തിങ്കളാഴ്‌ച, നവംബർ 19, 2012

എന്റെ ആദ്യ രാത്രിയും , പ്രണയത്തില്‍ ചാലിച്ച ഒരു ഡയലോഗും ,അത് തന്ന എട്ടിന്റെ പണിയും.(ആനുവേഴ്സറി സ്പെഷ്യല്‍ )

നവംബര്‍ പതിനാറ് .അന്നായിരുന്നു അത് സംഭവിച്ചത് , എന്റെ ഭാര്യക്കൊരു അബദ്ധം പറ്റി ( ഹി ഹി ഹി ഹൂ )അങ്ങിനെ എനിക്കൊരു പെണ്ണിനെ കിട്ടി.കല്യാണം വലിയ ആര്‍ഭാടങ്ങള്‍ ഒന്നും ഇല്ലാതെ കഴിഞ്ഞു.കല്യാണത്തിനു എന്റെ അളിയനും ഇകായും എല്ലാവരും ഉണ്ടായിരുന്നു.തറവാട്ടിലെ അവസാനത്തെ പുത്രന്‍ ആണല്ലോ ഞാന്‍.എന്നാലും എത്ര പറഞ്ഞു നോക്കിയിട്ടും വെല്ലിക്കാക്ക് ലീവ് കിട്ടിയില്ല.
അങ്ങിനെ എല്ലാവരുടെയും പോലെ എന്റെയും ആദ്യ രാത്രി.
സെന്‍സര്‍ ബോര്‍ഡു വിലക്കുണ്ട്.അതിനാല്‍ കൊറേ ഭാഗങ്ങള്‍ ഒഴിവാക്കി.ഹി ഹി ഹി ഹൂ
വിവാഹം ഉറപ്പിച്ചു പിന്നെ കിട്ടിയ പതിനഞ്ചു ദിവസം വോഡഫോണ്‍ റീ ചാര്‍ജ്‌ കൂപ്പണ്‍ ഒരുപാട് വാങ്ങി കൂട്ടിയതിനാല്‍ അധികമൊരു ടെന്‍ഷന്‍ രണ്ടു പേര്‍ക്കും ഇല്ല., പറയാന്‍ പുതിയ വിഷയങ്ങള്‍ ഒന്നും ഇല്ല താനും.എന്നാലും എന്തെങ്കിലും ഒകെ പറയണ്ടേ ?നേരം വെളുപ്പിക്കണമല്ലോ ങേ ങേ ? ഓരോന്നും പറഞ്ഞ കൂട്ടത്തില്‍ അവള്‍ ഒരു ചോദ്യം എടുത്തു ഒരേറ്.
"കുറെ പെണ്‍കുട്ടികളെ കണ്ടിരുന്നു എന്ന് ബാബിമാര്‍ പറഞ്ഞു, നറുക്ക് വീണത്‌ എനിക്കാല്ലേ ?"
" ഹി ഹി ഹി ഹൂ നിന്റെ കഷ്ട കാലം " എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പരമാവധി അനുരാഗം കണ്ണില്‍ നിറച്ചു ഞാന്‍ ഒരു കാച്ച് അങ്ങ് കാച്ചി.
"എന്റെ മനസ്സില്‍ ഒരു ചിത്രം ഉണ്ടായിരുന്നു , അങ്ങിനെ ഒരാളെ തിരഞ്ഞു നടന്നു ..അവസാനം നിന്നെ കിട്ടി ..ഞാന്‍ ധന്യനായി."
പാവം അവള്‍ വിശ്വസിച്ചു എന്ന് മനസ്സിലായി.കണ്ണൊക്കെ ഒന്ന് നിറഞ്ഞോ.പിന്നെ...........
അങ്ങിനെ അനുരാഗത്തിന്റെ ദിവസങ്ങള്‍ ഓരോന്നായി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്.
അപ്പോള്‍ ഒരു ദിവസം വെല്ലിക്കാക്കും ലീവ് കിട്ടി.വീട്ടില്‍ സംന്തോഷം പൂര്‍ണമായി.കാരണം എല്ലാവരും ഒരുമിച്ചു കൂടുന്നത് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം.ലീവ് ഒരു പ്രശനം ആണല്ലോ.എനിക്ക് ലീവ് ഉള്ളപ്പോള്‍ ഇക്കമാര്‍ക്ക് ഉണ്ടാവില്ല.ഇക്കമാര്‍ എല്ലാവരും ഉണ്ടായിരുന്നപ്പോള്‍ ഉപ്പ നാട്ടില്‍ ഉണ്ടായിരുന്നില്ല.എല്ലാവരും ഉണ്ടായിരുന്ന സമയം കുട്ടിക്കാലം ആയിരുന്നു.
ഒരു ദിവസം ഞങ്ങളുടെ വീട്ടിലെ വലിയ ഹാളില്‍ എല്ലാവരും ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിക്കുന്നു.അപ്പോള്‍ ആണ് മക്കളെ ആ വെടി പൊട്ടിയത്.ഒരു ഗുണ്ട് എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു വലിയ പണി.
വെല്ലിക്ക കല്യാണത്തെ കുറിച്ചൊക്കെ പറയാണ്.രണ്ടു മാസത്തെ ലീവിനുള്ളില്‍ കല്യാണം എല്ലാം ശെരിയായത് ഒക്കെ വിഷയം ആണ്.
ചെറിയ ഇക്കയുടെ വായീന്നു ഒരു ഡയലോഗ്."അതിനിടയില്‍ നൌഷു ഇവിടെ ഒരു നിരാഹാരം ഒക്കെ നടത്തിയില്ലേ ?"
"അതെന്താടാ "
" ഹാ അതൊക്കെ ഉണ്ട്, അവന്‍ ....ല്‍ ഒരു കുട്ടിയെ കണ്ടു.അവനു ഇഷ്ടായി, പിന്നെ എന്തോ അത് മുടങ്ങി.അന്ന് വന്നു അവന്‍ വീട്ടില്‍ എല്ലാരേയും വിറപ്പിച്ചില്ലേ ? ഇനി ഒരു കല്യാണം ഉണ്ടേല്‍ അവളെ തന്നെ എന്നൊക്കെ പറഞ്ഞു ആകെ ബഹളം.പിന്നെ പെണ്ണ് അന്നെഷിക്കാന്‍ ഒന്നും അവന്‍ വന്നില്ല ,,,,,,"
ചെറിയ ഇക്ക ഇങ്ങനെ കത്തി കയറുകയാണ്.എല്ലാം വളരെ വിശദീകരിച്ചു പറയുന്നു.എന്റെ വായില്‍ ഞാന്‍ എപ്പോഴോ പോസ്റ്റ്‌ ചെയ്ത കുറച്ചു ചോറ് അങ്ങിനെ തന്നെ കിടക്കുന്നു....ഞാന്‍ ഇടയ്ക്കു കുറച്ചു ധൈര്യം ഒപ്പിച്ചു അവളെ ഒന്ന് നോക്കി.
( അവള്‍ എന്നെ നോക്കുവായിരിക്കല്ലേ എന്ന പ്രാര്‍ഥനയോടെ ) എന്റെ കഷ്ട കാലം അവള്‍ എന്നെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.എനിക്കും അവള്‍ക്കും ഒഴികെ അവിടെ ഉണ്ടായിരുന്നു വേറെ ആര്‍ക്കും ഞാന്‍ എന്റെ ആദ്യ രാത്രിയില്‍ പറഞ്ഞ ഡയലോഗ് അറിയില്ലല്ലോ.അന്ന് ഫുഡ്‌ കഴിഞ്ഞതും ഞാന്‍ ഒരു ഫ്രെണ്ടിനെയും നേരെ ഒരു സിനിമക്ക് പോയി.മുങ്ങി എന്ന് പറയുന്നതാവും ശരി.വൈകീട്ട് റൂമിലേക്ക്‌ വരുമ്പോള്‍ അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്ന ചിന്ത ആയിരുന്നു.വരുന്ന സമയത്ത് എല്ലാവരും അതെ ഹാളില്‍ ഇരുന്നു കല്യാണ സീ ഡി കാണുകയാണ്.
ഞാന്‍ തല വേദന ആണ് എന്ന് പറഞ്ഞു നേരെ റൂമിലക്ക് വച്ച് പിടിച്ചു.അപ്പോള്‍ പിന്നില്‍ നിന്നും വേറെ ഒരു ഡയലോഗ്.
"എന്താട അവള്‍ടെ ഓര്‍മ്മ ഇത് വരെ പോയില്ലേ "എല്ലാവരും ചിരിക്കുന്നു.അപ്പോള്‍ എനിക്ക് മനസ്സിലായി, ഈ കാര്യം പറഞ്ഞു അവളെ ഇത് വരെ എല്ലാരും കൊല്ലുകയായിരുന്നു എന്ന്.ഇന്ന് എന്റെ "രാത്രി ശുഭ രാത്രി...ഇനി എന്നും കാളരാത്രി "എന്ന് ഉറപ്പായി.പക്ഷെ റൂമില്‍ വന്നപ്പോള്‍ അവള്‍ ചോദിച്ചു "നല്ല തല വേദന ഉണ്ടോ "
"ഹോ സമാധാനായി ..ഐഡിയ ഏറ്റു..." "ഹ്ഹം "എന്ന് പറഞ്ഞു ഞാന്‍.
"ഉച്ചക്ക് നടന്ന കാര്യം ഓര്‍ത്തിട്ടാണേല്‍ തല വേദനിക്കേണ്ട "
"ഠിം "അപ്പോള്‍ അത് ഏറ്റില്ല അല്ലെ എന്ന് ചിന്തിക്കുമ്പോള്‍ അവള്‍. " എനിക്ക് ശെരിക്കും സങ്കടവും ദേഷ്യവും ഒക്കെ വന്നു, പക്ഷെ ആ സമയത്ത് ഇക്കാടെ ആ ചമ്മിയ നോട്ടം മനസ്സില്‍ വരുമ്പോള്‍ ചിരിയാണ് വരുന്നത് "
"ഹോ എനിക്ക് സമാധാനം ആയി....മല വെള്ളം പോലെ വന്നത് ഒരു മഞ്ഞു തുള്ളി പോലെ എന്റെ നെറ്റിയില്‍ ...."

*************
ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്ക് പാര പണിത ഇക്കയുടെ ഒരു സാഹസിക വിറ്റ് കൂടി അങ്ങ് പറയാം.എന്തേ ?ബോറടിക്കുമോ ?ഹേ ഇല്ല അല്ലെ ?അപ്പ തൊടങ്ങാ ?
കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എനിക്കൊരു വയറു വേദന.ഞാന്‍ കാര്യമാക്കിയില്ല.വീട്ടില്‍ പറഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് എന്നെ കൊല്ലും, കാരണം അമ്മായി സല്‍ക്കാരം എന്നൊരു ഇടപാട് ഉണ്ടല്ലോ ( അപ്പങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ച്ചുട്ടംമായി ..അമ്മായി ചുട്ടത് മരുമോനിക്കായ് ) .ഹാ അത് തന്നെ.ഇതും പറഞ്ഞു എന്നെ എല്ലാവരും കളിയാക്കും, തിന്നത് കൂടി പോയി എന്നെ പറയൂ.പക്ഷെ എനിക്ക് ഈ വേദന ഷാര്‍ജയില്‍ വെച്ചും ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.ഒരു രാത്രി വേദന കലശലായി.എങ്ങിനെയോ നേരം വെളുപ്പിച്ചു.അവളോടും ആരോടും പറഞ്ഞില്ല.ഇക്കയെയും കൂട്ടി ആശുപത്രിയില്‍ വന്നു.സംഗതി സീരിയെസ്‌ ആണ് ( ഡോക്ടര്‍ മാരുടെ സ്ഥിരം ഡയലോഗ് ? )പെട്ടെന്ന് ഓപെറേഷന്‍ വേണം.എനിക്ക് ലീവ് തീരാന്‍ ആയി.എന്ത് ചെയ്യും.ഇത് കഴിഞ്ഞാല്‍ റസ്റ്റ്‌ വേണ്ടേ ?
വേണ്ട ലാപ്രോസ്കോപ്പി ചെയ്‌താല്‍ രണ്ടാഴ്ച റസ്റ്റ്‌ മതി.പിന്നെ ഒന്ന് ശ്രദ്ധിച്ചാല്‍ മതി.വീട്ടില്‍ ഒന്നും പറഞ്ഞില്ല.രാത്രി തന്നെ .എല്ലാം ഫിക്സ് ചെയ്തു.ഞാനും ഇക്കയും, ഇക്കാക് ചെറിയ ടെന്‍ഷന്‍ ഒരു ഒപ്പ് വാങ്ങിക്കുന്ന പരിപാടി ഉണ്ടല്ലോ , അത് കഴിഞ്ഞപ്പോള്‍.പിന്നെ എന്റെ ഒരു ഫ്രെണ്ടിനെയും വിളിച്ചു.ഓപെറേഷന്‍ ചെയ്യാന്‍ എന്നെ കൊണ്ട് പോയപ്പോള്‍ ഇക്ക വീട്ടില്‍ വിളിച്ചു ഉപ്പയോട് പറഞ്ഞു.ഉപ്പ വന്നു.എല്ലാം ഭംഗിയായി കഴിഞ്ഞു.എന്നെ റൂമില്‍ കൊണ്ട് വന്നു ബോധം ശരിക്കും വീണിട്ടില്ല.( പണ്ടേ ഇല്ലല്ലോ , ഒപെരേശന്‍ കഴിഞ്ഞാല്‍ ബോധം വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്,,,ഇക്ക അത് പ്രതീക്ഷിച്ചു കാണും.ഞാനും.)
ഉപ്പ വരുമ്പോള്‍ ഒരു ഫ്ലാസ്കും ചൂട് വെള്ളവും , ഉപ്പും, പഞ്ചസാരയും എല്ലാം കൊണ്ട് വന്നിരുന്നു.നേരം വെളുത്തു.എനിക്ക് പണ്ടുള്ള അതെ ബോധം മാത്രം തിരിച്ചു കിട്ടി.നേര്സുമാര്‍ വന്നു.ചെറുതായിട്ട് എന്തെങ്കിലും കൊടുത്തോളൂ എന്ന് പറഞ്ഞു.ഇക്ക എനിക്ക് ചായ ഉണ്ടാക്കി തന്നു.( അതിനു മുന്‍പ് കീ ഹോള്‍ ( ലാപ്രോസ്കോപ്പി ) ചെയ്യുന്ന സ്ഥലം അറിയാലോ അല്ലെ , പൊക്കിള്‍ ആണ് ഒന്ന്, പിന്നെ അതിനു താഴെ രണ്ടു, വലിയതു പൊക്കിളില്‍ തന്നെ )
ഇക്ക ഉണ്ടാക്കി തന്ന ചായ വായില്‍ വെച്ചതും ഞാന്‍ ഒരു ചിരി ..ഹമ്മോ ഒരു കത്തി പള്ളക്ക് കയറ്റിയ വേദന ..ചിരിച്ചത് എന്തിനാ എന്ന് വെച്ചാല്‍ അവന്‍ പഞ്ചസാരക്ക് പകരം ഉപ്പ് ആണ് ചായയില്‍ ഇട്ടതു.ചിരി വരാതിരിക്കോ ? നിങ്ങള് പറ.
ഞാന്‍ ചിരിച്ചതും എന്റെ വയറ്റില്‍ നിന്നും എന്തോ ഒരു സ്പയെര്‍ പാര്‍ട്ട് ഊരിപ്പോയത് ഇക്ക കണ്ടു, അവന്‍ നേരെ നേര്സിനെ വിളിക്കാന്‍ ഓടി.ഞാനും കണ്ടു എന്തോ ഒന്ന് ശും എന്ന് തെറിച്ചു പോയത്.( സത്യത്തില്‍ ബ്ലഡ്‌ വരാതിരിക്കാന്‍ വേണ്ടി വെച്ച പഞ്ഞി ആണ് പോയത്, ബ്ലഡ്‌ കലര്‍ന്ന് അത് ചുവപ്പ് നിറം ആയതാണ്.)
നേര്സുമാര്‍ വന്നു കുറെ ചീത്ത പറഞ്ഞു, എനിക്ക് വേദനയും ഒപ്പം ആ കാര്യം ഓര്‍ത്ത്‌ ചിരിയും.സ്ടിച് എല്ലാം പൊട്ടിയിരുന്നു.ചോരയും നില്‍ക്കുന്നില്ല.നീ അടങ്ങി കിടക്കുന്നുണ്ടോ മൂത്ത സിസ്റ്റര്‍ ദേഷ്യം പിടിക്കുന്നു.എല്ലാം കഴിഞ്ഞപ്പോള്‍ ഒരു നേര്സു ഒരു ചോദ്യം .
"അല്ല എന്താ ഇത്ര കാലത്തെ ഇങ്ങനെ ചിരിക്കാന്‍ മാത്രം ഒരു തമാശ? "
" പുറത്തേക്കു വാ ഞാന്‍ പറയാം എന്ന് ഇക്ക."എല്ലാവരും പുറത്തു പോയതും, പിന്നെ ഒരു വലിയ ചിരിയും ഞാന്‍ കേട്ടു.നല്ല വേദന ഉണ്ടെങ്കിലും അപ്പോളും എന്റെ മുഖത്തും ഒരു ചിരി തന്നെ ഉണ്ടായിരുന്നു.
***************

3 അഭിപ്രായങ്ങൾ: