വ്യാഴാഴ്‌ച, ഡിസംബർ 01, 2011

ഒരു പിറന്നാള്‍ സമ്മാനം

 തന്റെ പെയിന്റിങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം നോക്കിക്കാണുന്ന ആ സ്ത്രീയെ കബീര്‍ ദാസ്‌ സൂക്ഷിച്ചു നോക്കി, ഒരു അന്പത്തിയഞ്ചു വയസ്സോളം വരുന്ന അവര്‍ക്ക് നല്ല ഐശ്വര്യം ഉള്ള മുഖം ആയിരുന്നു, എവിടെയോ കണ്ട മറന്ന മുഖം, അതെ അത് ജയശ്രീ ടീച്ചര്‍ തന്നെ, പക്ഷെ ഉറപ്പിക്കനവന് കഴിയുമായിരുന്നില്ല ഒരു പാട് വര്‍ഷങ്ങള്‍ക്കു മുന്പുകണ്ടാതാണ്, നാടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തെളിയുന്ന വളരെ കുറച്ചു മുഖങ്ങളില്‍
ഒന്ന് ഈ മുഖം തന്നെ ...പക്ഷെ ഇങ്ങനെ അല്ല വളരെ സുന്ദരിയായ ജയ ടീച്ചറുടെ മുഖം ആണ് മനസ്സില്‍,

" ജയശ്രീ ടീച്ചര്‍ അല്ലേ ? "

" അതെ ജയശ്രീ ആണ്, ഞാന്‍ ടീച്ചര്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതുതല എന്ന എന്റെ ഗ്രാമത്തില്‍, ഇവിടെ അതരിയാവുന്നത് എനിക്കും മനോജേട്ടനും ആണ്, നിങ്ങള്‍ക്കെങ്ങനെ അറിയാം ?
അതിലുപരി കബീര്‍ ദാസ് ഒരു മലയാളി ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല, "

" മുതുതലയിലെ തന്നെ ഒരാളായിരുന്നു ഞാനും , ഒരു മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്. വൈദ്യര്‍ മൂലയിലെ
വിക്ടറി ട്യൂഷന്‍ സെന്റര്‍ ഇപ്പോളും ഇല്ലേ ? ഞാന്നും അവിടെ പഠിച്ചിരുന്നു  , പക്ഷെ കബീര്‍ ആയിട്ടല്ല, അന്നെന്റെ പേര് വേറെ ആയിരുന്നു. "

" എന്റെ ക്ലാസില്‍ ഉണ്ടായിരുന്നോ ?

" ഉണ്ടായിരുന്നു, അതല്ലേ ഞാന്‍ ടീച്ചര്‍ എന്ന് വിളിച്ചത്. "

" എനിക്കങ്ങോട്ട് മനസ്സിലാവുന്നില്ല, പ്രായത്തിന്റെ ആയിരിക്കും "

" ടീച്ചറുടെ സ്ടുടെന്റ്സില്‍ ഒരു ചിത്രകാരനായി മാറാന്‍ സാധ്യത ഉണ്ടായിരുന്ന ആരെങ്കിലും ഉണ്ടായിരുന്നോ?  "

" അങ്ങിനെ ചോതിച്ചാല്‍ ..എനിക്കൊരു ഉറപ്പും പറയാന്‍ പറ്റില്ല, ,  ആരൊക്കെ ഇപ്പോള്‍ എവിടെയൊക്കെ എന്തെല്ലാം
വേഷത്തില്‍ ആയിരിക്കും എന്ന് എനിക്കൊരു നിശ്ചയവും ഇല്ല, "

" മനസ്സില്‍ എന്നും ഓര്‍ത്തിരിക്കാന്‍ മാത്രം പ്രിയപ്പെട്ട ആരും ഉണ്ടായിട്ടില്ലേ സ്ടുടെന്റായിട്ടു?  ടീച്ചറുടെ അനീഷക്കുട്ടി
ഇപ്പോള്‍ എവിടെയാണ്? അവള്‍ അയല്‍വാസി കൂടിയായിരുന്നല്ലോ, പിന്നെ അഭിലാഷ്, ഗായകന്‍ വിമല്‍ , പ്രവീണ്‍, ഷെബീര്‍, എല്ലാവരും ടീച്ചറുടെ പെറ്റ്സ് ആയിരുന്നല്ലോ, "

" ആ ക്ലാസില്‍ നീയും ഉണ്ടായിരുന്നോ ? ചിത്രകാരന്‍ എന്ന് പറയുമ്പോള്‍ നീ ... നീ സുധീര്‍ അല്ലെ ? "

" അതെ ടീച്ചര്‍ , ടീച്ചര്‍ എന്നെ മറക്കില്ല എന്ന് എനിക്കുറപ്പാണ്. "

" ഓര്‍ത്തു വച്ചിരുന്നു ഒരു പാട് കാലം, ഒരു നൊമ്പരമായി ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നു, പിന്നീട് ജീവിതത്തിന്റെ തിരക്ക് പിടിച്ച യാത്രയില്‍ വഴിയിലെവിടെയോ ബോധപൂര്‍വം കളഞ്ഞിട്ടു പോന്നു, പിന്നെയും കുറെ കാലം ഓര്‍മകളായി വന്നു നീ എന്നെ വേദനിപ്പിച്ചു, എവിടെയെങ്കിലും വച്ച് കാണണം എന്ന് മനസ്സ്
വല്ലാതെ ആഗ്രഹിച്ചിരുന്നു, ഒരു ചിത്രകാരനായി തന്നെ കാണാനായിരുന്നു ആഗ്രഹിച്ചത്‌,ഇപ്പോള്‍ ഇന്ത്യ മുഴുവനും അറിയപ്പെടുന്ന ഒരാളായി നീ മുന്നില്‍ നില്‍ക്കുന്നു,എവിടെയാണ് താമസം ? കുടുംബം ? "

" താമസം ഈ മഹാനഗരത്തില്‍ തന്നെ, കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് നഷ്ടപ്പെടതല്ലേ , പിന്നെ അതിനെ പറ്റി ചിന്തിച്ചില്ല, ടീച്ചറുടെ.. ?  "

" ഞാന്‍ ഇവിടെ ഒരു പ്രൈവറ്റ് കമ്പനിയില്‍ ഏരിയ മാനേജര്‍ ആയി ജോലി ചെയ്യുന്നു, ഗുരുവയൂര്‍ക്കയിരുന്നു
കല്യാണം , മനോജ്‌ എന്നാണ് പേര്, ആളും ഇവിടെ ഒരു ബാങ്കില്‍ ഉണ്ട്, പിന്നെ ഒരു മോള് , രശ്മി.. അവള്‍
ഇപ്പോള്‍ കല്യാണം എല്ലാം കഴിഞ്ഞു ...തറവാട്ടില്‍ അവരാണ് താമസിക്കുന്നത്, "

"  നാട്ടില്‍ പോവാറില്ലേ? "

" ഉവ്വ്, അടുത്ത ആഴ്ച നാട്ടിലേക്കു പോവുകയാണ്,ജോലി എല്ലാം വിട്ടു , പ്രായമായില്ലേ ? "

" ചേട്ടന്‍ എവിടെ ?  "

" ആള് തിരക്കിലാണ്, വര്‍ഷങ്ങളായി ഇവിടെ തന്നെയായിരുന്നില്ലേ , ഒരുപാട് കൂട്ടുകാരുണ്ട്, ഇപ്പോള്‍ എല്ലാ
സമയവും അവരോടൊപ്പം ആണ്, ഇനി ഒരു തിരിച്ചു വരവില്ലല്ലോ , അതുകൊണ്ടാവും . പിന്നെ മോള്‍ക്ക്‌
പെയിന്റിംഗ് വലിയ ഇഷ്ടമാണ്, നാട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ക്കു കൊടുക്കാന്‍ ഒരു നല്ല ചിത്രം അന്നെഷിച്ചു
ഇറങ്ങിയതാണ്, ഇതിനു മുന്‍പും നമ്മള്‍ കണ്ടിട്ടുണ്ട് , പക്ഷെ തിരക്കില്‍ കൂടുതല്‍ ശ്രദ്ധിച്ചില്ല .."

അയാള്‍ ഒരു പെയിന്റിംഗ് അവള്‍ക്കു കൊടുത്തു...

" എന്റെ ഏറ്റവും നല്ല ചിത്രം എന്ന് ഞാന്‍ വിശ്വസിക്കുന്നത് ഇതാണ്. " താജ്മഹല്‍"  താജ്മഹലിന്റെ ചിത്രം
ഒരുപാട് പേര്‍ വരച്ചിട്ടുണ്ട്, പക്ഷെ നിലാവിലെ താജ്മഹലിന്റെ പ്രതിബിംബം അത് ഞാന്‍ മാത്രമേ
വരചിട്ടുള്ളൂ എന്നാണ് എന്റെ വിശ്വാസം. , ഒറിജിനല്‍ ആണ് . ഇത് ടീച്ചര്‍ക്ക്..അല്ല രശ്മിക്ക്‌ . "

" അവള്‍ക്കു ഒരുപാട് സന്തോഷാവും, അവള്‍ക്കിഷ്ടമുള്ള  ചിത്രകാരന്മാരില്‍ ഒരാളാണ് കബീര്‍ ദാസ് .
ആളുടെ ഒറിജിനല്‍ പെയിന്റിംഗ് എന്ന് പറഞ്ഞാല്‍ അവള്‍ക്കു വിശ്വസിക്കാന്‍ കഴിയില്ല. " ‍

അവള്‍ ആ പെയിന്റിംഗ് വാങ്ങി നടന്നു, പിന്നെ തിരിഞ്ഞു നിന്ന് അവനോടു പറഞ്ഞു .

" ആ പഴയ ജയശ്രീ ടീച്ചറോട് പൊറുക്കണേ.. " അവന്‍ ചിരിച്ചു.


" ടീച്ചര്‍ എനിക്ക് നാട്ടിലെ നമ്പര്‍ ഒന്ന് തരാമോ , നാട്ടില്‍ വരണം എന്നുണ്ട് , പതിനഞ്ചു വര്ഷം മുന്‍പ് ഒരിക്കല്‍
വന്നിരുന്നു. " യുവരശ്മി " ചക്കരക്കുളം സങ്കടിപ്പിച്ച ഒരു പെയിന്റിംഗ് ഫെസ്ടിനു. ലക്‌ഷ്യം ഉപ്പയെയും
ഉമ്മയും കാണുക എന്നതായിരുന്നു. പക്ഷെ അവര്‍ അവിടം വിട്ടു പോയി എന്ന് മാത്രം പറഞ്ഞു അപ്പോള്‍
അവിടെ താമസിച്ചിരുന്നവര്‍ . പിന്നെ ആരും എന്നെ അവിടെ തിരിച്ചറിഞ്ഞില്ല , അത് ഞാന്‍ ഒട്ടും
ആഗ്രഹിച്ചിരുന്നില്ല. അത് കൊണ്ട് തിരിച്ചു പോന്നു, നാടാകെ മാറിപ്പോയിരുന്നു. ഇനി വരുമ്പോള്‍ എന്നെ
അറിയുന്ന ഒരാളെങ്കിലും അവിടെ ഉണ്ടല്ലോ "

അവള്‍ നമ്പര്‍ കൊടുത്തു നാട്ടില്‍ വരുമ്പോള്‍ ഉറപ്പായും വിളിക്കണം എന്ന് പറഞ്ഞു. പിന്നെ അവന്റെ കയ്യില്‍
മുറുകെ പിടിച്ചു പറഞ്ഞു.

" നിന്റെ ഉമ്മ മരിച്ചിരുന്നു" 
കേട്ടതും അയാള്‍  സ്തബ്ധനായി.കാലവും അനുഭവങ്ങളും അയാള്‍ക്ക്‌ നല്‍കിയ പാഠങ്ങള്‍
അയാളെ ക്ഷമയുള്ളവനാക്കിയിരുന്നു. എങ്കിലും അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ തുടര്‍ന്നു

"ഞാന്‍ മുംബൈക്ക് വരുന്നതിനു മുന്‍പ് തന്നെ അവര്‍ മരിച്ചു , നീ അവിടം വിട്ടതില്‍ പിന്നെ ഉമ്മ
എന്നും അസുഖക്കാരിയായിരുന്നു എന്ന് നിന്റെ ഉപ്പ പറഞ്ഞു,ഞാന്‍ എന്നും നിന്റെ വീട്ടില്‍ പോയിത്തുടങ്ങി,
ഞാന്‍ ചെയ്ത തെറ്റിന് എന്നും നിന്റെ ഉമ്മയുടെ മുന്നില്‍ മാപ്പ് പറഞ്ഞു, ഉള്ളില്‍ വിഷമം ഉണ്ടെങ്കിലും
നിന്റെ ഉമ്മ എന്നെ സമധാനിപ്പിക്കുമായിരുന്നു.നിന്റെ ഉപ്പയും പറയുമായിരുന്നു ഞാന്‍ തെറ്റൊന്നും ചെയ്തില്ല
എന്ന്. പക്ഷെ എനിക്കുറപ്പായിരുന്നു തെറ്റാണ് ഞാന്‍ ചെയ്തത് ..ഒരു ടീച്ചറും ചെയ്യാന്‍ പാടില്ലാത്തത്."

" ഇല്ല ടീച്ചര്‍, ടീച്ചര്‍ തെറ്റൊന്നും ചെയ്തില്ല, എന്റെ ഉപ്പയും തെറ്റൊന്നും ചെയ്തില്ല, ഓരോ ടീച്ചര്‍ക്കും , പിതാവിനും അവരുടെ മക്കളെ ശിക്ഷിക്കാനുള്ള അധികാരം ഉണ്ട്, പക്ഷെ ഞാന്‍ അതൊന്നും മനസ്സിലാക്കിയില്ല
തെറ്റ് എന്റേതായിരുന്നു, എന്നാലും ഉമ്മ മരിച്ചത് പോലും അറിയാന്‍ വൈകിപ്പോയ ഒരു മകന്‍. ...."

" അതിനു ശേഷം ഒരു ദിവസം ഉപ്പ വീട്ടില്‍ വന്നിരുന്നു, അവളും മോനും ഇല്ലാത്ത ആ വീട്ടില്‍ കഴിയാന്‍ വയ്യ ,
വീട് പള്ളിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു ,,,ഞാന്‍ ഇവിടം വിട്ടു പോവുകയാണ് ...പുണ്യ സ്ഥലങ്ങളില്‍ എല്ലാം
പോവണം ..എന്നെങ്കിലും അവന്‍ ഇവിടെ വന്നാല്‍ അവനു കൊടുക്കാന്‍ എന്റെ ഒരു സലാം ഞാന്‍ ഇവിടെ ഏല്‍പ്പിക്കുന്നു , അതും പറഞ്ഞു പോയതാണ് പിന്നെ ഞാന്‍ കണ്ടിട്ടില്ല, ഇടയ്ക്കു വീട്ടില്‍ വന്നിട്ടുണ്ടാവുമോ
എന്നും അറിയില്ല ...എന്റെ അച്ഛനും അമ്മയും ഇപ്പോള്‍ ഇല്ല ..തറവാട്ടില്‍ മോളും ഭര്‍ത്താവും മാത്രം "

" ഞാന്‍ വലിയ തെറ്റാണ് ചെയ്തത് ടീച്ചറെ ....ഒരു ദേഷ്യത്തിന് ഇറങ്ങിപ്പോയതാണ്.. പിന്നീടു വരാമായിരുന്നു...
പക്ഷെ വേറെ ഒരു ലോകം അതായിരുന്നു പിന്നെ ...അവിടെ ഞാന്‍ എല്ലാം മറന്നു ..സ്വന്തം പിതാവിനെയും
മാതാവിനെയും മറന്നു. വലിയ തെറ്റ്.."

അവളുടെ മൊബൈല്‍ റിംഗ് ചെയ്തു,

" ചേട്ടനാണ് , ഞാന്‍ പോവട്ടെ ..എന്തായാലും നാട്ടില്‍ വരണം. എന്നെ വിളിക്കണം. "

*************************

അന്ന് രാത്രി അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല ...ഓര്‍മ്മകള്‍ അതയാളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. അയാള്‍ പതുക്കെ റോഡില്‍ ഇറങ്ങി നടന്നു. ഈ റോഡും ആകെ മാറിപ്പോയി. പണ്ട് ഇതൊരു ഗല്ലിയായിരുന്നു...
മുംബയില്‍ ആദ്യം വന്നിറങ്ങിയ അന്ന് തൊട്ടു താങ്ങും തണലുമായി നിന്നിരുന്ന ശങ്കര്‍ മീട്ടവാലയുടെ ചെറിയ
തട്ടുകട. അന്ന് ഹിന്ദി അറിയില്ലായിരുന്നു. പക്ഷെ എന്നെ കണ്ടു ഭായിക്കെല്ലാം മനസ്സിലായി. നാട് വിട്ടു ഓടിപ്പോന്നതാനെന്നും , വിശക്കുന്നുന്ടെന്നും..ഭായ് വയറു നിറച്ചു ആഹാരം തന്നു. കഴിച്ചിട്ടും അവിടെ നിന്ന് പോയില്ല , അന്നത്തെ പന്ത്രണ്ടു വയസ്സുകാരന്‍ പയ്യന് ഒന്നും ചെയ്യാനില്ലായിരുന്നു. എന്റെ അവസ്ഥ കണ്ടു
ശങ്കര്‍ ഭായ് കൂടെ കൂട്ടി. ദൈവം ആയിരുന്നു അദ്ദേഹം. പിന്നീട് മനസ്സിലായി എനിക്ക് മാത്രമല്ല, ഒരുപാട്
പേര്‍ക്ക് ദൈവം ആണ് അദ്ദേം എന്ന്. ഒരു പണിയും ചെയ്യാന്‍ അറിയില്ലായിരുന്നു, എങ്കില്‍ പിന്നെ പഠിക്കാന്‍ പോയ്കൊള്ളന്‍ പറഞ്ഞു, പക്ഷെ പഠിക്കുക എന്ന് കേള്‍ക്കുമ്പോള്‍ ഒരു വെറുപ്പ്‌. തനിക്ക് പ്രിയപ്പെട്ടതെല്ലാം
നഷ്ടപ്പെടുത്തിയത് പടിപ്പാണ്. അത് കൊണ്ട് പടിപ്പു വേണ്ട എന്നുറച്ചു. പിന്നെ മേശ വൃത്തിയാക്കലും , പാത്രങ്ങള്‍ കഴുകലും ഞാന്‍ ഏറ്റെടുത്തു. ഭാഷ ഒരു പ്രശ്നമായിരുന്നു, പക്ഷെ മൂന്നു നാല് മാസങ്ങള്‍ കൊണ്ട്
ഹിന്ദി പഠിച്ചു, ഹിന്ദി പഠിപ്പിച്ച പാറുക്കുട്ടി ടീച്ചറെ ഓര്‍മ്മ വരുമായിരുന്നു ഇടയ്ക്കിടയ്ക്ക്, അന്ന് ടീച്ചര്‍
പഠിപ്പിച്ചിരുന്ന ഒരു ഹിന്ദി പദ്യം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു, ഓര്മ വരുന്നില്ല, ഓര്മ ഇല്ല എന്നല്ല അത് പഠിച്ചിരുന്നില്ല, കാരണം ആ ടീച്ചറെ പേടിയില്ലായിരുന്നു ടീച്ചര്‍ തല്ലിയാല്‍ വേദനിക്കില്ല, ചൂരല്‍ കൊണ്ട് തന്നെയാണ് ടീച്ചറും തല്ലുക , പക്ഷെ ടീച്ചറുടെ മുഖത്തു എപ്പോഴും ഉണ്ടാവാറുള്ള ആ പുന്ജിരിയായിരിക്കാം
ടീച്ചര്‍ തല്ലുമ്പോള്‍ വേദനിക്കത്തതിന്റെ കാരണം. അന്ന് മുംബയിലുള്ള ഒരു വിധം വലിയ ആളുകളും ഭായിയുടെ കടയില്‍ വരുമായിരുന്നു, അവര്‍ക്കെല്ലാം ഭായിയുടെ സന്മനസ്സിന്റെ കഥകള്‍ ഒരുപാട് പറയാന്‍ ഉണ്ടായിരുന്നു.
മിക്കവാറും തന്നെ പോലെ വീട് വിട്ടു ചെറുപ്പത്തില്‍ തെറ്റിപ്പോന്നവരും, അതല്ലെങ്കില്‍ ജീവിക്കാന്‍ ഒരു വഴി തേടി
മഹാനഗരത്തില്‍ എത്തിയവരും ആയിരുന്നു, അത്തരത്തില്‍ മുംബയില്‍ വന്നു ആദ്യത്തെ ആഹാരം ഭായ് കൊടുത്തിട്ടുണ്ടെങ്കില്‍ അവരെ ഒരു നല്ല നിലയില്‍ എത്തിച്ചതിനു പിന്നിലും ഭായിയുടെ  കരങ്ങള്‍ തന്നെയായിരുന്നു. ഭായിക്ക് പക്ഷെ സ്വന്തക്കാരായി ആരും ഉണ്ടായിരുന്നില്ല , ചോതിച്ച്ചപ്പോള്‍ ഒന്നും വ്യക്തമായ ഉത്തരം തന്നില്ല, കുറെ വര്‍ഷങ്ങള്‍ അങ്ങിനെ പോയി. ഒരിക്കല്‍ ഭായിയുമായി മാര്‍കെറ്റില്‍ പോയപ്പോള്‍ ഞാന്‍ എനിക്കൊരു കാന്‍വാസും കളര്‍ പെന്‍സിലും വാങ്ങിത്തരുമോ എന്ന് ചോതിച്ചു, അന്ന് ഒരു ബണ്ടില്‍ പേപ്പറും വിലകൂടിയ പെയിന്റ് ബ്രഷും അങ്ങിനെ ഒരുപാട് സാധനങ്ങള്‍ എനിക്ക് വാങ്ങി തന്നു. എന്നിട്ട് ഭായ് പറഞ്ഞു.

" ഞാന്‍ ഇത് തന്നെ ചിന്തിക്കുകയായിരുന്നു, എന്റെ അടുത്തു വന്നുപെട്ടിട്ടുള്ള ഓരോരുത്തരും എന്തെങ്കിലും തരത്തില്‍ ജീവിക്കാന്‍ വകയുള്ളവര്‍ ആയിരുന്നു, ചിലര്‍ ഡ്രൈവര്‍മാര്‍, ചിലര്‍ മെക്കാനിക്കുകള്‍, മറ്റു ചിലര്‍ നന്നായി പഠിച്ചവര്‍, എന്തിനു ഗായകര്‍ വരെ ഉണ്ടായിരുന്നു. അവരെ എല്ലാം അവരുടെ വഴികളില്‍ എത്തിക്കാന്‍
എനിക്ക് പറ്റി, നീ മാത്രം എന്തെ ഇങ്ങനെ എന്ന് ചിന്തിക്കാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല, എനിക്ക്.ഇപ്പോള്‍ എനിക്ക് തോനുന്നു നിറെ വഴി ഇതാണ്, നാളെ മുതല്‍ നീ വരച്ചു തുടങ്ങണം.ഞാന്‍ നോക്കട്ടെ. "

അന്ന് രാത്രയില്‍ തിരിച്ചു വീട്ടില്‍ എത്തിയ എന്നോട് രാത്രി തന്നെ എന്തെങ്കിലും വരയ്ക്കാന്‍ പറഞ്ഞു, അദ്ദേഹം എന്റെ കാര്യത്തില്‍ എത്ര മാത്രം ഉത്കണ്ഠപ്പെട്ടിരുന്നു എന്ന് ഞാന്‍ അപ്പോള്‍ മനസ്സിലാക്കി. എന്ത് വരക്കണം എന്ന് ആലോചിച്ചു. ശങ്കര്‍ മുല്ലയില്‍ നിന്നും ദൂരെ കാണുന്ന ഉയരമുള്ള ബില്‍ഡിംഗ്‌ . അതിനു മുകളില്‍ ഒട്ടിച്ചു വച്ചപോലെ പൂര്‍ണ ചന്ദ്രന്‍ .അത് വരക്കാം എന്ന് കരുതി. തിരിഞ്ഞു ഭായിയെ നോക്കി.കണ്ണുകള്‍ അടച്ചു എന്തോ
ആലോചിച്ചു ഒരു മരക്കസേരയില്‍ ചാരിയിരിക്കുന്നു ഭായ്, മനസ്സില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി.
കാന്‍വാസില്‍  നോക്കിയപ്പോള്‍ അതില്‍ ഭായിയുടെ മുഖം തെളിഞ്ഞു. പിന്നെ വരച്ചു തുടങ്ങി. വരച്ചു തീര്ന്നപോള്‍
എന്തെന്നില്ലാത്ത സന്തോഷം തോന്നി, തന്റെ പിന്നില്‍ കണ്ണടച്ച് കിടക്കുന്ന ഭായ് അത് പോലെ തന്നെ മുന്നില്‍ കാന്‍വാസില്‍ . തന്നെക്കാള്‍ ഏറെ സന്തോഷിച്ചത്‌ ഭായിയാണ്,

"മുംബയില്‍ ഇപ്പോള്‍ ഏറ്റവും ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. പ്രത്യേകിച്ചും പൈസയുള്ളവര്‍ . അത് കൊണ്ട് ഇനി മുതല്‍ നീ നിന്റെ വഴിക്ക്. "

" ഭായ് ഞാന്‍ ഇവിടെ ഇരുന്നു വരച്ചോളാം..ഭായിയെ വിട്ടു പോവാന്‍ വയ്യ, "

" എന്നെ വിട്ടു ആരും പോവുന്നില്ല, എല്ലാവരും എന്നോടൊപ്പം ഉണ്ട്, നീ കണ്ടിട്ടില്ലേ, നാളെ നമുക്ക് ഒരാളെ കാണാന്‍ പോവണം, നീ അറിയുന്ന ആള് തന്നെയാണ്, ഉസ്താദ്‌ ഉമര്‍ ആലം "

ആ പേര് കേട്ടതും വിശ്വസിക്കാന്‍ പറ്റാതായി, മുഹമ്മദ്‌ റാഫി സാഹിബിനൊപ്പം ഒരുപാട് പാട്ട് കേസ്സട്ടുകളില്‍
കേട്ടിട്ടുണ്ട്, ചിത്രവും കണ്ടിട്ടുണ്ട്, നേരിട്ട് കാണും എന്ന് സ്വപ്നം പോലും കണ്ടിട്ടില്ല, ഇപ്പോള്‍ മുംബയില്‍ വന്നു അഞ്ചു വര്ഷം ആയപ്പോഴേക്കും ആ ഗസല്‍ രാജാവിനെ കാണാന്‍ അവസരം വന്നിരിക്കുന്നു. ഒരു പാട്ടുകാരന്‍ ആയ ഉമര്‍ ആലമിന്റെ അടുത്തേക്ക് എന്നെ എന്തിനാണ് കൊണ്ടുപോവുന്നത് എന്ന് ചോതിച്ചു. അവിടെ വരുന്ന
വലിയ വലിയ ആളുകളുടെ ചിത്രം നീ വരച്ചു കൊടുക്കണം. ഇഷ്ടപെട്ടാല്‍ അവര്‍ ഒരുപാട് പൈസ തരും. പിന്നെ
അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഒരുപാട് കാലം. ഒരു മകനോടെന്ന പോലെ തന്നെ എന്നോടും അദ്ദേഹം സ്നേഹം
കാണിച്ചു. ഏകദേശം ഒരേ കാലത്ത് മുംബയില്‍ എത്തിപ്പെട്ടവരായിരുന്നത്രേ ആലം സാഹിബും , ശങ്കര്‍ ഭായിയും.
യാതനകളുടെ ഒരുപാട് കഥ ആലം സാഹിബു പറഞ്ഞു തന്നു. അന്നാണ് അറിയുന്നത് അവര്‍ രണ്ടു പേരും പഴയ
കൂട്ടുകാര്‍ ആണെന്ന്‌. ഒരിക്കല്‍ മുംബയിലെ ഒരു വലിയ സ്വര്‍ണ വ്യാപാരിയായ വസീം മിര്‍സയുടെ മകളുടെ
മന്ഗ്നിക്ക്  ( വിവാഹ നിശ്ചയം ) ആലം സാഹിബിന്റെ ഗസല്‍ ഉണ്ടായിരുന്നു. അന്ന് മിര്‍സയുടെ മകളുടെ ചിത്രം
വരച്ചത് ഒരു വഴിത്തിരിവായി എന്റെ ജീവിതത്തില്‍. അന്ന് അവിടെ പങ്കെടുത്ത വി ഐ പി കളില്‍ പലരും
പിന്നെ എന്നെ തേടി വന്നു,ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് പണം വന്നു ചേര്‍ന്നു. ഭായിയുടെ തട്ട് കട ഒന്ന്
വിപുലീകരിക്കണം എന്ന് തോന്നി. പക്ഷെ ഭായ് സമ്മതിച്ചില്ല. ആര്‍ക്കുവേണ്ടി ചെയ്യണം ഞാന്‍ ഒരു അനാഥന്‍.
എനിക്ക് ജീവിക്കാന്‍ ഇത് തന്നെ ധാരാളം. പിന്നെ ഇവിടെ വരുന്നവര്‍ ഇഷ്ടപ്പെടുന്നത് തന്നെ ഈ ഒരു എളിമയാണ്. ഇളകുന്ന ബെഞ്ചില്‍ ഇരുന്നു കാറ്റും കൊണ്ട് കഴിക്കുന്നതിന്റെ സുഖം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍
കിട്ടാത്തത് കൊണ്ടാണ് അവരെല്ലാം ഇവിടെ വരുന്നത്. പിന്നെ ഭായിയോട് ഒന്നും പറഞ്ഞില്ല . അപ്പോഴേക്കും മുംബയില്‍ അറിയപ്പെടുന്ന ഒരു ചിത്രകാരന്‍ ആയിത്തീര്‍ന്നിരുന്നു.
 ഒരുപാട് കാലം പെട്ടെന്ന് തീര്‍ന്നു പോയി. കുറെ സമ്മാനങ്ങള്‍ , അവാര്‍ഡുകള്‍ , ആരും അറിയാതെ പോയത് സുധീര്‍ എന്ന വ്യക്തിയെയാണ്. ആലം സാഹിബ്‌
ആണ് കബീര്‍ ദാസ് എന്ന് വിളിച്ചത്.  അതിനിടയില്‍ എനിക്കെന്റെ വേര് ജന്മനാട്ടില്‍ നഷ്ടപ്പെട്ടു. ഞാന്‍ അറിഞ്ഞില്ല.
അപ്പ്രതീക്ഷിതമായി ഭായ് മരണപ്പെട്ടു. പെട്ടെന്ന് ഈ മഹാനഗരത്തില്‍ ഒറ്റപ്പെട്ടത് പോലെ ആയി, പിന്നെ യാത്രകള്‍
ആയിരുന്നു. ഇന്ത്യയില്‍ ഒട്ടുമിക്ക സ്ഥലങ്ങളും ചെന്ന് കണ്ടു. അതെല്ലാം കാന്‍വാസില്‍ പകര്‍ത്തി.

ഒരിക്കല്‍ കേരളത്തിലും. കൊച്ചിയില്‍ നടന്ന ഒരു ചിത്ര പ്രദര്‍ശനം. അതിനിടയില്‍ മുതുതലയില്‍ ഒരു ആര്‍ട്ട്‌ ഫെസ്റ്റ്.
പന്ത്രണ്ടു വയസ്സില്‍ എനിക്ക് നഷ്ടമായ സ്വന്തം നാടും , സ്കൂളും എല്ലാം കണ്ടു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം. എല്ലാം മാറിയിരുന്നു. ചക്കരക്കുളം എന്ന പഴയ സിറ്റി, സിറ്റി എന്ന് പറയാന്‍ പറ്റില്ല കവല എന്നോ ചന്ത
എന്നോ മാത്രമേ അന്ന് പറയാന്‍ പറ്റുമായിരുന്നുള്ളൂ, അവിടെ ഇന്ന് ഒരു വലിയ സിറ്റി തന്നെ വന്നു. എന്തൊരു തിരക്ക്, മണിക്കൂറുകള്‍ കത്ത് നിന്നാല്‍ മാത്രം വന്നിരുന്ന ബസ്സുകള്‍ മാറി. റോഡില്‍ നിറയെ വാഹനങ്ങള്‍.  പഴയ ഓല മേഞ്ഞതും ഓടിട്ടതും ആയ ഒരു വീട് പോലും കണ്ടില്ല. ചെമ്മണ് ‍റോഡുകള്‍ എല്ലാം കറുത്തു പോയി. ഒരിക്കലും മാറാന്‍ ആഗ്രഹിക്കാതെ നിന്നിരുന്നത് ഒരു ആല്‍ മരം ആയിരുന്നു. പക്ഷെ അതിനെയും കുറെ മാറ്റിയിരിക്കുന്നു, താഴോട്ടു നീളത്തില്‍ തൂങ്ങിക്കിടന്നിരുന്ന അതിന്റെ വേരുകള്‍ ഒന്നും ഇല്ല
ഇപ്പോള്‍. അതിനു ചുറ്റും വിശാലമായി കിടന്നിരുന്ന ആ വലിയ പറമ്പും ഇപ്പോള്‍ ഇല്ല, പകരം കുറെ ഭംഗിയുള്ള വീടുകള്‍ വന്നിരിക്കുന്നു. ഒരേ മുഖച്ഛായ ഉള്ള വീടുകള്‍.
മമ്മിയൂര്‍ പള്ളിക്കും വന്നു മാറ്റം. പള്ളിക്കും ആലിനും ഇടയ്ക്കു എവിടെയോ ഒരു മയൂരി ഹോട്ടല്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു, എവിടെയായിരുന്നു അത് എന്ന് മാത്രം ഊഹിക്കാന്‍
പറ്റുന്നില്ല. ഈ റോഡുകളിലും വാഹനങ്ങള്‍ കൂടിയിരിക്കുന്നു. കണ്ണിനു കാഴ്ചയില്ലാത്ത ഒരു നാണു ഉണ്ടായിരുന്നു പണ്ട്.
കുറെ ഏറെ പാട്ടുകള്‍ പാടിച്ചിട്ടുണ്ട് അയാളെകൊണ്ട്.പത്തുപൈസ കൊടുക്കും അവസാനം. എന്നാലും ആള് ചിരിക്കുമായിരുന്നു. ഇന്ന് ആളെ കണ്ടാല്‍ എല്ലാറ്റിനും ചേര്‍ത്തു കുറെ പൈസ കൊടുക്കാമായിരുന്നു.
ആള് ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല. സാധ്യത തീരെ കുറവാണ്. അന്നേ ഒരുപാട് വയസ്സായിരുന്നു. ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍
ഈ തിരക്കിനിടയില്‍ പാവം ഒരുപാട് ബുദ്ധിമുട്ടായേനെ. എന്റെ ആ പഴയ വീട് മാറിയിരുന്നില്ല, പക്ഷെ അവിടുത്തെ ആളുകള്‍ മാറിയിരുന്നു. എന്റെ ഉമ്മയും ഉപ്പയും അവിടം വിട്ടു വേറെ എവിടെയോ പോയി എന്ന് പറഞ്ഞു.
പിന്നെ അവിടെ നില്ക്കാന്‍ തോന്നിയില്ല. തിരിച്ചു വന്നു ഈ നഗരത്തിലെ തിരക്കിലേക്ക് തന്നെ. ഒരു തിരിച്ചു പോക്ക് പിന്നെ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ എന്തോ ഒരു വട്ടം കൂടി അവിടെ പോവണം എന്നൊരു തോന്നല്‍. കുറെ ഏറെ ഓര്‍മ്മകള്‍ ഉണ്ട് അവിടെ. ഒരു യാത്ര. പഴയ സഹപാഠികള്‍ ആരെങ്കിലും ഉണ്ടാവാതിരിക്കില്ല. എന്തായാലും ടീച്ചര്‍ ഉണ്ടാവും. പോക്കെറ്റില്‍ ഇരിക്കുന്ന നിസാമുദ്ദിന്‍ എക്സ്പ്രസ്സ്‌ ടിക്കറ്റ്‌
നോക്കി ഒന്ന് കൂടി ഉറപ്പു വരുത്തി. ഇനി ഒരു ആഴ്ച കൂടി. എനിക്കാരോടും യാത്ര പറയേണ്ട കാര്യമില്ല ഇവിടെ.
യാത്ര പറയേണ്ടവര്‍ ഇന്നില്ല. ശങ്കര്‍ ഭായിയും , ആലം സാഹിബും . അത് മാത്രമല്ല തിരിച്ചു ഇങ്ങോട്ട് തന്നെ വരുന്നതല്ലേ.

*********************

തിരക്ക് താരതമ്യേന കുറവായിരുന്നു ട്രെയിനില്‍. ട്രെയിന്‍ യാത്രയാണ് നല്ലത്. കുറച്ചു ഏറെ സമയം കിട്ടും
ശരീരത്തിനും മനസ്സിനും ഒന്ന് തയ്യാറാവാന്‍. നാട് എന്ന് പറയുമ്പോള്‍ എന്തോ ഒരു ഭയം ഇപ്പോളും ഉണ്ട്.
വീണ്ടും ആ പന്ത്രണ്ടു വയസ്സുകാരന്‍ ആയതു പോലെ.  അത്ര വലിയ തെറ്റായിരുന്നോ ഞാന്‍ ചെയ്തത്? അല്ല എന്ന് ടീച്ചര്‍ പറഞ്ഞു. അന്ന് പക്ഷെ ടീച്ചര്‍ അത് വലിയ തെറ്റാണെന്ന് പറഞ്ഞു. എന്റെ ഉപ്പയും ടീച്ചറുടെ പക്ഷം ആയിരുന്നു. ഒരിക്കല്‍ പോലും എന്നെ പറ്റി ഒരു ടീച്ചറും പരാതി പറഞ്ഞിട്ടില്ല. അത് കൊണ്ടായിരിക്കാം ഉപ്പ അന്ന് അത്രയും ദേഷ്യപ്പെട്ടത്‌. എന്തായിരുന്നു അന്ന് സംഭവിച്ചത്?.

അന്ന് കാലത്ത് സ്കൂളില്‍ എത്തിയപ്പോള്‍ തന്നെ ഒരു ഗൂഡാലോചന നടക്കുന്ന പോലെ തോന്നി. അനീഷയും
പാര്‍വതിയും സമീരയും ഫൌസിയായും കൂടി എന്തൊക്കെയോ രഹസ്യം പറച്ചില്‍ ആണ്. അവരാണ് ക്ലാസില്‍
പ്രധാന താരങ്ങള്‍. ഇത്തിരി നന്നായി പഠിക്കും എന്നോതോഴിച്ചാല്‍ ടീച്ചര്‍മാര്‍
അവരെ ഇങ്ങനെ സ്നേഹിക്കാന്‍ വേറെ കാരണം ഒന്നും ഇല്ല. പഠിക്കാന്‍ ഞാന്‍ തീരെ മോശമല്ല. അതുകൊണ്ട്
ടീച്ചര്‍മാര്‍ എന്നെ നന്നായി ഗൌനിച്ചിരുന്നു, അത് കൊണ്ട് തന്നെ ഒരു ചെറിയ അസൂയ അവര്‍ക്കും ഉണ്ട്.
എന്താണ് പുതിയ പദ്ധതി എന്ന് മാത്രം മനസ്സിലായില്ല. നാല് മണി ആയി ക്ലാസ്സില്‍ ഒന്നും സംഭവിച്ചില്ല.
അഞ്ചു മണിക്കാണ് ട്യുഷന്‍ തുടങ്ങുക. ഇന്ന് സാമൂഹ്യ പാഠം ആണ്. ജയശ്രീ ടീച്ചറുടെ ക്ലാസ്സ്‌. പുതിയ ടീച്ചര്‍
ആണ്. മാത്രമല്ല അനീഷയുടെ അയല്‍വാസിയും. ടീച്ചര്‍ ഞങ്ങളെ എല്ലാം മുഴുവന്‍ പേരും വിളിക്കും, അനീഷയെ
അനീഷക്കുട്ടി എന്ന് വിളിക്കും. അത് കേള്‍ക്കുമ്പോള്‍ ഇഷ്ടപ്പെടാറില്ല. എന്നാലും ടീച്ചര്‍ എല്ലാവരോടും നല്ല അടുപ്പം
ആണ്. ആറര വരെ ക്ലാസ്സ്‌ ഉണ്ട്. ആറെ ഇരുപതു വരെയേ ടീച്ചര്‍ ക്ലാസ്സ്‌ എടുക്കു. പിന്നെ ടീച്ചര്‍ എന്തേലും
വിശേഷങ്ങള്‍ എല്ലാം പറയും. ടീച്ചര്‍ കോഴിക്കോട് ആണ് പഠിക്കുന്നത്. അവിടത്തെ കോളേജ് വിശേഷങ്ങള്‍ എല്ലാം
പറയുമ്പോള്‍ എങ്ങനെ എങ്കിലും കോളേജ് എത്താന്‍ തീരെ പഠിക്കാത്ത കുണ്ട് മണി  എന്ന് ഞങ്ങള്‍ വിളിക്കാറുള്ള മണി പോലും ആഗ്രഹിക്കും. അവസാന അഞ്ചു മിനുട്ടില്‍ വിമലിന്റെ ഒരു പാട്ടുണ്ടാവും.
അവന്‍ ഒരു ഗായകന്‍ തന്നെയാണ്. ഈ ക്ലാസില്‍ അവന്‍ പാടാന്‍ തുടങ്ങിയാല്‍ അപ്പുറത്തെ ക്ലാസ്സിലെ എല്ലാവരും പിന്നെ മിണ്ടാതിരുന്നു പാട്ട് കേള്‍ക്കും. ഇന്ന് ജയശ്രീ ടീച്ചര്‍ വളരെ സുന്ദരി ആയിരുന്നു. കസവ് സാരിയും
നെറ്റിയില്‍ നേരിയ ചന്ദന കുറിയും എല്ലാം ടീച്ചറെ വല്ലാതെ സുന്ദരിയാക്കി. ടീച്ചര്‍ വന്നതും കയ്യില്‍ ഉണ്ടായിരുന്ന
ഒരു കവര്‍ തുറന്നു എല്ലാവര്ക്കും മിട്ടായി തന്നു. ഇന്ന് ടീച്ചറുടെ പിറന്നാള്‍ ആണ് എന്ന് പറഞ്ഞു. ഓരോരുത്തര്‍
ആയി മിട്ടായി വാങ്ങിച്ചു. പെണ്‍കുട്ടികളുടെ സൈഡില്‍ ടീച്ചര്‍ മിട്ടായി കൊടുത്തപ്പോള്‍ അവര്‍ ടീച്ചര്‍ക്കും ഒരു
സമ്മാനം കൊടുത്തു. എന്നിട്ട് ആ നാലംഗ സംഗം എന്നെ നോക്കി. ഞാന്‍ തീരെ ചെരുതായിപ്പോയില്ലേ എന്ന് തോന്നി. എന്ത് ചെയ്യാന്‍ പറ്റും, അനീഷ ടീച്ചറുടെ അയല്‍ക്കാരി ആണ്. അത് കൊണ്ട് അവള്‍ എല്ലാം നേരത്തെ അറിഞ്ഞു കാണും. അപ്പോള്‍ ആണ് കാലത്ത് നടന്ന ഗൂഡാലോചന എന്താണെന്ന് മനസ്സിലായത്‌. എനിക്ക് വല്ലാതെ
നിരാശ തോന്നി. ടീച്ചര്‍ ക്ലാസ് ആരംഭിച്ചു. എന്റെ മനസ്സില്‍ പക്ഷെ എങ്ങിനെ അനീഷക്കൊരു മറുപടി കൊടുക്കണം
എന്നതായിരുന്നു ചിന്ത. പെട്ടെന്നാണ് ഓര്മ വന്നത്. ഇന്നലെ സ്കൂളില്‍ മലയാളം പഠിപ്പിക്കുന്ന ലീലാവതി ടീച്ചറുടെ ചിത്രം വരച്ചു ഞാന്‍. ടീച്ചര്‍ അന്ന് ഒരുപാട് അഭിനന്ദിച്ചു. പക്ഷെ ക്ലാസ്സ്‌ എടുക്കുമ്പോള്‍ ക്ലാസ്സില്‍ ശ്രദ്ധിക്കണം എന്നും പറഞ്ഞു. ഞാന്‍ ജയശ്രീ ടീച്ചറുടെ ഒരു ചിത്രം വരച്ചു. ക്ലാസ്സ്‌ കഴിയുമ്പോള്‍ ഇത് ടീച്ചര്‍ക്ക്‌
കൊടുത്ത് വലിയ ഗമ കാണിക്കാം എന്ന് കരുതി. മേശയില്‍ ഒരു വശം ചാരിനിന്നു ടീച്ചര്‍ പുസ്തകം വായിക്കുന്ന
ചിത്രം വരച്ചു. മൂന്നാമത്തെ ബെഞ്ചില്‍ ആണ് ഇരുന്നിരുന്നത്. അടുത്തിരിക്കുന്ന അഭിലാഷ് ഇടയ്ക്കിടയ്ക്ക് നോക്കി നല്ല അഭിപ്രായം പറയുന്നുണ്ടായിരുന്നു. ഞാന്‍ അവനോടു അടങ്ങിയിരിക്കാന്‍ പറഞ്ഞു. ടീച്ചര്‍ കാണാതിരിക്കാന്‍. പക്ഷെ മുഴുവനും വരയ്ക്കുന്നതിനു മുന്‍പ് ടീച്ചര്‍ കണ്ടു. എന്താ അവിടെ ഒരു സംസാരം എന്നും ചോതിച്ചു അടുത്തു വന്നു. ടീച്ചര്‍ പക്ഷെ ചിത്രം കണ്ടപ്പോള്‍ വല്ലാതെ ദേഷ്യപ്പെട്ടു. ഞാന്‍ ഒരു പിറന്നാള്‍
സമ്മാനം ആയി തരാന്‍ വേണ്ടിയാണ് ഇത് വരച്ചത് എന്ന് പറഞ്ഞു. നീയാര പിക്കാസോ ആണോ ഇങ്ങനെ
ചിത്രങ്ങള്‍ വരച്ചു സമ്മാനിക്കാന്‍ എന്ന് പറഞ്ഞു കളിയാക്കി ടീച്ചര്‍. പിക്കാസോയെ ഞാന്‍ അറിയില്ലെങ്കിലും ഇത്തിരി മുന്‍കോപം എനിക്കും ഉണ്ടായിരുന്നു , അതിലുപരി ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു അനീഷ കളിയാക്കി ചിരിക്കുന്നതും കണ്ടു.

" എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത് ? ഞാന്‍ എന്ത് തെറ്റാ ചെയ്തത് ? അതോ ടീച്ചര്‍ക്ക്‌ അസൂയ ഉണ്ടോ എന്റെ കഴിവില്‍ ? സ്കൂളില്‍ ഇതുപോലെ ഞാന്‍ ചിത്രം വരച്ചപ്പോള്‍ ടീച്ചര്‍ എന്നെ അഭിനന്ദിച്ചു. "

അതോടെ ടീച്ചറുടെ ദേഷ്യം ഇരട്ടിയായി. ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു. നാളെ ഉപ്പയെയും കൊണ്ട്
വന്നാല്‍ മതി എന്നും പറഞ്ഞു. ഞാന്‍ വീട്ടില്‍ വന്നു ഉപ്പയോട്‌ പറഞ്ഞു. ഉപ്പ അപ്പോള്‍ തന്നെ എന്നെയും
കൊണ്ട് ഉപ്പയുടെ മീന്‍ വില്‍ക്കുന്ന സൈകിളില്‍  ക്ലാസ്സില്‍ വന്നു. അഞ്ചു മണിക്ക് ശേഷം ഓഫീസില്‍ വന്നു
കാണണം ഇപ്പോള്‍ മറ്റു കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ ഉണ്ട് എന്ന് പറഞ്ഞു. ഇനി മേലില്‍ ഇവനെ ട്യുഷന്
ഇങ്ങോട്ട് പറഞ്ഞു വിടേണ്ട എന്ന് പറഞ്ഞു ടീച്ചര്‍. അക്രം മാഷും , ബാലന്‍ മാഷും എല്ലാം ഇടപെട്ടു ഒരു
പ്രവശ്യത്തെക്ക് ക്ഷമിക്കാന്‍ ടീച്ചറോട്‌ പറഞ്ഞു. ഇനി എന്നെ ഇവിടെ പഠിക്കാന്‍ അനുവദിച്ചാല്‍ ടീച്ചര്‍ അവിടെ
പഠിപ്പിക്കില്ല എന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ സംസാരിക്കേണ്ടി വന്നില്ല. തിരിച്ചു വീട്ടില്‍ വന്ന ഉപ്പ ഇന്നത്തോടെ എന്റെ പഠിത്തം അവസാനിച്ചു എന്നും പറഞ്ഞ് ഞാന്‍ വരച്ചു വച്ചിരുന്ന ചിത്രങ്ങള്‍ എല്ലാം മുറ്റത്തിട്ടു കത്തിച്ചു.  , ഉമ്മ തടഞ്ഞിട്ടും ഉപ്പ എല്ലാം കത്തിച്ചു, പിറ്റേന്ന് കാലത്ത് നാല് മണിക്ക്
ഉപ്പ എന്നെ വിളിചെഴുന്നെല്‍പ്പിച്ചു. ഉപ്പയോടൊപ്പം പൊന്നാനിയില്‍ പോയി. ആ പിക്ക് അപ്പ്‌ ലോറിയില്‍ ഞാന്‍
മാത്രം ആയിരുന്നു ഒരു കുട്ടിയായിട്ടു. കൂടെ ഉണ്ടായിരുന്ന ഉപ്പാടെ കൂട്ടുകാര്‍ ഉപ്പാനെ ചീത്ത  പറയുന്നുണ്ടായിരുന്നു. ഇനിയുള്ള കാലം പഠിക്കാതെ ജീവിക്കാന്‍ പറ്റില്ല, നീ അവനെ പഠിപ്പിക്ക്, ആ ടീച്ചര്‍ക്ക്‌
വേണ്ടെങ്കില്‍ വേണ്ട നീ അവനെ സ്കൂളില്‍ വിട് എന്നൊക്കെ അവര്‍ പറഞ്ഞു. ഉപ്പ ഒന്നും കേട്ടില്ല.
അന്ന് ഉപ്പ മൂന്നു കൊട്ട മീന്‍ വാങ്ങിച്ചു. ഒന്ന് എനിക്കായിരുന്നു. എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു.
കാലത്ത് ഏഴു മണിക്ക് ചക്കരക്കുളത്  എത്തി. മൂന്ന് കൊട്ട മീനും സൈക്ലില്‍ വച്ച് കെട്ടി , എന്നെ മുന്നില്‍
ഇരുത്തി ഉപ്പ മമ്മിയൂരെക്ക് വന്നു. മയൂരി ഹോട്ടലില്‍ വന്നു ഓരോ ചായ കുടിച്ചു. പിന്നെ എന്നെ വൈദ്യര്‍ മൂലയില്‍ കൊണ്ട് വന്നു വിട്ടു. ഇവിടെ ഇരുന്നു ഈ മീന്‍ മുഴുവനും വിറ്റിട്ട് വീട്ടില്‍ വന്നാല്‍ മതി എന്നും
പറഞ്ഞു എന്റെ മറുപടി പോലും കേള്‍ക്കാതെ ഉപ്പ പോയി.  മൂന്ന് റോഡുകളും ഒന്നിക്കുന്ന ഒരു ചെറിയ കവല ആയിരുന്നു അന്ന് വൈദ്യര്‍ മൂല. അതിലുപരി വിക്ടറി ട്യുഷന്‍ അതിനടുത്തും. കുറച്ചു കഴിയുമ്പോള്‍ കുട്ടികള്‍ സ്കൂളില്‍ പോവാന്‍ ഇതിലെ വരും. എല്ലാവരും എന്നെ കാണും. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി. 
അപോഴെക്കും ആളുകള്‍ മീന്‍ വാങ്ങാന്‍ വന്നു തുടങ്ങി. ഉപ്പ പറഞ്ഞ വിലക്ക് ഞാന്‍ മീന്‍ കൊടുത്തു. എല്ലാം
പെട്ടെന്ന് തീര്‍ന്നാല്‍ ഇവിടുന്നു വേഗം പോവാമായിരുന്നു. കുട്ടികള്‍ വന്നു തുടങ്ങി. പലരും എന്നെ കളിയാക്കി
കടന്നു പോയി. കണ്ണുനീര്‍ തളം കെട്ടിയതിനാല്‍ എനിക്ക് പക്ഷെ ആരെയും മനസ്സിലായില്ല. ഒരു പരിചയം ഉള്ള
സ്വരം കേട്ടപ്പോള്‍ കണ്ണ് തുടച്ചു . മുന്നില്‍ ബാലന്‍ മാഷ്‌. നിന്റെ ഉപ്പാക് എന്താ ഭ്രാന്ത് പിടിച്ചോ എന്ന് മാഷ്
ചോതിച്ചു. ഞാന്‍ കരഞ്ഞു. നീ കരയേണ്ട , നീ കരയുന്നത് മറ്റുള്ളവര്‍ കണ്ടാല്‍ അത് നിന്റെ തോല്‍വിയാണ്.
ഇന്ന് രാത്രി ഞാന്‍ നിന്റെ ഉപ്പയെ വന്നു കാണും. എല്ലാം ശരിയാവും. ട്യുഷന്‍ ഇല്ലെങ്കിലും നീ പഠിച്ചു മിടുക്കനാവും. സ്കൂളിലെ എല്ലാവരും ട്യുഷന്‍ പടിച്ചോന്നുമല്ലല്ലോ ജയിച്ചു പോവുന്നത്. അതും പറഞ്ഞു
ബാലന്‍ മാഷ്‌ പോയി. പത്തു മണിയായപ്പോഴേക്കും മീന്‍ കഴിഞ്ഞു. ഞാന്‍ കൊട്ടയും എടുത്തു വീട്ടില്‍ പോയി.
ഉമ്മ എന്നെ കണ്ടു കരഞ്ഞു. ഞാന്‍ പക്ഷെ ഇനി ഒരിക്കലും കരയില്ല എന്ന് ഉറപ്പിച്ചിരുന്നു. കിണറ്റു കരയില്‍
പോയി വെള്ളം കോരി. ഉമ്മ വന്നു കൊരിത്തരാം എന്ന് പറഞ്ഞു, ഒരു കൊട്ട മീന്‍ വിറ്റാണ് വരുന്നത് അത്ര മാത്രം പണിയൊന്നും ഇല്ലല്ലോ വെള്ളം കോരാന്‍ എന്ന് പറഞ്ഞു ഞാന്‍ ഉമ്മയെ നോക്കി ചിരിച്ചു. ഉമ്മ എനിക്ക്
ദോശയും മീന്‍ കറിയും എടുത്തു വച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉപ്പ വന്നു. പൈസ മുഴുവനും ഉപ്പാക് കൊടുത്തു.
ഉപ്പ അത് മുഴുവന് എടുത്തു വച്ചു. എന്ക്കൊന്നും ഇല്ലേ എന്ന് ചോതിച്ച്ചപ്പോള്‍ ഒരു പത്തു രൂപ നോട്ട് എനിക്ക് തന്നു.ആ പത്തുരൂപയും കൊണ്ട്
അന്ന് രാത്രി വീട് വിട്ടു ഇറങ്ങിയതാണ്. അതിനു ശേഷം ഉമ്മയെയും  ഉപ്പയെയും കണ്ടിട്ടില്ല. ഇന്നലെ ജയശ്രീ ടീച്ചര്‍ പറഞ്ഞപ്പോള്‍ ആണ് ഉമ്മ എന്നെ വിട്ടു പായി എന്നറിഞ്ഞത്. ഉപ്പ ? ..അറിയില്ല. ട്രെയിന്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. അവിടെ നിന്നും ബസ്സില്‍ ചക്കരക്കുളം. .
ടീച്ചറുടെ നമ്പറില്‍ വിളിച്ചു. അവിടെ നിന്നാല്‍ മതി കാര്‍ അയക്കാം എന്ന് ടീച്ചര്‍ പറഞ്ഞു. വേണ്ട ഓട്ടോയില്‍ വരാം എന്ന് പറഞ്ഞു. എല്ലായിടവും ഒരുപാട് മാറിയിരിക്കുന്നു. സ്കൂളിനടുത്ത് എത്തിയതും ഓട്ടോ നിര്‍ത്താന്‍ പറഞ്ഞു. ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നു. ഓട്ടോകാരനോട് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അയാള്‍ക്ക്‌ ദേഷ്യം. അപ്പോള്‍ ആണ് അയാളെ ശരിക്കും നോക്കിയത്. നല്ല പരിചയം ഉള്ള മുഖം
ആയിരുന്നു. ദേഷ്യം വന്നപ്പോള്‍ അയാള്‍ തലയുടെ പിന്‍ഭാഗത്ത് രണ്ടു തട്ട് തട്ടി പെട്ടെന്ന് വരണം എന്ന് പറഞ്ഞു.
ആകെ നര വീണു പകുതിയിലേറെ കൊഴിഞ്ഞ മുടികള്‍ , പക്ഷെ അയാള്‍ ഇപ്പോള്‍ കാണിച്ചത്,, പണ്ട് ഇങ്ങനെ തലയ്ക്കടിക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു ....അതെ സക്കറിയ ...

" ഡാ ശുപ്പാണ്ടി ..." അവന്‍ എന്നെ ആശ്ചര്യത്തോടെ നോക്കി.

" ഡാ സക്കറിയ നീ നിന്റെ ശുപ്പാണ്ടി എന്നാ പേര് മറന്നോ ?  "

" ഇല്ല , നിങ്ങള്‍ ആരാ ? ഒരു തമിഴന്‍ ആണെന്ന കരുതിയത്‌ കോലം കണ്ടപ്പോള്‍ "

" പണ്ട് എഴാം ക്ലാസ്സില്‍ വച്ച് പഠിത്തം നിര്‍ത്തി നാട് വിട്ട നിന്റെ ഒരു പഴയ ചങ്ങാതി, ഒര്മയുണ്ടാവില്ല. "

" ഉണ്ട്..ഉണ്ട്. സുധീര്‍ , ഓര്‍ക്കുന്നുണ്ട് .. ഇതെന്തു രൂപം ? എവിടെ ആയിരുന്നു. ഉമ്മ മരിച്ചിട്ട് പോലും ..?

അവന്‍ പെട്ടെന്ന് നിര്‍ത്തി.

" നിര്‍ത്തേണ്ട  ഞാന്‍ അറിഞ്ഞു ഉമ്മാടെ കാര്യം, ഒരുപാട് വൈകിയാണ് അറിഞ്ഞത്" അതും പറഞ്ഞു അയാള്‍ മതിലില്‍ കയറി താഴേക്ക്‌ ചാടി. സക്കറിയയും കൂടെ കൂടി.

" സ്കൂളിനു അധികം മാറ്റം ഒന്നും ഇല്ല അല്ലേ ? ആകെ കൂടി ഈ പുതിയ പടിപ്പുര മാത്രം മാറി. " 

" അല്ല മാറ്റം ഉണ്ട്, പുതിയ കെട്ടിടങ്ങള്‍ എല്ലാം വന്നു, പിന്നെ കോളേജ് ഒക്കെ ആയി, പ്ലസ്‌ടു. പിന്നെ പണ്ടത്തെ
പോലെ സമരവും തല്ലും ഒന്നും ഇല്ല, "  അവര്‍ രണ്ടു പേരും എല്ലായിടവും നടന്നു കണ്ടു,

" കുളം ഇപ്പോളും ഉണ്ടോ അവിടെ ? "

" ഉണ്ടെന്നു തോനുന്നു ...ഞാന്‍ ഇങ്ങോട്ട് വന്നിട്ട് വര്‍ഷങ്ങള്‍ ആയി. മക്കള്‍ ഇവിടെ പഠിക്കുന്നുണ്ട്. "

" വാ നമുക്ക് പോവാം "

" ഇവിടെ ഇപ്പോള്‍ ആരാ ഉള്ളത് ? "

" ആരും ഇല്ല, നമ്മുടെ പഴയ ജയശ്രീ ടീച്ചറെ ഒന്ന് കാണണം.  "

" ടീച്ചര്‍ ഇവിടെ ഇല്ല, മുംബായിലാണ്, ടീച്ചറുടെ മോള്‍ ഉണ്ട്, ആള് ഒരു എഴുത്തുകാരിയാണ്, "

" ടീച്ചര്‍ വന്നിട്ടുണ്ട് , "

" എവിടെ ആയിരുന്നു ഇത്രയും കാലം, എന്താ ഇപ്പോള്‍ പണി ? "

" ഞാനും മുബയില്‍ ഉണ്ടായിരുന്നു, പണി ഒന്നും ഇല്ല, ആ പഴയ പണി തന്നെ "

" പഴയ പണി എന്ന് പറഞ്ഞാല്‍.... മീന്‍ കച്ചോടമാണോ  "

" അല്ല " അയാള്‍ ചിരിച്ചു. " ചിത്രം വര " ഓട്ടോ വൈദ്യര്‍ മൂലയില്‍ എത്തി.

" വല്ലാതെ മാറിപ്പോയി അല്ലേ സക്കറിയ ? "

" ഞാന്‍ ഇവിടെ തന്നെ അല്ലെ , എനിക്കങ്ങനെ തോന്നിയിട്ടില്ല. എന്നാലും കുറെ ബില്‍ഡിംഗ്‌ എല്ലാം വന്നു,
ഈ ബില്ടിങ്ങില്‍ ഇപ്പോള്‍ നമ്മുടെ ആ പഴയ ട്യുഷന്‍ സെന്‍റെര്‍ ആണ്, "

വൈദ്യര്‍ മൂലയും കടന്നു പാലക്കടവിലെക്കുള്ള റോഡിലേക്ക് ഓട്ടോ കടന്നു. ഇനി കുറച്ചു ദൂരമേ ബാക്കിയുള്ളൂ.

" ഇതാണ് വീട് , ഞാന്‍ വരുന്നില്ല, എന്നെ കണ്ടാല്‍ ടീച്ചര്‍ വഴക്ക് പറയും , അന്ന് നല്ല പോലെ പഠിച്ചിരുന്നെങ്കില്‍
ഇപ്പോള്‍ ഇങ്ങനെ ഓട്ടോ ഓടിച്ചു കഷ്ടപ്പെടണോ എന്ന് എപ്പോളും ചോതിക്കും. "

" നീ വാ, എനിക്കിപ്പോള്‍ തന്നെ തിരിച്ചു പോരണം, നിനക്ക് ഓര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു
ആഗെസ്റ്റ് മാസത്തില്‍ ആണ് ഞാന്‍ ഇവിടം വിട്ടത്, ആഗെസ്റ്റ് നാലിന്, ഇന്ന് ആഗെസ്റ്റ് മൂന്ന് ..എന്താ വിശേഷം ?

" ടീച്ചറുടെ പിറന്നാള്‍, അല്ലേ ?  "

" അതെ , ഒരു സമ്മാനം കൊടുക്കണം, തിരിച്ചു പോരണം , അത്രമാത്രം. "

" പ്രതികാരം ചെയ്യാന്‍ വന്നതാണോ? "

" നിന്റെ ശുപ്പാണ്ടിത്തരങ്ങള്‍ ഇതുവരെ മാറിയില്ല ? , ഈ പ്രായത്തില്‍ എന്ത് പ്രതികാരം, "  അവന്‍ ചിരിച്ചു.

അവര്‍ ആ പഴയ തറവാടിന്റെ മുറ്റത്തേക്കു ചെന്നു. അവിടെ കുറെ പേര്‍ ഉണ്ടായിരുന്നു, അതില്‍ പരിചയം
ഉള്ളത് ടീച്ചറുടെ മുഖം മാത്രം, അവര്‍ അകത്തേക്ക് വിളിച്ചു. സക്കറിയയും കൂടെ വന്നു.

" ടീച്ചര്‍ക്ക് ഇവനെ മനസ്സിലായില്ലേ ? "

" ഉവ്വ് , സക്കറിയയെ അറിയാം , ഞാന്‍ ഇവിടില്ലാത്തതിനാല്‍ മോള്‍ക്ക്‌ പുറത്തു പോവാനും വരാനും ഇയാളുടെ
ഓട്ടോയല്ലേ വിളിക്കുന്നത്‌, "

" ടീച്ചര്‍ കണ്ടില്ലേ മുടിയെല്ലാം നരച്ചു ആകെ വയസ്സായി സക്കറിയക്കു "

" നീ കണ്ണാടിയില്‍ ഒന്നും നോക്കാറില്ലേ, എന്നെക്കാളും പ്രായം നിനക്കാണ്, " ടീച്ചറും സക്കറിയയും ചിരിച്ചു.

" ടീച്ചര്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാം എന്നുണ്ട്, "

" അതിനെന്താ ഞാന്‍ ഇപ്പോള്‍ വെള്ളം എടുത്തു വെക്കാം  "

" അല്ല ഞാന്‍ പാടത്ത് പോയി കുളത്തില്‍ കുളിക്കാം, കുറെ കാലമായി മുങ്ങി കുളിക്കാന്‍ ഒരു ആഗ്രഹം.  "

അയാള്‍ സക്കറിയയെയും കൂട്ടി പാടത്തേക്കു നടന്നു, അവര്‍ക്ക് ഒരുപാട് പറയാന്‍ ഉണ്ടായിരുന്നു. സക്കറിയയുടെ
ജീവിതം അത്ര സുകകരമല്ല എന്ന് അയാള്‍ക്ക്‌ മനസ്സിലായി. ഭാര്യയും മൂന്നു കുട്ടികളും , വാടക വീട്, വരുമാനം
ഈ ഓട്ടോയില്‍ നിന്ന് മാത്രം. അയാള്‍ അവിടെ നിന്നും പോരുമ്പോള്‍ എന്തൊക്കെയോ കണക്കു കൂട്ടിയിരുന്നു.

************

രശ്മി വളരെ സന്തോഷത്തില്‍ ആയിരുന്നു . ഒന്നാമത് പ്രിയപ്പെട്ട ചിത്രകാരന്‍ സ്വന്തം വീട്ടില്‍ വന്നിരിക്കുന്നു.
അതും ആളൊരു മലയാളിയാനെന്നും , അമ്മയുടെ സ്ടുടെന്റ്റ്‌ ആണെന്നും കൂടി അറിഞ്ഞപ്പോള്‍ കൂടുതല്‍
സന്തോഷം, അതിലും വലിയ സന്തോഷം സുധീര്‍ എന്ന ആ പഴയ വിദ്യാര്‍ഥിയുടെ കബീര്‍ ദാസിലെക്കുള്ള
വളര്‍ച്ചയുടെ കഥ കേട്ടപ്പോള്‍ ആണ്. തന്റെ പുതിയ കഥക്ക് കബീര്‍ദാസില്‍ നിന്നും സമ്മതം വാങ്ങി അവള്‍.
ഊണ് കഴിഞ്ഞു ഒരുപാട് നേരം സംസാരിച്ചു. തന്റെ പന്ത്രണ്ടു വയസ്സ് മുതല്‍ ഇന്ന് വരെയുള്ള എല്ലാ
കാര്യങ്ങളും അയാള്‍ രശ്മിക്ക്‌ വേണ്ടി പറഞ്ഞു. വൈകീട്ട് എല്ലാവരോടു യാത്ര പറഞ്ഞു.

" ഇനി ഇവിടെ നാട്ടില്‍ തന്നെ കൂടിക്കൂടെ? "  രശ്മിയാണ് ചോതിച്ച്ചത്.

" ഇല്ല തിരിച്ചു പോവണം, എന്റെ കഥ പെട്ടെന്ന് പൂര്‍ത്തിയാക്കണം, കഥ വായിച്ചു ഞാന്‍ ഇവിടെ വന്നു
അഭിപ്രായം പറയാം. " അവള്‍ ചിരിച്ചു.

പിന്നെ അയാള്‍ തന്റെ തുകല്‍ സഞ്ചിയില്‍ നിന്നും ഒരു ചിത്രം എടുത്തു ടീച്ചര്‍ക്ക്‌ നല്‍കി.

" മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം ഞാന്‍ വരച്ചു പൂര്‍ത്തിയാകാത്ത ഒരു ചിത്രം ടീച്ചര്‍ക്ക്‌
തന്നിരുന്നു, ഏകദേശം ഇതേ സമയം തന്നെയാവും എന്നാണ് എന്റെ ഓര്‍മ്മ, ഒരു ചിത്രകാരനായി മാറിയതില്‍ പിന്നെ ഞാന്‍ എന്നും ആഗ്രഹിച്ചതാണ്‌ ഒരു വട്ടം കൂടി അതൊന്നു വരക്കണം എന്ന്, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള
ടീച്ചറുടെ മുഖം എന്റെ ഓര്‍മകളില്‍ നിന്നും ചികഞ്ഞെടുത്തു ഞാന്‍ വരച്ചതാണ്. ഇന്ന് ടീച്ചര്‍ ആകെ മാറി, നമ്മുടെ ആ പഴയ ക്ലാസ്സ്‌ മുറിയും ഒരുപാട് മാറിയിട്ടുണ്ടാവും. ഇത് ടീചെര്‍ക്ക് എന്റെ പിറന്നാള്‍ സമ്മാനം "

അയാള്‍ പതുക്കെ ഇറങ്ങി നടന്നു. കൂടെ സക്കറിയയും. മടക്കവഴിയില്‍ തന്റെ വീടിനു മുന്നില്‍ ഓട്ടോ ഒന്ന് നിര്‍ത്തണം എന്ന് പറഞ്ഞു.

" അവിടെ ഇപ്പോള്‍ ആരും താമസിക്കുന്നില്ല, ആദ്യം നമ്മുടെ മാപ്പിള സ്കൂളില്‍ പഠിപ്പിച്ചിരുന്ന ഒരു ടീച്ചര്‍ ആണ്
താമസിച്ചിരുന്നത്, അവരിപ്പോള്‍ വേറെ സ്കൂളിലേക്ക് മാറ്റം കിട്ടി പോയി. പിന്നെ നമ്മുടെ കമ്മിറ്റിക്കാര്‍ അല്ലെ ,
വല്ലപോഴും വന്നു പറമ്പിലെ നാളികേരം എല്ലാം ഇട്ടോണ്ട് പോവും അത്ര തന്നെ "

ആ വീട് കണ്ടതും അയാളുടെ മനസ്സ് വല്ലാതെ വേദനിച്ചു. തന്റെ ഉമ്മ മരിച്ചിറങ്ങിയ വീടാണ്. എല്ലാ വെള്ളിയാഴ്ച രാവിലും മരിച്ചു പോയവരുടെ റൂഹുകള്‍ തങ്ങളുടെ വീടുകളില്‍ വരും എന്ന് ഉമ്മ ചെറുപ്പത്തില്‍
പഠിപ്പിച്ചിരുന്നു. ഈ അടഞ്ഞു കിടക്കുന്ന വീട് കണ്ടു അവര്‍ സങ്കടപ്പെടാന്‍ പാടില്ല. അവര്‍ തിരിച്ചു നടന്നു.
ബസ്‌ സ്ടാന്റില്‍ വന്നിറങ്ങിയപ്പോള്‍ അയാള്‍ ഒരു ചെക്ക് എടുത്തു സക്കറിയക്കു നീട്ടി.

" ഇതില്‍ ഞാന്‍ അഞ്ചു ലക്ഷം രൂപ എഴുതിയിട്ടുണ്ട്, നീ പള്ളി കമ്മിറ്റിയില്‍ പറഞ്ഞു എന്റെ വീട് വാങ്ങിക്കണം. നിന്റെ
പേരില്‍, എന്നും നിങ്ങള്‍ അവിടുണ്ടാവനം, എന്നും ദുഹ ചെയ്യണം ഞങ്ങള്‍ക്ക് വേണ്ടി.
ഞാന്‍ ഇടയ്ക്കു വരാം. പിന്നെ ഞാന്‍ ആരായിരുന്നു എന്ന് ആരും അറിയേണ്ട. ടീച്ചറും ആരോടും പറയില്ല."

" ഇത്രേം തുക ഞാന്‍ എന്ന് മടക്കിത്തരും ? "

" ഇത് മടക്കി തരാന്‍ വേണ്ടി അല്ല, എന്റെ ആ പഴയ വീട് അങ്ങിനെ പൊടി പിടിച്ചു കിടക്കതിരിക്കാന്‍ വേണ്ടിയാണു. പിന്നെ ഇത്രയും കാലം നല്ല കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല, ഞാന്‍ വരും വീണ്ടും,
നമുക്ക് ഈ ഓട്ടോ എല്ലാം മാറ്റണം, കുറച്ചുകാലം നമുക്കും സന്തോഷമായി കഴിയാട ശുപ്പാണ്ടി.   "

അപ്പോള്‍ വന്ന കോഴിക്കോട്ടേക്കുള്ള ബസില്‍  അയാള്‍ കയറുമ്പോള്‍  സക്കറിയ നിറഞ്ഞ കണ്ണുകളുമായി
അയാള്‍ക്ക്‌ നേരെ കൈ വീശി യാത പറഞ്ഞു. തന്റെ കാന്‍വാസിലേക്ക്  കുറെ പുതിയ ഓര്‍മകളും ആയി അയാള്‍ വീണ്ടും യാത്ര തുടരുകയായിരുന്നു നിറഞ്ഞ മനസ്സോടെ.

**********************************
നൗഷാദ് തെക്കിനിയത്ത്.













10 അഭിപ്രായങ്ങൾ:

  1. കഥ നന്നായിട്ടുണ്ട്. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. Daa Story Superb.
    pakshe nammude naattil thanne venamaayirunno?

    Shemi.

    മറുപടിഇല്ലാതാക്കൂ
  3. Ali. Changaramkulam.12/11/2011 4:35 PM

    Daa Ithum Kollam, Nalla Katha.ee Shemi paranjathilum Kaaryam Undu. Chakkarakkulam, Muthuthala ( CKM & Mookkuthala ) Alley ?

    മറുപടിഇല്ലാതാക്കൂ
  4. Aneesh Chandran12/11/2011 4:41 PM

    ഒരു പിറന്നാള്‍ സമ്മാനം -Caption nannayittundu.ഈ കഥ വായിച്ചപ്പോള്‍ പഴയകാല ഒര്മാക്കള്‍ മനസിലേക്ക് തെളിഞ്ഞു വന്നു . വല്ലാത്ത വിഷമം തോന്നി .ജീവിതത്തില്‍ ഒറ്റപെട്ടു പോയ ഒരു പിഞ്ചു മനസിന്റെ നൊമ്പരങ്ങള്‍... പിന്നീട് ടീച്ചര്‍ കാണുബോള്‍ അവനെ സ്നേഹം മാത്രമേ ഉള്ളു..അവനെ ആരോടും വെറുക്കാന്‍ കഴിയില്ല ......പക്ഷേ യുവ തലമുറ തിരിഞ്ഞു നോക്കാതെ നടന്നു പോകും എനിക്ക് തോന്നിയത് :നമ്മള്‍ നമ്മുടെ ആരെങ്കിലുമായി വഴക്കടിച്ചു മിണ്ടാതെ ഇരിക്കുകയോ ചെയ്യുബോള്‍ ,അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അവനും നമ്മളുമായി ഉള്ള നല്ല അനുഭവങ്ങള്‍ ആല്ലോചിക്കുക്ക .അപ്പോള്‍ അവനെ വെറുക്കാന് ‍കഴിയില്ല എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  5. Thanks My Dear Friends fo your Valued Comments.
    Ormakalile Kanhiyoorum, Mookkuthalayum, CKM um evideyokkeyo ee kathayil vannu. Kathaapaathrangal pakshe Sankalpam aaanu.

    മറുപടിഇല്ലാതാക്കൂ
  6. Jayan ( Mookkuthala )12/17/2011 8:07 PM

    Pazhaya nammude naadu..... feel cheythu.
    kurachu kalam pinnottu poyi.thanks friend.

    മറുപടിഇല്ലാതാക്കൂ
  7. Biju. Dubai.12/21/2011 6:42 PM

    Kathayil Sthalapperu Maariyenkilum Photoes ellaam nammude naadinte thanne.schoolinte photoyum nannaayi.aa kathayum nannaayittund. aashamsakal.

    മറുപടിഇല്ലാതാക്കൂ
  8. കഥ വളരെ നന്നായിട്ടുണ്ട്...
    ഒന്ന് ചുരുക്കി എഴുതാമായിരുന്നു എന്ന് തോന്നുന്നു...
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ