്‍ കാണുന്നു, അതിലുപരി ഏതോ ഒരു ചീത്ത കൂട്ടുകെട്ടും അവള്‍ക്കുണ്ടായിരുന്നു എന്നാണ് എല്ലാവരും കരുതുന്നത്.എന്നാല്‍ അവള്‍ നല്ലൊരു കുട്ടി ആയിരുന്നു എന്ന് അറിയാവുന്നത് അമ്മൂട്ടിക്ക് മാത്രം.
എന്നിട്ടും എന്തെ ആരോടും അത് പറഞ്ഞില്ല.അവള്‍ ആതമഹത്യ ചെയ്യില്ല എന്ന് നിനക്ക് ഉറപ്പായിരുന്നില്ലേ, അവള്‍ പെട്ടൊന്നൊരു ദിവസം മരിച്ചാല്‍ അവളെ ആരോ കൊന്നു എന്ന് കരുതണം എന്ന് നിന്നോട് അവള്‍ പറഞ്ഞത് എന്തിനാ ?നീ അത് ലോകത്തോട് വിളിച്ചു പറയും എന്ന് അവള്‍ വിശ്വസിച്ചു.എന്നിട്ടും എന്തെ നീ ...?റാഷിദ്‌ അവളെ ഒളികണ്ണിട്ട് നോക്കി.അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകാന്‍ തുടങ്ങിയിരുന്നു.ഓക്കേ സംഗതി ഏല്‍ക്കുന്നു എന്ന് തോന്നി.
“പറ അമ്മൂട്ടി, നിന്റെ ശ്രീകുട്ടിയെ കൊന്നു കെട്ടിതൂക്കിയവന്‍ ...അവന്‍ ഇപ്പോഴും സുഖിച്ചു ജീവിക്കുന്നു...അവന് ശിക്ഷ കൊടുക്കണ്ടേ ?”
“വേണം ..അവനെ കിട്ടിയാല്‍ കൊല്ലാന്‍ പറ്റോ ചേട്ടന് ...സോറി സാറിന് “
“ചേട്ടന്‍ എന്ന് വിളിച്ചാല്‍ മതി.അവനു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഞാന്‍ വാങ്ങിച്ചു കൊടുക്കും “
“കോടതിയില്‍ കൊണ്ട് പോയി കൊടുക്കുന്ന ശിക്ഷയാണോ ?”
“അല്ല അവനെ കൊല്ലും, എന്നിട്ട് കീഴ്പെടുത്തുന്നതിനിടയില്‍ സംഭവിച്ചു പോയി എന്ന് വരുത്തി തീര്‍ക്കും “
“വേണ്ട കൊല്ലേണ്ട മരണം വരെ നരകിച്ചു കിടക്കണം അവന്‍.ഒന്നെഴുന്നെല്‍ക്കാന്‍ പോലും ആവാതെ.”
“ഓക്കേ പറ ..ആരാണ് അമ്മൂട്ടി പറഞ്ഞ അയാള്‍?”
“അയാളെ പറ്റി കൂടുതല്‍ ഒന്നും എനിക്കറിയില്ല.ശ്രീകുട്ടി പോലും അയാളെ വെളിച്ചത്തില്‍ കണ്ടിട്ടില്ല, പക്ഷെ എല്ലാം അറിയുന്നത് അവള്‍ക്കാ...ആ വൃത്തി കേട്ട സ്ത്രീ “
അമ്മൂട്ടിയുടെ കണ്ണുകളില്‍ പക നിറഞ്ഞിരുന്നു.
“ആരാ അവള്‍?”
“ശ്രീകുട്ടിയുടെ അമ്മ “ഒരു ഷോക്ക്‌ കിട്ടിയത് പോലെ തരിച്ചു പോയി റാഷിദ്‌ അലി.
“അമ്മ ?”
“അതെ...ഞാന്‍ പറയാം എല്ലാം, എനിക്കറിയാവുന്ന കഥ, എന്നോട് എന്റെ ശ്രീകുട്ടി പറഞ്ഞ കഥ ... ഒരു രാത്രിയില്‍ ശ്രീകുട്ടി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വെള്ളം കുടിക്കാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ആണ് അവളുടെ അമ്മയുടെ മുറിയില്‍ നിന്നും അടക്കി പിടിച്ച ചിരിയും സംസാരവും കേട്ടത്.വാതില്‍ തുറന്ന ശ്രീ കുട്ടി ഇരുട്ടില്‍ അവളുടെ അമ്മയുടെ കൂടെ അയാളെ കണ്ടു.ബഹളം വെക്കാന്‍ തുടങ്ങിയ അവളെ അമ്മ കരഞ്ഞു കാണിച്ചു മയപ്പെടുത്തി.ഇനി ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചാല്‍ ഗള്‍ഫില്‍ ഉള്ള അച്ഛനെ വിവരം അറിയിക്കും എന്ന് പറഞ്ഞു.പിന്നെ എന്നും പാതിരാത്രി വരെ അവളുടെ അമ്മ മൊബൈലില്‍ അയാളോട് സംസാരിക്കും.അയാളുടെ മൊബൈലിലേക്ക് പൈസ അയച്ചു കൊടുക്കും.അയാള്‍ ഒരു ഓട്ടോ ഡ്രൈവര്‍ ആണെന്ന് ശ്രീകുട്ടി പറഞ്ഞിരുന്നു.എന്നും കാലത്ത് നേരത്തെ എഴുന്നെല്‍ക്കാറുള്ള ശ്രീകുട്ടി വളരെ വൈകി എഴുന്നേല്‍ക്കുന്നു.ക്ലാസ്സില്‍ വന്നാലും ഒരു ഉന്മേഷം കാണില്ല.അപ്പോള്‍ ആണ് ആയിടക്ക് അമ്മക്ക് അവളോട്‌ സ്നേഹം കൂടിയ കാര്യം അവള്‍ പറഞ്ഞത്.എന്നും രാത്രിയില്‍ കിടക്കാന്‍ നേരം അവള്‍ക്കു ഒരു ഗ്ലാസ്‌ പാല് കൊടുക്കും എന്ന്.എനിക്ക് എന്തോ സംശയം തോന്നി.ഞാന്‍ അവളോട്‌ പറഞ്ഞു ഇന്ന് രാത്രിയില്‍ നീ പാല് കുടിക്കേണ്ട എന്ന്.പിറ്റേന്ന് വന്നപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ സംശയം ശരിയായിരുന്നു എന്ന്.അവളുടെ മുഖത്ത്
അവളുടെ അമ്മയുടെ കൈവിരലുകള്‍ അഞ്ചും തെളിഞ്ഞു കാണാം ആയിരുന്നു.ചുവന്നു കലങ്ങിയ കണ്ണുകള്‍.ഞാന്‍ അവളോട്‌ എന്റെ വീട്ടിലേക്കു വരുവാന്‍ പറഞ്ഞു.പക്ഷെ അവള്‍...”
അമ്മൂട്ടിയുടെ വാക്കുകള്‍ മുറിഞ്ഞു.റാഷിദ്‌ അലി അവളെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ തുടച്ചു.
“അന്നാണ് അവള്‍ എന്നോട് പറഞ്ഞത്...അവളുടെ അമ്മയും അയാളും അവളെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി എന്നും, അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അങ്ങിനെ സംഭവിച്ചാല്‍ അത് കൊലപാതകം ആയിരിക്കും എന്നും, അതിനു പിന്നില്‍ അയാള്‍ ആയിരിക്കും എന്നും.”
“അമ്മൂട്ടി നന്ദി, നീ ഈ ചെയ്ത കാര്യം വളരെ വലുതാണ്‌, നിന്റെ ശ്രീകുട്ടി ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നുണ്ടാവും , ഞാന്‍ ഇനിയും വരും അപ്പോള്‍ അയാള്‍ എന്നോടൊപ്പം ഉണ്ടാവും, ഇല്ലെങ്കില്‍ അയാള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടാവില്ല “
റാഷിദ്‌ അലി അവരോടു യാത്ര പറഞ്ഞിറങ്ങി.നേരെ അയാള്‍ പോയത് ശ്രീകുട്ടിയുടെ വീട്ടിലേക്കാണ്.വീട് പൂട്ടി കിടക്കുന്നു.വീടിനു ചുറ്റും ഒന്ന് നടന്നു.ശ്രീകുട്ടിയെ മറവു ചെയ്ത സ്ഥലം എത്തിയപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു ചെറിയ കുറ്റബോധം ഉണ്ടായി.ടെറസ്സിലെക്കുള്ള സ്റ്റേയര്‍ പുറത്താണ്.പടവുകള്‍ കയറുമ്പോള്‍ എന്തോ ഒന്ന് പ്രതീക്ഷിച്ചിരുന്നു റാഷിദ്‌ അലി.അയാള്‍ക്ക്‌ തെറ്റിയില്ല.പലയിടത്തായി ചിതറി കിടക്കുന്ന വോടഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍.എല്ലാം പെറുക്കി എടുത്തു ധൃതിയില്‍ ഇറങ്ങി.അപ്പോഴേക്കും അടുത്തുള്ള വീട്ടിലെ ഒരു മനുഷ്യന്‍ അങ്ങോട്ട്‌ വന്നു.
“ആരാ ആളില്ല എന്ന് കരുതി പട്ടാ പകലെ മോഷണത്തിനു ഇറങ്ങിയതാ ?”
“അല്ല അമ്മാവാ..ഞാന്‍ ഈ വീട് വില്‍ക്കുന്നു എന്ന് കേട്ട്...ഒന്ന് നോക്കാന്‍ വന്നതാ “
“ഹ്മം ഒരു ദുര്‍മരണം നടന്നിട്ട് അധികം ആയില്ല ..അപ്പോഴേക്കും വീട് വാങ്ങാന്‍ എത്തിയിരിക്കുന്നു.”
“ദുര്‍മരണോ..കൊലപാതകം ആണോ ?”
“അല്ല ഇവിടെ ആകെ ഉണ്ടായിരുന്ന ഒരു മോളാ ..തൂങ്ങി ചത്തു..അല്ല നമ്മള് മുന്‍പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ....”
“ഉവ്വോ ഇനി എന്നും കാണാന്‍ ഉള്ളതല്ലേ ..ഞാന്‍ എന്തായാലും ഈ വീട് വാങ്ങാന്‍ പോവാ.അപ്പോള്‍ ശരി പിന്നേം കാണാം “
“അല്ല എന്നാലും എവിടെ വെച്ചാവും...”
അതിനു മറുപടി കൊടുക്കാന്‍ നില്‍ക്കാതെ റാഷിദ്‌ അലി വേഗം നടന്നു.
******
മൊബൈല്‍ റീചാര്‍ജ്‌ ചെയ്ത നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്നേഷണം ചെന്നെത്തിയത് മുപ്പതു കിലോമീറ്റര്‍ അകലെ ഉള്ള മേല്‍ വയല്‍ എന്ന സ്ഥലത്താണ്.അവിടെയാണ് അയാള്‍.മൈലാഞ്ചി പുരക്കല്‍ അനീസ്‌.അതാണ്‌ അയാളുടെ പേര്.ഇനി സ്വന്തം ഐ ഡി തന്നെ ആണോ എന്നറിയില്ല.എന്തായാലും ഇനി കുറച്ചു ദൂരം കൂടി കഴിഞ്ഞാല്‍ അയാളെ നേരിട്ട് കാണാം.
കുറച്ചു ദൂരം ചെന്നപ്പോള്‍ ആ നമ്പറില്‍ വിളിച്ചു.ഒരു പെണ്‍കുട്ടിയാണ് എടുത്തത്.അനീസിന്റെ അനിയത്തി ആണ് എന്ന് പറഞ്ഞു.
“ഞാന്‍ അനീസിന്റെ കൂട്ടുകാരന്‍ ആണ് ,വീട്ടിലേക്കു വരുവാ, കുറെ മുന്‍പ് വന്നതാണ്‌ വീട് ?”
അവള്‍ അയാള്‍ക്ക്‌ വഴി പറഞ്ഞു കൊടുത്തു.വളരെ ചെറിയ ഒരു വീട്.വീടിന്റെ ഒരു വശത്ത് ഓട്ടോ നിര്‍ത്തിയിട്ടിരിക്കുന്നു.കാര്‍ റോഡില്‍ വേലിയോടു ചേര്‍ത്തു പാര്‍ക്ക്‌ ചെയ്തു റാഷിദ്‌ അലി ഇറങ്ങി.
അവള്‍ അയാളെ കാത്തിട്ടെന്നോണം വാതിലില്‍ തന്നെ നിന്നിരുന്നു.
“എന്താ മോളുടെ പേര് ?”
“നിങ്ങള് പോലീസല്ലേ ?” പെട്ടെന്നുള്ള അവളുടെ ചോദ്യത്തിന് മുന്നില്‍ പകച്ചു നില്‍ക്കെ അവള്‍ വീണ്ടും അയാളോട് പറഞ്ഞു.
“ഹ്മം എനിക്കറിയാം, ഞാന്‍ പ്രതീക്ഷിച്ചിരുന്നു.നിങ്ങള് തേടി വന്ന ആളു രണ്ടാഴ്ച മുന്നേ ....”
“അകത്ത് മോന്‍ മരിച്ചതില്‍ മനസ്സിന്റെ നില തെറ്റി എന്റെ ഉമ്മയുണ്ട്, ഉമ്മാനെ ഒന്നും അറിയിക്കണ്ട, നിങ്ങള്‍ക്ക് വേണ്ടത് എല്ലാം ഇതില്‍ എഴുതി വെച്ചിട്ടാ ഇക്കാക്ക പോയത്.”
അവള്‍ കയ്യില്‍ ചുരുട്ടി പിടിച്ചിരുന്ന ഒരു കടലാസ് അയാള്‍ക്ക് കൊടുത്തു.
ഇക്കാടെ ഫൗസി മോള്‍ക്ക്‌,
നിന്റെ ഇക്ക ഒരു വലിയ തെറ്റ് ചെയ്തു.അതിന്റെ ശിക്ഷയും ഞാന്‍ സ്വയം ഏറ്റു വാങ്ങുന്നു.അറിയില്ല എനിക്ക് അവളെ കൊല്ലാന്‍ എങ്ങിനെ കഴിഞ്ഞു എന്ന്.പക്ഷെ ഞാന്‍ ചെയ്തില്ലെങ്കിലും അവളുടെ അമ്മ അവളെ കൊല്ലുമായിരുന്നു.ഏതോ ഒരു ചീത്ത സമയത്ത് എന്റെ മൊബൈലിലേക്ക് വന്ന ഒരു കാള്‍.അതാണ്‌ എന്നെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.ഒരു തമാശയായി ഞാന്‍ കരുതിയത്‌ പിന്നെ എല്ലാം നഷ്ടപ്പെടുത്തിയ ഒരു കളിയില്‍ എത്തി.ആ സ്ത്രീ അവളുടെ അമ്മയാണോ എന്നറിയില്ല.ഒരു അമ്മയും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ആണ് അവര്‍ എന്നെ കൊണ്ട് ചെയ്യിച്ചത്.
കാലത്തു അവള്‍ സ്കൂളില്‍ പോയപ്പോള്‍ തന്നെ എന്നെ അവളുടെ അമ്മ ആ വീട്ടില്‍ വിളിച്ചു വരുത്തിയിരുന്നു.രാത്രി എട്ട് മണി വരെ ഞാന്‍ അവളുടെ അമ്മയുടെ മുറിയില്‍ ഒളിച്ചിരുന്ന്.എട്ട് മണി ആയപ്പോള്‍ എല്ലാം പറഞ്ഞുറപ്പിച്ച പ്രകാരം നടന്നു.ആ സ്ത്രീ കടയിലെക്കെന്നും പറഞ്ഞു ഇറങ്ങി. ഞാന്‍ ശ്രീകുട്ടിയുടെ മുഖത്തേക്ക് നോക്കിയില്ല.കസേരയില്‍ ഇരന്നു പഠിക്കുകയായിരുന്നു അവള്‍.പുറകിലൂടെ ചെന്ന് അവളുടെ കഴുത്തില്‍ സാരി മുറുക്കി ഞാന്‍ അവളെ....പിന്നെ അവളുടെ ശരീരം വലിച്ചു കൊണ്ട് വന്നു ബാല്‍ക്കണിയിലെ കമ്പിയില്‍ കെട്ടി തൂക്കി.എന്നിട്ട് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.പിന്നെ ആ സ്ത്രീയുടെ റോള്‍ ആയിരുന്നു.അവര്‍ അത് ഭംഗിയായി നിര്‍വഹിച്ചു.
കടയില്‍ നിന്നും വന്ന അവര്‍ മോള് ആത്മഹത്യ ചെയ്ത കാര്യം ഉറക്കെ പറഞ്ഞു കരഞ്ഞു.ആളുകള്‍ ഓടിക്കൂടി.കൂട്ടത്തില്‍ ഒരാളായി ഞാനും.ആ നേരം ആണ് ഞാന്‍ ശ്രീകുട്ടിയുടെ മുഖം കണ്ടത്.എന്റ ഫൗസിമോളെ പോലെ തോന്നി എനിക്ക്.ആ സ്ത്രീ ശ്രീകുട്ടിയുടെ ഇല്ലാ കഥകള്‍ പറഞ്ഞു കരയാന്‍ തുടങ്ങിയിരുന്നു.എന്നെ കൊണ്ട് അവള്‍ക്കായി എഴുതിച്ച പ്രണയ ലേഖനം എടുത്തു അവളുടെ കാമുകനെ പ്രാകാന്‍ തുടങ്ങി,ഞാന്‍ ശരിക്കും അതിശയിച്ചു .സ്വന്തം മകള്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെ അഭിനയിക്കാന്‍ എങ്ങിനെ കഴിയുന്നു.
അതുവരെ എനിക്ക് ആ സ്ത്രീയോട് എന്ത് വികാരം ആയിരുന്നോ അതെല്ലാം വെറുപ്പിലേക്ക് മാറി.
പിന്നെ ഞാന്‍ ആ സ്ത്രീയെ വിളിച്ചില്ല.പക്ഷെ പിന്നീട് എനിക്ക് സ്വസ്ഥമായി ഉറങ്ങാന്‍ പറ്റിയിട്ടില്ല മോളെ, കണ്ണടച്ചാല്‍ മുന്നില്‍ കിടന്നു പിടക്കുന്നത് നീയാണ്.വയ്യ എനിക്കിനിയും ഇങ്ങനെ ജീവിക്കാന്‍.
എല്ലാ സത്യവും പുറത്തു വരും.ഒരു ദിവസം എന്നെ തേടി പോലീസ്‌ വരും.അന്ന് ഞാന്‍ ഉണ്ടാവില്ല ഇവടെ.പക്ഷെ സത്യം അറിയാതെ പോവരുത് ആരും.നീ ഈ കത്ത് അവര്‍ക്ക് കൊടുക്കണം.
ഉമ്മ അറിയരുത് ഒരിക്കലും, ഉമ്മയുടെ മോന്‍ ഒരു കൊലപാതകി ആയിരുന്നു എന്ന്.ഉപ്പയുടെ വഴിയെ ഞാനും ...
ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയാണ് ഉപ്പ പോയതില്‍ പിന്നെ ഞാന്‍ നിന്നെ വളര്‍ത്തിയത്.എല്ലാം ഇപ്പോള്‍ കൈ വിട്ടു പോയി..വിഷമിക്കരുത് ഇക്കയുടെ മോള്...അത്രേ പറയാന്‍ പറ്റൂ ഈ ഇക്കാക്ക് ...
എനിക്ക് വേണ്ടി പ്രാര്‍ഥിക്ക പോലും അരുത്....പക്ഷെ വെറുക്കരുത് ഈ ഇക്കയെ....
അനീസ്ക്ക.
തിരികെ പോരുമ്പോള്‍ മനസ് വല്ലാതെ വേദനിച്ചു.കുറെ ഓര്‍മകള്‍ ...വര്‍ഷങ്ങള്‍ക്കു മുന്‍പ് കഞ്ചാവിന്റെ അമിത ഉപയോഗം മൂലം മനോനില തെറ്റി ഉപ്പ ആത്മഹത്യ ചെയ്തു.പിന്നെ വീടിന്റെ തണല്‍ ആയിരുന്ന ഇക്കയും ഉപ്പയുടെ വഴിയെ പോയി.ബീഹാറിലെ ജോലി സ്ഥലത്തെ റൂമില്‍ ഇക്കയുടെ ഡെഡ്ബോഡി മൂന്നു ദിവസം കഴിഞ്ഞാണ് ആളുകള്‍ കണ്ടത്.മയക്കുമരുന്ന് ഉപയോഗം കൂടുതല്‍ തന്നെ അവിടെയും മരണ കാരണം.ഇക്കയുടെ മരണത്തോടെ ഉമ്മയുടെ മനോനില തെറ്റി.ഒരാഴ്ച കഴിഞ്ഞു ഇക്കയുടെ സാധനസാമഗ്രികള്‍ കൊണ്ട് വന്ന പോലീസുകാരന്‍ സാജന്‍ ജോസെഫ് ,ദിവസങ്ങളോളം ഭക്ഷണം ഇല്ലാതെ കിടന്നിരുന്ന മൂന്ന് വയസ്സുകാരന്‍ റാഷിദിനെയും അവന്റെ ഉമ്മയെയും അവരുടെ വീട്ടിലേക്കു കൊണ്ട് പോയി.അവിടെ ജെറിന്‍ എന്നൊരു കൂടപ്പിറപ്പും, ഏറെ സ്നേഹം തരുന്ന ഒരമ്മയും.ഉമ്മയുടെ ചികിത്സ , എന്റെ പഠനം., എല്ലാം സാജന്‍ സാറിന്റെ തണലില്‍.പിന്നെ ഞാന്‍ എന്തെ എല്ലാം മറന്നു.എന്തെ ഫൌസിയെയും ഉമ്മയെയും കൂടെ കൂട്ടിയില്ല .തെറ്റ് ചെയ്തത് അവര്‍ അല്ലല്ലോ.വീട്ടില്‍ പോയി ഉമ്മയെ കണ്ടു എല്ലാം പറയാം.ഉമ്മ എതിര്‍ക്കില്ല.പിന്നെ സമ്മതം വാങ്ങേണ്ടത് ജോസെഫ് സാറില്‍ നിന്നാണ്.സമ്മതം അല്ല അനുഗ്രഹം.അതെപ്പോഴും കൂടെ ഉണ്ട് എന്നാലും പോയി കാണണം.
******
ന്യൂസ് പേപ്പര്‍ കയ്യിലേക്ക്‌ വെച്ച് കൊടുത്തപ്പോള്‍ അമ്മൂട്ടി പൊട്ടിക്കരഞ്ഞു.വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കൊലപാതകം എന്ന് തെളിഞ്ഞു.അമ്മ അറസ്റ്റില്‍.എല്ലാ പത്രങ്ങളിലും തലക്കെട്ട്‌ ഇത് തന്നെ ആയിരുന്നു.
റാഷിദ്‌ അലി മൊബൈല്‍ എടുത്ത് ജെറിനെ വിളിച്ചു.
“ജെറിന്‍ എനിക്ക് ഡാഡിയെ കാണണം “
“നാളെ സണ്ടേ അല്ലെ നാളെ നമുക്കൊരുമിച്ചു പള്ളിയില്‍ പോവാം.പിന്നെ ഈ കേസ്‌ ഡാഡിയുടെ അനുഗ്രഹം അല്ല കേട്ടോ ..എന്റെയാണ്.ഡോക്ടര്‍ ജെറിന്‍ ജോസെഫിന്റെ.പിന്നെ ഒരു സ്പെഷ്യല്‍ താങ്ക്സ് ഉണ്ട്.”
“എന്തിനാ “
“ ന്യൂസില്‍ എല്ലാം ശരിക്കും ഹീറോ ഞാന്‍ ആണ്.അതിനു “
“ഇപ്പോള്‍ നീ ഈ പറഞ്ഞ താങ്ക്സ് പിന്നീട് മാറ്റി പറയരുത് “
“അതെന്താട ?”
“ഇനി നിന്റെ അടുത്തേക്ക്‌ ആരും രോഗികളെയും കൊണ്ട് വരും എന്ന് തോന്നുന്നില്ല.അഭിപ്രായം എന്റെ അല്ല , നിന്റെ ഒരു പഴയ പേഷ്യന്റ് പറഞ്ഞതാ അമ്മൂട്ടി.”
അത് കേട്ട് ജെറിനും, പിന്നെ അമൂട്ടിയും റാഷിദിനൊപ്പം ചിരിച്ചു.
******

 

4 അഭിപ്രായങ്ങൾ: